തിരുവനന്തപുരം: ദയവു ചെയ്ത് എന്റെ മകനെ കാണാൻ എങ്കിലും അനുവദിക്കണം.. അത്രമാത്രം മതി എനിക്ക്... ഹൈക്കോടതിയിൽ നിന്നും അനുകൂലമായി വിധി നേടിയിട്ടും ഭർത്താവിന്റെ പിടിവാശി കാരണം സ്വന്തം മക്കളെ ഒരുനോക്ക് കാണാൻ പോലുമാകാത്തതിന്റെ കണ്ണീരിൽ പ്രവാസി വീട്ടമ്മ പറയുന്നത് ഇങ്ങനെയാണ്. തിരുവല്ല സ്വദേശിനിയായ ഇവർ രണ്ട് ആൺമക്കളുടെ മാതാവാണ്. ഇതിൽ ഇളയ മകനാകട്ടെ ഓട്ടിസം ബാധിതനും. ദുബായിൽ ഒരിക്കൽ നല്ലനിലയിൽ ജീവിച്ചിരുന്ന ഇവർ ഓട്ടിസം ബാധിതനായ മകൻ ജനിച്ചതോടെ മകന് വേണ്ടി ജീവിതം തന്നെ മാറ്റിവെക്കുകയായിരുന്നു. ഇതിനിടെ ഭർത്താവുമായി ദാമ്പത്യം വഷളാകുകയും അത് വിവാഹ മോചനത്തിന്റെ വക്കിലെത്തുകയും ചെയ്തു. ഒരിക്കൽ നാട്ടിൽപോയി തിരികെ വന്നപ്പോൾ രണ്ട് മക്കളുമായി ഭർത്താവ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു.

ഭർത്താവുമായുള്ള ജീവിതം മുന്നോട്ടു പോകാത്ത അവസ്ഥ വന്നതോടെയാണ് ജീവിതം താളം തെറ്റിയത്. ഇപ്പോൾ ദുബായിൽ താമസിക്കുന്ന ഈ വീട്ടമ്മ കഴിഞ്ഞ രണ്ടര വർഷത്തോളമായി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടെങ്കിലും മകനെ വിട്ടുകിട്ടണമെന്ന ആഗ്രഹം ഇവർക്ക് സാധിച്ചിട്ടില്ല. ദുബായിൽ അഡ്വർടൈസിങ് ബിസിനസ് രംഗത്ത് ജോലി ചെയ്യുന്ന ഭർത്താവിനെതിരെയാണ് ഇവരുടെ നിയമ പോരാട്ടം. ഓട്ടിസം ബാധിച്ച മകന് വിട്ടുകിട്ടാൻ വേണ്ടിയുള്ള നിയമ പോരാട്ടം തുടരുമെന്നാണ് ഈ മാതാവ് മറുനാടനോടും പറഞ്ഞത്.

ദുബായ് നഗരത്തിൽ താമസിക്കുമ്പോൾ സ്വന്തം മക്കളെ കാണാൻ കഴിയുന്നില്ലെന്നതാണ് ഇവരുടെ ഏറ്റവും വലിയ സങ്കടം. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബാധിതനായ 20കാരനായ മകനെ ഒന്നിടവിട്ട ആഴ്ചകളിൽ ഒരാഴ്ച വീതം വീട്ടമ്മയോടൊപ്പവും വിടണമെന്ന് അടുത്തിടെയാണ് കേരളാ ഹൈക്കോടതി ഉത്തരവിട്ടത്. ദുബായിലാണ് ജനിച്ചതും വളർന്നതുമെങ്കിലും മകൻ ഇന്ത്യൻ പൗരനായതു കൊണ്ടാണ് നിയമ പോരാട്ടം കേരളാ ഹൈക്കോടതിയിൽ എത്തിയത്. ജസ്റ്റിസുമാരായ മുഹമ്മദ് മഷ്താഖും സോഫി തോമസും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് വിധി പ്രഖ്യാപിച്ചത്.

