മാഞ്ചസ്റ്റര്‍: അച്ചാമ്മയെന്ന മാഞ്ചസ്റ്ററിലെ മലയാളി നഴ്‌സ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് തന്നെ ആയുസിന്റെ ബലത്തില്‍ മാത്രം. ആശുപത്രിയില്‍ വച്ച് രോഗിയുടെ മരണ കാരണം ആകുമായിരുന്ന കുത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അച്ചാമ്മയുടെ ഭാഗ്യം തലനാരിഴ വ്യത്യാസത്തില്‍ ആണ് രേഖപ്പെടുത്തപ്പെട്ടത് എന്ന നിര്‍ണായക വിവരമാണ് മാഞ്ചസ്റ്ററിലെ മിന്‍സ് ഹാള്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ വെളിപ്പെട്ടത്. യുകെ കോടതികളില്‍ ഇത്തരത്തില്‍ എത്തുന്ന കേസുകളില്‍ ഭാഗ്യത്തിന്റെ തണലില്‍ ഒരാള്‍ അക്രമിയില്‍ നിന്നും രക്ഷപ്പെട്ടാല്‍ സാധാരണ കോടതികള്‍ അതിന്റെ ആനുകൂല്യം പ്രതിക്ക് നല്‍കാറില്ല എന്ന കീഴ്‌വഴക്കം ഈ കേസിലും പാലിക്കപ്പെട്ടിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്.

പ്രതിയായ റോമോണ്‍ ഹക്കിനു നിരീക്ഷണം അടക്കം ലഭിച്ച 28 വര്‍ഷത്തെ ശിക്ഷ തെളിയിക്കുന്നതും ഇതുതന്നെയാണ്. പ്രതിക്ക് 22 വര്‍ഷം ജയിലില്‍ കിടന്നു തന്നെ ശിക്ഷ അനുഭവിച്ചു തീര്‍ക്കേണ്ടിയും വരും. മദ്യവും ലഹരിയും ഉപയോഗിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മോറോണിന് പതിവ് മരുന്നുകള്‍ നല്‍കുന്നതിന്റെ ഭാഗമായി പ്രതിയെ സമീപിച്ചപ്പോള്‍ ലഹരിയുടെ ഉന്മാദം നല്‍കുന്ന മരുന്ന് എന്നറിയപ്പെടുന്ന മെഥഡോണ്‍ നല്‍കാന്‍ പ്രതി ആവശ്യപ്പെട്ടപ്പോള്‍ വഴങ്ങാതിരുന്നതാണ് പ്രതിയെ ഉന്മാദാവസ്ഥയില്‍ അച്ചാമ്മയെ ആക്രമിക്കാന്‍ പ്രേരണയായത്. മയക്കു മരുന്നിന് അടിമകള്‍ ആയവര്‍ ഹെറോയിന് പകരം ഉപയോഗിക്കുന്ന രാസപദാര്‍ത്ഥമാണ് മെഥഡോണ്‍. ആധുനിക ചികിത്സയുടെ ഭാഗമായി ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുമുണ്ട്.

മരണം സംഭവിച്ചില്ലെങ്കിലും പ്രതിക്ക് കൊലപാതകത്തിനുള്ള ശിക്ഷ കിട്ടുന്ന നിയമ സംവിധാനം

കോടതിയില്‍ പ്രത്യേകിച്ച് കുറ്റബോധം ഒന്നും പ്രകടിപ്പിക്കാതെയാണ് പ്രതി വിചാരണ നേരിട്ടത് എന്നത് പ്രത്യേകതയായി. ഇത്തരം കേസുകളില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷ തന്നെ പ്രതിക്ക് ലഭിച്ചു എന്നതാണ് വിധിന്യായം വെളിപ്പെടുത്തുന്നത്. യുകെയില്‍ പലപ്പോഴും മരണം സംഭവിക്കാവുന്ന വിധത്തില്‍ ഉള്ള ആക്രമണം നടത്തുന്നവര്‍ക്ക് മരണം സംഭവിച്ചതായി കണക്കാക്കപ്പെടുന്ന വിധത്തില്‍ ഉള്ള ശിക്ഷ നടപടികള്‍ ഉണ്ടാകും എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണ് ഈ കേസ്. ആക്രമണത്തില്‍ പരുക്കേറ്റ വ്യക്തി മരണപെട്ടില്ല എന്നതിന്റെ ആനുകൂല്യം പ്രതിക്ക് ഒരിക്കലും ലഭിക്കരുത് എന്നതാണ് പ്രോസികൂഷന്‍ കോടതികളില്‍ ഉയര്‍ത്തുന്ന വാദവും. ഇതിനെ സ്വാഭാവികമായും എതിര്‍ ഭാഗം അഭിഭാഷകര്‍ എതിര്‍ക്കാറുമില്ല. റൊമോണ് ലഭിച്ച ഉയര്‍ന്ന ശിക്ഷയും തെളിയിക്കുന്നത് ഈ സാഹചര്യം തന്നെയാണ് മിന്‍സ് ഹാള്‍ കോടതിയിലും ഉണ്ടായത് എന്നാണ്.

