തിരുവനന്തപുരം: കസ്റ്റഡി മര്‍ദനവും അത് നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന സ്ഥാനക്കയറ്റവും സംരക്ഷണവും കഴിഞ്ഞ കുറേ ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. നിരപരാധികളെ കളളക്കേസില്‍ കുടുക്കുകയും കസ്റ്റഡി മര്‍ദനം നടത്തുകയും ചെയ്ത നിരവധി ഉദ്യോഗസ്ഥരാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ 9 വര്‍ഷങ്ങളില്‍ സ്ഥാനക്കയറ്റം നേടി നിര്‍ണായക തസ്തികകളില്‍ ജോലി ചെയ്യുന്നത്. സാദാ കോണ്‍സ്റ്റബിള്‍ മുതല്‍ ഐ.പി.എസ് വരെ ഇങ്ങനെ വേണ്ടപ്പെട്ടവര്‍ക്ക് വാരിക്കോരി കൊടുത്ത് സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതില്‍ ഏറ്റവും ഞെട്ടിച്ചത് കൊല്ലത്ത് മാധ്യമപ്രവര്‍ത്തകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരുന്ന മുന്‍ ഡിവൈ.എസ്.പി എന്‍. അബ്ദുള്‍റഷീദിന് ഐ.പി.എസ് കൊടുത്തതാണ്. രണ്ടു തവണ യു.പി.എസ്.സി അണ്‍ഫിറ്റ് എന്നു കണ്ട് നിരസിച്ച, സര്‍ക്കാര്‍ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച അബ്ദുള്‍ റഷീദ് ഒരു സുപ്രഭാതത്തില്‍ ഐ.പി.എസുകാരനായി. സംസ്ഥാന സര്‍ക്കാരിലെ തന്നെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം ഡല്‍ഹിയില്‍ തമ്പടിച്ചാണ് റഷീദിന് ഐപിഎസിന് കളമൊരുക്കിയത്.

ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത അബ്ദുള്‍ റഷീദ് 90 ദിവസമാണ് റിമാന്‍ഡില്‍ കഴിഞ്ഞത്. ഇയാള്‍ക്കൊപ്പം പ്രതിയായിരുന്ന ഡിവൈ.എസ്.പി സന്തോഷ് നായര്‍ ഇപ്പോഴും സേനയ്ക്ക് വെളിയിലാണെന്നതും ശ്രദ്ധേയം. നാലു ക്രിമിനല്‍ കേസുകളാണ് റഷീദിനെതിരേയുണ്ടായിരുന്നത്. അത്ഭുതമെന്ന് തന്നെ പറയണം, നാലു കേസുകളിലും ഇയാള്‍ വിചാരണ കൂടാതെ ഒഴിവാക്കപ്പെട്ടു. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ വിചാരണ കൂടാതെ ഇയാളെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ നാലു റിവിഷന്‍ പെറ്റിഷന്‍ നിലനില്‍ക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ ഐപിഎസിന് വേണ്ടി ഒത്താശ ചെയ്തത്.

മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ആയിരുന്ന വി.ബി. ഉണ്ണിത്താനെ ക്വട്ടേഷന്‍ കൊടുത്ത് വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായിട്ടുള്ള എന്‍. അബ്ദുള്‍ റഷീദിന് ഐപിഎസിന് പരിഗണിക്കരുതെന്ന് കാട്ടി കേന്ദ്രസര്‍ക്കാരിന് സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിനും ഇന്റലിജന്‍സിനുമെല്ലാമായി അയച്ച ഈ റിപ്പോര്‍ട്ട് ഒന്നു പരിശോധിക്കുക പോലും ചെയ്യാതെയാണ് ഇയാള്‍ക്ക് ഐപിഎസ് കൊടുത്തത്. രണ്ടു തവണ യു.പി.എസ്.സി അണ്‍ഫിറ്റെന്ന് വിധി എഴുതിയ അബ്ദുള്‍ റഷീദിനെ ഒരു സുപ്രഭാതത്തില്‍ ഫിറ്റാക്കിയത് വഴി വിട്ട ഇടപെടലുകള്‍ കൊണ്ടാണെന്ന ആക്ഷേപം ശക്തമായിരുന്നു. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സിബിഐ കോടതി വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയതാണ് റഷീദിനെ. ഇതിന് പിന്നില്‍ ഗുഢാലോചന നടന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഈ കേസില്‍ സാക്ഷിപ്പട്ടികയില്‍ ഉണ്ടായിരുന്ന കൊല്ലത്ത് നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ജി. വിപിനന്‍ ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റിഷന്‍ നല്‍കി. ആക്രമിക്കപ്പെട്ട ഉണ്ണിത്താനോ കേസ് അന്വേഷിച്ച സിബിഐ തിരുവനന്തപുരം യൂണിറ്റോ പോലും ചെയ്യാതിരുന്ന കാര്യമാണ് വിപനന്‍ ചെയ്തത്. കോടതിയില്‍ ഹര്‍ജി വന്ന സ്ഥിതിക്ക് തങ്ങള്‍ സംശയിക്കപ്പെടുമെന്ന് വന്നപ്പോഴാണ് ഉണ്ണിത്താനും സിബിഐ തിരുവനന്തപുരം യൂണിറ്റും റിവിഷന്‍ പെറ്റീഷനുമായി ഹൈക്കോടതിയെ സമീപിച്ചത്.

