- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാത്രിയിൽ തമ്മിൽ നടന്നത് മുട്ടൻ അടി; ഭാര്യയുടെ അടി കൊണ്ട് ഭർത്താവ് ബോധം കെട്ടു വീണു; നൗഷാദ് മരിച്ചെന്ന് കരുതി അഫ്സാന സ്വന്തം വീട്ടിലേക്ക് മുങ്ങി; ബോധം വന്ന നൗഷാദ് ഭാര്യ മരിച്ചെന്ന് കരുതി നാടുവിട്ടു; പരുത്തിപ്പാറ കൊലപാതകത്തിന്റെ യാഥാർഥ്യം ഇങ്ങനെ: ജാമ്യം ലഭിച്ചാലും അഫ്സാനയ്ക്കെതിരായ കേസ് നിലനിൽക്കും
പത്തനംതിട്ട: പരുത്തിപ്പാറ കൊലക്കേസിന് ഒടുവിൽ പ്രതീക്ഷിച്ചതു പോലെ കോമഡി ക്ലൈമാക്സ്. ഭാര്യ കൊന്നു കുഴിച്ചു മൂടിയെന്ന് പറയുന്ന പാടം സ്വദേശി നൗഷാദിനെ തൊടുപുഴ തൊമ്മൻകുത്തിൽ നിന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് നാടു നടുക്കിയ കൊലപാതകം കോമഡിയിലേക്ക് വഴി മാറിയത്. ഇന്നലെ രാത്രി തന്നെ കൂടൽ പൊലീസ് നൗഷാദ് ഉള്ള ഇടം കണ്ടെത്തിയിരുന്നു. ഇന്ന് പുലർച്ചെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
2021 നവംബർ ഒന്നു മുതൽ നൗഷാദിനെ കാണാതായെന്നാണ് പിതാവ് അഷ്റഫ് കൂടൽ പൊലീസിൽ പരാതി നൽകിയിരുന്നത്. ഇയാളെ കാണാതാകുന്നതിന് തലേന്ന് അഫ്സാനയും നൗഷാദുമായി പരുത്തിപ്പാറയിലെ വാടകവീട്ടിൽ അടിപിടി നടന്നിരുന്നു. ഇത് ഇവിടെ പതിവായതിനാൽ നാട്ടുകാരും ശ്രദ്ധിക്കാറില്ല. വാടകയ്ക്ക് വീടെടുത്ത് മൂന്നു മാസമാണ് ഇവർ താമസിച്ചത്.
പതിവായി അടിയും വഴക്കും നടന്നു. മീൻകച്ചവടവും ഡ്രൈവിങ്ങും തൊഴിലാക്കിയ നൗഷാദ് മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുകയായിരുന്നു. അഫ്സാനയും തിരിച്ചടിക്കും. പതിവു പോലെ ഇങ്ങനെ നടന്ന അടിപിടിക്കിടെ അഫ്സാനയുടെ അടി കൊണ്ട് നൗഷാദ് ബോധം കെട്ടു വീണു. വിളിച്ചു നോക്കിയിട്ടും ഉണരാതെ വന്നതോടെ നൗഷാദ് മരിച്ചുവെന്ന് ഉറപ്പിച്ച് അഫ്സാന സ്വന്തം വീട്ടിലേക്ക് പോയി. 'മഹാ രഹസ്യം' ഉള്ളിലൊളിപ്പിച്ച് അവിടെ കഴിഞ്ഞു.
ഇതിനിടെ പരുത്തിപ്പാറയിലെ വീട്ടിൽ ബോധം വന്ന നൗഷാദ് അഫ്സാനയെ കാണാതെ കുഴങ്ങി. തന്റെ അടി കൊണ്ട് അവൾക്കെന്തെങ്കിലും സംഭവിച്ചുവെന്ന് കരുതി പിറ്റേന്ന് പുലർച്ചെ നാടുവിട്ടു. പലയിടത്തും കറങ്ങി നടന്ന് ഒടുവിൽ തൊടുപുഴയ്ക്ക് സമീപം തൊമ്മൻകുത്തിലെത്തി. അവിടെ ജീവിച്ചു വരുന്നതിനിടെയാണ് പുതിയ വിവാദം.
താൻ ഭർത്താവിനെ അടിച്ചു കൊന്നുവെന്ന കുറ്റബോധം മനസിൽ കിടന്നു വിങ്ങിയാണ് അഫ്സാന പൊലീസിനോട് വെളിപ്പെടുത്തൽ നടത്തിയതെന്ന് കരുതുന്നു. നൗഷാദ് മരിച്ചുവെങ്കിലും മൃതദേഹം കണ്ടെത്താതിരുന്നതും അഫ്സാനയെ കുഴക്കി. ഒടുവിൽ സഹികെട്ട് പൊലീസിനോട് സത്യം തുറന്നു പറയുകയായിരുന്നു. പക്ഷേ, മൃതദേഹം കാണിച്ചു കൊടുക്കാൻ കഴിയാതെ വന്നതോടെയാണ് പുഴയിൽ തള്ളിയെന്നും കുഴിച്ചു മൂടിയെന്നുമൊക്കെ പൊലീസിനോട് പറഞ്ഞത്. കേട്ടപാതി കേൾക്കാത്ത പാതി വീടിന്റെ ഉൾവശം വരെ കുഴിച്ച പൊലീസ് അപഹാസ്യരാവുകയും ചെയ്തു.
നിലവിൽ അഫ്സാന റിമാൻഡിലാണ്. നൗഷാദ് മരിക്കാത്ത സാഹചര്യത്തിൽ ഇവർക്ക് ജാമ്യം ലഭിക്കും. എന്നാലും ഇവരുടെ പേരിൽ എടുത്തിട്ടുള്ള കേസുകൾ നിലനിൽക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ 177,182(പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും വ്യതിചലിപ്പിക്കുകയും ചെയ്തു), 201 (തെളിവ് നശിപ്പിക്കൽ ), 297( മതവികാരം വ്രണപ്പെടും വിധം ശവക്കല്ലറയിൽ കയ്യേറ്റം നടത്തുക, ശവത്തെ അവഹേളിക്കുക അപമാര്യാദയായി പെരുമാറുക എന്നിങ്ങനെ ) എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്