ലണ്ടൻ: കഴിഞ്ഞ രണ്ടു ദിവസമായി ബ്രിട്ടനിലെ മലയാളികൾ സാകൂതം ശ്രദ്ധിച്ച ബ്രിട്ടീഷ് എയർവേയ്‌സിന്റെ കൊച്ചിയിലേക്കുള്ള വരവിൽ സർവ്വത്ര ആശങ്ക. മാധ്യമ വാർത്തകൾ അല്ലാതെ ഇത് സംബന്ധിച്ച ഒരു ഔദ്യോഗിക വിശദീകരണവും ഇപ്പോൾ ലഭ്യമല്ല എന്നതാണ് വസ്തുത. ഇന്നലെ ടൈംസ് ഓഫ് ഇന്ത്യ അടക്കം ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തപ്പോഴും ഇതേ ആശങ്ക മറച്ചു വച്ചിട്ടില്ല. ഇതിനർത്ഥം ഇപ്പോൾ ഈ വിമാന സർവീസിനുള്ള സാധ്യത ഫിഫ്റ്റി ഫിഫ്റ്റി എന്ന നിലയിലാണ്.

സ്വാഭാവികമായും ഇക്കാര്യത്തിൽ സൂക്ഷമമായ ധാരണ പങ്കുവയ്ക്കാൻ കഴിയുക കൊച്ചിയിലെ സിയാൽ എയർപോർട്ട് അധികൃതർക്ക് തന്നെയാണ്. ഇതിനായി ബ്രിട്ടീഷ് മലയാളി സിയാൽ എം ഡി സുഹാസ് ഐ എ എസിനെയും എയർപോർട്ട് വാർത്ത വിഭാഗം ചുമതലയുള്ള പി ആർ ഒ ജയനെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ ഒരു വിവരവും ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ചൂണ്ടിക്കാട്ടിയപ്പോൾ വാർത്ത എഴുതിയ ലേഖകർക്ക് ആയിരിക്കും കൂടുതൽ വ്യക്തത ഉണ്ടാവുക എന്ന മറുപടി ലഭിച്ചതും ഭാവന സൃഷ്ടിയാണ് വിമാനത്തിന്റെ വരവെന്ന് സൂചിപ്പിക്കുന്നു.

മറിച്ചാണ് കാര്യങ്ങൾ എങ്കിൽ ഒന്നുകിൽ സിയാൽ അധികൃതർക്ക് വിമാനത്തിന്റെ വരവിനെ കുറിച്ച് ഒരു അറിവുമില്ല. അഥവാ വാർത്തകളിൽ പറയും പോലെയാണ് കാര്യങ്ങൾ എങ്കിൽ സിയാലിൽ വൻ നിക്ഷേപമുള്ള മലയാളി വ്യവസായി യൂസഫലിയെയും ഇപ്പോഴും കേരള സർക്കാരിന് മൂലധന നിക്ഷേപമുള്ളതിനാൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ഉൾക്കൊള്ളിച്ചു വലിയ വാർത്ത പ്രാധാന്യത്തോടെ പുറത്തു വിടാൻ ഉള്ള ഉദ്ദേശം ആകും എന്നും കരുതേണ്ടി വരും.

കാരണം എയർ ഇന്ത്യ കോവിഡ് ബബിൾ പദ്ധതിയിൽ ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ചപ്പോൾ അതിനായി ധാരാളം സൗജന്യങ്ങൾ നൽകിയ സിയാൽ അധികൃതർ യൂസഫലി മുഖേനെ തന്നെ ബ്രിട്ടീഷ് എയർവേയ്‌സ് അടക്കമുള്ള കമ്പനികളെ കൊച്ചിയിൽ എത്തിക്കാൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് അയർവെയ്സും എയർ ഫ്രാൻസ് കമ്പനിയുമൊക്കെ കൊച്ചിയിൽ എത്തി ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടത്തിയതാണ്. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല.

ലണ്ടൻ - കൊച്ചി റൂട്ടിന്റെ സാദ്ധ്യതകൾ തേടി ബ്രിട്ടീഷ് എയർവേയ്‌സ് അധികൃതർ കൊച്ചിയിൽ ചർച്ച നടത്തിയത് ''സോഴ്‌സുകളിൽ'' നിന്നും അറിയാൻ ഇടയായി എന്നാണ് ടൈംസ് ഓഫ് ഇന്ത്യയും പറയുന്നത്. എന്നാൽ ഔദ്യോഗികമായി ഇത് വ്യക്തമാക്കാൻ സിയാൽ അധികൃതർ തയ്യാറല്ലെന്നും ടൈംസ് വാർത്ത തുടരുന്നു. ഇതിനർത്ഥം ഉറപ്പില്ലാത്ത കാര്യം ആയതു കൊണ്ട് തന്നെയാകും സിയാൽ മൗനം പാലിക്കാൻ ആഗ്രഹിക്കുന്നത് എന്നാണ്. എന്നാൽ ബാഗേജ് കൈകാര്യം ചെയ്യാൻ ഉള്ള കഴിവും യാത്രക്കാരുടെ സൗകര്യങ്ങളും ഒക്കെ ബ്രിട്ടീഷ് എയർവേയ്‌സ് തിരക്കിയിരുന്നു എന്നും വാർത്തകൾ സൂചന നൽകുന്നു.