പക്ഷേ, ഇതിനിടയിലുളള സമയം റഷീദിന് ധാരാളമായിരുന്നു. അയാള്‍ കേരളാ പോലീസില്‍ തിരിച്ചു കയറി. ഒരിക്കലും കിട്ടില്ലെന്ന് കരുതിയിരുന്ന പ്രമോഷന്‍ പിടിച്ചു വാങ്ങി എസ്പിയായി. ഒടുവില്‍ ഐപിഎസിലുമെത്തി. ഇതെല്ലാം തെളിയിക്കുന്നത് റഷീദിന്റെ രാഷ്ട്രീയക്കാര്‍ക്കിടയിയുള്ള അപ്രമാദിത്വവും പിടിപാടുമാണ്.

ഐപിഎസ് കണ്‍ഫര്‍ ചെയ്തവരുടെ ലിസ്റ്റ് പുറത്തു വരുന്നതിന് അഞ്ചു ദിവസം മുന്‍പ് വരെ കേന്ദ്രകേരള സര്‍ക്കാരുകള്‍ അണ്‍ഫിറ്റ് എന്ന് റിപ്പോര്‍ട്ട് ചെയ്ത അബ്ദുള്‍ റഷീദ് എങ്ങനെയാണ് അവസാന നിമിഷമാണ് പട്ടികയില്‍ കയറിക്കൂടിയത്.

വധശ്രമം അടക്കം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അബ്ദുള്‍ റഷീദ് കേരളാ പൊലീസില്‍ എസ്പിയായി സ്ഥാനക്കയറ്റം നേടിയതും ഇങ്ങനെയായിരുന്നു. ഡിവൈഎസ്പിമാരുടെ പ്രമോഷന്‍ ലിസ്റ്റ് വന്നപ്പോള്‍ ആദ്യം റഷീദിന്റെ പേരില്ലായിരുന്നു. വേറെ എട്ടു പേര്‍ക്കായിരുന്നു പ്രമോഷന്‍. എന്നാല്‍ അവസാന നിമിഷം 8 (എ) എന്ന ഉപനമ്പര്‍ സൃഷ്ടിച്ചു ഇയാളെ തിരുകി കയറ്റുകയായിരുന്നു.

സിപിഎം നേതൃത്വത്തിലുള്ള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കുന്ന സമയത്താണ് ഇയാള്‍ ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ അകപ്പെട്ടത്. അതിന് ശേഷം ജയില്‍വാസവും സസ്പെന്‍ഷനുമൊക്കെയായി കഴിഞ്ഞിരുന്ന ഇയാള്‍ക്ക് തുണയായതും സിപിഎം ബന്ധമായിരുന്നുവെന്ന് പറയുന്നു.

2020 മേയ് 30 നാണ് ഇയാള്‍ തിരുവനന്തപുരം യൂണിറ്റില്‍ നിന്ന്ക്രൈംബ്രാഞ്ച് എസ്പിയായി വിരമിച്ചത്. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ അഞ്ചാം പ്രതിയായിരുന്നു. 2018 ല്‍ ഉണ്ണിത്താന്‍ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി. കേസില്‍ മാപ്പുസാക്ഷിയായ സന്തോഷ്‌കുമാറിന്റെ മൊഴി നിലനില്‍ക്കുമ്പോഴാണ് റഷീദിനെ വിചാരണ കൂടാതെ വിട്ടയച്ചത്. ഇതിനെതിരേ ഹൈക്കോടതിയില്‍ സിബിഐ, വി.ബി. ഉണ്ണിത്താന്‍, ജി.വിപിനന്‍, എസ്. സന്തോഷ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ നിലനില്‍ക്കുമ്പോഴാണ് റഷീദിനെ കുറ്റമുക്തനാക്കിയത്.

