ലണ്ടൻ: ''അവളുടെ ബാങ്ക് കാർഡ് പോലും അവന്റെ നിയന്ത്രണത്തിലായിരുന്നു. ഞങ്ങളുടെ ആവശ്യത്തിന് എന്തെങ്കിലും തരണം എങ്കിൽ അവൻ കനിയണം. മർദ്ദനവും ശകാരവും ഒക്കെ സ്ഥിരം സംഭവം ആയിരുന്നു. സൗദിയിൽ ആയിരുന്നപ്പോൾ ഞാൻ കൂടി സാക്ഷിയായിരുന്നു. എല്ലാം അവൾ സഹിക്കുക ആയിരുന്നു. എങ്കിലും ആൽമഹത്യ ചെയ്യില്ലെന്നും എന്നോട് പറഞ്ഞിട്ടുണ്ട്. ഒന്നും അച്ഛൻ അറിയാതെ അവൾ സൂക്ഷിക്കുക ആയിരുന്നു.

''കഴിഞ്ഞ ദിവസം വൈക്കത്തെ വീട്ടിൽ മറുനാടൻ മലയാളി അടക്കമുള്ള മാധ്യമങ്ങളെ കാണുമ്പോൾ ഇടനെഞ്ചു കീറിയാണ് കേറ്ററിങ്ങിൽ കൊല്ലപ്പെട്ട അഞ്ജു അശോകിന്റെ 'അമ്മ ഈ വാക്കുകൾ പങ്കുവച്ചത്. മകളുടെയും മരുമകന്റെയും ജീവിതത്തിൽ എവിടെയോ താളപ്പിഴകൾ സംഭവിച്ചു എന്ന ആരോപണമാണ് ഇപ്പോൾ മുഖ്യമായും അഞ്ജുവിന്റെ വീട്ടുകാർ ഉയർത്തുന്നത്. സാജു പ്രതിയായി മാറിയതോടെ അയാളുടെ കുടുംബത്തിൽ നിന്നുള്ള പ്രതികരണം വ്യക്തമായിട്ടില്ല.

''പലപ്പോഴും അഞ്ജുവുമായി വഴക്കിടുമെന്നു അറിയാമായിരുന്നെങ്കിലും ഇത്തരം ക്രൂരതയിലേക്കു കാര്യങ്ങൾ നീങ്ങുമെന്ന് അറിഞ്ഞിരുന്നില്ല. കുട്ടികൾ യുകെയിൽ എത്തിയപ്പോൾ അതും അവനു ബുദ്ധിമുട്ടായി. ആഴ്ചകൾക്ക് മുൻപ് മൂത്ത കുട്ടിയെ സ്‌കൂളിൽ നിന്നും മടക്കി കൊണ്ടുവരുമ്പോൾ അവൻ ഓടാൻ ശ്രമിച്ചതിന് വഴക്കു പറയുകയും ഉപദ്രവിക്കാനും ശ്രമിച്ചിരുന്നു. ഇക്കാര്യം സാജു തന്നെയാണ് നാട്ടിൽ വിളിച്ചറിയിച്ചതും. പിന്നീട് കുട്ടിയുമായി അഞ്ജുവിന്റെ അമ്മ കൃഷ്ണമ്മ ഫോണിൽ സംസാരിച്ചപ്പോൾ അച്ഛൻ അകാരണമായി വഴക്കു പറയുകയും ഉപദ്രവിക്കുകയും ചെയ്യും എന്നാണ് ആറുവയസുകാരൻ ജീവ പറഞ്ഞിരുന്നത്.'' കൊച്ചുമക്കളെ കുറിച്ച് കൃഷ്ണമ്മ നിർത്താതെ പറയുകയാണ്.

