- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴിക്കോട്ട് വച്ച് ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചു: മദ്യപിക്കുമ്പോൾ ടച്ചിങ്സായി പഴം ചോദിച്ചതിന് മണിമലയിൽ അടികിട്ടി: നിയമന കോഴക്കേസ് പ്രതി അഖിൽ സജീവിനെ മർദിച്ചതിനും രണ്ടു കേസുകൾ: കോഴിക്കോട്ടെ അഭിഭാഷക സംഘത്തിനെതിരെയുള്ള കേസിന് പിന്നിലും ഗൂഡലക്ഷ്യമോ?
പത്തനംതിട്ട: കോഴിക്കോട്ടു നിന്നുള്ള അഭിഭാഷകരുൾപ്പെട്ട സംഘം ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചുവെന്നും മണിമലയിൽ വച്ച് മദ്യപാനത്തിനിടെ മർദനമേറ്റുവെന്നുമുള്ള നിയമന കോഴത്തട്ടിപ്പ് കേസ് പ്രതി അഖിൽ സജീവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. ഒരെണ്ണം കോഴിക്കോട് കുന്നമംഗലം സ്റ്റേഷനിലേക്കും രണ്ടാമത്തേത് കോട്ടയം മണിമല സ്റ്റേഷനിലേക്കും അന്വേഷണത്തിന് കൈമാറി. നിലവിൽ പത്തനംതിട്ട പൊലീസിന്റെ കസ്റ്റഡിയിലാണ് അഖിൽ സജീവ് ഉള്ളത്. ഇപ്പോൾ എടുത്തിരിക്കുന്ന മർദനകേസിന് പിന്നിൽ പൊലീസിന് മറ്റു ചില ലക്ഷ്യങ്ങൾ കൂടി ഉണ്ടെന്നാണ് അറിയുന്നത്.
കോഴിക്കോട്ടെ അഭിഭാഷക സംഘത്തിലെ അഞ്ചു പേരാണ് പ്രതികൾ. ലെനിൻ രാജ്, കെ.പി. ബാസിത്, റയീസ്, സാദിഖ് എന്നിവർ കോഴിക്കോട് വച്ചും ശ്രീരൂപ്, ലെനിൻരാജ്, ബാസിത് എന്നിവർ മണിമലയിൽ വച്ചും മർദിച്ചുവെന്നാണ് അഖിലിന്റെ മൊഴി. പ്രതികൾ അഭിഭാഷകരും രാഷ്ട്രീയ സ്വാധീനവുമുള്ളവരായതിനാൽ പൊലീസ് ഈ കേസിൽ കരുതലോടെയാണ് നീങ്ങുന്നത്. നിയമനത്തട്ടിപ്പ് കേസിൽ ഇവർക്കെതിരേ തെളിവുകൾ കിട്ടാതിരിക്കുകയോ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാതിരിക്കുകയോ ചെയ്താൽ പ്രയോഗിക്കാൻ വേണ്ടിയാണ് മർദനക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട കേന്ദ്രീകരിച്ച് പൊലീസിന്റെ ഉന്നതതല സംഘം നിരവധി കൂടിയാലോചനകൾ നടത്തിയിരുന്നു. കോഴ ആരോപണക്കേസിൽ നിരവധി ട്വിസ്റ്റുകളാണ് ഉണ്ടായിരിക്കുന്നത്. ഹരിദാസന്റെ മൊഴിമാറ്റത്തിൽ വരെ അത് എത്തി നിൽക്കുന്നു.
