കൊട്ടാരക്കര: കശുവണ്ടി ഇറക്കുമതി വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ അനീഷ് ബാബു എന്ന വ്യാപാരി ബാങ്ക് ഇടപാടുകളുടെ വ്യാജരേഖകള്‍ ചമച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയത് കേരളാ പോലീസ്. ഈ അന്വേഷണത്തിലേക്കാണ് ഇഡി കടന്നു വന്നത്. കേരളാ പോലീസിന്റെ ഈ ആരോപണം ഇഡിയ്ക്ക് മുമ്പില്‍ അനീഷ് ബാബു നിഷേധിച്ചു. ഇത് തെളിയിക്കാനുള്ള ഒര്‍ജിനല്‍ രേഖകലാണ് ഇഡി തേടിയത്. അതുകൊണ്ട് വരാന്‍ പലആവര്‍ത്തി ആവശ്യപ്പെട്ടു. പക്ഷേ അനീഷിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ അനീഷ് ബോബു ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചു. കേസ് അന്വേഷണ ഘട്ടത്തിലാണെന്ന ഇഡിയുടെ വിശദീകരണത്തിലൂടെ ഹൈക്കോടതി ഹര്‍ജി തള്ളി. സുപ്രീംകോടതിയില്‍ അപ്പീല്‍ പോയി. അപ്പോഴും അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ കേസെടുക്കൂവെന്ന് അറിയിച്ചു. പക്ഷേ ആ രേഖയിലെ വസ്തുത തെളിയിക്കാന്‍ അനീഷ് ബാബുവിന് കഴിഞ്ഞില്ല. ഇതോടെ ഇഡി നടപടികളിലേക്ക് കടന്നു. അറസ്റ്റിനുള്ള സാധ്യതയും സജീവമായി. ഇതിനിടെയാണ് വിജിലന്‍സിന് മുന്നില്‍ പരാതി എത്തുന്നത്. തന്നെ ഇഡി ഉദ്യോഗസ്ഥരൊന്നും പണം ചോദിച്ച് സമീപിച്ചിട്ടില്ലെന്നും അനീഷ് ബാബു വെളിപ്പെടുത്തിയിട്ടുണ്ട്.

ഇഡി കേസിലെ പരാതിക്കാരനെ കുറിച്ച് ഒരു വിവരവും വിജിലന്‍സ് പുറത്തു വിട്ടിരുന്നില്ല. കൊല്ലത്തെ കശുവണ്ടി വ്യവസായി എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ആരാണ് പരാതിക്കാരനെന്നും ഇഡിയുടെ മുമ്പിലുള്ള തട്ടിപ്പ് കേസിന്റെ വ്യാപ്തി കണ്ടെത്തിയത് കേരളാ പോലീസാണെന്നും വാര്‍ത്ത പുറത്തു വിട്ടത് മറുനാടനാണ്. രണ്ടു തവണ കേരളാ പോലീസ് വ്യത്യസ്ത കേസുകളില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ട പ്രതിയാണ് അനീഷ്. തെളിവുകള്‍ എല്ലാം പോലീസിന്റെ കൈയ്യിലുണ്ട്. അതുകൊണ്ട് തന്നെ ഇഡിയ്ക്ക് ഒരിക്കലും അനീഷ് ബാബുവിനെതിരായ അന്വേഷണം അട്ടിമറിക്കാന്‍ കഴിയില്ല. ഇതിനിടെയാണ് കൈക്കൂലി കേസില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടായത്. പരാതിക്കാരന്റെ പേര് പുറത്തു വരാത്തതു കൊണ്ട് തന്നെ കേസിലെ വിശദാംശങ്ങളും രഹസ്യമായി. ഇതിനിടെയാണ് നിര്‍ണ്ണായക വിവരങ്ങള്‍ മറുനാടന് കിട്ടിയത്. ഇതോടെ ഇഡിക്കെതിരായ പരാതിക്കാരന്‍ അറസ്റ്റിന്റെ തൊട്ടു മുന്നിലാണെന്നും മനസ്സിലായി. ഇഡി കേസില്‍ അറസ്റ്റിലായാല്‍ ജാമ്യം കിട്ടുക അസാധ്യമാണ്. ഏറെ കാലം ജയിലിലും കിടക്കേണ്ടി വരും. ഈ സാഹചര്യം വിജിലന്‍സും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി കരുതലോടെ മാത്രമേ വിജിലന്‍സ് മുമ്പോട്ട് പോകൂ. ഈ പ്രതിയുടെ മൊഴിയിലാണ് ഇഡിയിലെ അസിസ്റ്റന്റ് ഡയറക്ടറെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. എന്നാല്‍ ഇപ്പോള്‍ ശേഖര്‍ കുമാറുമായി ബന്ധപ്പെട്ട് തനിക്കൊരു സൂചനകളുമില്ലെന്ന് അനീഷ് ബാബു പറയുന്നു.

