- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം നല്‍കിയിട്ടും സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് ഫ്ലാറ്റ് കൈമാറിയില്ല; കൊച്ചിയില്‍ ഗ്യാലക്സി ഹോംസിന്റെ ഫ്ലാറ്റ് പിടിച്ചെടുത്തു റെറ അധികൃതര്‍; ഉടമസ്ഥര്‍ക്ക് ഫ്ലാറ്റ് കൈമാറി; ബില്‍ഡര്‍ കരാര്‍ ലംഘനം നടത്തിയതിനെ തുടര്‍ന്നുള്ള ഏറ്റെടുക്കല്‍ നടപടി റെറയുടെ ചരിത്രത്തിലാദ്യം
പണം നല്‍കിയിട്ടും സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് ഫ്ലാറ്റ് കൈമാറിയില്ല
കൊച്ചി: സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് ഫ്ലാറ്റ് കൈമാറിയില്ല. പൂട്ട് തകര്‍ത്ത് ഫ്ലാറ്റ് പിടിച്ചെടുത്ത് ഉടമകള്‍ക്ക് കൈമാറി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി. കരാര്‍ കാലയളവില്‍ നിര്‍മാണം പൂര്‍ത്തിയാക്കാതിരുന്ന ഗ്യാലക്സി ബ്രിജ്വുഡ് അപാര്‍ട്മെന്റിലെ ഫ്ലാറ്റ് ആണ് റെറ പിടിച്ചെടുത്ത് ഉടമകള്‍ക്ക് കൈമാറിയത്.
രാജാജി റോഡിലെ ഗ്യാലക്സി ഹോംസ് എന്ന കമ്പനി എളംകുളം ചിലവന്നൂരില്‍ നിര്‍മിച്ച ഗ്യാലക്സി ബ്രിജ്വുഡ് അപാര്‍ട്മെന്റ് പദ്ധതിയില്‍ 10 വര്‍ഷം മുന്‍പാണ്. പരാതിക്കാര്‍ ബുക്ക് ചെയ്ത ഫ്ലാറ്റും പാര്‍ക്കിങ് സ്ഥലവും ഏറ്റെടുത്തു കൈമാറിയത്. റെറയുടെ ചരിത്രത്തില്‍ ഇതാദ്യമായാണു ഒരു ബില്‍ഡറില്‍ നിന്നു ഫ്ലാറ്റ് പിടിച്ചെടുത്ത് ഉടമകള്‍ക്കു കൈമാറുന്നത്. റെറയ്ക്കു സ്വന്തം ഉത്തരവുകള്‍ നേരിട്ടു നടപ്പാക്കാമെന്നും എക്സിക്യൂഷന്‍ കോടതിയുടെ അധികാരങ്ങള്‍ ഉണ്ടെന്നും കണ്ടെത്തിയ ശേഷമുള്ള ആദ്യ നടപടിയാണിത്.
തൃശൂര്‍ മുളങ്ങു സ്വദേശിനി രമ്യ രവീന്ദ്രന്‍, ഭര്‍ത്താവ് അഞ്ചല്‍ സ്വദേശി എം.ആര്‍.ഹരികുമാര്‍ എന്നിവര്‍ 5 വര്‍ഷം മുന്‍പാണു നിര്‍മാതാവു കരാര്‍ ലംഘനം നടത്തിയെന്നും നിര്‍ദിഷ്ട സമയത്തു ഫ്ലാറ്റ് പൂര്‍ത്തീകരിച്ചു നല്‍കിയില്ലെന്നുമുള്ള പരാതിയുമായി അഡ്വ.ഹരീഷ് വാസുദേവന്‍ മുഖേന റെറയെ സമീപിച്ചത്. ഈ കേസില്‍ റെറ നല്‍കിയ ഉത്തരവുകള്‍ തുടര്‍ച്ചയായി പാലിക്കാതിരിക്കുകയും ഫ്ലാറ്റ് നിര്‍മാണം അനന്തമായി നീട്ടിക്കൊണ്ടു പോവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഒടുവില്‍ ഏറ്റെടുക്കലിന് ഉത്തരവിട്ടത്.
