തിരുവനന്തപുരം: തിരുവോണ ദിവസവും പ്രതി ക്ഷേത്രത്തിനടുത്ത് ചുറ്റിക്കറങ്ങി. എന്നാൽ ആദി അന്ന് ഫുട്ബോൾ കളിക്കാൻ പോയില്ല. തിരുവോണത്തിന്റെ അന്നും മൂന്നാം ഓണത്തിനും ക്ഷേത്ര പരിസരത്തിലൂടെ ഇയാൾ കാറുമായി ചീറിപ്പായുന്നത് കണ്ടിട്ടുണ്ടെന്നും ആദിശേഖറിന്റെ അച്ഛന്റെ സഹോദരൻ മറുനാടനോട്.

മറുനാടനോട് ആദിശേഖറിന്റെ ഇളയച്ഛൻ പറഞ്ഞത് ഇങ്ങനെ: കുട്ടിയെ കൊലപ്പെടുത്താൻ വൈരാഗ്യമാണോ മറ്റെന്തെങ്കിലും കാരണോ എന്നറിയില്ല. എന്തായാലും ആദിയെ ലക്ഷ്യം വച്ചാണ് കൊന്നത്. ഏപ്രിൽ മാസം വെക്കേഷൻ സമയത്താണ് ആദിശങ്കറും പ്രിയരഞ്ജനും തമ്മിൽ ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട് സംസാരമുണ്ടാകുന്നത്. സിസിടിവി ക്ഷേത്ര പരിസരത്ത് വച്ചത് പ്രിയരഞ്ജൻ അറിഞ്ഞിരുന്നില്ല. അവനൊരു ലൂസ് ക്യാരക്ടറാണ്. വാഹനം ഇടിക്കുന്നതിനു നിമിഷങ്ങൾക്കു മുമ്പ് ഞാൻ വാഹനവുമായി അതിലൂടെ കടന്നു പോയിരുന്നു. 4:58 നു പ്രതി കാറുമായി ക്ഷേത്ര പരിസരത്ത് എത്തി. ഒരു മിനിറ്റിനു ശേഷം താൻ പ്രിയരഞ്ജന്റെ വാഹനത്തെ പാസ് ചെയ്തു പോയി.

ഫുട്ബോൾ കളിയും കഴിഞ്ഞു റോഡിലേയ്ക്ക് കയറിവന്നു സൈക്കിളിൽ വീട്ടിലേയ്ക്ക് പുറപ്പെടുന്നതിനിടെ 5:24 നു മോന്റെ ശരീരത്തിലൂടെ അയാൾ വാഹനം കയറ്റിറക്കി. ശേഷം ആശുപത്രിയിലെത്തി അറിയാതെ സംഭവിച്ചതാണന്നും പറഞ്ഞു നാടകം കളിച്ചു. പിന്നീട് ഇയാൾ സുഹൃത്തിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞു. പിന്നീട് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു കാർ ലോക് ചെയ്ത ശേഷം ഓട്ടോയിൽ രക്ഷപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത്. തിരുവോണത്തിനു പ്രിയരഞ്ജൻ വീട്ടിൽ പോലും നിൽക്കാതെ ക്ഷേത്ര പരിസരത്തിലൂടെ കറങ്ങി നടന്നു. ആദി ഫുട്ബോൾ കളിക്കുന്ന സമയം ഇയാൾക്ക് കൃത്യമായി അറിയാം. കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണിതെന്നും ഇളച്ഛൻ മറുനാടനോട് പറഞ്ഞു.

കഴിഞ്ഞ മാസം 30നാണ് ആദിശേഖർ കാർ ഇടിച്ചു മരിക്കുന്നത്. വൈകിട്ട് അഞ്ചുമണിക്ക് സൈക്കിൾ ചവിട്ടുകയായിരുന്ന ആദിശേഖറിനെ തൊട്ടടുത്ത് നിർത്തിയിരുന്ന കാർ അമിതവേഗതയിൽ എത്തി ഇടിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. കുട്ടിയുടെ ബന്ധുവായ പ്രിയ രഞ്ജനാണ് കാറോടിച്ചിരുന്നത്. ഇയാൾക്കെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ആദ്യം കേസെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റകരമായ നരഹത്തിക്ക് ഐപിസി 304 ചുമത്തി.

കുട്ടിയെ ഇടിച്ച ശേഷം കുറച്ചകലെ കാർ നിർത്തിയ പ്രതി അമിതവേഗത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അതേസമയം വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യക്ക് അടുത്തേക്ക് പ്രതി രക്ഷപ്പെട്ടതാണ് നാട്ടുകാർ പറയുന്നത്. ആദിശേഖർ കാട്ടാക്കട ചിന്മയ മിഷൻ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു. പുളിങ്കോട് ക്ഷേത്രത്തിന് മുൻവശത്തായിരുന്നു അപകടം. അപകടത്തിന് 15 മിനിറ്റ് മുമ്പ് പ്രിയരജ്ഞൻ സംഭവസ്ഥലത്തെത്തി കാറിൽ കാത്തിരുന്നു. സൈക്കിളുമായി ആദിശേഖർ റോഡിലെത്തിയെന്ന് ഉറപ്പായ ശേഷം കാർ മുന്നോട്ടെടുത്ത് ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് മാതാപിതാക്കൾ പരാതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. സി സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ മനപ്പൂർവം ഇടിച്ച് വീഴ്‌ത്തിയതെന്നത് വ്യക്തമാകുന്നുമുണ്ട്.

