- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഈ ശബ്ദം നാടിനു വേണം'; ഷാജനെ ഇല്ലാതാക്കാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നു രമ്യ ഹരിദാസ് എംപി; മാധ്യമപ്രവർത്തകർ ചൊൽപ്പടിക്ക് നിന്നില്ലെങ്കിൽ ഇല്ലാതാക്കുമെന്ന നിലപാട് വീണ്ടും ഓർമ്മിപ്പിക്കുന്നത് ടിപിയുടെ 51 വെട്ടിനെ; ആലത്തൂർ എംപി മറുനാടന് പിന്തുണ പ്രഖ്യാപിക്കുമ്പോൾ
ലണ്ടൻ: ''ഈ ശബ്ദം നാടിനു വേണം, ഷാജൻ നിശബ്ദൻ ആകണം എന്നാഗ്രഹിച്ചവരുടെ അഴിഞ്ഞാട്ടമാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമ പ്രവർത്തകർ കുഴലൂത്തുകാർ ആവണം എന്ന നിർബന്ധ ബുദ്ധിക്കാരാണ് ഇപ്പോൾ മറുനാടനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്'' മറുനാടൻ മലയാളിയെ നാലുവശത്തും നിന്നും ആക്രമിച്ച് ഇല്ലാതാക്കാം എന്ന് കരുതുന്നവർക്കുള്ള മുന്നറിയിപ്പായി ശബ്ദമുയർത്തുകയാണ് ആലത്തൂർ എംപി രമ്യ ഹരിദാസ്.
യുകെ സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ ഉള്ള ഒരുക്കത്തിനിടെയാണ് രമ്യ മറുനാടന് വേണ്ടി ശബ്ദിക്കാൻ തയ്യാറായത്. പ്രതിപക്ഷ നേതാവ് വിടി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ശശി തരൂർ എംപിയും അടക്കമുള്ള കോൺഗ്രസ്സ് നേതൃത്വം തുറന്ന പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തന്റെയും ഇഷ്ട മാധ്യമങ്ങളുടെ കൂട്ടത്തിൽ മറുനാടൻ ഉണ്ടെന്നു രമ്യ വെളിപ്പെടുത്തിയത്.
ഷാജനെതിരെയുള്ള നീക്കം ആരംഭിച്ചപ്പോൾ ഫേസ്‌ബുക്കിൽ അദ്ദേഹത്തിന് പിന്തുണ അർപ്പിച്ചു ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത തനിക്ക് ആ മാധ്യമ പ്രവർത്തകനും മാധ്യമ ലോകത്തിനും വേണ്ടി എത്ര പറയുന്നതിനും മടിയില്ല എന്ന് ഉറച്ച ശബ്ദത്തോടെയാണ് രമ്യ പ്രതികരിച്ചത്. ജീവിതത്തിൽ ലാഭവും നഷ്ടവും നോക്കിയല്ല പൊതുപ്രവർത്തകർ പ്രതികരിക്കേണ്ടത്. വേണ്ടിടത്തു നമ്മുടെ ശബ്ദം ഉയരുക തന്നെ വേണം. എല്ലായിടത്തും ബഹളം കൂട്ടുന്ന നമ്മൾ ചില ഘട്ടങ്ങളിൽ മൗനികൾ ആയി പോകുന്നത് ജനാധിപത്യത്തിന് തന്നെ അപകടമുണ്ടാക്കും എന്ന് കൂട്ടിച്ചേർക്കാനും രമ്യ തയ്യാറായി.
ഒരു മാധ്യമത്തിന് അധികാര വർഗത്തോട് കലഹിക്കാതെ അന്തസോടെ മുന്നോട്ടു പോകാനാകില്ല. മാധ്യമങ്ങൾ അവരുടെ എതിർപ്പ് ഉയർത്തുക സ്വഭാവികം. അതൊന്നും വ്യക്തിപരം ആകില്ല. സാഹചര്യവും സമ്മർദവും ഒക്കെ സൃഷ്ടിക്കുന്നതാണ് മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും ലോകം. ഷാജൻ കേൾക്കാൻ മലയാളികൾ ആഗ്രഹിക്കുന്നു എന്നല്ലേ കഴിഞ്ഞ ദിവസങ്ങളിൽ പൊതു ഇടങ്ങളിൽ അദ്ദേഹത്തിന് വേണ്ടി ഉയരുന്ന ശബ്ദങ്ങൾ തെളിയിക്കുന്നത്. അപ്പോൾ ആരാണ് അദ്ദേഹത്തെ ഭയക്കുന്നത്? അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കൂ. ഒരാളുടെ വാ മൂടിക്കെട്ടുന്നത് അത്ര വലിയ കാര്യം ഒന്നുമല്ല. മാധ്യമ പ്രവർത്തകർ വ്യാജന്മാരല്ല. അവർ ഒറിജിനൽ സർട്ടിഫിക്കറ്റും ഒറിജിനൽ അനുഭവവും ഉള്ളവരാണ് എന്ന് സമീപകാല സംഭവങ്ങൾ കൂട്ടിച്ചേർത്ത ധ്വനിയോടെ രമ്യ ഓർമ്മിപ്പിച്ചു.
