- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബുരാജിന്റെ 'അമ്മയുടെ പെണ്‍മക്കള്‍' കിണഞ്ഞു പരിശ്രമിച്ചത് കുക്കുവിനെ വീഴ്ത്താന്‍; ലാലും മമ്മൂട്ടിയും പരസ്യമായി പിന്തുണച്ച ശ്വേതയ്ക്കെതിരെ ദേവന് കാഴ്ച വച്ചത് മിന്നും പ്രകടനം; പൊന്നമ്മ ബാബുവും ഉഷാ ഹസീനയും പരസ്യമായി എതിര്‍ത്ത കുക്കുവിന് ജനറല്‍ സെക്രട്ടറിയായപ്പോള്‍ കിട്ടിയത് ശ്വേതയുടെ ഇരട്ടി ഭൂരിപക്ഷം; വോട്ട് ചെയ്ത 298 പേരില്‍ 267 വോട്ട് നേടി താരമായി ജയന് ചേര്‍ത്തല; ഓപ്പറേഷന് മാലാ പാര്‍വ്വതി സക്സസ്
കൊച്ചി: താരസംഘടനയായ 'അമ്മ'യെ നയിക്കാന്‍ ചരിത്രത്തിലാദ്യമായി പെണ്‍മക്കള്‍ എത്തുമ്പോള്‍ നടന്നത് വാശിയേറിയ വോട്ടെടുപ്പ്. ബാബുരാജ് പക്ഷത്തിന് അമ്പേ അടിതെറ്റിയ തിരഞ്ഞെടുപ്പാണ് ഇത്. മോഹന്‍ലാലും മമ്മൂട്ടിയും മനസ്സില്‍ കണ്ടത് സംഭവിക്കുകയും ചെയ്തു. വിവാദങ്ങള്‍കൊണ്ട് ശ്രദ്ധേയമായ തിരഞ്ഞെടുപ്പില്‍ 506 അംഗ സംഘടനയിലെ 298 പേരാണ് വോട്ടുരേഖപ്പെടുത്താനെത്തിയത്. പ്രസിഡന്റ്സ്ഥാനത്തേക്ക് ശ്വേത 159 വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ ദേവന് 132 വോട്ടാണു കിട്ടിയത്. ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍ 172 വോട്ടുനേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ രവീന്ദ്രന് 115 വോട്ടാണു കിട്ടിയത്. എങ്ങനേയും കുക്കുവിനെ തോല്‍പ്പിക്കുമെന്ന നിലപാടിലായിരുന്നു ബാബുരാജ് വിഭാഗം. അവര്‍ ശ്വേതയോട് അത്ര വിരോധം കാട്ടിയുമില്ല. എന്നാല്‍ ശ്വേതയ്ക്ക് മുകളില്‍ വോട്ട് കുക്കുവിന് കിട്ടി. മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു.
