കണ്ണർ: സിപിഎമ്മിനെതിരെ കൂടുതൽ കടന്നാക്രമണത്തിന് ആകാശ് തില്ലങ്കേരിയും സംഘവും ഒരുങ്ങുന്നുവെന്ന തിരിച്ചറിവിലാണ് കണ്ണൂരിലെ പാർട്ടി. ഡി.വൈ. എഫ്. ഐ നേതാവിനെതിരെ ആകാശ് തില്ലങ്കേരിയും കൂട്ടാളികളും ഉന്നയിച്ച ലൈംഗികാരോപണകേസിൽ നടപടിയുണ്ടായില്ലെങ്കിൽ ഇരയായ യുവതിയെ കൊണ്ടു മുഴക്കുന്ന് പൊലിസിൽ പരാതി കൊടുപ്പിക്കാനാണ് നീക്കം നടക്കുന്നത്. നേരത്തെ പാർട്ടിക്കുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന ലൈംഗികാരോപണവിവാദത്തിൽ കുറ്റാരോപിതനായ നേതാവിനെതിരെ നടപടിയെടുക്കണമെന്ന് പാർട്ടി തില്ലങ്കേരി ലോക്കൽ സെക്രട്ടറിക്ക് ആകാശും കൂട്ടരും പരാതി നൽകിയിരുന്നു.

എന്നാൽ ഇതിൽ നടപടിയില്ലാത്തതിനെ തുടർന്നാണ് ലൈംഗികാതിക്രമത്തിന് ഇരയായ യുവതിക്ക് പിൻതുണയുമായി ആകാശും കൂട്ടരുമെത്തുന്നത്. ഒരു പൊതുപരിപാടിക്കിടെ ഡി.വൈ. എഫ്. ഐ നേതാവ് സ്വന്തം പാർട്ടിക്കാരിയായ യുവതിയെ കടന്നുപിടിച്ചുവെന്നാണ് ആരോപണം. ഈ വിഷയത്തിൽ പിറ്റേ ദിവസം തന്നെ യുവതി പാർട്ടിക്ക് പരാതി നൽകിയിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. എന്നാൽ ഡി.വൈ. എഫ്. ഐ നേതാക്കളുമായുണ്ടായ ചേരിപ്പോരിനിടെ ആകാശ് തില്ലങ്കേരി വിഷയം ഉയർത്തിക്കൊണ്ടുവരികയായിരുന്നു. ഇതോടെയാണ് സിപിഎം അപകടം മണത്തറിഞ്ഞത്. ഇതോടെ ആകാശുമായി ഏറ്റുമുട്ടൽ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ആകാശ് തില്ലങ്കേരിയും എതിർവിഭാഗവും ഫേസ്‌ബുക്കിലൂടെ നടന്ന ഏറ്റുമുട്ടലിൽ ഈ വിഷയവും പരാമർശവിധേയമായി. ഇതോടെ ചില ചീഞ്ഞുനാറിയ കഥകളാണ് പാർട്ടിക്കുള്ളിൽ നിന്നും പുറത്തുകൊണ്ടുവരുന്നത്. ഡി.വൈ. എഫ്. ഐ നേതാവിനെതിരെയുള്ള ലൈംഗികാരോപണം ഉയർത്തിക്കാട്ടി സി.പി. എമ്മിനെ സമ്മർദ്ദത്തിലാക്കാനാണ് ആകാശ് തില്ലങ്കേരി ശ്രമിക്കുന്നത്. ഇതിനിടെ ആകാശ് തില്ലങ്കേരിവിഷയത്തിൽ പാർട്ടിയിലുണ്ടായ വിവാദങ്ങൾ ചർച്ച ചെയ്യുന്നതിനായി സി.പി. എം അടിയന്തിര യോഗം ചേർന്നിട്ടുണ്ട്.

തില്ലങ്കേരിയിലാണ് ലോക്കൽ കമ്മിറ്റിയോഗം വിളിച്ചു ചേർത്തത്. സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ യോഗത്തിൽ പങ്കെടുത്തു. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ ഭാഗമായി സോഷ്യൽമീഡിയയിൽ ആകാശിനെ അനുകൂലിക്കുന്നവരും സി.പി. എം പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു സാഹചര്യത്തിലാണ് സി.പി. എം നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നത്. തില്ലങ്കേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ വഞ്ഞേരി മുൻബ്രാഞ്ചംഗമായിരുന്നു ആകാശ് തില്ലങ്കേരി.

