- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു എംഎല്‍എയുടെ ആവശ്യപ്രകാരം ഇല്ലാത്ത സെക്ഷനുകള്‍ ഇട്ട് കേസെടുക്കാന്‍ ഒരു പോലീസ് ഉദ്യോഗ്‌സഥനും സാധിക്കില്ല! പട്ടത്തെ നജീബിന്റെ വീട്ടില്‍ നടന്നത് മറുനാടനെ കുടുക്കാനുള്ള ഗൂഡാലോചനാ സമ്മര്‍ദ്ദം; അജിത് കുമാറിന്റെ മൊഴിയിലും നിറയുന്നത് ഷാജന്‍ സ്കറിയാ കേസ്; എഡിജിപിയുടെ മൊഴി അട്ടിമറിക്ക് തെളിവാകുമ്പോള്‍
തിരുവനന്തപുരം: തനിക്കെതിരായ വ്യാജരേഖകള്‍ ചമച്ചത് പൊലീസിനുള്ളില്‍ നിന്നാണെന്നും ആരോപണങ്ങള്‍ക്കു പിന്നില്‍ പൊലീസിലെ തന്നെ ഗൂഢാലോചയാണെന്നും എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ മൊഴി പുറത്തു വരുമ്പോള്‍ ചര്‍ച്ചയാകുന്നതും മറുനാടന്‍ മലയാളിയ്‌ക്കെതിരെ നടന്ന ഗൂഡാലോചന. അനധികൃതസ്വത്തു സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് അജിത്കുമാര്‍ നല്‍കിയ മൊഴിയിലാണ് പൊലീസിലെ കൂട്ടാളികള്‍ക്കെതിരായ വിമര്‍ശനം. മുന്‍ എംഎല്‍എ പി.വി.അന്‍വറിനു വഴങ്ങാത്തതാണ് ആരോപണങ്ങള്‍ക്കു കാരണമെന്നും മൊഴിയില്‍ പറയുന്നു. മറുനാടന്‍ മലയാളിയ്ക്കും ഷാജന്‍ സ്‌കറിയയ്ക്കുമെതിരെ കേസെടുക്കാന്‍ അന്‍വര്‍ നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്ക് തെളിവാണ് പുറത്തു വന്ന മൊഴി. വലിയ ഗൂഡാലോചന ഇതിന് പിന്നില്‍ നടന്നുവെന്ന് വ്യക്തം. പരാതികള്‍ പരിശോധിച്ച് നിയമോപദേശം തേടിയ ശേഷം അന്‍വര്‍ ആവശ്യപ്പെടും വിധമുള്ള സെക്ഷനുകള്‍ ഇടാനാകില്ലെന്ന് അറിയിച്ചെന്നാണ് അജിത് കുമാറിന്റെ മൊഴി. ഷാജന്‍ സ്‌കറിയയെ ജയിലില്‍ അടയ്ക്കാന്‍ നടത്തിയ അട്ടിമറി ശ്രമങ്ങളുടെ നേര്‍ ചിത്രമാണ് അജിത് കുമാറിന്റെ മൊഴി.
ഒരു പോലീസ് ഓഫീസര്‍ എല്ലാ നിയമ പരമായ നടപടിക്രമങ്ങള്‍ അനുസരിച്ചും തെളിവുകളുടേയും വസ്തുതകളുടേയും അടിസ്ഥാനത്തിലുമാണ് കേസ് അന്വേഷിക്കുന്നത്. അത്തരത്തില്‍ അന്വേഷിക്കുന്ന കേസുകളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും നിയമപരമായി അല്ലാതെ ഇടപെടുവാന്‍ സാധിക്കില്ല. ഒരു എംഎല്‍എയുടെ ആവശ്യപ്രകാരം ഇല്ലാത്ത സെക്ഷനുകള്‍ ഇട്ട് കേസെടുക്കാന്‍ ഒരു പോലീസ് ഉദ്യോഗ്‌സഥനും സാധിക്കുകയില്ല. അന്‍വര്‍ എംഎല്‍എയുടെ നിയമപരമല്ലാത്ത ആവശ്യം അന്വേഷണ ഉദ്യോഗസ്ഥന്‍ നിരാകരിച്ചതു കൊണ്ട് അത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയോട് ആവശ്യപ്പെട്ടു. അതിന് ശേഷവും നടത്തി കൊടുക്കാത്തതിലുള്ള വിരോധം കാരണമാണ് അന്‍വര്‍ എംഎല്‍എ ഇത്തരത്തിലുള്ള വ്യാജ ആരോപണം നടത്തുന്നത്. ഇതുകൂടാതെ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ മറ്റ് ചില കേസുകളില്‍ ഐടി ആക്ട് 66 എഫ് ഇട്ടതായും തുടര്‍ന്ന് മനസ്സിലായിട്ടുണ്ട്. കേസുകള്‍ എടുക്കുന്നതിന് മുമ്പും പിമ്പും എനിക്കെതിരെ നിരവധി വീഡിയോകള്‍ ഷാജന്‍ സ്‌കറിയ നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യക്തിയെ ഞാന്‍ സഹായിച്ചുവെന്ന് പറയുന്നത് പച്ചക്കളളമാണ്. യുകെയില്‍ വച്ച് യൂറോ തന്നുവെന്ന് പറയുന്നു. യുകെയില്‍ പൗണ്ടാണ് പണമായി ഉപയോഗിക്കുന്നതെന്നും അജിത് കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