കശുവണ്ടിയില്‍ വലിയ തട്ടിപ്പാണ് അനീഷ് ബാബു നടത്തിയത്. ടാന്‍സാനിയയിലെ ഐ. ആന്‍ഡ് എം. ബാങ്കില്‍ 40.22 ലക്ഷം ഡോളര്‍ കൊട്ടാരക്കര സ്വദേശി അനീഷിന്റെ പേരിലുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന 'സിഫ്ട്' (സൊസൈറ്റി ഫോര്‍ വേള്‍ഡൈ്വഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലി കമ്യൂണിക്കേഷന്‍) രേഖ കണ്ടാല്‍ ആര്‍ക്കും സംശയമുണ്ടാകില്ല. പണം നല്‍കാനുള്ള വ്യാപാരികളെ ഈരേഖ കാട്ടിയാണ് അനീഷ് സമാധാനിപ്പിച്ച് അയച്ചത്. എന്നാല്‍ വ്യാപാരികള്‍ ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് ബോധ്യമായി. ഇതോടെയാണ് കേസിലേക്ക് കടന്നത്. ഇതുമാത്രമല്ല അനീഷിന്റെ പേരില്‍ 1.60 കോടി രൂപ അനുവദിച്ച എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സിന്റെ ചെക്ക്, ഇന്‍ഡസിന്‍ഡ് ബാങ്കിന്റെ രേഖകള്‍, കോടികളുടെ ബാങ്ക് ഇടപാടുകള്‍ സൂചിപ്പിക്കുന്ന ബാങ്കുകളുടെ പേരിലുള്ള എസ്.എം.എസ്. സന്ദേശങ്ങള്‍, കപ്പല്‍ ഏജന്‍സിയുടെ കത്ത് ഇവയെല്ലാം തട്ടിപ്പിനായി അനീഷും സംഘവും വ്യാജമായി നിര്‍മിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇഡിയും ഇതേ തലത്തിലേക്ക് പോയി. ടാന്‍സാനിയയിലെ ഇടപാടുകള്‍ കണ്ടെത്താന്‍ ശ്രമിച്ചു. അനീഷ് ബാബു ആസൂത്രിതമായി നടത്തിയ കൊള്ളയാണ് കോടികളുടെ തട്ടിപ്പെന്ന് പോലീസ് കണ്ടെത്തിയ രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. വിദേശ ബാങ്കുകളുടെയും നാട്ടിലെ ബാങ്കുകളുടെയും വ്യാജരേഖകള്‍ ഇവര്‍ തയ്യാറാക്കി. പോലീസ് ഉദ്യോഗസ്ഥരെവരെ ഈ രേഖകള്‍ കാട്ടി കബളിപ്പിച്ചു. ഓണ്‍ലൈന്‍ ബാങ്ക് ഇടപാട് സംബന്ധിച്ച നിരവധി വ്യാജരേഖകള്‍ ഇവര്‍ തയ്യാറാക്കിയതായും പോലീസ് കണ്ടെത്തി. പോലീസിന്റെ ഈ കണ്ടെത്തലുകള്‍ ഇഡിക്ക് മുന്നില്‍ അനീഷ് ബാബു തള്ളി. ഇതോടെയാണ് എങ്കില്‍ രേഖകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രേഖകളൊന്നും നല്‍കാന്‍ അനീഷിന് കഴിഞ്ഞില്ല. ഇതോടെ ഇഡി കടുത്ത നടപടികളിലേക്ക് പോയി. കേരളാ പോലീസ് കണ്ടെത്തലുകളെ കുറിച്ച് മാതൃഭൂമി അടക്കം വിശദ വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്.

