തിരുവനന്തപുരം: കിളികൊല്ലൂരിൽ ഉൾപ്പെടെ പൊലീസ് അടുത്തിടെ നടത്തിയ അതിക്രമങ്ങളിൽ ഇടതുമുന്നണിയിൽ കടുത്ത അതൃപ്തി. സിപിഎമ്മിനുള്ളിൽ തന്നെ ഇക്കാര്യത്തിൽ അമർഷം പുകയുകയാണ്. പാർട്ടിപ്രവർത്തകരുടെയും അനുഭാവികളുടെയും മനോവീര്യം തകർക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് വേണ്ടത്ര ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന പരാതി ശക്തമായി. ഇതോടെ പൊലീസിൽ സമഗ്ര അഴിച്ചു പണിക്ക് സർക്കാർ പദ്ധതി ഇടുകയാണ്. പൊലീസ് മേധാവി അനിൽകാന്തിനെ മാറ്റുന്നതും ചർച്ചകളിലുണ്ട്. രണ്ടു കൊല്ലത്തേക്കാണ് അനിൽകാന്തിന്റെ പദവി. അതുകൊണ്ട് സാധാരണ ഗതിയിൽ അനിൽകാന്തിനെ മാറ്റാനാകില്ല. എന്നാൽ പ്രശ്‌നക്കാരനല്ലാത്ത അനിൽകാന്തിനെ അനുനയത്തിലൂടെ മാറ്റാനാണ് ആലോചന.

അനിൽകാന്ത് സ്വയം രാജിവയ്‌പ്പിക്കാനുള്ള സാധ്യതകളാണ് തേടുന്നത്. അനിൽകാന്തിന് പകരം കെ പത്മകുമാറിനെ പൊലീസ് മേധാവിയാക്കാനാണ് ആലോചന. നിലവിൽ എഡിജിപിയായ പത്മകുമാറിന് താമസിയാതെ ഡിജിപി പദവി കിട്ടും. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിയുമായി നല്ല ബന്ധത്തിലാണ് പത്മകുമാർ. പൊലീസിൽ സർക്കാരിന് കൂടുതൽ സ്വാധീനം വരാൻ പൊലീസ് മേധാവിയായി പത്മകുമാർ എത്തുന്നതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. തന്നെ പൊലീസ് മേധാവിയാക്കുമെന്ന സൂചനകൾ പത്മകുമാറും അടുപ്പക്കാർക്ക് നൽകുന്നുണ്ട്. കേരളാ പൊലീസിലെ സീനിയർ ഐപിഎസ് ഉദ്യോഗസ്ഥരിൽ നിന്നും യുപി എസ് സിയാണ് പൊലീസ് മേധാവിയെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടിക സർക്കാരിന് നൽകുന്നത്. ഇതിൽ പത്മകുമാർ ഉണ്ടാകുമെന്ന് ഉറപ്പിക്കാൻ സർക്കാരും ഇടപെടൽ നടത്തും. പത്മകുമാറിനെ പൊലീസ് ഏൽപ്പിക്കുന്നതിൽ നിലവിൽ സർക്കാരിൽ ആർക്കും അഭിപ്രായ വ്യത്യാസങ്ങളില്ല. അതു സംഭവിച്ചാൽ നിലവിൽ എഡിജിപിയായ പത്മകുമാറിന് ഡബിൾ പ്രെമോഷൻ കിട്ടും. പൊലീസ് മേധാവിയ്‌ക്കൊപ്പം ഡിജിപി റാങ്കും എന്നതാണ് ഡബിൾ പ്രമോഷൻ.