21 നാണു റെറ ഏറ്റെടുക്കല്‍ നടപടികള്‍ നടത്തിയത്. ബില്‍ഡറോട് ഹാജരായി ഫ്ലാറ്റിന്റെ താക്കോല്‍ നേരിട്ടു കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെ തുടര്‍ന്നു വാതിലിന്റെ പൂട്ടു തകര്‍ത്ത് ഉള്ളില്‍ കടന്നു നടപടി പൂര്‍ത്തിയാക്കുകയായിരുന്നു. പിടിച്ചെടുത്ത ഫ്ലാറ്റില്‍ ബില്‍ഡര്‍ പ്ലാസ്റ്ററിങ് ജോലികള്‍ പോലും നടത്തിയിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ റെറയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
നിര്‍മാണം വൈകിപ്പിച്ച കാലയളവു കണക്കാക്കി പരാതിക്കാര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ റെറ 2024ല്‍ നല്‍കിയ ഉത്തരവും ബില്‍ഡര്‍ പാലിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നുള്ള റവന്യൂ റിക്കവറി നടപടികളും ഗ്യാലക്സി ഹോംസ് ഉടമയായ പി.എ.ജിനാസിനെതിരെ പുരോഗമിക്കുകയാണ്. ഫ്ലാറ്റ് പിടിച്ചെടുക്കാനുള്ള റെറയുടെ ഉത്തരവിനെതിരെ ബില്‍ഡര്‍ റെറ അപ്ലെറ്റ് അതോറിറ്റിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഉടമകള്‍ക്ക് അനുകൂലമായ വിധിയാണുണ്ടായത്.
അപാര്‍ട്ട്മെന്റിന്റെ എട്ടാം നിലയിലെ 3 ബെഡ്റൂം ഫ്ലാറ്റ് 2014ലാണു പരാതിക്കാര്‍ ബുക്ക് ചെയ്തത്. വാഗ്ദാനം ചെയ്ത എല്ലാ സൗകര്യങ്ങളും സഹിതം 2017ല്‍ പൂര്‍ത്തീകരിച്ചു കൈമാറുമെന്നായിരുന്നു കരാര്‍. എന്നാല്‍, 2017ല്‍ കെട്ടിട നിര്‍മാണത്തിന്റെ പ്രാഥമികഘട്ടം പോലും പൂര്‍ത്തിയാക്കിയില്ല. മാത്രമല്ല, തുടര്‍ന്ന് ഏറെക്കാലം നിര്‍മാണം നിര്‍ത്തിവയ്ക്കുകയും ചെയ്തു. പൂര്‍ത്തീകരണം വൈകുന്ന കാലയളവില്‍ ഉടമകള്‍ക്കു നഷ്ടപരിഹാരം നല്‍കാമെന്നതടക്കം നല്‍കിയ വാഗ്ദാനങ്ങളും ബില്‍ഡര്‍ പാലിച്ചില്ല. ഒടുവില്‍, ഉടമകളോടു നിര്‍മാണം പൂര്‍ത്തിയാക്കണമെങ്കില്‍ കരാറിലുള്ളതിനു പുറമേ വന്‍ തുക ആവശ്യപ്പെടുകയും ഫ്ലാറ്റ് നല്‍കില്ലെന്നു ഭീഷണി മുഴക്കുകയും ചെയ്തതോടെയാണു റെറയില്‍ പരാതി നല്‍കിയത്.
അതേ സമയം ഗ്യാലക്സ് ഹോംസിനെതിരെ നിരവധി പരാതികള്‍ നിലവിലുണ്ട്. പി.എ ജിനാസിന്റെ പല സ്ഥാപനങ്ങളും ജപിതി നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. നിലവിലെ റെറയുടെ നടപടി ഇവരുടെ ഫ്ളാറ്റ് തട്ടിപ്പില്‍ വഞ്ചിതരായവര്‍ക്ക് ആശ്വാസമാണ്.