- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജീവന് ഹാനിയാകാത്ത ആചാരങ്ങളെയും ആഘോഷങ്ങളെയും ഒഴിവാക്കിയാലും കുത്തിയോട്ടവും ശൂലം കുത്തി കാവടിയും വില്ലിൽ തൂക്കവും മലബാറിലെ തീ തെയ്യങ്ങളും നിരോധിക്കേണ്ടി വരും; വിശ്വാസികൾ എതിരാകുമെന്ന് ഭയം; അന്ധവിശ്വാസ അനാചാര ബില്ല് വീണ്ടും ഫയലിൽ കുരുങ്ങും; ശബരിമലയിൽ കൈപൊള്ളിയ പിണറായി കരുതൽ എടുക്കുമ്പോൾ
തിരുവനന്തപുരം : വിശ്വാസ സമൂഹത്തിന്റെ എതിർപ്പ് ഭയന്ന് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമം കൊണ്ടുവരാനുള്ള സർക്കാർനീക്കം വീണ്ടും ഫയലിൽ കുരുങ്ങി. ഡിസംബറിൽ നടക്കുന്ന സഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കണമോയെന്ന കാര്യത്തിൽ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ മാത്രമേ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ, പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ ഇത്തരമൊരു ബില്ല് സഭയിൽ അവതരിപ്പിക്കാതെ ഭയക്കുന്നുവെന്ന വിമർശനം ഉയരാന് സാദ്ധ്യതയുള്ളതിനാൽ സഭയിൽ അവതരിപ്പിച്ചാലും ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാനാണ് സാദ്ധ്യത അങ്ങനെയെങ്കിൽ അത് അവിടെ കുരുങ്ങും അടുത്തിടെയൊന്നും നിയമമാകില്ല.
ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകൾ തിരിച്ചടിയായ പശ്ചാത്തലത്തിലാണ് വിഷയത്തിൽ സർക്കാർ കൂടൂതൽ ജാഗ്രത പാലിക്കുന്നത്. ജസ്റ്റിസ് കെ.ടി.തോമസ് ചെയർമാനായ നിയമ പരിഷ്കാര കമ്മിഷൻ തയാറാക്കിയ കരടു ബിൽ 3 വർഷമായിട്ടും സർക്കാർ നിയമമാക്കിയില്ല. ദി കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ 2019 ഒക്ടോബറിൽ സർക്കാരിനു സമർപ്പിച്ചെങ്കിലും നടപടിയെടുത്തില്ല. ഇലന്തൂരിലെ നരബലിക്ക് പിന്നാല കരടു ബിൽ ഇപ്പോൾ ആഭ്യന്തര വകുപ്പിൽ വകുപ്പിൽ നിന്ന് നിയമവകുപ്പിന്റെ സജീവ പരിഗണനയിലാണ്. ബിൽ പ്രകാരം നിയമമുണ്ടായാൽ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന ആചാരങ്ങളെ അത് പ്രതികൂലമായി ബാധിക്കും.
