തിരുവനന്തപുരം: പി വി അന്‍വര്‍ എം എല്‍ എയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് എന്തുകൊണ്ടാണ്? ഇക്കാര്യം വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ.ജയശങ്കര്‍. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പിവി അന്‍വര്‍ ഇപ്പോള്‍ പോകുന്നതെന്നും മുഖ്യമന്ത്രിക്ക് അന്‍വറിന്റെ രാഷ്ട്രീയ ലക്ഷ്യവും അദ്ദേഹത്തിന് പിന്നില്‍ ആരൊക്കെ ഉണ്ടെന്നുമെല്ലാം കൃത്യമായി മനസ്സിലായിട്ടുണ്ടെന്നും ജയശങ്കര്‍ നിരീക്ഷിക്കുന്നു.

ജയശങ്കറിന്റെ വിലയിരുത്തലിന്റെ പ്രസക്തഭാഗങ്ങള്‍


പിവി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി അക്കമിട്ട് മറുപടി പറഞ്ഞിരിക്കുകയാണ്. അദ്ദേഹം വാര്‍ത്ത സമ്മേളനം നടത്തിയത് തന്നെ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിക്കാനും വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനുമാണ്. പക്ഷെ അതിന്റെ യഥാര്‍ത്ഥമായ ഉദ്ദേശം പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല എന്ന ആക്ഷേപങ്ങള്‍ക്ക് തടയിടാനും കൂടിയാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്. ഇതോടെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് അറിയിച്ചിരിക്കുകയാണ്. പി ശശിയെ തള്ളിക്കളയാതെയാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്. ഒരു കാരണവശാലും അദ്ദേഹത്തെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ സ്ഥാനത്ത് നിന്നും നീക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തെ ക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും അതിനെതിരായിട്ട് അന്‍വറല്ല ആര് ഉന്നയിച്ചാലും ഈ നാട്ടില്‍ വിലപോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൃത്യമായി മാധ്യമങ്ങളോട് തുറന്നടിച്ചു.

മാത്രവുമല്ല പി വി അന്‍വറോ മറ്റാരെങ്കിലുമോ എഴുതിക്കൊടുക്കുന്ന ആരോപണങ്ങള്‍ക്ക്, ആക്ഷേപങ്ങള്‍ക്ക്, ആവലാതികള്‍ക്ക് മറുപടി പറയേണ്ട ആളല്ല പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെന്നും എന്നും മുഖ്യമന്ത്രി പറഞ്ഞു. ശേഷം ക്രമസമാധാന ചുമതലയിലുള്ള എഡിജിപി അജിത് കുമാറിനെ കുറിച്ചും മുഖ്യമന്ത്രി പരാമര്‍ശം നടത്തി. അജിത് കുമാറിനെതിരെയും ചില പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും അത് അന്വേഷിച്ചു വരുകയാണെന്നും അതുകൊണ്ട് ആരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ട് മാത്രം അവരെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ യാതൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം നിലപാട് എടുത്തു. അതു പോലെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച പൊലീസിന്റെ ആവീര്യം തകര്‍ക്കാമെന്ന് ആരും വിചാരിക്കണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശേഷം മുഖ്യമന്ത്രി കുറച്ച് കണക്കുകള്‍ കൂടി നിരത്തി. കേരളത്തില്‍ പൊതുവിലും പ്രത്യകിച്ച് മലപ്പുറം ജില്ലയില്‍ കണ്ടുവരുന്ന കള്ളക്കടത്ത് സ്വര്‍ണം പിടിക്കലിനെ കുറിച്ചാണ്. മുഖ്യമന്ത്രി പ്രധാനമായും മലപ്പുറം ജില്ലയിലെ സ്വര്‍ണക്കടത്ത് കണക്കുകള്‍ പുറത്തുകൊണ്ടുവരാന്‍ കാരണം സ്വര്‍ണക്കടത്ത് സംഘങ്ങളുമായി നിലമ്പുര്‍ എംഎല്‍എ യ്ക്ക് ബന്ധം ഉണ്ടെന്ന ആരോപണങ്ങള്‍ക്ക് അടിവരയിടാനാണ് മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ കണക്കുകള്‍ പ്രത്യകം പരാമര്‍ശിച്ചത്. ശേഷം സ്വര്‍ണക്കടത്തുകാര്‍ക്ക് അന്‍വറുമായി ബന്ധമുണ്ടെന്ന ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി ഉത്തരം പറഞ്ഞു: 'ഞാന്‍ പറയാത്ത കാര്യങ്ങള്‍ നിങ്ങള്‍ എന്റെ വായില്‍ കുത്തി തിരുകേണ്ടതില്ലെന്ന്്' അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഹവാല പണമിടപാടില്‍ പിടിച്ചെടുത്ത കണക്കുകളും അതില്‍ മലപ്പുറത്തിന്റെ കണക്കും അദ്ദേഹം പറഞ്ഞു. അതുപ്പോലെ കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനെ കുറിച്ചും അത് കടത്തുന്ന രീതിയൊക്കെ അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു.