മാധ്യമ പ്രവർത്തകരോട് എത്ര അസഹിഷ്ണുതയോടെയാണ് ഇപ്പോൾ സർക്കാർ പെരുമാറുന്നത്. അതിൽ ഒരു ഷാജൻ ഒറ്റയ്ക്കല്ല. എത്രയോ മാധ്യമ പ്രവർത്തകരാണ് ജോലി ചെയ്യാൻ സാധിക്കാത്ത വിധത്തിൽ സമ്മർദ്ദം നേരിട്ട് കേസുകളിൽ അകപ്പെടുന്നത്. മനോരമയിലും ഏഷ്യാനെറ്റിലും മാതൃഭൂമിയിലും അത്തരക്കാരുടെ എണ്ണം കൂടുന്നു. ഇവരൊക്കെ ചേർന്നാലേ കേരളമാകൂ. ഷാജനും ആഷ്മിയും വിനു വി ജോണും പ്രമോദ് രാമനും മാതുവും നിഷയും എല്ലാം ഇവിടെ വേണം. അവർ പ്രതിനിധീകരിക്കുന്ന സമൂഹത്തിൽ അവർക്കു നിർണായക റോളുണ്ട്. ബ്രിട്ടനിലെ മലയാളികൾക്കിടയിൽ ഷൈജുമോൻ ഉണ്ടാകണം. ഇതൊക്കെ കാലത്തിന്റെയും കാലഘട്ടത്തിന്റെയും അനിവാര്യതയാണ്. എതിർപ്പുയർത്തുന്ന മാധ്യമ പ്രവർത്തകരുടെ മുഴുവൻ വാ അടച്ചു പൂട്ടുക എന്നത് എവിടുത്തെ നീതിയാണ്?
ഒരു തരാം ഇല്ലായ്മ ചെയ്യൽ ആണ് ഇവരുടെ രാഷ്ട്രീയം. ടിപിയെ ഇല്ലാതാക്കാൻ 51 വെട്ടു വെട്ടിയത് പോലെ മാധ്യമ പ്രവർത്തകരും ഇപ്പോൾ അദൃശ്യ വെട്ടേൽക്കുകയാണ്. എതിർപ്പിന്റെ കടുപ്പം അനുസരിച്ചു വെട്ടിന്റെ എണ്ണം കൂടും. ടിപിയെ അവർ എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നും എതിർത്തിരുന്നു എന്നും വെറുത്തിരുന്നു എന്നും തെളിയിക്കുന്നതായിരുന്നു ആ ഓരോ വെട്ടും. അതിപ്പോഴും പല വിധത്തിൽ പല രൂപത്തിൽ ആവർത്തിക്കുന്നു. അതാണിപ്പോൾ മാധ്യമ പ്രവർത്തകർ നേരിടുന്നത്.
ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം തേടി മാധ്യമ പ്രവർത്തകർ സെക്രെട്ടറിയറ്റിലേക്ക് മാർച്ച് നടത്താൻ വരെ തയ്യാറാകുന്ന സാഹചര്യം കേരളത്തിൽ എന്തിനു വേണ്ടി സൃഷ്ടിച്ചെടുത്തതാണ്? അതാണ് ഇനി അറിയാനുള്ളത്. അതോ ദേശാഭിമാനിയും കൈരളിയും പോരാളി ഷാജിയും മാത്രം ഇവിടെ ഉണ്ടായാൽ മതിയെന്ന ചിലരുടെ അജണ്ടയാണോ ഇപ്പോൾ നടപ്പാക്കപ്പെടുന്നത്. അറിയാൻ ആഗ്രഹമുണ്ട്. അറിഞ്ഞേ പറ്റൂ. ഇവർക്കെല്ലാം അപ്പുറത്തു ജനം എന്ന വലിയ രണ്ടക്ഷരം തല ഉയർത്തി നിൽപ്പുണ്ട് എന്നത് മറക്കരുത്. രമ്യ നിലപാടിൽ ലവലേശം മായം കലർത്താതെ ഉറച്ച സ്വരത്തിൽ തന്നെയാണ് പ്രതികരണം അറിയിച്ചത്.
അതിനാൽ മാധ്യമ പ്രവർത്തകരോടും മാധ്യമ ലോകത്തോടും കാട്ടുന്ന അനീതികൾ ചെറുക്കാൻ രാഷ്ട്രീയം മറന്നു പൗര സമൂഹത്തിനു ബാധ്യതയുണ്ട്. സമൂഹം ആ ബാധ്യത ഏറ്റെടുക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും രമ്യ കൂട്ടിച്ചേർത്തു.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.