യുപിഎസ് സി രണ്ടു പ്രാവശ്യം റഷീദിനെ അണ്‍ഫിറ്റ് ആണെന്ന് കണ്ട് ഐപിഎസ് ലിസ്റ്റില്‍ നിന്നൊഴിവാക്കിയിരുന്നു. സംസ്ഥാനത്ത് നിന്ന് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുത്തതുമില്ല. ഇതിനിടെ റഷീദ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. തന്നെയും ഐപിഎസിന് പരിഗണിക്കണം എന്നതായിരുന്നു ആവശ്യം. 2022 ജൂണ്‍ 17 ന് വന്ന ട്രിബ്യൂണലിന്റെ ഉത്തരവില്‍ ഈ പരാതിയില്‍ നടപടി എടുക്കുന്നതിന് പരിമിതിയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നും പറഞ്ഞ് തീര്‍പ്പാക്കി.

ജൂണ്‍ 17 വരെ സംസ്ഥാന സര്‍ക്കാരും യുപിഎസ് സിയും അണ്‍ഫിറ്റ് ആണെന്ന് റിപ്പോര്‍ട്ട് ചെയ്ത, സംസ്ഥാന സര്‍ക്കാര്‍ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത ഇയാള്‍ക്ക് ട്രിബ്യൂണല്‍ വിധി വന്നതിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അതിവേഗം അനുകൂല തീരുമാനമുണ്ടായി. സര്‍ക്കാര്‍ ഇയാള്‍ക്ക് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കി.

ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ 2017 ല്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ രണ്ടു വര്‍ഷത്തോളം സസ്പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരാണ് എസ്പിയാക്കി സ്ഥാനക്കയറ്റം നല്‍കിയതും സര്‍വീസില്‍ തിരിച്ചെടുത്തതും. ഇതിനിടെ കൊല്ലത്ത് യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ടു യുവസൈനികരെ ഇയാള്‍ രക്ഷപ്പെടുത്തി ഇയാള്‍ ഭീകരര്‍ക്ക് കൈമാറിയെന്നൊരു വാര്‍ത്തയും വന്നിരുന്നു. ഈ കേസില്‍ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം ഇയാളെ ചോദ്യം ചെയ്തിരുന്നു. കൊല്ലം അയലമണ്ണില്‍ നടന്ന കൂട്ടക്കൊലയില്‍ പ്രതികളായ ബി. ദിവില്‍ കുമാര്‍(27), പി. രാജേഷ് (34) എന്നിവരെ വിദേശജോലിക്കെന്ന മട്ടില്‍ നാടുകടത്തി ഭീകരസംഘടനയ്ക്ക് കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇയാള്‍ക്ക് മനുഷ്യക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കേരളാ പൊലീസിന്റെ ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന റഷീദ് ആ സ്വാധീനം വച്ച് റിപ്പോര്‍ട്ട് മരവിപ്പിച്ചു രക്ഷപ്പെട്ടു. അയലമണ്‍ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ടീമില്‍ ഡിറ്റക്ടീവ് ഇന്‍സ്പെക്ടറായിരുന്നു റഷീദ്.

അടുത്തിടെ സര്‍വീസില്‍ നിന്ന് വിരമിച്ച റഷീദ് വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. അതിനിടെ ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതികളെ കോടതി പരിസരത്തും പിന്തുടര്‍ന്നും റഷീദ് ഭീഷണിപ്പെടുത്തിയെന്ന് പരാതി ഉയര്‍ന്നു. പ്രതികള്‍ ഈ വിവരം പരാതിയായി ജഡ്ജിക്ക് തന്നെ നല്‍കി. എന്നാല്‍, പരാതി പോലീസിന് നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്. ഇത് പ്രകാരം വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇടതു സര്‍ക്കാരിന് ഏറെ പ്രിയപ്പെട്ടവനായതു കൊണ്ടാണ് റഷീദിന് ഐപിഎസ് ലഭിച്ചത്. ഇതേ പോലെ കളങ്കിതരായ നിരവധിപ്പേര്‍ക്ക് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്ത് ഐ.പി.എസ് നല്‍കിയിട്ടുണ്ട്. മികച്ച നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതു കാരണം ഐ.പി.എസ് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.