അതുപ്പോലെ ഒരു മാധ്യമത്തില്‍ സ്വര്‍ണക്കടത്തുകാരനെ പുറംതിരിഞ്ഞ് ഇരുത്തി പറയിപ്പിച്ച കാര്യങ്ങള്‍. പിടിച്ച മുഴുവന്‍ സ്വര്‍ണത്തിന്റെയും കണക്കുകള്‍ പോലീസ് രേഖയില്‍ കൊണ്ടുവന്നിട്ടില്ല എന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ശരിയായ കണക്ക് പുറത്തുവിട്ടു. ഇങ്ങനെയൊക്കെയുള്ള ആരോപണങ്ങള്‍ക്ക് കൂട്ടുപിടിക്കുന്ന ചാനലുകാരെയും അദ്ദേഹം വിമര്‍ശിച്ചു. കൃത്യമായി പറഞ്ഞാല്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏത് അറ്റവും വരെ പിവി അന്‍വറിനെതിരെ മുഖ്യമന്ത്രി നീങ്ങുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍ പുറത്തുവരുന്നത്. അതിനുശേഷം പിവി അന്‍വര്‍ എംഎല്‍എ യും വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് തിരിച്ചടിച്ചു. പി ശശിക്കെതിരെ വീണ്ടും ആരോപണം ഉയര്‍ത്തുകയും മുഖ്യമന്ത്രിയെ ഇവര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹത്തെ പൊട്ടകിണറ്റില്‍ ഇടാന്‍ നോക്കുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു.

പിവി അന്‍വര്‍ എംഎല്‍എ ഒരിക്കലും ഒറ്റക്കല്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫിനുണ്ടായ തോല്‍വിയുടെ ഏക ഉത്തരവാദി പിണറായി വിജയന്‍ ആണെന്ന് വരുത്തി തീര്‍ക്കാനും, അദ്ദേഹത്തിന് പൊലീസിനെ നേരാംവണ്ണം ഭരിക്കാന്‍ പറ്റുന്നില്ലെന്നും, അദ്ദേഹം ഈ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും ഉള്ള പൊതുധാരണ സിപിഎമ്മിലെ തന്നെ ചില നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്. വിമത മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ താല്‍പര്യം, മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്നും നീക്കാനായിട്ടാണ്. അവിടെ വേറെ ആളെ അവര്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.അതിന് അരങ്ങൊരുക്കാനാണ് പിവി അന്‍വറിനെ അവര്‍ നിയോഗിച്ചിരിക്കുന്നത്. ചില പ്രത്യേക ചാനലുകളും ഇതിനായി മുഖ്യ പങ്ക് വഹിക്കുന്നു. കേരളത്തിലെ പോലീസില്‍ സംഘിവല്‍ക്കരണം ഉണ്ടെന്നും പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് തിരുവനന്തപുരത്തല്ല നാഗ്പ്പൂരാണെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. അതുപോലെ ഇപ്പോള്‍ മാര്‍ക്‌സിസ്റ്റിന്റെ മേല്‍ക്കുപ്പായം അണിഞ്ഞ മതമൗലികവാദികളും അന്‍വര്‍ വന്നതിനുശേഷം ആവേശഭരിതര്‍ ആണെന്നും ആക്ഷേപം ഉണ്ട്.

മാത്രമല്ല അന്‍വറിന് ചില സങ്കടങ്ങളുണ്ട്. മറുനാടന്‍ മലയാളി ചാനലിന്റെ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത് കേസ് ദുര്‍ബലം ആയത് കൊണ്ടാണ്. പക്ഷെ പിവി അന്‍വറിനെ നയിക്കുന്ന ശക്തികള്‍ക്ക് ഇപ്പോഴും സംശയം ഉണ്ട.് ഷാജന്‍ സ്‌കറിയക്ക് എങ്ങനെ ജാമ്യം കിട്ടിയെന്നുള്ളത്. അവര്‍ക്ക് ഇപ്പോഴും വേവലാതിയാണ്. അതു പോലെ ഇതിനുപിന്നില്‍ സാമ്പത്തിക ലക്ഷ്യങ്ങളും ഉണ്ട്. പിവി അന്‍വര്‍ ഇപ്പോള്‍ നേരത്തെയുള്ള ആരോപണങ്ങള്‍ തന്നെ വീണ്ടും ഉന്നയിക്കുന്നു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പിവി അന്‍വര്‍ എംഎല്‍എ ഇപ്പോള്‍ പോകുന്നത്. എന്തായാലും മുഖ്യമന്ത്രിക്ക് അന്‍വറിന്റെ രാഷ്ട്രീയ ലക്ഷ്യവും അദ്ദേഹത്തിന് പിന്നില്‍ ആരൊക്കെ ഉണ്ടെന്നുമെല്ലാം ഇപ്പോള്‍ കൃത്യമായി മനസ്സിലായിട്ടുണ്ട്.