റിട്ടയര്‍ ചെയ്യാന്‍ അധികം കാത്തിരിക്കേണ്ട കാലം മുന്നില്‍ ഇല്ലാത്ത, വര്‍ഷങ്ങളോളം ഒരു പരാതിയും ഇല്ലാതെ രോഗികളെ പരിചരിച്ച ഒരു നഴ്സിനാണ് ഓള്‍ഡാം ഹോസ്പിറ്റലില്‍ ഈ ദുര്യോഗം ഉണ്ടായത് എന്നതും കോടതിയുടെ ശ്രദ്ധയിലെത്തി. അക്രമം രാജ്യവ്യാപകമായി അപലപിക്കപ്പെടുകയും വാര്‍ത്തയ്ക്ക് വലിയ ശ്രദ്ധ ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെ എന്‍എച്ച്എസ് ആശുപത്രികളില്‍ സമാനമായ വിധത്തില്‍ ഉള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പല നടപടികളും ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ഇപ്പോഴും എ ആന്‍ഡ് ഇ അടക്കമുള്ള കേദ്രണങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആക്രമിക്കപ്പെടുമ്പോള്‍ അച്ചാമ്മയ്ക്ക് 57 വയസ് ആയിരുന്നു. കഴുത്തിലും തലയിലും കൈത്തണ്ടയിലും കത്രിക കൊണ്ടാണ് അച്ചാമ്മയ്ക്ക് കുത്തേറ്റത്.

പ്രതി നഴ്സുമാരുടെ കത്രിക നേരത്തെ സ്വന്തമാക്കി, ഒളിപ്പിച്ചു വച്ചത് ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍

നഴ്സുമാര്‍ ഉപയോഗിക്കുന്ന കത്രിക കൈയില്‍ ഒളിപ്പിച്ചാണ് പ്രതി അച്ചാമ്മയെ പിന്നില്‍ നിന്നും മറ്റു രോഗികളെ പരിചരിക്കുന്നതിനിടയില്‍ കുത്തിയത്. ഭയന്ന് പോയെങ്കിലും പ്രതിരോധിക്കാന്‍ അച്ചാമ്മയ്ക്ക് കഴിഞ്ഞതോടെയാണ് കൈത്തണ്ടയില്‍ അടക്കം കുത്തേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സഹ ജീവനക്കാര്‍ ഭയം പ്രകടിപ്പിക്കാതെ പ്രതിയെ കീഴ്‌പ്പെടുത്തിയതോടെ ആയിരുന്നു അച്ചാമ്മയുടെ ജീവന്‍ രക്ഷിക്കാനായത്. അവരെ ഉടന്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയാണ് അന്ന് ജീവന്‍ രക്ഷിക്കാനായത്. അക്രമത്തിന്റെ പരുക്കുകള്‍ ഇന്നും അച്ചമ്മയെ വേട്ടയാടുന്നുണ്ട്.

കുത്തേറ്റ കൈയുടെ മരവിപ്പ് ഇപ്പോഴും പൂര്‍ണമായും വിട്ടു മാറിയിട്ടില്ല എന്നും കോടതി വിധി റിപ്പോര്‍ട്ട് ചെയ്ത് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എപ്പോഴോ പ്രതി നഴ്സുമാര്‍ ഉപയോഗിക്കുന്ന കത്രിക സൂത്രത്തില്‍ കൈക്കലാക്കുക ആയിരുന്നു. പിന്നീട് അത് ഒളിപ്പിച്ചു വച്ചതും വേണ്ടി വന്നാല്‍ ഉപയോഗിക്കാം എന്ന ചിന്തയോടെ തന്നെയാണ്. കോടതിയില്‍ തെളിവെടുപ്പിനിടെ മൊഴി നല്‍കിയ സെക്യൂരിറ്റി വിഭാഗം ജീവനക്കാര്‍ പറഞ്ഞത് ആശുപത്രി വാര്‍ഡ് അക്ഷരാര്‍ത്ഥത്തില്‍ ചോരപ്പുഴ ആയി മാറിയിരുന്നു എന്നാണ്.

ശിക്ഷയുടെ മൂന്നില്‍ രണ്ടു ഭാഗം ജയിലില്‍ കഴിഞ്ഞതിനു ശേഷം മാത്രമേ പരോള്‍ പോലും പരിഗണിക്കാവൂ എന്ന് കോടതി പ്രത്യേകം പരാമര്‍ശിച്ചതിനാല്‍ പ്രതി കുറഞ്ഞത് അടുത്ത 14 വര്‍ഷം പുറംലോകം കാണില്ലെന്ന് ഉറപ്പാണ്. പ്രതി ആശുപത്രിയില്‍ കഴിഞ്ഞത് കടുത്ത നിരീക്ഷണത്തില്‍ ആണെങ്കിലും ആരും കാണാതെ അയാള്‍ കത്രിക സ്വന്തമാക്കിയതില്‍ കോടതി ഞടുക്കം രേഖപ്പെടുത്തി. പ്രതി ചെയ്ത കുറ്റം കൊണ്ട് അച്ചാമ്മ ജീവിതകാലം മുഴുവന്‍ പരുക്കിന്റെ പിടിയില്‍ ആയിരിക്കും എന്നാണ് വിധി പുറപ്പെടുവിക്കും മുന്‍പേ ജഡ്ജി മോറോണിനെ അറിയിച്ചത്. കൈകള്‍ക്ക് ഒരുവിധത്തില്‍ ഉള്ള അംഗ വൈകല്യം തന്നെ സംഭവിച്ചതായും കോടതി വിലയിരുത്തി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അച്ചാമ്മ വീണ്ടും ജോലിയിലേക്ക് മടങ്ങി എത്തിയെങ്കിലും ഒരിക്കലും പഴയ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാന്‍ കഴിഞ്ഞേക്കില്ല എന്നതും കോടതിയുടെ നിരീക്ഷണങ്ങളില്‍ പ്രധാനമാണ്.