- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്വേതാ മേനോന് അനുകൂലമാകുന്നത് കള്ളക്കേസില്‍ കുടുങ്ങിയതിന്റെ സഹതാപ തരംഗം; ദേവന്‍ മത്സരത്തിന് വാശി കൂട്ടിയത് കൈനീട്ടം ഇരട്ടിയാക്കാമെന്ന് പറഞ്ഞ്; നടിയെ ആക്രമിച്ച കേസ് ഇരുതലമൂര്‍ച്ചയുള്ള ആയുധം; സിദ്ധിഖ് തനിക്കെതിരെ നീങ്ങിയെന്ന പരാതിയുമായി ശ്വേത: അമ്മയുടെ തെരഞ്ഞെടുപ്പ് നാളെ നടക്കുമ്പോള്‍ വോട്ടിടാന്‍ എത്തുന്നവരെ കുറിച്ച് ആശങ്ക
കൊച്ചി: താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ എന്തും സംഭവിക്കാം... അതായത് ആരു വേണമെങ്കിലും ഏത് പോസ്റ്റിലും വിജയിക്കും. വീറും വാശിയും കൂടുമ്പോള്‍ അടിയൊഴുക്കുകളാണ് നിര്‍ണ്ണായകം. അമ്മയുടെ പ്രസിഡന്റായി വനിതാ അംഗം എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം. ശ്വേതാ മേനോനെതിരെ അടുത്ത കാലത്തുണ്ടായ കേസും വിവാദങ്ങളും സഹതാപ തരംഗമായി മാറിയിട്ടുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും പിന്തുണയ്ക്കുന്നത് ശ്വേതയെയാണ്. എന്നാല്‍ ജനകീയ പ്രഖ്യാപനങ്ങളുമായി ഭൂരിപക്ഷം അംഗങ്ങളുടേയും മനസ്സിലേക്ക് കടന്നു കൂടാന്‍ ദേവന്‍ ശ്രമിക്കുന്നത്. സിനിമകളിലെ മുന്‍കാല താരങ്ങള്‍ക്ക് നല്‍കുന്ന കൈനീട്ടം ഇരട്ടിയാക്കുമെന്നത് അടക്കം ദേവന്‍ മുമ്പോട്ട് വച്ചിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പിന് വാശി കൂട്ടുന്നു. അതിനിടെ മുന്‍ ജനറല്‍ സെക്രട്ടറി സിദ്ദിഖും ശ്വേതയും രണ്ടു തട്ടിലാണെന്നും അഭ്യൂഹമുണ്ട്. ഇതിനൊപ്പം ദിലീപ് ഫാക്ടറും അമ്മയില്‍ ചര്‍ച്ചയാണ്. നടിയെ ആക്രമിച്ച കേസ് അമ്മയില്‍ എന്നും ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. ദിലീപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും അതിശക്തമാണ്. ഈ സാഹചര്യത്തില്‍ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാട് പരസ്യമായി എടുക്കുന്നത് അടക്കം വോട്ടെടുപ്പില്‍ ചലനമുണ്ടാക്കും. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും അമ്മയിലെ തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിന്റേതാകുകയാണ്.
ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് പിന്മാറിയതോടെ അന്‍സിബ എതിരില്ലാതെ ഭാരവാഹിത്തത്തിലെത്തി. 13 പേരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുടക്കത്തില്‍ പത്രിക നല്‍കിയിരുന്നത്. ബാബുരാജടക്കം 12 പേരും മത്സരത്തില്‍നിന്ന് പിന്‍വാങ്ങി. ഏറ്റവും കൂടുതല്‍ ആളുകള്‍ മത്സര രംഗത്ത് എത്തുകയും പിന്‍വലിക്കയും ചെയ്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ജഗദീഷ് പിന്മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും അവശേഷിക്കുന്നു. ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ജഗദീഷ് പിന്‍വാങ്ങിയത്. നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രംഗത്തുള്ളത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും വിധി തേടുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിലാണ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് ബാബുരാജ് പത്രിക സമര്‍പ്പിച്ചിരുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നവ്യാ നായര്‍, ആശാ അരവിന്ദ് തുടങ്ങിയവര്‍ പത്രിക നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചു. അങ്ങിനെ ഏറ്റുമുട്ടുന്നവരും പിന്‍വാങ്ങിയവരും റെക്കോഡിട്ട തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. മുന്‍നിര താരങ്ങള്‍ പിന്‍വലിഞ്ഞുനില്‍ക്കുന്നതിനാല്‍ 'അമ്മ' തെരഞ്ഞെടുപ്പില്‍ ആവേശം ചോരുന്നുവെന്ന് കരുതിയവരെ ഞെട്ടിച്ചാണ് ഇത്തവണത്തെ പ്രചരണം. ഓഗസ്റ്റ് 15നാണ് വോട്ടെടുപ്പ്. അന്ന് തന്നെ ഫലപ്രഖ്യാപനവും വരും. സിദ്ധിഖും ശ്വേതയും തമ്മിലുള്ള പ്രശ്‌നത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. എന്നാല്‍ സിദ്ധിഖ് തനിക്കെതിരെ നീങ്ങുന്നുവെന്ന സംശയം ശ്വേത പല കോണുകളിലും പങ്കുവച്ചിട്ടുണ്ട്.
മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്ഗോപിയും എല്ലാക്കാലത്തും അമ്മ ഭരണസമിതിയുടെ പ്രധാനസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നു. അവരാരും ഇക്കുറി മത്സരരംഗത്തില്ല. സോമനും മധുവും ഇന്നസെന്റുമൊക്കെ പ്രസിഡന്റായിരിക്കെ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ ഇവര്‍ വഹിച്ചിരുന്നു. ഇന്നസെന്റിനൊപ്പം തുടര്‍ച്ചയായ നാല് ടേമില്‍ മോഹന്‍ലാലാണ് ജനറല്‍ സെക്രട്ടറിയായിരുന്നത്. ഇന്നസെന്റിന്റെ മരണശേഷം കഴിഞ്ഞ മൂന്ന് ടേമിലും പ്രസിഡന്റ് സ്ഥാനവും വഹിച്ചു. ഹേമ കമ്മിറ്റി വിവാദത്തെ തുടര്‍ന്ന് രാജിവച്ച് ഒഴിഞ്ഞ അവസാന ഭരണസമിതിയെ നയിച്ചതും അദ്ദേഹമാണ്. എന്നാല്‍, ഇക്കുറി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ, ഇനി ഭാരവാഹിയാകാനില്ലെന്ന് മോഹന്‍ലാല്‍ നിലപാടെടുത്തു. പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന അഡ്ഹോക് കമ്മിറ്റിയുടെ അഭ്യര്‍ഥന നിരസിച്ചാണ് അദ്ദേഹം തീരുമാനമറിയിച്ചത്. പേരിനെങ്കിലും അമ്മ ഭരണസമിതിയുടെ ഭാഗമാകുമായിരുന്ന മമ്മൂട്ടിയും ഇക്കുറി ഇല്ല. സുരേഷ്ഗോപി ആദ്യഘട്ടത്തില്‍ താല്‍പ്പര്യം കാണിച്ചെങ്കിലും ഇപ്പോള്‍ പിന്‍വലിഞ്ഞുനില്‍ക്കുകയാണ്. ഹേമ കമ്മിറ്റി വിവാദത്തില്‍ രാജിവച്ച സിദ്ദിഖും മത്സരിക്കാനിടയില്ല. പ്രധാനതാരങ്ങള്‍ വിട്ടുനിന്നാല്‍ സംഘടനയുടെ പ്രസക്തിതന്നെ ഇല്ലാതാകുമെന്ന അഭിപ്രായമാണ് അമ്മ അംഗങ്ങളില്‍ പലര്‍ക്കുമുള്ളത്. ഇതിനിടെയാണ് വീറും വാശിയും തിരഞ്ഞെടുപ്പില്‍ നിറയുന്നത്. കുഞ്ചാക്കോ ബോബന്‍, വിജയരാഘവന്‍ തുടങ്ങിയവരുടെ പേര് പ്രധാന സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നുവന്നെങ്കിലും അവരും മത്സരിക്കാന്‍ തയ്യാറായിരുന്നില്ല.