അതേസമയം കാാറോടിച്ച കാട്ടാക്കട പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജന് (42) എതിരെ കാട്ടാക്കട പൊലീസ് കൊലക്കുറ്റം ചുമത്തി. പ്രിയരഞ്ജൻ ഓടിച്ച ഇലക്ട്രിക് കാറിടിച്ച് പുളിങ്കോട് 'അരുണോദയ'ത്തിൽ എ.അരുൺകുമാറിന്റെ മകൻ ആദിശേഖർ (15) ആണു മരിച്ചത്. ഏപ്രിലിൽ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ആദിശേഖറിനെ പ്രിയരഞ്ജൻ തടഞ്ഞുവച്ചു മർദിക്കാൻ ശ്രമിച്ചെന്ന അരുൺകുമാറിന്റെ അടുത്ത ബന്ധുവായ ലതാകുമാരിയുടെ മൊഴി കേസിൽ നിർണായകമായി. എന്നാൽ പ്രതിയെ കുറിച്ച് തുമ്പൊന്നും പൊലീസിന് കിട്ടിയിട്ടില്ല.

കൊലപാതകമാണെന്നു കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണത്തിനു പിന്നാലെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തതോടെയാണു കൊലക്കുറ്റം ചുമത്തിയത്. കഴിഞ്ഞ 30ന് വൈകിട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. പ്രിയരഞ്ജൻ കുടുംബത്തോടൊപ്പം നാടുവിട്ടതായാണു സൂചന. മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫാണ്. ക്ഷേത്ര പരിസരത്തെ ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിച്ച ശേഷം വീട്ടിലേക്കു മടങ്ങാൻ സൈക്കിൾ തിരിക്കുമ്പോഴാണു പാർക്ക് ചെയ്തിരുന്ന കാർ ആദിശേഖറിനെയും സൈക്കിളിനു പിന്നിലിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി ആർ.നീരജിനെയും ഇടിക്കാൻ പാഞ്ഞടുത്തത്.

കാർ വരുന്നതു കണ്ട നീരജ് ക്ഷേത്രപരിസരത്തേക്കു ചാടി രക്ഷപ്പെട്ടു. ആദിശേഖറിനെ ഇടിച്ചു തെറിപ്പിച്ച കാർ ശരീരത്തിന്റെ ഒരു ഭാഗത്തു കൂടി കയറിയിറങ്ങി. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസ് എടുത്തത്. പിന്നീട് മനഃപൂർവമല്ലാത്ത നരഹത്യയായി മാറി. പിന്നീട് കൊലക്കുറ്റം ചുമത്തി. പ്രിയരഞ്ജൻ വിദേശത്തേക്ക് കടന്നുവെന്നാണ് സൂചന. മകനെ അപായപ്പെടുത്തുമെന്നു പ്രിയരഞ്ജൻ ഭീഷണി മുഴക്കിയിരുന്നതായി ആദിശേഖറിന്റെ അച്ഛൻ ആരോപിച്ചു.

പൂവച്ചൽ സ്വദേശിയായ പ്രിയരഞ്ജൻ നാലാഞ്ചിറയിലാണു താമസിക്കുന്നത്. വിദേശത്തുള്ള ഭാര്യ കൊലപാതക വിവരം അറിഞ്ഞു നാട്ടിൽ എത്തിയിരുന്നു. സംഭവം ഒതുക്കിത്തീർക്കാൻ ഉന്നതതല നീക്കം നടക്കുന്നതായും ആരോപണം ഉണ്ട്. വഞ്ചിയൂർ ഗവ.എച്ച്എസിലെ അദ്ധ്യാപകൻ അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഐ.ബി.ഷീബയുടെയും മകനാണ് ആദിശേഖർ.

പ്രിയരഞ്ജൻ സ്ഥിരം മദ്യപാനിയാണെന്നും സംഭവ സമയത്തും പ്രതി മദ്യപിച്ചിരുന്നതായും മുൻകൂട്ടി പദ്ധതിയിട്ട കൊലയാണെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ആദിശേഖറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ സംശയം ഉന്നയിച്ചതോടെയാണ് അപകട മരണമായി ആദ്യം രജിസ്റ്റർ ചെയ്ത കേസ് നരഹത്യയായി പരിഗണിച്ചത്.

'മാമാ.. ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയാണോ ' എന്ന ആദിശേഖറിന്റെ നിഷ്‌കളങ്ക ചോദ്യത്തിൽ നിന്നുണ്ടായ പ്രിയരഞ്ജന്റെ പകയാണ് പൈശാചികമായ കൊലപാതകത്തിലെത്തിയത്. ഇക്കഴിഞ്ഞ 30 ന് വൈകിട്ട് 4.56 നാണ് പ്രതി പ്രിയരഞ്ജൻ കാറിലെത്തിയത്. കുട്ടിയെ കാർ കയറ്റി കൊന്നശേഷം അതിവേഗത്തിൽ പാഞ്ഞുപോകുമ്പോൾ സമയം 5.23. കൂടെയുണ്ടായിരുന്ന കുട്ടിയിൽ നിന്ന് ആദിശേഖറിന്റെ സ്വന്തം സൈക്കിൾ വാങ്ങി കയറാൻ തുടങ്ങുമ്പോഴാണ് പിന്നാലെ വേഗത കുറച്ചുവന്ന ഇലക്ട്രിക് കാർ (കെ.എൽ 19 എൻ.6957) വേഗതകൂട്ടി കുട്ടിയെ ഇടിച്ചുകൊന്നശേഷം കടന്നുപോയത്.