അതുമായി ബന്ധപ്പെട്ട് അനുകൂലമായും പ്രതികൂലമായും കേസുകളും പ്രതിഷേധങ്ങളും ഉണ്ടാവും. സർക്കാരിന് തലവേദനയുണ്ടാക്കുന്ന നിയമപ്രശ്നമായി അതു മാറുമെന്നും ആശങ്കയുണ്ട്. ആരാധനാലയങ്ങളിൽ നടക്കുന്ന, ജീവന് ഹാനിയാകാത്ത എല്ലാ ആചാരങ്ങളെയും ആഘോഷങ്ങളെയും നടപടികളിൽ നിന്ന് ഒഴിവാക്കിയാണ് ബിൽ തയ്യാറാക്കിയതെങ്കിലും ക്ഷേത്രങ്ങളിലെ കുത്തിയോട്ടം, ശൂലം കുത്തിയുള്ള കാവടി, വില്ലിൽ തൂക്കം, മലബാറിൽ തീയിൽ വീഴുന്ന തെയ്യങ്ങൾ അടക്കമുള്ള ആചാരങ്ങൾ വിലക്കേണ്ടിവരുമെന്നതാണ് നിയമ വകുപ്പിനെ കുഴയ്ക്കുന്നത്. സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷത്തെ തകർക്കുന്ന തരത്തിൽ വിഷയം മാറിയേക്കാമെന്നും ഭയമുണ്ട്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ആരെയെങ്കിലും കബളിപ്പിക്കുകയും ചെയ്യുന്നവർക്ക് ഒരു വർഷം മുതൽ 7 വർഷംവരെ തടവും 5000 മുതൽ 50,000 രൂപ വരെ പിഴയുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്ത ശിക്ഷ. ഒരാളുടെ അനുമതിയോടെ അനാചാരങ്ങൾ നടന്നാലും അതിനെ അനുമതിയായി കണക്കാക്കില്ല. അനാചാരത്തിനിടെ മരണം സംഭവിച്ചാൽ ഐപിസിയിൽ കൊലപാതകത്തിനു പറയുന്ന ശിക്ഷ (ഐപിസി 300) നൽകണം.
മന്ത്രവാദം, കൂടോത്രം, നഗ്നരാക്കി നടത്തിക്കൽ, പ്രേതബാധ ഒഴിപ്പിക്കൽ, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയൽ തുടങ്ങിയവ ശിക്ഷാർഹമാണ്. മന്ത്രവാദത്തിന്റെ പേരിൽ ലൈംഗികമായി പീഡിപ്പിക്കലും കടുത്ത കുറ്റമാണ്. ഓരോന്നിനുമുള്ള ശിക്ഷ കരടിൽ വിശദമാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ അന്ധവിശ്വാസത്തിന്റെ പേരിൽ യുവതിക്കു ഭർത്താവും ബന്ധുക്കളും ഭക്ഷണം നൽകാതെ 2019ൽ കൊലപ്പെടുത്തിയതും 2018 ൽ ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതും കേരളത്തെ ഞെട്ടിച്ചിരുന്നു. 2014ൽ ശാസ്ത്രസാഹിത്യ പരിഷത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇതു തടയാൻ നിർദ്ദേശം അടങ്ങിയ കരടു ബിൽ സമർപ്പിച്ചിരുന്നു. 2014ൽ അന്നത്തെ ഇന്റലിജൻസ് എഡിജിപി എ.ഹേമചന്ദ്രനും സർക്കാർ നിർദ്ദേശ പ്രകാരം കരടു ബിൽ തയാറാക്കി സമർപ്പിച്ചിരുന്നു. കേരള അന്ധവിശ്വാസം തടയൽ നിയമം എന്ന പേരിലാണ് 2014 ൽ കരടു ബിൽ തയാറാക്കിയത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് യു.ഡി.എഫ് എംഎൽഎയായിരുന്ന പി.ടി തോമസാണ് ഇതുമായി ബന്ധപ്പെട്ട സ്വകാര്യബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. അന്ന് മുഖ്യമന്ത്രിക്കു വേണ്ടി മറുപടി നൽകിയ മന്ത്രി എ.സി മൊയ്തീൻ ബില്ലിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്നാണ് ഔദ്യോഗികമായി ബില്ല് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. കരട് ബില്ല് സർക്കാരിന്റെ പരിഗണനയിലിരിക്കെ തന്നെ ഭരണപക്ഷ എംഎൽഎയായ 2021 ഓഗസ്റ്റിൽ നിയമസഭയിൽ കെ.ഡി.പ്രസേനൻ അന്ധവിശ്വാസം തടയാനായി സ്വകാര്യ ബിൽ (2021ലെ കേരള അന്ധവിശ്വാസ അനാചാര നിർമ്മാർജന ബിൽ) അവതരിപ്പിച്ചിരുന്നു.