അധികാരത്തിലുള്ള സർക്കാരിനോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്നതാണ് പത്മകുമാറിന്റെ ശൈലി. ഇത് പല വിവാദങ്ങളും ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാൽ തെളിവില്ലാ കേസുകളായി ഇതെല്ലാം മാറി. സോളാർ കേസിലും പത്മകുമാറിനെ കുടുക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ യുപി എസ് സിയും പത്മകുമാറിന് ക്ലീൻ ചിറ്റ് നൽകും. നിലവിൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിന്റെ ചുമതലയുള്ള എഡിജിപിയാണ് പത്മകുമാർ. പത്മകുമാറിന് ലോ ആൻഡ് ഓർഡർ കൊടുക്കാൻ ആലോചന നടന്നിരുന്നു. എന്നാൽ പൊലീസ് മേധാവിയാക്കാൻ പരിഗണിക്കുന്നതിനാലാണ് പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ ചുമതലയിൽ നിന്നും മാറ്റാത്തത്. പൊലീസ് ആസ്ഥാനത്തെ ഏറ്റവും അധികാരമുള്ള ഉദ്യോഗസ്ഥാനാണ് ഇന്ന് പത്മകുമാർ. മനോജ് എബ്രഹാമിനെ വിജിലൻസിലേക്ക് മാറ്റിയും പത്മകുമാറിന് കൂടുതൽ പ്രാധാന്യം കിട്ടാൻ വേണ്ടി കൂടിയാണ്. പൊലീസ് മേധാവി സ്ഥാനം ഒഴിയാൻ തയ്യാറായാൽ അനിൽകാന്തിന് പകരമൊരു സ്ഥാനം നൽകുന്നതും സർക്കാർ പരിഗണനയിലുണ്ട്.

പൊലീസിനെതിരെ കടുത്ത നിലപാടിലാണ് ഇടതു മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും പൊലീസിന്റെ ഭാഗത്ത് ഇത്തരം നടപടികളുണ്ടായിരുന്നു. ഇപ്പോൾ അത് വളരെ രൂക്ഷമാകുന്നുവെന്നാണ് പാർട്ടിയിലെയും മുന്നണിയിലെയും പരാതി. ഇടതുമുന്നണിയുടെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ ഭാഗമാണെന്നറിഞ്ഞാൽ അവരോടു വളരെ മോശമായി ഇടപെടുന്നത് പൊലീസ് പതിവാക്കിയിരിക്കുന്നുവെന്നാണ് പൊതുവിലുള്ള വിമർശനം. നേരത്തെ പരസ്യമായിത്തന്നെ ഡിവൈഎഫ്ഐ. കോഴിക്കോട്ടും മറ്റും പൊലീസിനെതിരേ രംഗത്തുവന്നിരുന്നു. സിപിഐക്കും പൊലീസ് നയത്തിൽ കടുത്ത വിയോജിപ്പാണ്. അടുത്തിടെ നടന്ന അവരുടെ സമ്മേളനങ്ങളിൽ അതു ശക്തമായി ഉയരുകയും ചെയ്തു.

എല്ലാ കാര്യത്തിലും സർക്കാരിനെയും സിപിഎമ്മിനെയും പിന്തുണയ്ക്കുന്ന സമൂഹമാധ്യമങ്ങളിലെ ഇടതുപ്രഫൈലുകൾ പോലും കിളികൊല്ലൂർ വിഷയത്തിൽ കടുത്ത പ്രതിഷേധമാണു പ്രകടിപ്പിക്കുന്നത്. വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ പിടിപ്പുകേടായാണ്പല വിശേഷണങ്ങളും. കഴിയില്ലെങ്കിൽ വകുപ്പൊഴിയാൻ പിണറായി തയാറാകണമെന്ന നിർദ്ദേശംപോലും പലരും മുന്നോട്ടുവച്ചിട്ടുണ്ട്. ഇതെല്ലാം സിപിഎം ഗൗരവത്തിൽ എടുക്കുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് മേധാവിയെ മാറ്റാനുള്ള ആലോചന.

