തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 16 പൈസ വര്‍ദ്ധിപ്പിച്ച് ഉത്തരവിറങ്ങി. നിരക്ക് വര്‍ദ്ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. 10 പൈസ സമ്മര്‍ താരിഫ് വേണമെന്ന കെ.എസ്.ഇ.ബി ആവശ്യം റഗുലേറ്ററി കമ്മീഷന്‍ തള്ളി. അടുത്ത വര്‍ഷം 12 പൈസ വര്‍ധിപ്പിക്കും. വൈദ്യുതി നിരക്ക് കൂട്ടുന്നതിന് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതിമാസം 40 യൂണിറ്റ് വരെയുള്ളവര്‍ക്ക് നിരക്ക് വര്‍ധനയില്ല. വര്‍ദ്ധന ബിപിഎല്‍ വിഭാഗത്തിനും ബാധകമാണ്. വേനല്‍ക്കാലമായ ജനുവരി മുതല്‍ മേയ് വരെ ഒരു പ്രത്യേക സമ്മര്‍ താരിഫ് കൂടി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഈ മാസങ്ങളില്‍ 10 പൈസ കൂടി അധികമായി യൂണിറ്റിന് ഈടാക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ നിര്‍ദേശം. ഈ നിര്‍ദ്ദേശം റഗുലേറ്ററി കമ്മീഷന്‍ തള്ളി.

4.45 ശതമാനത്തിന്റെ (37 പൈസയുടെ) വര്‍ദ്ധനവാണ് കെ എസ് ഇ ബി. ആവശ്യപ്പെട്ടത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 16 പൈസയും 2025-26 വര്‍ഷത്തില്‍ 12 പൈസയും വര്‍ധിപ്പിക്കുമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്.

ചെറുകിട വ്യവസായങ്ങള്‍ക്ക് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെ 10% കുറവ്. കൃഷി ആവശ്യത്തിന് യൂണിറ്റിന് അഞ്ചു പൈസ കൂട്ടി. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പകല്‍സമയം 10% കുറവ് വരുത്തി. സോളാര്‍ വൈദ്യുതിയുടെ ലഭ്യത കണക്കിലെടുത്താണ് തീരുമാനം. മീറ്റര്‍ വാടക വര്‍ധിപ്പിച്ചില്ല.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 2017ല്‍ കൂട്ടിയത് 30 പൈസ- 4.77 %, 2019ല്‍ കൂട്ടിയത് 40 പൈസ- 7.32 %, 2022ല്‍ കൂട്ടിയത് 40 പൈസ- 6.59 %, 2023ല്‍ കൂട്ടിയത് 24 പൈസ- 03%വുമായിരുന്നു വര്‍ധന


ചെറിയ വര്‍ദ്ധനയെന്ന് മന്ത്രി

വൈദ്യൂതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലായിരിക്കും വര്‍ധനയെന്നും മറ്റ് മാര്‍ഗങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യൂതി നിരക്ക് കൂട്ടേണ്ടി വരും. 70% വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ട്. നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കും. നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ല അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര ഉത്പാദനം നടത്താന്‍ സാധ്യതകളുണ്ട്. എന്നാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി തടസ്സങ്ങള്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചെറിയ വര്‍ദ്ധനയെന്നാണ് ഇന്ന് മന്ത്രി ന്യായീകരിച്ചത്.