കൊച്ചി: താര സംഘടനയായ അമ്മയെ ഇത്തവണ എല്ലാ അര്‍ത്ഥത്തിലും വനിതകള്‍ നയിക്കും. പ്രസിഡന്റായി ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനും എത്താനാണ് സാധ്യത. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ശ്വേതയേയും കുക്കു പരമേശ്വരനേയും അനുകൂലിക്കുന്നുണ്ട്. ഈ സന്ദേശം താഴെ തട്ടിലും നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പത്രിക നല്‍കിയവരില്‍ ദേവന്‍ ഒഴികെയുള്ളവര്‍ തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറും. അങ്ങനെ വന്നാല്‍ ശ്വേതയും ദേവനും തമ്മിലാകും മത്സരം. ജനറല്‍ സെക്രട്ടറിയായി ബാബുരാജ് മത്സരിക്കുന്നുണ്ട്. ഇതിനൊപ്പം കുക്കു പരമേശ്വരനും. ബാക്കിയെല്ലാവരും പത്രിക പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. മുതിര്‍ന്ന നടന്‍ രവീന്ദ്രനും പത്രിക നല്‍കിയിട്ടുണ്ട്. രവീന്ദ്രന്‍ പത്രിക പിന്‍വലിക്കുമോ എന്നതില്‍ ആര്‍ക്കും വ്യക്തതയില്ല. അങ്ങനെ വന്നാല്‍ ജനറല്‍ സെക്രട്ടറിയ്ക്കായി ത്രികോണ പോരാട്ടം ഉറപ്പാകും. ഈ സാഹചര്യത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും. കുക്കു പരമേശ്വരനെ ഇരുവരും പിന്തുണയ്ക്കും. ബാബുരാജിനെ തോല്‍പ്പിക്കാന്‍ കുക്കു പരമേശ്വരന് കഴിയുമെന്ന വിലയിരുത്തലിലാണ് ഇത്. സ്വാതന്ത്ര ദിനമായ ഓഗസ്റ്റ് 15നാണ് അമ്മയില്‍ വോട്ടെടുപ്പും ഫലപ്രഖ്യാപനവും. ഈ സ്വാതന്ത്ര്യ ദിനത്തില്‍ അമ്മയുടെ നയിക്കാന്‍ ശ്വേതയും കുക്കു പരമേശ്വരനും എത്തുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

അതിനിടെ 'അമ്മയുടെ പെണ്‍മക്കള്‍' എന്ന പേരില്‍ ബാബുരാജ് അനുകൂലികള്‍ പുതിയൊരു ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. സ്ത്രീ വോട്ടുകള്‍ ബാബുരാജിന് അനുകൂലമാക്കാനാണ് ഇത്. പൊന്നമ്മ ബാബു അടക്കം ഇതില്‍ അംഗങ്ങളാണ്. അതിനിടെ അമ്മയുടെ ഓഫീസിലെ കാര്‍ പാര്‍ക്കിംഗും ചര്‍ച്ചകളിലേക്ക് വരുന്നുണ്ട്. ഈ കാര്‍ പാര്‍ക്കില്‍ ചെറിയൊരു ഷെഡുണ്ട്. ഡ്രൈവര്‍മാര്‍ക്ക് വേണ്ടി നിര്‍മ്മിച്ചതാണ് ഈ ഷെഡ്. എന്നാല്‍ ഈ ഷെഡ് കൈയ്യടക്കി ചിലര്‍ മദ്യപാനം സ്ഥിരമാക്കുന്നു. ഈ മദ്യപാന കോക്കസ് തിരഞ്ഞെടുപ്പ് അട്ടിമറിച്ച് അമ്മ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഇതെല്ലാം കൂടി കണക്കിലെടുത്ത് അമ്മയില്‍ ശുദ്ധീകരണം അനിവാര്യമാണെന്ന് മോഹന്‍ലാല്‍ അടക്കം തിരിച്ചറിയുന്നുണ്ട്. കുക്കു പരമേശ്വരനെ പോലെ കൊച്ചിയില്‍ സജീവമായി നില്‍ക്കുന്ന ഉറച്ച നിലപാടുള്ള ഒരാള്‍ ജനറല്‍ സെക്രട്ടറിയായി വരണമെന്നതാണ് ലാലും മമ്മൂട്ടിയും ആഗ്രഹിക്കുന്നത്. അല്ലാത്ത പക്ഷം ഇനിയും വിവാദങ്ങളുണ്ടാകും. ഭാവിയില്‍ നടിയെ ആക്രമിച്ച കേസില്‍ അടക്കം വിധി വരുമ്പോള്‍ വനിതാ നേതൃത്വത്തിന് അതിനെ കൂടുതല്‍ നന്നായി പൊതു ജനങ്ങളിലേക്ക് വിശദീകരിക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍. ആ സമയത്ത് പീഡന കേസ് പ്രതികള്‍ അമ്മയുടെ പ്രധാന ഭാരവാഹിയായിരിക്കുന്നത് കൂടുതല്‍ പ്രതസിന്ധി സൃഷ്ടിക്കുമെന്നും വിലയിരുത്തുന്നുണ്ട്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ജൂലൈ 31 വൈകിട്ട് 3 മണിയോടെ അവസാനിക്കും. 4 മണിയോടെ അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനാണ് മുന്‍തൂക്കം. ദേവനും മത്സരിക്കും. പത്രിക നല്‍കിയെങ്കിലും ജഗദീഷും ജയന്‍ ചേര്‍ത്തലയും രവീന്ദ്രനും പിന്മാറി. അനൂപ് ചന്ദ്രനും പിന്മാറും. അനൂപ് ചന്ദ്രന് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കാനാണ് താല്‍പ്പര്യം. ഇത്തവണ വനിതാ പ്രസിഡന്റ് വേണമെന്ന സംഘടനയിലെ പൊതുവികാരവും ശ്വേതയ്ക്ക് അനുകൂലമാണ്. വനിതാ പ്രസിഡന്റ് വരട്ടെയെന്ന തരത്തില്‍ പലരും അഭിപ്രായം പങ്കുവെച്ചിരുന്നു. ശ്വേത ജയിച്ചാല്‍ അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ് എന്ന പദവിയും ഇവരെ തേടിയെത്തും. പത്രിക പിന്‍വലിച്ച രവീന്ദ്രന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതല്‍ താരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സരിക്കും എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബാബുരാജ്. ഈ സാഹചര്യത്തിലാണ് കുക്കു പരമേശ്വരന്റെ സാധ്യത കൂടുന്നത്. ശ്വേതയും കുക്കുവും ഒരുമിച്ച് ജയിച്ചാല്‍ അത് താര സംഘടനയ്ക്ക് പുതിയൊരു ചരിത്രമാകും. ആരോപണ വിധേയരായ ആളുകള്‍ മത്സരിക്കുന്നുണ്ട് എങ്കില്‍ അമ്മയിലെ അംഗങ്ങള്‍ക്ക് അവരെ വോട്ട് ചെയ്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്ന് നടന്‍ ദേവന്‍ പറഞ്ഞു കഴിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തെ മത്സരത്തില്‍ നിന്നും പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഓഗസ്റ്റ് 15നാണ് അമ്മ തെരഞ്ഞെടുപ്പ്.

മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും അതില്ലെന്നു കണ്ടാണ് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ദേവന്‍ പറഞ്ഞു. അമ്മയില്‍ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായത് ചെറിയ പ്രശ്‌നങ്ങളാണെന്നും അമ്മ ഏറെ തെറ്റിദ്ധരിക്കപ്പെട്ട സംഘടനയാണെന്നും ദേവന്‍ പറഞ്ഞു. ''തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ മാധ്യങ്ങളെ കാണരുത് എന്ന് അമ്മയ്ക്കുള്ളില്‍ ആരോ പറഞ്ഞു. അങ്ങനെ ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ. എനിക്ക് പറയാന്‍ ഉള്ളത് ജനങ്ങളോട് പറയുക എന്നത് എന്റെ അവകാശമല്ലേ. സംഘടന തുടങ്ങിയ കാലം മുതല്‍ ഇങ്ങോട്ട് ആകെ 248 കോടി രൂപയോളം സമാഹരിച്ചിട്ടുണ്ട്. അതില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ആകെ 8 കോടി രൂപയാണ്. ബാക്കി തുകയെല്ലാം പാവപ്പെട്ട നടീനടമാര്‍ക്ക് വേണ്ടി ചെലവിട്ടതാണ്''. സംഘടനയിലേക്ക് ഫണ്ട് വരണമെങ്കില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ തലപ്പത്ത് വരണമെന്നും മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷയാണ് തനിക്കുണ്ടായിരുന്നതെന്നും ദേവന്‍ പറഞ്ഞു. ''ഏറെക്കുറെ എല്ലാ അംഗങ്ങളുമായും ബന്ധപ്പെട്ടു. ജയിക്കും എന്ന് തന്നെയാണ് വിശ്വാസമെന്നും ദേവന്‍ പറയുന്നു.

ഒരു മൈനസ് മാര്‍ക്കും ഇല്ലാത്ത ആള്‍ ദേവന്‍ ആണെന്ന് നടീനടന്മാര്‍ എല്ലാവരും പറഞ്ഞു. ആരോപണ വിധേയരായവര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അംഗങ്ങള്‍ അവരെ വോട്ട് ചെയ്ത് തോല്‍പ്പിക്കണം. വേണ്ടാത്തവരെ പുറത്താക്കാന്‍ കൂടി വേണ്ടിയാണ് തെരഞ്ഞെടുപ്പ്. സംഘടനയില്‍ സ്ത്രീ സമത്വം ഉണ്ടാവണം. അത് സ്ത്രീകളുടെ അവകാശമാണ്. പുരുഷന്‍ നല്‍കുന്ന ഔദാര്യമാകരുത്''. ശ്വേത മേനോന് വേണ്ടി ജഗദീഷ് മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ അത് ഔദാര്യമാകുമെന്നും ദേവന്‍ പറഞ്ഞു.