നേരത്തെ രണ്ട് എ ഡി ജി പിമാർക്ക് സ്ഥാന കയറ്റം നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചിരുന്നു. എ ഡി ജി പി മാരായ ആർ.ആനന്ദകൃഷ്ണൻ, കെ.പത്മകുമാർ എന്നിവർക്ക് ഡി ജി പിയായി സ്ഥാനക്കയറ്റം നൽകണമെന്ന ശുപാർശയാണ് തള്ളിയത്. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ വിരമിക്കൽ സമയം സംസ്ഥാന സർക്കാർ നീട്ടിയതോടെയാണ് സ്ഥാനകയറ്റത്തിൽ പ്രതിസന്ധിയുണ്ടായത്. സംസ്ഥാനത്തിനായി കേന്ദ്രം അനുവദിച്ചിരിക്കുന്നത് നാല് ഡിജിപി തസ്തികളാണ്. ഇതിൽ ഒന്ന് ക്രമസമാധാന ചുമതലയുള്ള ഡിജിപിയുടെ തസ്തികയാണ്. സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കപ്പെട്ട അനിൽകാന്ത് കഴിഞ്ഞ ജനുവരി 31ന് വിമരിക്കേണ്ടതായിരുന്നു. പക്ഷെ അനിൽകാന്തിന് അടുത്ത വർഷം ജൂലൈ 31വരെ സർക്കാർ സമയം നീട്ടി നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ക്രമസമാധാനചുമതലയുള്ള ഡിജിപിയുടെ വിരമിക്കൽ സമയം നീട്ടി നൽകുന്നത്. ഇതോടെയാണ് ഐപിഎസുകാരുടെ സ്ഥാനകയറ്റം തടസ്സപ്പെട്ടത്.

ജനുവരി 31ന് അനിൽകാന്ത് വിമരിച്ചിരുന്നെങ്കിൽ എക്‌സൈസ് കമ്മീഷണറായ ആനന്ദകൃഷ്ണന് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കേണ്ടതാണ്. പക്ഷെ സംസ്ഥാന സർക്കാർ അനിൽകാന്തിന് വിരമിക്കൽ കാലാവധി നീട്ടിയതിൽ ആനന്ദകൃഷ്ണന് സ്ഥാനയക്കയറ്റം ലഭിച്ചില്ല. പ്രതിസന്ധി പരഹരിക്കാൻ 1989 ബാച്ചിലെ എഡിജിപിമാരായ ആനന്ദകൃഷ്ണനും, കെ.പത്മകുമാറിനും പുതിയ തസ്തിക സൃഷ്ടിച്ച് സ്ഥാനകയറ്റം നൽകണമെന്നുള്ള ശുപാർശ പൊലീസ് മേധാവി സർക്കാരിന് നൽകിയത്. സ്ഥാനകയറ്റത്തിലെ കാലതാമസം ഒഴിവാക്കാൻ നടപടവേണമെന്നും ഇവർ രണ്ടുപേരും കത്തും നൽകിയിരുന്നു. പ്രത്യേക സാഹചര്യത്തിൽ രണ്ടു ഡിജിപി തസ്തികൾ സൃഷ്ടിക്കാൻ അനുമതി തേടി 10ന് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു. പക്ഷെ കൂടുതൽ തസ്തികൾക്കുള്ള അനുമതി നിക്ഷേധിക്കുകയായിരുന്നു.

ഇനി ആനന്ദ കൃഷ്ണന് സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ സുധേഷ് കുമാർ വിരമിക്കണം. പത്മകുമാറിന് സ്ഥാനകയറ്റം ലഭിക്കണമെങ്കിൽ അടുത്ത വർഷം മെയ്‌ മാസത്തിൽ ഫയർഫോഴ്‌സ് മേധാവി ബി.സന്ധ്യ വിരമിക്കണം. അതിനാൽ സംസ്ഥാന സർക്കാർ സംസ്ഥാന സർക്കാർ പ്രത്യേക അധികാരം ഉപയോഗിച്ച് അധിക തസ്തികൾ സൃഷ്ടിച്ച് ഐപിഎസ് തലത്തിലുണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം ഐപിഎസ് അസോസിയേഷൻ ശക്തമാക്കുന്നുണ്ട്. ഇതിനിടെയാണ് പത്മകുമാറിനെ പൊലീസ് മേധാവിയാക്കാനുള്ള ആലോചനകൾ നടക്കുന്നത്.