അങ്ങനെ പ്രമുഖര്‍ ഇല്ലാതിരുന്നില്ലും പ്രചരണം കൊഴുത്തു. പരസ്യ പ്രതികരണം വിലക്കി താരസംഘടന അമ്മ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്ന് താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി വരണാധികാരി രംഗത്തു വന്നിരുന്നു. ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടലെടുത്തതോടെയാണ് പരസ്യ പ്രതികരണം വിലക്കിയത്. നാടകീയ രംഗങ്ങള്‍ക്കാണ് സംഘടന സാക്ഷ്യം വഹിക്കുന്നത്. പരസ്യ പ്രതികരണം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് വരണാധികാരി നിര്‍ദ്ദേശം നല്‍കിയത്. അമ്മയിലെ ആഭ്യന്തര വിഷയങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്നും താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികള്‍ പറഞ്ഞു. അമ്മയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ചേരിതിരിഞ്ഞ് താരങ്ങള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചത്. മെമ്മറി കാര്‍ഡ് വിഷയത്തില്‍ പൊന്നമ്മ ബാബു, ഉഷ ഹസീന, പ്രിയങ്ക എന്നിവര്‍ കുക്കു പരമേശ്വരന് എതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിന് മറുപടിയെന്നോണം മാല പാര്‍വതിയടക്കമുള്ള നടിമാര്‍ പരസ്യ പ്രതികരണം നടത്തുകയും ചെയ്തു. ഇത്തരത്തില്‍ പരസ്യമായ ആരോപണങ്ങളിലേക്ക് കടന്നതോടു കൂടിയായിരുന്നു വരണാധികാരിയുടെ ഇടപെടല്‍. ശ്വേതയ്ക്ക് എതിരായ കേസിലും താരങ്ങള്‍ പരസ്യപ്രതികരണം നടത്തിയിരുന്നു.
ഇതിനിടെ ശ്വേത മേനോന് എതിരായ എഫ് ഐ ആര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. തുടര്‍ നടപടികള്‍ പൂര്‍ണമായും തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് വി.ജി അരുണ്‍ പുറത്തിറക്കിയത്. കേസില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഇപ്പോള്‍ നടത്താനില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. സിജെഎം കോടതിയുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നിര്‍ദേശം നല്‍കുന്നതിന് മുമ്പ് എടുക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നത്. തനിക്കെതിരായ നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നാണ് ശ്വേത സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. രാജ്യത്ത് സെന്‍സര്‍ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്‌കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു സാമ്പത്തികലാഭത്തിനുവേണ്ടി സിനിമയില്‍ അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചെന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെപേരില്‍ പോലീസ് കേസെടുത്തത്. തോപ്പുംപടി സ്വദേശി മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയില്‍ എറണാകുളം സിജെഎം കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.