അന്ധവിശ്വാസം തടയാനുള്ള ബില്ലിന്റെ കരടു സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും നിയമപരിഷ്കരണ കമ്മിഷന്റെ അഭിപ്രായം അറിഞ്ഞശേഷം നിയമനിർമ്മാണം നടത്തുമെന്നുമാണു മന്ത്രി കെ.രാധാകൃഷ്ണൻ മറുപടി പറഞ്ഞത്.അങ്ങനെയിരിക്കെയാണ് ഇലന്തൂരിലെ കൂട്ടനരബലി കേട്ട് കേരളം ഞെട്ടിയത്. അതോടെ നിയമം നടപ്പാക്കാൻ ഇങ്ങിയെങ്കിലും വിശ്വാസകൾക്ക് എതിരാകുമോ അങ്ങനയെങ്കിൽ ബിജെപിക്ക് ഉൾപ്പെടെ മുതെലുടുക്കാൻ അവസരമാകുമെന്നും സർക്കാർ ഭയക്കുന്നുണ്ട്. സൂക്ഷ്മതയോടെ മാത്രം നീങ്ങിയാൽ മതിയെന്ന നിർദ്ദേശം സിപിഎം നേതൃത്വവും നൽകിയതായാണ് വിവരം. അതേസമയം അയൽസംസ്ഥാനമായ കർണാടകയിൽ അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കിയിട്ട് രണ്ട് വർഷമാകുന്നു. ഏഴ് വർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് നിയമം അനുശാസിക്കുന്ന ശിക്ഷ.
ശാസ്ത്രത്തിന്റെ പിൻബലമില്ലാത്തതിനെയൊക്കെ അന്ധവിശ്വാസമെന്ന് കർണാടകയിലെ അന്ധവിശ്വാസ നിരോധന നിയമം നിർവചിക്കുന്നു. ആഭിചാര കൊലപാതകൾ കൂടിയതോടെ 2017 ൽ സിദ്ധരാമ്മയ സർക്കാർ ബില്ലിന് സഭയിൽ അംഗീകാരം നൽകി. വാസ്തു, ജ്യോതിഷം, വിശ്വാസത്തിന്റെ ഭാഗമായുള്ള തല മൊട്ടയടിക്കൽ,കാതുകുത്ത് വഴിപാടുകൾ തുടങ്ങിയവ ഒഴിവാക്കിയാണ് നിയമം. ഏഴ് വർഷം തടവും അമ്പതിനായിരം രൂപ പിഴയും.എന്നാൽ ബില്ല് സഭയിൽ പാസായിയിട്ടും കർണാടകയെ വീണ്ടും ദുരാചാര കൊലകൾ ഞെട്ടിച്ചു. ബെംഗ്ലൂരുവിന് സമീപം ഹൊസ്സൂരിൽ ദേവപ്രീതിക്കായി ആറ് വയസ്സുകാരിയെ അച്ഛൻ കിണറ്റിലെറിഞ്ഞ് കൊന്നത് 2019ലാണ്. നല്ല സമയവും ഭാഗ്യവും കൈവരാനായിരുന്നു ദാരുണമായ കൊലപാതകം.
ദുർമന്ത്രവാദിയുടെ വാക്ക് കേട്ട് ഇക്കഴിഞ്ഞ ജനുവരിയിലാണ് മൈസൂരുവിൽ പതിനഞ്ചുകാരനെ സുഹൃത്തുക്കൾ വെള്ളച്ചാട്ടത്തിൽ തള്ളിയിട്ട് കൊന്നത്. സഹോദരനടക്കം 15 പേരാണ് കേസിൽ അറസ്റ്റിലായത്. സൂര്യഗ്രഹണനേരത്തെ അന്ധവിശ്വാസം കാരണം കലബുറഗിയിൽ ഭിന്നശേഷിക്കാരായ മക്കളെ മാതാപിതാക്കൾ മണ്ണിൽ കുഴിച്ചിട്ട സംഭവമുണ്ടായി. ചെവിയിൽ പഞ്ഞി തിരുകി ഉടൽ മണ്ണിൽ താഴ്ത്തിയ മൂന്ന് വയസുകാരന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് അന്ന് കുട്ടികളെ രക്ഷിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്