എന്നാൽ ആകാശുമായി ഇപ്പോഴും ചില പാർട്ടി സഖാക്കൾ രഹസ്യബന്ധം പുലർത്തുന്നുണ്ടെന്ന് സി.പി. എം നേതൃത്വത്തിന് വ്യക്തമായിട്ടുണ്ട്. ആറുമാസം മുൻപ് ഏച്ചൂർ സി. ആർ ഓഡിറ്റോറിയത്തിൽ നടന്ന ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിന് ഏരിയാ, ലോക്കൽ നേതാക്കൾ പങ്കെടുത്ത ചിത്രം പുറത്തുവന്നിരുന്നു. പാർട്ടിവിലക്കുണ്ടായിട്ടും ആകാശിനെ പ്രാദേശിക നേതൃത്വത്തിൽ ചിലർ സംരക്ഷിക്കുന്നുണ്ടെന്ന വിമർശനത്തെ തുടർന്നാണ് ആകാശ് വിഷയം ചർച്ച ചെയ്യുന്നതിനായി സി.പി. എം നേതൃത്വം അടിയന്തിര യോഗം വിളിച്ചു ചേർത്തത്.

സോഷ്യൽമീഡിയയിലൂടെ ആകാശിനെ അനുകൂലിക്കുന്നവരുമായുള്ള പോര് ഉടൻ നിർത്തണമെന്ന് സി.പി. എം ജില്ലാസെക്രട്ട:ി ആവശ്യപ്പെട്ടിട്ടുണ്ട്. ആകാശിനെയും അയാളെ അനുകൂലിക്കുന്നവരുടെയും ആരോപണങ്ങൾ മറുപടി പറയേണ്ടതില്ലെന്നാണ് സി.പി. എം നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടിയോട് ഏറ്റുമുട്ടുന്നുവെന്ന ഇമേജ് സൃഷ്ടിച്ചു മാധ്യമശ്രദ്ധനേടാനുള്ള ആകാശ തില്ലങ്കേരിയുടെ വിവാദശ്രമങ്ങളെ ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സി.പി. എം പരസ്യമായി സ്വീകരിക്കുന്നത്. എന്നാൽ ഇതിന് അപ്പുറത്തേക്കുള്ള അനുനയ ശ്രമമാണ് നടക്കുന്നതെന്നും സൂചനയുണ്ട്.

നേരത്തെ ഡി.വൈ. എഫ്. ഐ നേതാക്കളെ സോഷ്യൽ മീഡിയയിൽ ഇക്ഴ്‌ത്തിക്കൊണ്ടും കൊലനടത്താൻ പറഞ്ഞത് എടയന്നൂരിലെ പാർട്ടി നേതാക്കളാണെന്നും വെളിപ്പെടുത്തി കൊണ്ടുള്ള ആകാശ് തില്ലങ്കേരിയുടെ ഫെയ്സ് ബുക്ക് കമന്റ് വിവാദമായിരുന്നു. ഒപ്പം ഡി.വൈ. എഫ്. ഐ നേതാവ് രാഗിന്ദിനോട് വിതച്ചതേ കൊയ്യൂവെന്ന് ഉപദേശം നൽകാനും ആ്കാശ് തില്ലങ്കേരി തയ്യാറായി. ഇതുകൂടാതെ ഡി.വൈ. എഫ്. ഐ വനിതാ നേതാവിനെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്നു വിധത്തിൽ ഫേസ്‌ബുക്ക് കമന്റിട്ടതിനാണ് ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി മുഴക്കുന്ന് പൊലിസ് കേസെടുത്തത്.

എന്നാൽ ഈ കേസിൽ ആകാശും കൂട്ടാളികളും വെള്ളിയാഴ്‌ച്ച വൈകുന്നേരം മട്ടന്നൂർ കോടതിയിൽ നിന്നും ജാമ്യം നേടിയിരുന്നു. ഇതിന് പിന്നിൽ പൊലീസ് ഒത്തുകളിച്ചുവെന്നാണ് ഉയരുന്ന നിലപാട്.