- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടൂര്‍ വടക്കടത്തുകാവില്‍ താല്‍ക്കാലിക അമ്യൂസ്മെന്റ് പാര്‍ക്കിന് പഞ്ചായത്ത് അനുമതി നല്‍കിയത് അഗ്‌നിരക്ഷാ സേനയുടെ ഇന്‍സ്റ്റലേഷന്‍ ക്ലിയറന്‍സ് ഇല്ലാതെ; വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അഗ്‌നിരക്ഷാ സേനയുടെ റിപ്പോര്‍ട്ട് ആര്‍ഡിഓയ്ക്ക് സമര്‍പ്പിച്ചു; വന്‍ദുരന്തത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍
കൊല്ലം: വടക്കടത്തുകാവില്‍ സീ വേള്‍ഡ് എന്ന താല്‍ക്കാലിക അമ്യൂസ്മെന്റ് പാര്‍ക്കിന് ഏറത്ത് പഞ്ചായത്ത് അനുമതി നല്‍കിയത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ. പാര്‍ക്കിന് അഗ്‌നിരക്ഷാ സേനയുടെ ഇന്‍സ്റ്റലേഷന്‍ ക്ലിയറന്‍സ് ഇല്ലാതെ പ്രവര്‍ത്തനാനുമതി നല്‍കിയ പഞ്ചായത്തിന്റെ നടപടി വിവാദത്തിലേക്ക് നീങ്ങുന്നു. പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ സുരക്ഷാ വീഴ്ചകള്‍ ചുണ്ടിക്കാട്ടി അഗ്‌നിരക്ഷാ സേനയുടെ അടൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ അടൂര്‍ ആര്‍ഡിഓ, പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസര്‍, അടൂര്‍, ഏനാത്ത് എസ്എച്ച്ഓമാര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വന്‍ദുരന്തം ഉണ്ടാകാനുള്ള സാധ്യത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഏറത്ത് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ വടക്കടത്തുകാവിലാണ് കഴിഞ്ഞ 14 ന് സീവേള്‍ഡ് സൂപ്പര്‍ റിയാലിറ്റി ഷോ ആരംഭിച്ചത്. ആവശ്യം വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഇവിടെ ഇല്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അഗ്‌നിരക്ഷാ സേന ഇവിടെ പരിശോധന നടത്തിയത്. ജില്ലാ ഫയര്‍ ഓഫീസില്‍ നിന്നുള്ള സൈറ്റ് എന്‍.ഓ.സി ഇതിനായി വാങ്ങിയിരുന്നു. എന്നാല്‍, വ്യാപാര-വാണിജ്യമേള, അമ്യൂസ്മെന്റ് പാര്‍ക്ക്, ഫുഡ്കോര്‍ട്ട് എന്നിവ നടക്കുന്നതിനാല്‍ ഫയര്‍ ഫോഴ്സിന്റെ ഇന്‍സ്റ്റലേഷന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ്. ഇത് ലഭിച്ചതിന് ശേഷം മാത്രമേ അന്തിമ പ്രവര്‍ത്തനാനുമതി നല്‍കാവൂ എന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ട്.
റൈഡുകള്‍ സ്ഥാപിച്ചതിന് ശേഷം എന്‍ബിസി 2016 അനുശാസിക്കുന്ന അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി വേണം ഇന്‍സ്റ്റലേഷന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ നിന്ന് വാങ്ങാനെന്ന് വ്യവസ്ഥയുണ്ട്. ഇതൊന്നും ലഭ്യമാക്കാതെ പ്രവര്‍ത്തിക്കുന്ന അമ്യൂസ്മെന്റ് പാര്‍ക്കിലാണ് അടൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാറും സംഘവും പരിശോധന നടത്തിയത്. അവിടെ കണ്ട അപാകതകള്‍ അക്കമിട്ട് നിരത്തിയാണ് വിവിധ അധികാര സ്ഥാനങ്ങളിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.
1. പന്തലിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം എമര്‍ജന്‍സി എക്സിറ്റ് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല
2. ഇലക്ട്രിക്കല്‍ വയറിങ്ങുകള്‍ കണ്‍സീല്‍ ചെയ്തിട്ടില്ല
3. നോ സ്മോക്കിംഗ് ബോര്‍ഡുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും സ്ഥ ാപിച്ചിരിക്കണം എന്ന വ്യവസ്ഥ അനുവര്‍ത്തിച്ചിട്ടില്ല
4. കത്താന്‍ പര്യാപ്തമായ വസ്തുക്കള്‍ ഒരു കാരണവശാലും പന്തലുകളുടെ
നിര്‍മ്മാണത്തിനായി ഉപയോഗിക്കരുതെന്ന വ്യവസ്ഥ നിലനില്‍ക്കേ പന്തലിന്റെ എല്ലാ വശവും ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ചാണ് മറച്ചിട്ടുള്ളത്. ഇത് അപകടകരമാണ്.
5. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പടുകൂറ്റന്‍ ജയന്റ്് വീല്‍
ഇവിടെ പ്രവര്‍ത്തിക്കുന്നതായി കാണപ്പെട്ടു
6. ഷെഡുകള്‍ക്ക് ചുറ്റും നാലര മീറ്റര്‍ ഓള്‍ റൗണ്ട് ക്ലിയറന്‍സ് നല്‍കിയിട്ടില്ല
7. സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് നിയമ പ്രകാരം വേണ്ട അഞ്ച് മീറ്റര്‍ വീതിയില്‍ വഴി സൗകര്യം ക്രമീകരിച്ചിട്ടില്ല
8. ഷെഡിന്റെ മുന്‍ഭാഗത്ത് കൂടി അകത്തു കയറിയാല്‍ ഏകദേശം 150 മീറ്ററില്‍ കൂടുതല്‍ ദൂരം സഞ്ചരിച്ചു മാത്രമേ ആളുകള്‍ക്ക് പുറത്ത് കടക്കാന്‍ കഴിയു.
അഗ്നിബാധ പോലുള്ള ഒരു അപകടം ഉണ്ടായാല്‍ എങ്ങോട്ടേക്ക് പോകണം എന്ന് അറിയാതെ ആളുകള്‍ ഭയപ്പെടുകയും അത് വലിയ തോതില്‍ അപകടം ഉണ്ടാകാന്‍ ഇടയാക്കുകയും ചെയ്യും. ഓരോ പത്തു മീറ്റര്‍ ഇടവിട്ട് എക്സിറ്റകള്‍ ക്രമീകരിക്കണം എന്ന വ്യവസ്ഥ പാലിച്ചതായി കാണുന്നില്ല
9. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് എമര്‍ജന്‍സി ലൈറ്റുകള്‍ സ്ഥാപിച്ചിട്ടില്ല
10. നിലവിലുള്ള പന്തലില്‍ നിന്നും വെളിയിലേക്ക് വരുന്ന ഭാഗത്ത് പന്തലിനോട് ചേര്‍ന്നാണ് കിച്ചണ്‍ വേര്‍തിരിക്കുന്നത് എന്ന് കാണുന്നു. ചൂട് കൂടിയ ഈ
കാലയളവില്‍ ഷെഡിനോട് ചേര്‍ന്ന് അടുക്കള സ്ഥാപിച്ച് എല്‍പിജി ഉപയോഗിച്ച് പാചകം ചെയ്യുന്നത് അപകടകരമാണ്. എല്‍പിജി ഉപയോഗിച്ചുള്ള പാചകം ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ ഈ ഭാഗത്ത് നിന്നും സുരക്ഷിതമായി
മറ്റെവിടെയെങ്കിലും മാറ്റേണ്ടതാണ്.
11. ജനറേറ്റര്‍ / ഇലക്ട്രിക്കല്‍ റൂമിന് മതിയായ അഗ്നിസുരക്ഷ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടില്ല
12. ഇവിടെ പ്രവര്‍ത്തിക്കുന്ന ഡോണ്‍ പ്ലാറ്റ്ഫോമിന് ഒരു വാതില്‍ മാത്രമാണ് ഉള്ളത്. തിരക്ക് ഉള്ളില്‍ ഉണ്ടായാല്‍ പുറത്തു കടക്കാന്‍ ആവാതെ ആളുകള്‍ക്ക് അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്. ഉള്ളില്‍ ഒരു അഗ്നിബാധ ഉണ്ടായാല്‍ ആളുകള്‍ ശ്വാസം മുട്ടി മരണം വരെ സംഭവിക്കാന്‍ ഉള്ള സാഹചര്യവും നിലനില്‍ക്കുന്നു. നിലവില്‍ ഉള്ള വാതിലിന്റെ എതിര്‍ദിശയില്‍ മറ്റൊരു എക്സിറ്റ് കൂടി അടിയന്തിരമായി സ്ഥാപിക്കണം
13. എന്‍.ബിസി 2016/ ഐഎസ് 8758 പ്രകാരം ഉള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വകുപ്പില്‍ നിന്നും അന്തിമ നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങിയിരിക്കണം
മേല്‍പ്പറഞ്ഞ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താതെ പ്രവര്‍ത്തനാനുമതി നല്‍കുന്നത് ആളുടെ ജീവന് ആപത്ത് ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 18 നാണ് റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയിരിക്കുന്നത്. ഇതിന്മേല്‍ ഇതു വരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.