മന്ത്രിയുടെ ഓഫീസിനെയും സർക്കാരിനെയും താറടിച്ചു കാണിക്കാൻ വേണ്ടി വാർത്ത ചമച്ചുവെന്ന് വരുത്തി തീർക്കാനാണ് സിപിഎമ്മും സൈബർ പോരാളികളും ശ്രമിക്കുന്നത്. ഇതിലൂടെ മന്ത്രിമാരുടെയും സർക്കാർ ഓഫീസുകളുടെയും പേര് പറഞ്ഞ് നടത്തിയ തട്ടിപ്പ് ലഘൂകരിക്കാനുള്ള നീക്കവുമുണ്ട്. അഖിൽ സജീവും സംഘവും നടത്തിയ തട്ടിപ്പുകളുടെ വ്യാപ്തി ഇതു വരെ പുറത്തു വന്നിട്ടില്ല. തട്ടിപ്പു കേസുകൾ ഓരോന്നായി രജിസ്റ്റർ ചെയ്ത് വരികയാണ് എന്നാണ് പൊലീസ് പറയുന്നത്. ഈ തട്ടിപ്പ് നടത്തിയ പണം എവിടേക്ക് പോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഈ വിഷയം സജീവമാക്കിയത് കോഴിക്കോട്ടുകാരൻ ഹരിദാസിന്റെ വെളിപ്പെടുത്തലായിരുന്നു. തന്റെ ആരോപണത്തിൽ ഉറച്ചു നിന്ന ഹരിദാസ് പതുക്കെ പിന്നാക്കം മാറുന്നതും മൊഴി പൂർണമായും മാറ്റുന്നതുമാണ് പിന്നീട് വന്ന ദിവസങ്ങളിൽ കണ്ടത്. ഇതിന് പിന്നിൽ ആരുടെയെങ്കിലും ഭീഷണിയോ സമ്മർദമോ ഉണ്ടോയെന്ന കാര്യവും വ്യക്തമല്ല.
ഹരിദാസൻ മൊഴി മാറ്റിയെന്ന വാർത്തയ്ക്ക് ഊന്നൽ കൊടുക്കുമ്പോൾ നിയമനത്തട്ടിപ്പ് സംഘത്തിന്റെ പ്രവൃത്തികൾ ജനങ്ങളിൽ നിന്ന് അകറ്റാനുള്ള ശ്രമം കൂടി നടക്കുന്നു. മനസിലാക്കിയിടത്തോളം വിപുലമായ ഒരു ശൃംഖലയാണ് തട്ടിപ്പിന് പിന്നിലുള്ളത്. അതിൽ ഒരു അഖിൽ സജീവ് മാത്രമാണ് കസ്റ്റഡിയിലുള്ളത്. ഈ ശൃംഖലയിൽ എല്ലാ പാർട്ടികളുടെയും നേതാക്കളുണ്ടെന്നാണ് സൂചന. യുവമോർച്ച നേതാവിന്റെ പങ്ക് വെളിച്ചത്തു വന്നു കഴിഞ്ഞു. ഇടതു മുന്നണിയിലെ പ്രബല ഘടക കക്ഷിയുടെ നേതാക്കളും സംശയ നിഴലിലാണ്.
അഖിലിനേറ്റത് ക്രൂരമർദനം, മൂത്രം കുടിപ്പിച്ചുവെന്നും മൊഴി
തനിക്ക് കോഴിക്കോട് വച്ച് ക്രൂരമർദനമേറ്റുവെന്നാണ് അഖിൽ സജീവിന്റെ മൊഴി. കഴിഞ്ഞ മെയ് നാലിന് റായിസ്,ലെനിൻ എന്നിവർ ചേർന്ന് അവരുടെ ഉടമസ്ഥതയിലുള്ള ഇൻസൈഡ് ഇന്റീരിയർ കമ്പനിയുടെ മുകളിലത്തെ നിലയിലുള്ള ഫ്ളാറ്റിലിട്ട് ക്രൂരമായി മർദിച്ചു. പിറ്റേന്ന് ശ്രീരുപ് കൂടിയെത്തി അയാളുടെ പിലാശേരിയിലുള്ള കുടുംബവീട്ടിലെത്തിച്ച് മർദനം തുടർന്നു.