ഉപദ്രവിക്കും എന്ന കാരണത്താൽ അച്ഛനെയും അമ്മയെയും ഇഷ്ടമല്ല, മുത്തച്ഛനേയും മുത്തശ്ശിയേയും ആണ് ഇഷ്ടം എന്നും ഇപ്പോൾ അച്ഛന്റെ കൈകൊണ്ടു പിടഞ്ഞു മരിച്ച ആ കുഞ്ഞു പറഞ്ഞിരുന്നു. ഇതോടെ കുഞ്ഞുങ്ങളെ കൂടി കൊല്ലാൻ എന്താണ് പ്രേരണ എന്നതിലേക്ക് കൂടി വിരൽ ചൂണ്ടുന്ന വെളിപ്പെടുത്തലാണ് പുറത്തു വരുന്നത്. ഭാര്യയെ വകവരുത്തിയതും കുഞ്ഞുങ്ങളെ കൊന്നതും പെട്ടെന്നുള്ള പ്രകോപനം മൂലമല്ല എന്ന സൂചനയും ലഭ്യമാണ്.

സാജു ഇതിൽ അധികം കാരണങ്ങൾ നോർത്താംപ്ടൺ പൊലീസുമായി പങ്കുവച്ചതായും സൂചനയുണ്ട്. എന്നാൽ നിയമപരമായ കാരണത്താൽ ഇപ്പോൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കുന്നതുമല്ല. നാളെ കസ്റ്റഡി കാലാവധി അവസാനിക്കും മുൻപേ പരമാവധി വിവരങ്ങൾ ശേഖരിക്കാൻ ഉള്ള ഒരുക്കത്തിലാണ് നോർത്താംപ്ടൺ പൊലീസ്. തുടക്കത്തിൽ തർജ്ജമ വിദഗ്ധരുടെ സഹായത്തോടെ നടന്ന ചോദ്യം ചെയ്യലിന് ശേഷം സാവധാനം സാജു മാനസിക നില വീണ്ടെടുത്തതോടെ പൊലീസിന്റെ ചോദ്യങ്ങൾക്ക് നേരിട്ടും മറുപടി നൽകി തുടങ്ങിയതായും സൂചന ലഭിക്കുന്നു.

അതിനിടെ ക്രൂര കൊലപാതകകം എന്ന നിലയിൽ ബ്രിട്ടനിലും ഇന്ത്യയിലും വലിയ മാധ്യമ ശ്രദ്ധ വന്നതോടെ മൃതദേഹങ്ങൾ നടപടിക്രമം പൂർത്തിയാക്കിയാൽ ഏറ്റവും വേഗത്തിൽ നാട്ടിൽ എത്തിക്കാൻ നടപടി സ്വീകരിക്കണം എന്നാണ് കേന്ദ്രസർക്കാർ ലണ്ടനിൽ ഇന്ത്യൻ എംബസിക്കു നൽകിയിരിക്കുന്ന നിർദ്ദേശം. ഇതോടെ എംബസിയും ഉണർന്നു പ്രവർത്തിക്കുകയാണ്. മൂന്നു പേരുടെയും മൃതദേഹം എത്തിക്കുന്നതിന്റെ ചെലവ് തേടി എംബസി തന്നെ ഫ്യൂണറൽ ഡിറക്ടറേസിനെ സമീപിച്ചിട്ടുണ്ട്. എംബസിയുടെ പൂർണ ഉത്തരവാദിത്തത്തിൽ ആയിരിക്കും മൃതദേഹം എത്തിക്കുക എന്ന് ഇന്നലെ കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്.

കുടുംബത്തെ അനുശോചനം അറിയിക്കാൻ ഫോണിൽ വിളിച്ച ശേഷമാണ് അദ്ദേഹം ഹൈ കമ്മിഷന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ സഹായം തേടി കുടുംബം സുരേഷ് ഗോപി എംപിയെയും സമീപിച്ചിരുന്നു. വീട്ടിൽ സന്ദർശനം നടത്തിയ കോട്ടയം എംപി തോമസ് ചാഴിക്കാടനും വേഗത്തിൽ ഉള്ള നടപടി ഉണ്ടാകണം എന്ന് അഭ്യർത്ഥിച്ചു ലണ്ടൻ ഹൈ കമ്മിഷന് കത്തയച്ചിരുന്നു.