അതിനിടെ ഈ വര്ഷം നവംബർ വരെ ആരംഭിക്കുന്ന റൂട്ടുകൾ സംബന്ധിച്ച് ബ്രിട്ടീഷ് എയർവേയ്‌സ് തങ്ങളുടെ വെബ്‌സൈറ്റിൽ നൽകുന്ന അറിയിപ്പിൽ ഒരു ഏഷ്യൻ രാജ്യങ്ങളിലേയ്ക്കും പുതിയ റൂട്ടുകൾ സംബന്ധിച്ച് സൂചനയില്ല. എന്നാൽ കരീബിയൻ രാജ്യങ്ങളിലേക്ക് മൂന്നു സർവീസുകൾ ആരംഭിക്കുന്ന കാര്യം ബ്രിട്ടീഷ് എയർവേയ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി വിമാനത്തിന്റെ ആവശ്യം സംബന്ധിച്ച് ഏതാനും യുകെ മലയാളികൾ ബ്രിട്ടീഷ് എയർവെയ്സിനെ ഇമെയിൽ മുഖേനെ ബന്ധപ്പെട്ടിരുന്നെങ്കിലും അവർക്കും ഇപ്പോൾ പുതിയ സാഹചര്യത്തിൽ മറുപടി ലഭ്യമായിട്ടില്ല.

അതിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് സർവീസ് ആരംഭിച്ചാൽ എയർ ഇന്ത്യയുമായി കടുത്ത മത്സരം ഉണ്ടാകും എന്നുറപ്പാണ്. നിലവിൽ എയർ ഇന്ത്യ കുത്തകയാക്കിയ റൂട്ടിൽ നാലു വർഷത്തെ സർവീസിൽ ലാഭം ഉയർത്തി നൽകിയ റൂട്ടിൽ സേവനം മോശം ആണെന്ന് പരാതിയും കൂടുതലാണ്. എന്നാൽ പത്തുമണിക്കൂറിൽ താഴെ സമയത്തിൽ നാടെത്താം എന്ന ആശ്വാസത്തിലാണ് ഉയർന്ന തുക നൽകി യുകെ മലയാളികൾ ഈ വിമാനത്തിൽ കയറുന്നത്. എന്നാൽ ബ്രിട്ടീഷ് എയർവേയ്‌സ് എത്തിയാൽ ഭക്ഷണം അടക്കമുള്ള കാര്യങ്ങളിൽ ബ്രിട്ടീഷ് നിലവാരം ഉറപ്പായതിനാൽ കുട്ടികളും മറ്റും ഈ വിമാനത്തിൽ പറക്കാനായിരിക്കും ഇഷ്ടപ്പെടുക. അത് യാത്രക്കൂലി കൂടിയാൽ പോലും ബ്രിട്ടീഷ് അയർവെയ്സിലേക്ക് യാത്രക്കാരെ ആകർഷിക്കുന്ന ഘടകവുമാകും.

കൊച്ചിയിലേക്കുള്ള വിമാന സർവീസുകളുടെ കാര്യത്തിൽ സിയാൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ഇത് ആദ്യമല്ല. ലണ്ടനിൽ നിന്നും ഗാറ്റ്‌വിക്കിലേക്ക് കൂടു മാറുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ ബുക്കിങ് ഇടക്കാലത്ത് ഒഴിവാക്കിയിരുന്നു. ഇതോടെ ഈ റൂട്ട് മലയാളികൾക്ക് നഷ്ടമാകുകയാണ് എന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നു. അന്നും ഇത് സംബന്ധിച്ച് വക്തത വരുത്താൻ കൊച്ചി വിമാനത്താവളത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് എയർ ഇന്ത്യ തന്നെ മാർച്ച് മുതൽ കൊച്ചിയടക്കമുള്ള സർവീസുകൾ ഗാറ്റ്‌വിക്കിലേക്കു മാറ്റുകയാണ് എന്ന് പ്രഖ്യാപിക്കുക ആയിരുന്നു. ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത് എയർലൈനുകൾ ആണെങ്കിലും തീർച്ചയായും മാറ്റങ്ങൾ കൊച്ചിയിൽ അറിയിക്കാനും സാധ്യതയുണ്ട്. എന്നാൽ സിയാലിൽ നിന്നും വളരെ വൈകിയാണ് പലപ്പോഴും ഇത്തരം വാർത്തകൾക്ക് സ്ഥിരീകരണം ലഭിക്കുക.