വിധി നടപ്പിലാക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, അബുദാബിയിലെ ഇന്ത്യൻ എംബസി എന്നിവയ്ക്ക് ഉത്തരവ് കൈമാറുകയും ചെയ്തു. എന്നാൽ, വിധി അനുസരിക്കാൻ ഭർത്താവ് തയ്യാറായില്ല. ഹൈക്കോടതി വിധിക്കെതിരെ വാശിയോടെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിസിനസുകാരനായ ഭർത്താവ്. എന്നാൽ, ഹൈക്കോടതി വിധി അനുസരിക്കാത്ത ഭർത്താവിനെതിരെ നിയമ പോരാട്ടം തുടരാനാണ് ഈ പ്രവാസി വീട്ടമ്മയുടെ തീരുമാനം.

25 വർഷങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം. അയിരൂർ സ്വദേശിയായിരുന്നു ഭർത്താവ്. ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നെങ്കിലും ദമ്പതിമാർക്ക് 2 ആൺമക്കൾ ജനിച്ചു. 2003 ൽ ജനിച്ച ഇളയ മകന് ഓട്ടിസം ബാധിച്ചതായി അവന് രണ്ടര വയസുള്ളപ്പോഴാണ് തിരിച്ചറിയുന്നത്. തുടർന്ന് മകന് വേണ്ടി ജീവിതം മാറ്റിവെക്കുകയാണ് ആ മാതാവ് ചെയ്തത്. ബംഗ്ലുരുവിലുള്ള നിംഹാൻസ് ആശുപത്രിയിലാണ് മകനെ പരിശോധിച്ചത്. തുടർന്ന് മദ്രാസിൽ 10 വർഷം താമസച്ച് കുട്ടിക്ക് ചികിത്സയും പരിശീലനങ്ങളും നൽകി. അന്നെല്ലാം ഇവർ ഒറ്റയ്ക്കായിരുന്നു ഇക്കാര്യങ്ങളെല്ലാം ചെയ്തത്.

ഇതിനിടെയാണ് ഭർത്താവുമായുള്ള കുടുംബ പ്രശ്‌നങ്ങൾ വഷളായത്. തനിക്ക് മാനസികവും ശാരീരികവുമായ ഏറെ പീഡനങ്ങൾ സഹിക്കേണ്ടി വന്നതായും ഈ വീട്ടമ്മ പറയുന്നു. ഭർത്താവിന് സംശയവും ക്രൈസ്തവ വിഭാഗത്തിലെ ഉന്നതജാതിയാണെന്ന ജാതിചിന്തയുമാണെന്നാണ് ഇവർ പറയുന്നത്. ഇത്തരമൊരു വ്യക്തിയുടെ കൂടെയാണ് ഒന്നരവയസുകാരന്റെ സംസാര ശേഷി മാത്രമുള്ള സുഖമില്ലാത്ത മകനടക്കം രണ്ട് കൗമാരക്കാർ കഴിയുന്നത്. മകനെ വളർത്താൻ പരിശീലനം സിദ്ധിച്ചയാൾ താനാണെന്നുമാണ് ഈ മാതാവ് അവകാശപ്പെടുന്നത്.

വളരെ നാടകീയമായാണ് തനിക്ക് മക്കളെ നഷ്ടമായതെന്നാണ് ഈ അമ്മ പറയുന്നത്. ഭർത്താവുമായി ഒത്തുപോകാൻ സാധിക്കില്ലെന്ന ഘട്ടം വന്നപ്പോൾ കോടതിയിലെത്തി വിഷയം. ഭർത്താവ് യുഎഇയിൽ നൽകിയ വിവാഹമോചന ഹർജിയിൽ തനിക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇളയ മകന്റെയും ഇവരുടെയും ചെലവിനായി എല്ലാ മാസവും 5000 ദിർഹം നൽകണമെന്നും ഈ കേസ് പൂർത്തിയാകുന്നതുവരെ സംരക്ഷണം നൽകണം എന്നുമായിരുന്നു ആ വിധി.