പിവി അന്‍വര്‍ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അജിത് കുമാര്‍ മൊഴിയില്‍ തള്ളിക്കളയുന്നുണ്ട്. പിവി അന്‍വറിന്റെ ഗൂഢ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് അന്‍വര്‍ തുടക്കമിട്ടത്. ഭാര്യയുടെ അച്ഛന്‍ തന്ന ഭൂമിയിലാണ് കവടിയാറില്‍ വീടുവെക്കാന്‍ തുടങ്ങിയത്. അതില്‍ ഒരു തരത്തിലുള്ള അനധികൃത സമ്പാദനവും ഇല്ലെന്നാണ് അദ്ദേഹം മൊഴിയില്‍ പറയുന്നത്. അന്‍വറിന്റെ നിയമപരമല്ലാത്ത നടപടികള്‍ക്ക് തടസ്സം വരാതിരിക്കാന്‍ ക്രമസമാധാന ചുമതലയില്‍ നിന്നും തന്നെ മാറ്റാന്‍ അദ്ദേഹവും ദേശദ്രോഹവിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളും ഗ്രൂപ്പുകളും പോലീസ് വകുപ്പിനുള്ളിലെ തന്നോട് വിരോധമുള്ള ഉദ്യോഗസ്ഥരും ചില സംഘടനാ നേതാക്കളും കൂടി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നാണ് അജിത് കുമാര്‍ മൊഴിയില്‍ പറയുന്നത്.
ഫ്‌ലാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഫ്‌ലാറ്റ് വാങ്ങിയപ്പോഴും വില്‍പ്പന നടത്തിയപ്പോഴും വിശദാംശങ്ങള്‍ സര്‍ക്കാരില്‍ അറിയിച്ചിരുന്നുവെന്ന് അജിത് കുമാര്‍ വ്യക്തമാക്കി. പി.വി. അന്‍വറുമായി അനുനയചര്‍ച്ച നത്തിയിരുന്നുവെന്ന് അജിത് കുമാര്‍ മൊഴിയില്‍ വ്യക്തമാക്കി. അന്‍വറിനെ നേരിട്ട് കണ്ട് സംശയങ്ങള്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതുപ്രകാരം ബാല്യ കാല സുഹൃത്ത് മുജീബിനൊപ്പം പി.വി. അന്‍വറിന്റെ പട്ടത്തുള്ള സുഹൃത്ത് നജീബിന്റെ വീട്ടില്‍ പോയി നേരിട്ടുകണ്ടുവെന്നും അജിത് കുമാര്‍ വ്യക്തമാക്കി. അതായത് പട്ടത്തെ വീട്ടിലാണ് മറുനാടനെതിരായ ഗൂഡാലോചന അന്‍വര്‍ നടത്തിയതെന്നും ഇതില്‍ നിന്നും വ്യക്തമാകുകായണ്.
വീട് നിര്‍മിക്കുന്നത് ഭാര്യാപിതാവ് നല്‍കിയ ഭൂമിയിലാണെന്നും ഫ്‌ലാറ്റ് മറിച്ചു വിറ്റ് ലാഭം നേടിയിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത് കുമാറിനു ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തള്ളിയിരുന്നു. വിജിലന്‍സ് കൃത്യമായ പരിശോധന നടത്തിയിട്ടില്ലെന്നും തെളിവുകള്‍ കണക്കിലെടുക്കാതെയുള്ള റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. അജിത് കുമാര്‍ ഒരു രൂപ പോലും അനധികൃതമായി സമ്പാദിച്ചതിനു തെളിവില്ലെന്ന് കാട്ടിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അസല്‍ പകര്‍പ്പും അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമായിരുന്നു കോടതിയുടെ നടപടി.
വിജിലന്‍സ് ഡപ്യൂട്ടി സൂപ്രണ്ട് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മതിയായ രേഖകളും തെളിവും വിജിലന്‍സ് പരിശോധിച്ചില്ല. മേലുദ്യോഗസ്ഥനെ സംരക്ഷിക്കുക എന്ന മട്ടില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയാണ് വിജിലന്‍സ് ചെയ്തതെന്നും കോടതി ഉത്തരവിലുണ്ട്.