ഇങ്ങനെയാണ് കാര്യങ്ങളെങ്കിലും കൊച്ചിയിലെ ഇഡി ഓഫീസില്‍ ചില അസ്വാഭാവികതകളുണ്ട്. ഇഡി ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയെന്നും ഇടനിലക്കാരന്‍ വില്‍സണ്‍ ആണ് തന്റെ നമ്പര്‍ ഇഡിക്ക് നല്‍കിയതെന്നും പരാതിക്കാരനായ അനീഷ് ബാബു പറഞ്ഞു. ഇഡിക്ക് തന്റെ നമ്പര്‍ നല്‍കിയിരുന്നില്ല. ഇഡി ഉന്നത ഉദ്യോഗസ്ഥനെതിരെയും ഗുരുതര ആരോപണമാണ് അനീഷ് ഉന്നയിച്ചത്. കൂടുതല്‍ ഇഡി ഉദ്യോഗസ്ഥരുടെ പേരും പരാതിക്കാരനായ അനീഷ് തുറന്നുപറഞ്ഞു. ഇഡി അഡീഷണല്‍ ഡയറക്ടര്‍ രാധാകൃഷ്ണന് സംഭവത്തില്‍ പങ്കുണ്ടെന്നും അനീഷ് ബാബു ആരോപിച്ചു. എട്ടു വര്‍ഷം മുമ്പുള്ള വിവരമാണ് ആവശ്യപ്പെട്ടത്. ഇത് ലഭ്യമാക്കാന്‍ കാലതാമസമുണ്ടായിരുന്നു. തുടക്കം മുതല്‍ ഇഡി ഉദ്യോഗസ്ഥന്‍ സമ്മര്‍ദത്തിലാക്കി. വില്‍സണ്‍ എന്ന ആളാണ് ഇടപാട് നടത്തിയത്. രേഖകള്‍ നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യമെന്നാണ് ഭീഷണിപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്തെന്ന് പറഞ്ഞായിരുന്നു ഭീഷണി. പിഎംഎല്‍എ ആക്ട് പ്രകാരമാണ് തനിക്ക് നോട്ടീസ് നല്‍കിയത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ എല്ലാ തെളിവുകളും കൈമാറിയിട്ടുണ്ടെന്നും കൊല്ലത്തെ വ്യവസായി അനീഷ് ബാബു പറഞ്ഞു. രാധാകൃഷ്ണന്‍ എന്നയാള്‍ മാനസികമായി പീഡിപ്പിച്ചു.

ഭീഷണി തുടരുന്നതിനിടെയാണ് ഇടനിലക്കാരന് കൈക്കൂലി കൈമാറിയത്. ആക്‌സിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് കൈക്കൂലി പണം കൈമാറിയത്. രാധാകൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്‍ ഹരാസ് ചെയ്തു. അടച്ചിട്ട മുറിയില്‍ കേസിന്റെ കാര്യം പറഞ്ഞ് മാനസികമായി പീഡിപ്പിച്ചു. ഇടനിലക്കാരനെ ഇഡി ഓഫീസില്‍ കണ്ടു. അറസ്റ്റിലായ ഇടനിലക്കാരനായ മുകേഷിനെയാണ് കണ്ടത്. പരാതിക്കാരനായ അനീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദിവസമാണ് മുകേഷ് ഇഡി ഓഫിസില്‍ വന്നത്. ഇതിനിടെ, ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ അഴിമതിക്കേസില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനുള്ള നീക്കത്തിലാണ് വിജിലന്‍സ്. ശേഖര്‍ കുമാര്‍ കൈക്കൂലി വാങ്ങിയത് ഉന്നത ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കും അറിയാമായിരുന്നെന്നാണ് സംശയം. ശേഖറിനെ ഉടന്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തും. സ്വര്‍ണക്കടത്ത് കേസ് അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരടക്കമുള്ളവരും വിജിലന്‍സ് നിരീക്ഷണത്തിലാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയാണ് രാധാകൃഷ്ണന്‍.