ബെഞ്ചിൽ കിടത്തി കൈയും കാലും കെട്ടി തടിക്കഷണം കൊണ്ടാണ് മർദിച്ചത്. തൊട്ടടുത്ത മുറിയിൽ വെള്ളം നിറച്ചു വച്ചിരുന്ന വീപ്പയിൽ തല പിടിച്ചു മുക്കി. അവശനിലയിലായി വെള്ളം ചോദിച്ചപ്പോൾ പ്ലാസ്റ്റിക് കുപ്പിയിൽ കൊണ്ടു വന്നു തന്നത് മൂത്രമായിരുന്നു. ചിരട്ടയിൽ മുകളുപൊടിയിട്ട് തീ കൊളുത്തിയ ശേഷം കതകിട്ടു പൂട്ടു. മുളകിന്റെ നീറ്റൽ കാരണം ശ്വാസം മുട്ടിയെന്നും അഖിലിന്റെ മൊഴിയിലുണ്ടായിരുന്നു. മർദനമേറ്റ് തീർത്തും വയ്യാതായപ്പോൾ റയിസും ലെനിനും ചേർന്ന് അടുത്തുള്ള ആയുർവേദാശുപത്രിയിലെത്തിച്ച് ചികിൽസിച്ചു. ശരീരത്ത് വന്ന ഗുരുതരപരുക്കുകൾ ഇന്റീരിയർ ജോലി ചെയ്യുമ്പോൾ ഉണ്ടായതാണെന്നാണ് അവിടെ പറഞ്ഞത്. വാരിയെല്ലിനും അന്നനാളത്തിനും വരെ പരുക്കേറ്റിരുന്നു.
മെയ് 19 ന് ശ്രീരൂപ്, ലെനിൻ, ബാസിത് എന്നിവർ ചേർന്ന് മണിമലയിൽ എത്തിച്ചു. മദ്യപാന സദസിനിടെ ടച്ചിങ്സിന് പഴം ചോദിച്ചതിനാണ് ഇവിടെ വച്ച് മർദിച്ചത്. മെയ് 20 ന് ഗ്ളാഡിസ് എന്നയാളുടെ വീട്ടിലാണ് മദ്യസൽക്കാരം നടന്നത്. ഇതിനിടെയാണ് അഖിൽ പഴം ആവശ്യപ്പെട്ടത്. ഓസിന് കുടിച്ചിട്ടു പോടായെന്ന് പറഞ്ഞ് ശ്രീരൂപ് മൂക്കിനിടിച്ചു. പിന്നീട് വാഹനത്തിന് ഇന്ധനം നിറയ്ക്കാൻ 2000 രൂപ ചോദിച്ചു. കൊടുക്കാതിരുന്നപ്പോൾ നാഭിക്ക് ഇടിച്ചു. വീട്ടുടമ ഗ്ലാസിഡ് ആണ് രക്ഷിച്ചത്. വീട്ടുടമ സ്ഥലത്തില്ലാതിരുന്നപ്പോൾ വീണ്ടും മർദിച്ചു. പ്രതികളുടെ കണ്ണുവെട്ടിച്ച് മണിമല പൊലീസിൽ വിവരം അറിയിച്ചു. അവർ എത്തിയാണ് രക്ഷിച്ചത്.
ഒരേ സംഘത്തിൽ പ്രവർത്തിക്കുന്നവർ തമ്മിൽ തെറ്റിയതും അഖിലിനെ മർദിച്ചതും എന്തിനാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസം നിന്നിരുന്നു. ഏതോ നിയമനത്തട്ടിപ്പ് വഴി കൈക്കലാക്കിയ പണം അഖിലും മറ്റു ചിലരും ചേർന്ന് കൈക്കലാക്കിയിരുന്നു. അതിന്റെ വിഹിതം ചോദിച്ചാണ് മർദനം നടന്നതെന്ന് വേണം കരുതാൻ.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്