അതിനിടെ രണ്ടു പാനലുകള്‍ തമ്മിലെ മത്സരമായി അമ്മയിലെ പോര് മാറുമെന്നാണ് സൂചന. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും പിന്തുണയിലാണ് ശ്വേതാ മേനോന്‍ മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും മുതിര്‍ന്ന നടന്‍ രവീന്ദ്രനുമാണ് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി പദത്തിലേക്കുള്ള വോട്ടെടുപ്പില്‍ ആര്‍ക്കാണ് പിന്തുണയെന്ന് മോഹന്‍ലാലോ മമ്മൂട്ടിയോ വിശദീകരിച്ചിട്ടില്ല. എന്നാല്‍ പ്രസിഡന്റായി ശ്വേത എത്തണമെന്നതാണ് അവരുടെ ആഗ്രഹമെന്ന് ജഗദീഷ് അടക്കം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ശ്വേതയെ അടക്കം തോല്‍പ്പിക്കാന്‍ മറ്റൊരു വിഭാഗം അരയും തലയും മുറുക്കി വോട്ട് പിടിക്കാന്‍ എത്തുകയാണ്. ജോയ് മാത്യുവിന്റെ നേതൃത്വത്തിലാണ് പാനല്‍ ജയ സാധ്യതകള്‍ സജീവമാക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഭാരവാഹി അല്ലാത്തതു കൊണ്ട് തന്നെ ഇത്തവണ എക്സിക്യൂട്ടീവിലേക്ക് ജയിക്കുന്നവര്‍ക്ക് തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ എക്സിക്യൂട്ടീവിലെ ബഹുഭൂരിഭാഗം സ്ഥാനങ്ങളും നേടി അമ്മയെ കൈപ്പിടിയില്‍ ഒതുക്കാനാണ് ജോയ് മാത്യുവിന്റെ നീക്കം.
പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനെയാണ് അവര്‍ പിന്തുണയ്ക്കുന്നത്. ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനേയും. ട്രഷററായി അവര്‍ കാണുന്നത് അനൂപ് ചന്ദ്രനെയാണ്. വൈസ് പ്രസിഡന്റായി ജയന്‍ ചേര്‍ത്തലയെ ജയിപ്പിക്കാനാണ് തന്ത്രമൊരുക്കുന്നത്. ഇതിനൊപ്പം എക്സിക്യൂട്ടീവ് കമ്മറ്റിയിലെ പൊതു വിഭാഗത്തില്‍ വിനു മോഹനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. ജോയിന്റെ സെക്രട്ടറിയായി അന്‍സിബ ഹസന്‍ എതിരില്ലാതെ ജയിച്ചിരുന്നു. ഇതിന് കാരണമായത് വിനു മോഹന്റെ പത്രിക പിന്‍വലിക്കലാണെന്നെന്ന് ജോയ് മാത്യു വിഭാഗം കരുതുന്നു. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസനെതിരെ മത്സരിക്കുമെന്ന് വിനു മോഹന്‍ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ചാണ് ജോയ് മാത്യുവിന് സ്വാധീനമുള്ളവരെല്ലാം പത്രിക പിന്‍വലിച്ചത്. അവസാന നിമിഷം അന്‍സിബയ്ക്കായി വിനു മോഹന്‍ പത്രിക പിന്‍വലിച്ചു. ഇതോടെ ഏകപക്ഷീയ വിജയം അന്‍സിബയ്ക്ക് ആയി. എക്സിക്യൂട്ടീവിലേക്ക് മത്സരിക്കുകയാണ് വിനു മോഹന്‍.