ഈ വിധി വന്നതിന്റെ അടുത്ത ദിവസം, ദുബായിലെ വീട് ഉപേക്ഷിച്ച് 2 മക്കളേയും കൊണ്ട് ഭർത്താവ് അജ്ഞാത സ്ഥലത്തേയ്ക്ക് പോകുകയായിരുന്നു. ഇതിനിടെ കേരളത്തിൽ നിന്നും തിരിച്ച് ദുബായിലെത്തിയ ഇവർക്ക് മക്കളെ നഷ്ടമായിരുന്നു. മക്കൾക്ക് വേണ്ടി നിരന്തരം തിരച്ചിൽ നടത്തേണ്ടിയും വന്നു. മക്കളോടൊപ്പം താമസിക്കാൻ ശ്രമിച്ചപ്പോൾ തടയുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തു. ഇതേ തുടർന്ന് വീണ്ടും ഗാർഹിക പീഡന കേസ് നൽകേണ്ട അവസ്ഥയുമുണ്ടായി. വിവാഹമോചന പത്രത്തിൽ ഒപ്പിട്ടു കൊടുക്കുക, ഭൂസ്വത്തുക്കളുടെ രേഖകൾ കൈമാറുക, കാലി കടലാസിൽ ഒപ്പിട്ടുകൊടുക്കുക എന്നീ കാര്യങ്ങൾ ചെയ്തുകൊടുക്കണമെന്ന ആവശ്യം നിരസിച്ചതിനാൽ തന്റെ പാസ്പോർട്ട് ഭർത്താവ് പിടിച്ചുവച്ചതായും ദുബായ് കോടതിയെ സമീപിച്ചപ്പോൾ തിരിച്ചു കിട്ടിയതായും ഇവർ പറയുന്നു.

പിന്നീട് നാട്ടിൽ ചെന്ന് പത്തനംതിട്ട കോടതിയിൽ ഗാർഹിക പീഡന കേസ് ഫയൽ ചെയ്തു. ഇവിടെ നിന്നും അനുകൂല വിധി സമ്പാദിച്ചു. ഗാർഹിക പീഡിനം തെളിഞ്ഞതാണെന്നും സുഖമില്ലാത്ത ഇളയ മകനെ കോടതി മുൻപാകെ ഹാജരാക്കണമെന്നും 2020 ഡിസംബർ 10നാണ് കോടതി വിധിച്ചത്. ഈ വിധി പാലിക്കാൻ ഭർത്താവ് തയ്യാറായില്ല, മാത്രമല്ല, നേരത്തെയുള്ള ദുബായ് കോടതി വിധിയും അനുസരിച്ചില്ല. പത്തനംതിട്ട കോടതി വിധി ലംഘിച്ചതിനെതുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ അമ്മ തീരുമാനിച്ചത്.

എത്ര ശ്രമിച്ചിട്ടും കുട്ടിയെ നാട്ടിലേയ്ക്ക് കൊണ്ടുവരാൻ ഭർത്താവ് തയ്യാറാകില്ലെന്ന് കോടതിയെ അറിയിച്ചപ്പോൾ, ഇതുവരെയുള്ള മകന്റെ രോഗം സംബന്ധമായ എല്ലാ രേഖകളും ആശുപത്രി റിപ്പോർട്ടുകളും ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഈ രേഖകൾ കോടതി പരിശോധിച്ചു ഉറപ്പുവരുത്തി. മാത്രമല്ല, കോടതി നിർദ്ദേശപ്രകാരം യുഎഇയിൽ മെഡിക്കൽ ബോർഡ് കൂടി മകന്റെ രോഗാവസ്ഥ വിലയിരുത്താൻ വേണ്ടി വീണ്ടും യുഎഇയിലെത്തി.

അബുദാബിയിലെ ആശുപത്രിയിലായിരുന്നു മകന്റെ പരിശോധന. 80% രോഗാവസ്ഥയുള്ള കുട്ടിയാണെന്ന് കണ്ടെത്തുകയും ചെയ്തു. കുട്ടി മാതാപിതാക്കളുമായി വളരെ അടുപ്പം പുലർത്തുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. തുടർന്ന് ഇന്ത്യൻ എംബസി വഴി അത് ഹൈക്കോടതിയിലെത്തിച്ചു. ഇതനുസരിച്ച്, കുട്ടിക്ക് അമ്മയുടെ സ്നേഹവും പരിലാളനകളും സംരക്ഷണവും വളരെ അത്യാവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അമ്മയും കുട്ടിയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ മുൻപാകെ അവർ തമ്മിലുള്ള അടുപ്പം തെളിയിക്കാനും റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കാനും നിർദ്ദേശിച്ചു. 2021 ജനുവരി 27 ന് മകനുമായുള്ള ആശയവിനിമയം ആരംഭിച്ചു. ദിവസങ്ങളോളം നടന്ന ഈ പ്രക്രിയയുടെ റിപ്പോട്ടും കോടതിയിലെത്തിച്ചു. എല്ലാം വീട്ടമ്മക്ക് അനുകൂലമായ ശക്തമായ തെളിവുകളോടെയുള്ള റിപ്പോർട്ടായിരുന്നു.