ലുലു മാരിയറ്റ് ഹോട്ടലില്‍ നടന്ന 'അമ്മ' തിരഞ്ഞെടുപ്പില്‍ 506 അംഗങ്ങളില്‍ 298 പേര്‍ വോട്ടുചെയ്തു. അഡ്വ. മനോജ് മുഖ്യവരണാധികാരിയായി. മോഹന്‍ലാല്‍, ദിലീപ്, ജനാര്‍ദ്ദനന്‍, സലിംകുമാര്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവരടക്കം വോട്ടു ചെയ്യാനെത്തി. മമ്മൂട്ടി ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വോട്ട് ചെയ്യാന്‍ എത്തിയില്ല. ചുമതലയേറ്റ ഭാരവാഹികള്‍ക്ക് നടന്‍ ദേവന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേര്‍ മത്സരിച്ചു. ജയന്‍ ചേര്‍ത്തല 267, ലക്ഷ്മിപ്രിയ 139, നാസര്‍ ലത്തീഫ് 96 എന്നിങ്ങനെയായിരുന്നു വോട്ട്. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാല്‍ 167 വോട്ട് നേടി ജയിച്ചു. അനൂപ് ചന്ദ്രന് 108 വോട്ട് മാത്രമാണ് കിട്ടിയത്. എക്സിക്യുട്ടീവ് കമ്മിറ്റി വനിതാ വിഭാഗത്തില്‍ അഞ്ജലി നായര്‍, ആശ അരവിന്ദ്, നീനു കുറുപ്പ്, സരയു മോഹന്‍ എന്നിവരും പൊതുവിഭാഗത്തില്‍ ജോയ് മാത്യു, കൈലാഷ്, ഡോ.റോണി ഡേവിഡ് രാജ്, സന്തോഷ് കീഴാറ്റൂര്‍, സുജോയ് വര്‍ഗീസ്, ടിനി ടോം, വിനു മോഹന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഇതില്‍ ബാബുരാജിന്റെ നേതൃത്വത്തിലെ അമ്മയുടെ പെണ്‍മക്കള്‍ ഗ്രൂപ്പിലുള്ളവര്‍ പരസ്യമായി തന്നെ കുക്കുവിനെതിരെ രംഗത്തു വന്നു. മെമ്മറി കാര്‍ഡ് വിവാദം അടക്കം ചര്‍ച്ചയാക്കി. ഇതോടെ കുക്കു തോല്‍ക്കുമോ എന്ന ആശങ്കയുണ്ടായി. എന്നാല്‍ മോഹന്‍ലാലും മമ്മൂട്ടിയും പരസ്യമായി പിന്തുണച്ച ശ്വേതയ്ക്ക് മുകളില്‍ വോട്ട് കുക്കുവിന് കിട്ടി. ശ്വേതയുടെ വിജയം 27 വോട്ടിനായിരുന്നു. എന്നാല്‍ കുക്കുവിന് 57 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. അതായത് ശ്വേതയുടെ ഇരട്ടി ഭൂരിപക്ഷം കുക്കുവിന് കിട്ടി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് 267 വോട്ട് നേടി ജയന്‍ ചേര്‍ത്തലയും ഏവരേയും ഞെട്ടിച്ചു. 298 പേരില്‍ 31 പേരൊഴികെ എല്ലാവരും ജയന് വോട്ട് ചെയ്തു. പ്രതീക്ഷയോടെ മത്സരിച്ച അനൂപ് ചന്ദ്രനും മികവ് കാട്ടാനായില്ല. ഉണ്ണി ശിവപാല്‍ അങ്ങനെ നേതൃത്വത്തില്‍ ട്രഷററായി എത്തി. കുക്കുവിനെ പരസ്യമായി തന്നെ പൊന്നമ്മ ബാബുവും ഉഷാ ഹസീനയുമെല്ലാം എതിര്‍ത്തു. ഇതിനെ പ്രതിരോധിക്കാന്‍ എത്തിയത് മാലാ പാര്‍വ്വതിയാണ്. മാലായുടെ നീക്കങ്ങള്‍ സംഘടന ഉള്‍ക്കൊണ്ടു. ഇതിന്റെ പ്രതിഫലനമാണ് ശ്വേതയ്ക്ക് മുകളിലുള്ള കുക്കുവിന്റെ വിജയം. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ആഗ്രഹങ്ങള്‍ക്കൊപ്പം ശ്വേതയ്ക്കും കുക്കുവിനും വേണ്ടി മാലാ പാര്‍വ്വതി നടത്തിയ നീക്കവും വിജയിക്കുകയാണ്.