യുകെയിൽ നിന്നും ലോക കേരള സഭ അംഗം അഡ്വ. ദിലീപ് കുമാർ നേരിട്ടും നോർക്കയിലും മുഖ്യമന്ത്രിയുടെ ഓഫിസിലും ബന്ധപെട്ടു കാര്യങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ സഹായം നൽകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതോടെ കനത്ത സമ്മർദ്ദത്തിലായ എംബസി ഉദ്യോഗസ്ഥർ ഹൈ കമ്മിഷരുടെ ഫസ്റ്റ് അറ്റാഷെയുടെ നേതൃത്വത്തിൽ ത്വരിതഗതിയിൽ ഉള്ള നീക്കങ്ങളാണ് നടത്തുന്നത്. കാര്യങ്ങളുടെ പുരോഗതി നെക്സ്റ്റ് ഓഫ് കിൻ ആയ കേറ്ററിങ് മലയാളി മനോജുമായി ബന്ധപ്പെട്ടും എംബസി അറിയിക്കുന്നുമുണ്ട്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ഫ്യൂണറൽ ഡിറക്ടർക്ക് വിട്ടു നൽകിയാൽ ഒരാഴ്ചക്കകം മൂന്നു പേരുടെയും സംസ്‌കാരത്തിനായി ഒരാഴ്ചയ്ക്കകം നാട്ടിൽ എത്തിക്കാനാകും എന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.

അതിനിടെ അഞ്ജുവിനൊപ്പം ജോലി ചെയ്തിരുന്ന സഹ പ്രവർത്തകർക്കു മെന്റൽ ട്രോമയിൽ നിന്നും വിടുതൽ ലഭിക്കണമെന്ന സഹായം വാഗ്ദാനം ചെയ്ത എൻഎച്ച്എസ് അധികൃതർ നാളെ കേറ്ററിങ് മലയാളി സമൂഹത്തിൽ നിന്നുള്ളവരെ കാണുമെന്നും വിവരമുണ്ട്. ഈ ഘട്ടത്തിൽ അഞ്ജുവിന്റെ നോമിനിയായി ഇപ്പോൾ രേഖകളിൽ ഉള്ള സാജുവിന്റെ പേര് നീക്കം ചെയ്ത് എൻഎച്ച്എസ് നൽകുന്ന ആനുകൂല്യങ്ങൾ അഞ്ജുവിന്റെ മാതാപിതാക്കൾക്ക് ലഭ്യമാക്കാനുള്ള സജ്ജീകരണം സ്വീകരിക്കണം എന്ന് ആവശ്യപ്പെടാൻ തയ്യാറെടുക്കുകയാണ് മലയാളി സമൂഹം. ഇക്കാര്യത്തിൽ എൻഎച്ച്എസിന് പൊലീസ് റിപ്പോർട്ട് അടക്കമുള്ള കാര്യങ്ങൾ സഹായകമാകും എന്നാണ് പ്രതീക്ഷ.

അതിനിടെ കേസിൽ സാജു ചെലവാലേൽ 52 പ്രതിയായി മൂന്നു പേരുടെയും കൊലപാതകത്തിൽ പൊലീസ് കുറ്റപത്രം തയ്യാറാക്കി. അഞ്ജു 35, ജീവ സാജു 6, ജാൻവി സാജു 4 എന്നിവരുടെ കൊലപാതകത്തിലാണ് സാജുവിനെ മാത്രം പ്രതിയാക്കി പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത്. ഇന്നലെ രാത്രിയാണ് കുറ്റപത്രം തയ്യാറായതായി നോർത്താംപ്ടൺ പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.