ഇതിനിട കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള ഒത്തുതീർപ്പിന് സാധ്യത അടുത്തതായി കോടതി ആരാഞ്ഞു. ആദ്യം ഭർത്താവ് ഇതിന് വഴങ്ങിയെങ്കിലും പിന്നീട് വാക്കുമാറ്റി. ഒത്തുതീർപ്പ് ശ്രമം പരാജയമായതോടെ കേസ് വീണ്ടും കോടതിയിലെത്തി. ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ കുട്ടി ഇന്ത്യയ്ക്ക് പുറത്തായതിനാൽ ഇന്ത്യയ്ക്ക് പുറത്തായതിനാൽ ആവശ്യം അനുവദിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു വിധി. ഇതിനെതിരെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത രണ്ടാമത്തെ അപേക്ഷയിന്മേലാണ് ഡിസംബർ 14 ന് ഡിവിഷൻ ബെഞ്ച് വിധി വന്നത്. ഇത് അനുകൂലമായതോടെയാണ് മകനെ കാണാൻ സാധിക്കുമെന്ന പ്രതീക്ഷ ഉണ്ടായത്. എന്നാൽ, ഭർത്താവിന്റെ പിടിവാശിയിൽ ആ പ്രതീക്ഷയും ഈ മാതാവിന് പൊലിയുകയാണ്.

സ്വന്തം മകനെ കാണാൻ 26 പ്രാവശ്യമാണ് ഇവർ അബുദാബിയിൽ ചെന്നത്. പക്ഷെ അനുവദിച്ചില്ല. ഭർത്താവ് ജോലിക്ക് പോയിക്കഴിഞ്ഞാൽ കാർ ഡ്രൈവറാണ് കുട്ടിയെ പരിചരിക്കുന്നത്. മാത്രമല്ല, പലതരത്തിൽ കേസ് നീട്ടിക്കൊണ്ടുപോയി മകനെ തന്നിൽ നിന്ന് അകറ്റാനാണ് ഭർത്താവ് ശ്രമിക്കുന്നതെന്നും മകന്റെയരികിൽ എത്രയും പെട്ടെന്ന് എത്തണമെന്നതാണ് തന്റെ ഉദ്ദേശ്യമെന്നും അത് അവന്റെ ശോഭനമായ ഭാവിക്ക് ഏറ്റവും അനിവാര്യമാണെന്നു ഈ വീട്ടമ്മ പറയുന്നു. വല്ലപ്പോഴും മകനുമായി ഫോണിൽ വിളിക്കാൻ കഴിയുന്നുണ്ട്. അപ്പോഴും പിതാവ് ഒപ്പമുണ്ടാകുമെന്നം അവർ പറയുന്നു. അമ്മയുടെ സാമീപ്യം വേണമെന്നാണ് മകനും പറയുന്നത്.

മകന് വേണ്ടി നടത്തിയ നിയമപോരാട്ടത്തിൽ കുടുംബം തന്നോടൊപ്പം നിന്നെന്നാണ് ഈ തിരുവല്ല സ്വദേശിനി പറയുന്നത്. നിയമ പോരാട്ടതതിന് ഒടുവിൽ അനുകൂല വിധിയുണ്ടായതിൽ ഏറെ സന്തോഷവും സംതൃപ്തിയുമുണ്ട്. എന്നാൽ മകനെ കാണാൻ ഭർത്താവ് സമ്മതിക്കുന്നില്ല. കോടതി അലക്ഷ്യം ഫയൽ ചെയ്യാനാണ് ഇവരുടെ അടുത്ത നീക്കം. തനിക്ക് മകനെ കണ്ടേ മതിയാവൂ എന്നാണ് ഈ അമ്മ വിങ്ങലോടെ പറയുന്നത്.