അമ്മ തലപ്പത്ത് സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ തകര്‍ന്നത് കാലങ്ങളായി ഇൗ മേഖലയില്‍ നിലനില്‍ക്കുന്ന ആണ്‍കുത്തക. നടിയെ ആക്രമിച്ച സംഭവത്തോടെയാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പുറം ലോകം അറിഞ്ഞത്. തുടര്‍ന്നാണ് സര്‍ക്കാര്‍ ഹേമ കമ്മറ്റി രൂപീകരിച്ചത്. റിപോര്‍ട്ട് പുറത്ത് വന്നതോടെ വിവാദങ്ങള്‍ ആളിക്കത്തി. 2027 വരെ കാലാവധിയുണ്ടായിരുന്ന മോഹന്‍ലാല്‍ പ്രസിഡന്റായിരുന്ന അമ്മ മുന്‍ ഭരണസമിതി കഴിഞ്ഞ ആഗസ്തില്‍ രാജി വെച്ചു. തുടര്‍ന്ന് അഡ്ഹോക് കമ്മിറ്റിയുടെ കീഴിലായി. കഴിഞ്ഞ ജൂണിലെ വാര്‍ഷിക ജനറല്‍ ബോഡി തീരുമാനപ്രകാരമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോന്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശക്തമായ നിലപാടെടുത്തിട്ടുള്ള കലാകാരിയാണ്. അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ ക്രൈം പത്രാധിപര്‍ക്കെതിരെ ശ്വേത നല്‍കിയ പരാതി അറസ്റ്റ് ഉള്‍പ്പെടെ നടപടികളിലേക്ക് നയിച്ചിരുന്നു. 'അമ്മ'യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുവരുന്ന ശ്വേത, 2018ല്‍ എക്സിക്യൂട്ടീവ് അംഗവും 2021ല്‍ മോഹന്‍ലാല്‍ പ്രസിഡന്റായിരുന്ന കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റുമായിരുന്നു. കുക്കു പരമേശ്വരന്‍ 2006 മുതല്‍ വിവിധ സ്ഥാനങ്ങളിലുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് 51 കാരിയായ ശ്വേത മേനോന്‍. 1994ല്‍ ഫെമിന മിസ് ഇന്ത്യ ഏഷ്യ പസഫിക് സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. 2009, 2011 വര്‍ഷങ്ങളില്‍ സംസ്ഥാന സിനിമാ അവാര്‍ഡും രണ്ടുതവണ ഫിലിംഫെയര്‍ അവാര്‍ഡും നേടി. മലപ്പുറം വളാഞ്ചേരി സ്വദേശിയും എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമായിരുന്ന നാരായണന്‍കുട്ടി മേനോന്റെയും ശാരദാമേനോന്റെയും മകളാണ്. ശ്രീവത്സന്‍ ജെ. മേനോനാണ് ഭര്‍ത്താവ്. മകള്‍: സബൈന മേനോന്‍. 1994ലെ മിസ് ഇന്ത്യ മത്സരത്തില്‍ സുസ്മിത സെന്‍, ഐശ്വര്യ റായി എന്നിവര്‍ക്ക് പിന്നില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കി. 1991ല്‍ അനശ്വരം ആണ് ആദ്യമലയാള സിനിമ. തന്ത്ര, കീര്‍ത്തിചക്ര, പരദേശി, മദ്ധ്യവേനല്‍, പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റ കഥ, രതിനിര്‍വേദം, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നവല്‍ എന്ന ജുവല്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.
സിനിമാ,നാടകനടിയും നര്‍ത്തകിയും ഡബ്ബിംഗ് കലാകാരിയും ഫാഷന്‍ ഡിസൈനറുമാണ് കുക്കു പരമേശ്വരന്‍. ഒരേ തൂവല്‍പക്ഷികളിലെ അഭിനയത്തിന് 1988ല്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷന്‍ ടെക്‌നോളജിയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. 1985ല്‍ തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയിലൂടെയാണ് തുടക്കം. കോട്ടണ്‍ മേരി എന്ന ഹോളിവുഡ് സിനിമയിലും അഭിനയിച്ചു. ഒരിടത്ത്, മൂന്നിലൊന്ന്, കഴകം, സമ്മോഹനം, വാനപ്രസ്ഥം, ജനം, അനന്തരം, നിഴല്‍ക്കൂത്ത്, കന്നത്തില്‍ മുത്തമിട്ടാല്‍, അവകാശികള്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. സംവിധായകന്‍ മുരളിമേനോനാണ് ഭര്‍ത്താവ്. മകന്‍: വിശാഖ് മേനോന്‍.