- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വമ്പൻ ആശുപത്രികൾ വാശി കാണിക്കുമ്പോഴും, നഴ്‌സുമാരെ ചേർത്ത് നിർത്തി ഒരു കൊച്ചുആശുപത്രി; ശമ്പള വർദ്ധനവിനായി ഇനി ഇവിടെ സമരമില്ല; പ്രവൃത്തി പരിചയമുള്ളവർക്ക് 10000 രൂപ കൂട്ടി; ഭൂമിയിലെ മാലാഖമാരെ കരുതലോടെ കണ്ട് ചരിത്രത്തിൽ ഇടം പിടിക്കുന്നത് തൃശൂരിലെ ഈ സ്വകാര്യ ആശുപത്രി
തൃശൂർ: ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നഴ്സുമാർക്ക് ഉയർന്ന ശമ്പളം നൽകാൻ സ്വകാര്യ ആശുപത്രി. തൃശൂർ സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ ആശുപത്രിയാണ് നഴ്സുമാർക്ക് ഉയർന്ന ശമ്പളം നൽകാമെന്ന് നഴ്സസ് സംഘടനയായ യു.എൻ.എയുമായുള്ള ചർച്ചയിൽ ഉറപ്പ് നൽകിയത്. ഇതോടെ 26,000 രൂപ ശമ്പളമുണ്ടായിരുന്ന നഴ്സിന് 10,000 രൂപ വർദ്ധിപ്പിച്ച് 36,000 രൂപ ലഭിക്കും. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ഏപ്രിൽ 11,12,13 തീയതികളിൽ തൃശൂരിലെ നഴ്സുമാർ 78 മണിക്കൂർ നീണ്ട പരിപൂർണ്ണ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ ഹോസ്പിറ്റൽ യു.എൻ.എ പ്രതിനിധികളുമായി ചർച്ച നടത്തി ശമ്പളം വർദ്ധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയത്.
23,500 രൂപയായിരുന്നു ഇവിടെ ശമ്പളം ലഭിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബർ മാസം മുതൽ ഇതിനോടൊപ്പം 15% വർദ്ധനവും നേടിയെടുത്തിരുന്നു. ഇന്ന് നടന്ന ചർച്ചയിൽ കോൺട്രാക്ട് നിയമനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കാൻ മാനേജ്മെന്റ് തയാറായി. ഒരു വർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് 3000 രൂപയും, ഒരു വർഷം മുതൽ 5 വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് 5000 രൂപയുടെ വർദ്ധനവും, 5 മുതൽ 8 വർഷം വരെ പ്രവർത്തിപരിചയമുള്ളവർക്ക് 8000 രൂപയും, 8 വർഷത്തിന് മുകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് 10000 രൂപയും ലഭിക്കും. 2023 മാർച്ച് മുതലുള്ള ശമ്പളത്തിൽ വർദ്ധനവ് പ്രാബല്യത്തിൽ വരും. സർക്കാർ പുതിയ സേവന-വേതന വ്യവസ്ഥകൾ പ്രഖ്യാപിക്കുന്ന മുറക്ക് അതും നൽകുമെന്നും മാനേജ്മെന്റ് അറിയിച്ചു.
തൃശൂരിൽ ഏറ്റവും കൂടുതൽ കിടക്കകളുള്ള ആശുപത്രിയാണ് ജൂബിലി. 1,500 കിടക്കകളാണ് ഇവിടെയുള്ളത്. അമലയിൽ 800 കിടക്കളുമാണുള്ളത്. എന്നാൽ സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ ഹോസ്പിറ്റലിൽ കേവലം 180 കിടക്കകൾ മാ്ത്രമാണുള്ളത്. വമ്പൻ ആശുപത്രികളെ ആപേക്ഷിച്ച് വരുമാനം കുറവായിരുന്നിട്ടും നഴ്സുമാർക്ക് ഉയർന്ന ശമ്പളം നൽകാൻ മാനേജ്മെന്റ് തയ്യാറാകുകയായിരുന്നു. നഴ്സിങ് അനുകൂല സമീപനം സ്വീകരിച്ച സൺ മെഡിക്കൽ എം.ഡി പ്രതാപവർക്കിയെ യുഎൻഎ അഭിനന്ദനം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ നടക്കുന്ന സമ്പൂർണ്ണ പണിമുടക്കിൽ നിന്നും സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെന്ററിനെ ഒഴിവാക്കിയതായി യു.എൻ.എ അറിയിച്ചു.
ചർച്ചയിൽ യു.എൻ.എ അഖിലേന്ത്യാ അധ്യക്ഷൻ ജാസ്മിൻഷാ, സംസ്ഥാന ട്രഷറർ ദിവ്യ ഇ.എസ്, സെക്രട്ടേറിയേറ്റ് അംഗങ്ങളായ നിതിന്മോൻ സണ്ണി, ടിന്റു തോമസ്, ജിനു ജോസ്, നവീൻ വർഗ്ഗീസ് ജില്ലാ കമ്മറ്റി അംഗങ്ങളായ സെബിൻ, അനു, ലിജോ, എൽദോസ് എന്നിവരും, മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് സൺ മെഡിക്കൽ ആശുപത്രി ഉടമ പ്രതാപ വർക്കി, എച്ച്.ആർ മാനേജർ ജിമ്മി ജോൺ എന്നിവരും പങ്കെടുത്തു. ഇന്ന് നടന്ന ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, അമല മെഡിക്കൽ കോളേജ് എന്നിവരുമായുള്ള ചർച്ച വിജയം കണ്ടില്ല.
അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടികളും ഇതു സംബന്ധിച്ച് ഉണ്ടായിട്ടില്ല. കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ അനാവശ്യമായ വാശിയാണ് നഴ്‌സുമാരുടെ ആവശ്യങ്ങളോട് കാണിക്കുന്നത്. യു.എൻ.എയുടെ ആവശ്യങ്ങൾ നിയമ വിരുദ്ധമാണെന്നും പണിമുടക്കിനെതിരെ മാനേജ്‌മെന്റുകൾ കോടതിയിൽ പോയതും സംഘടനയെ ചൊടിപ്പിച്ചിരുന്നു. ഇതിനെതുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പലവട്ടം ആശുപത്രി മാനേജ്മെന്റുകളുമായി ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.