അമ്മയുടെ ചട്ടം അനുസരിച്ച് ഒരാള്‍ക്ക് എല്ലാ പദവിയിലേക്കും പത്രിക നല്‍കാം. എന്നാല്‍ പത്രിക പിന്‍വലിക്കുന്ന സമയം കഴിയുമ്പോള്‍ ഒരു പദവിയിലേക്ക് മാത്രമേ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരിക്കാന്‍ പാടൂള്ളൂ. അതായത് ഒന്നിലധികം പദവികളില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രികകള്‍ നല്‍കിയാല്‍ എല്ലാം തള്ളി പോകും. ഒന്നിലധികം സ്ഥാനങ്ങളിലേക്ക് വിനു മോഹന്‍ പത്രിക നല്‍കിയിരുന്നു. അതില്‍ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുമെന്നും ബാക്കിയെല്ലാം പിന്‍വലിക്കുമെന്നും ജോയ് മാത്യുവിനെ അടക്കം അറിയിച്ചിരുന്നത്രേ. ഇത് വിശ്വസിച്ചാണ് അന്‍സിബയും വിനു മോഹനനും തമ്മില്‍ ജോയിന്റ് സെക്രട്ടറി മത്സരം നടക്കട്ടേ എന്ന് അവര്‍ വിചാരിച്ചത്. എന്നാല്‍ ജോയിന്റ് സെക്രട്ടറി പത്രിക അടക്കം പിന്‍വലിച്ച് എക്സിക്യൂട്ടീവിലേക്ക് മത്സരിക്കുകയായിരുന്നു വിനു മോഹന്‍. ഏകപക്ഷീയ വിജയത്തിന് പിന്നാലെ ജോയ് മാത്യു പക്ഷത്തെ അനൂപ് ചന്ദ്രനെതിരെ അന്‍സിബ പോലീസില്‍ അടക്കം പരാതിയും നല്‍കി. ഇതു കാരണമാണ് വിനു മോഹനെ എക്സിക്യൂട്ടീവിലേക്കുള്ള മത്സരത്തില്‍ തോല്‍പ്പിക്കാന്‍ ജോയ് മാത്യു പക്ഷം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.
ജോയ് മാത്യു പ്രസിഡന്റായി നോമിനേഷന്‍ കൊടുത്ത് ശ്രദ്ധ തിരിച്ചത് എക്സിക്യൂട്ടിവ് കമ്മിറ്റി പിടിക്കാനാണെന്നാണ് സൂചന. ദേവനുമായി കൈകോര്‍ത്ത് സൂപ്പര്‍ താര ലോബിയെ തോല്‍പ്പിക്കാനാണ് നീക്കം. കുക്കുവിനും ജയന്‍ ചേര്‍ത്തലാക്കും അനൂപ് ചന്ദ്രനും പിന്തുണ നല്‍കുന്നതിനൊപ്പം ഏഴു സീറ്റും പിടിച്ച് ചതിച്ച വിനു മോഹനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. മെഗാ സ്റ്റാറുകള്‍ ഒഴിഞ്ഞ അമ്മയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് ഇതുവരെ മാറ്റിനിര്‍ത്തപ്പെട്ട ജോയ് മാത്യുവിന്റെ ശ്രമം. ഇത് സൂപ്പര്‍ താരങ്ങളും തിരിച്ചറിയുന്നുണ്ട്. ജനറല്‍ സെക്രട്ടറി പദ മത്സരത്തില്‍ അടക്കം ആരു ജയിക്കുമെന്നത് ഇതില്‍ നിര്‍ണ്ണായകമാണ്. ശ്വേതാ മേനോന്‍ അടക്കമുള്ളവര്‍ തോറ്റാല്‍ അത് മോഹന്‍ലാലിനും മമ്മൂട്ടിക്കുമെല്ലാം വലിയ തിരിച്ചടിയാകും. ബാബുരാജ് മത്സരത്തില്‍ നിന്നും പിന്മാറിയതും ജോയ് മാത്യുവിന് കരുത്തായി മാറും. നാസര്‍ ലത്തീഫിന്റെ വിവാദ ഓഡിയോ ബാബുരാജ് പക്ഷത്തിന് വലിയ നാണക്കേടായിട്ടുണ്ട്.
പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകള്‍ മത്സരത്തിനുണ്ട്. ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി അന്‍സിബ ഹസന് എതിരാളിയില്ല.നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ആരോപണ വിധേയന്‍ മത്സരിക്കരുതെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായര്‍ സാമ്പത്തിക ആരോപണവും ഉന്നയിച്ചതോടെയാണ് ബാബുരാജ് പത്രിക പിന്‍വലിച്ചത്. അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല എന്നിവരും പത്രിക പിന്‍വലിച്ചു.വനിതാ പ്രസിഡന്റിന് അവസരം ഒരുക്കാനാണ് ജഗദീഷ് പത്രിക പിന്‍വലിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായി സംസാരിച്ചശേഷമാണ് ജഗദീഷ് പിന്മാറിയത്. രവീന്ദ്രന്‍, ജോയ് മാത്യു, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍ എന്നിവര്‍ പത്രിക പിന്‍വലിച്ചെങ്കിലും ദേവന്‍ പിന്മാറിയില്ല.
ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ രാജിവച്ചതിനെ പിന്നാലെയാണ് മോഹന്‍ലാല്‍ പ്രസിഡന്റായി അഡ്ഹോക്ക് കമ്മിറ്റി തുടര്‍ന്നത്. കഴിഞ്ഞ പൊതുയോഗത്തില്‍ പ്രസിഡന്റായി തുടരില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് തീരുമാനിച്ചത്. പ്രമുഖ അഭിനേതാക്കള്‍ ഇക്കുറി മത്സരരംഗത്തില്ല. ഓഗസ്റ്റ് 15നാണ് വോട്ടെടുപ്പ്.
സ്ഥാനാര്‍ത്ഥി പട്ടിക
പ്രസിഡന്റ് : ശ്വേത മേനോന്‍, ദേവന്‍
ജനറല്‍ സെക്രട്ടറി: കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍
വൈസ് പ്രസിഡന്റ്: ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, നാസര്‍ ലത്തീഫ്
ജോയിന്റ് സെക്രട്ടറി: അന്‍സിബ ഹസന്‍
ട്രഷറര്‍: അനൂപ് ചന്ദ്രന്‍, ഉണ്ണി ശിവപാല്‍
എക്‌സിക്യുട്ടീവ് കമ്മിറ്റി (വനിതകള്‍): അഞ്ജലി നായര്‍, ആശ അരവിന്ദ്, നീനു കുറുപ്പ്, സജിതാ ബേട്ടി, സരയു മോഹന്‍
എക്‌സിക്യുട്ടീവ് കമ്മിറ്റി (പൊതുവിഭാഗം): ജോയ് മാത്യു, കൈലാഷ്, നന്ദു പൊതുവാള്‍, ഡോ. റോണി ഡേവിഡ് രാജ്, സന്തോഷ് കീഴാറ്റൂര്‍, സുജോയ് വര്‍ഗീസ്, ടിനി ടോം, വിനുമോഹന്‍
വൈസ് പ്രസിഡന്റായി രണ്ടു പേര്‍ക്ക് ജയിക്കാനാകും. അതായത് ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, നാസര്‍ ലത്തീഫ് എന്നിവരില്‍ രണ്ടു പേര്‍ ഭാരവാഹികളാകും. ഇതില്‍ ജയന്‍ ചേര്‍ത്തലയ്ക്കും ലക്ഷ്മി പ്രിയയ്ക്കും ജോയ് മാത്യു വിഭാഗത്തിന്റെ പിന്തുണ നല്‍കും. നാസര്‍ ലത്തീഫിന് ബാബുരാജിന്റേയും പിന്തുണയുണ്ട്. എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ വിനു മോഹനെ തോല്‍പ്പിക്കാനുള്ള തന്ത്രങ്ങളാണ് ജോയ് മാത്യു വിഭാഗം തയ്യാറാക്കുന്നത്. ഡോ റോണി ഡേവിഡ് രാജിനോടും ഈ വിഭാഗത്തിന് താല്‍പ്പര്യക്കുറവുണ്ട്. എന്നാല്‍ ജോയ് മാത്യു വിഭാഗത്തിന്റെ നീക്കങ്ങളെ പൊളിക്കുന്ന തരത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഇടപെടുമോ എന്നതാണ് ഉയരുന്ന ചോദ്യം.