- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും; ആര്യാടന്റെ മകനെ മത്സരിപ്പിക്കാന്‍ കെപിസിസിയില്‍ ധാരണ; മുസ്ലീം ലീഗും ഷൗക്കത്തിന് അനുകൂലം; അറിയേണ്ടത് ഡല്‍ഹി മനസ്സ് മാത്രം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം നയം വ്യക്തമാക്കാന്‍ സിപിഎം; വോട്ടു കൂട്ടാനുള്ള സ്ഥാനാര്‍ത്ഥിയെ ബിജെപിയും കളത്തില്‍ ഇറക്കും; എല്‍ഡിഎഫിനെതിരേ യുഡിഎഫിലെ ഏത് ചെകുത്താനും ജയിക്കുമെന്ന് അന്‍വറും
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണ. കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ അനുമതി കിട്ടിയാല്‍ പ്രഖ്യാപനമുണ്ടാകും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാരെന്ന് മനസ്സിലാക്കി സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. പിവി അന്‍വറിനോട് അടക്കം ആര്യാടനെ മത്സരിപ്പിക്കാനുള്ള ധാരണ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അന്‍വറും ആരായാലും പിന്തുണയ്ക്കുമെന്നാണ് ആറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഷൗക്കത്ത് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. എന്നാല്‍ ഹൈക്കമാണ്ട് തീരുമാനം അതിനിര്‍ണ്ണായകമാണ്. കെപിസിസി പുനസംഘടനയില്‍ അടക്കം ഡല്‍ഹി നേതൃത്വമാണ് തീരുമാനം എടുത്തത്. ആര്യാടന്‍ ഷൗക്കത്തിനൊപ്പം വിഎസ് ജോയിയേയും സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. നിലവില്‍ മലപ്പുറം ഡിസിസി അധ്യക്ഷനാണ് ജോയ്. ഇതു കൂടി പരഗണിച്ചാണ് ആര്യാടന്‍ ഷൗക്കത്തിന് മുന്തിയ പരിഗണന കെപിസിസി നല്‍കുന്നത്. അതിനിടെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ആരെ മത്സരിപ്പിച്ചാലും ജയിക്കുമെന്ന് നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി അന്‍വര്‍ പ്രതികരിച്ചു. എല്‍ഡിഎഫിനെതിരേ ഏത് ചെകുത്താന്‍ മത്സരിച്ചാലും ആരായാലും അയാള്‍ കേരളത്തിലെ ജനങ്ങളുടെ പ്രതിനിധിയാണെന്നും പിണറായിസത്തിനും മരുമോനിസത്തിനുമെതിരേയുള്ള പോരാട്ടമായിരിക്കുമെന്നും അന്‍വര്‍ പറഞ്ഞു. കോണ്‍ഗ്രസ് തീരുമാനം അന്‍വര്‍ അംഗീകരിക്കുമെന്നതിന്റെ സൂചനയാണ് ഇത്. വോട്ടുകൂട്ടാനുള്ള ശ്രമങ്ങള്‍ നിലമ്പൂരില്‍ ബിജെപിയും നടത്തും. അതിശക്തനായ സ്ഥാനാര്‍ത്ഥിയെ ബിജെപി മത്സരിപ്പിക്കുമെന്നാണ് സൂചന.
നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സുസജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫിന്റെ കൈയില്‍നിന്നും നഷ്ടപ്പെട്ട സീറ്റാണ് നിലമ്പൂര്‍ എന്നത് ബോധ്യമുണ്ടെന്നും വലിയ ഭൂരിപക്ഷത്തോടുകൂടി ഇത്തവണ ആ സീറ്റ് തിരിച്ചുപിടിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക എന്നതാണ് യുഡിഎഫിന്റെ രീതിയെന്നും ഇതില്‍ ഇത്തവണയും മാറ്റം വരില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. 'തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക എന്നതാണ് യുഡിഎഫിന്റെ രീതി. അതുകൊണ്ടുതന്നെ ഇത്തവണയും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുമായി സംസാരിക്കുക, എല്ലാ നേതാക്കളുമായും സംസാരിക്കുക എന്നീ കാര്യങ്ങള്‍ നടത്തേണ്ടതുണ്ട്. ഞാനും കെപിസിസി പ്രസിഡന്റും അത്തരം കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും,' വി.ഡി. സതീശന്‍ പറഞ്ഞു.
'സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഞങ്ങളുടെ തീരുമാനം എഐസിസിയെ അറിയിക്കും. അതില്‍ പിന്നീട് എല്ലാവരുമായും കൂടിയാലോചിക്കേണ്ടതും തീരുമാനം കൈക്കൊള്ളേണ്ടതും സംസ്ഥാന കമ്മിറ്റിയെ അറിയിക്കേണ്ടതും കോണ്‍ഗ്രസ് പ്രസിഡന്റാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് 10 മാസം മുമ്പ് നടക്കുന്ന ഒരു തിരഞ്ഞെടുപ്പ് എന്നതുകൊണ്ടുതന്നെ വളരെ ഗൗരവത്തോടെയാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. അവിടെ യുഡിഎഫ് ഉജ്ജ്വലമായ വിജയം നേടും, പ്രതിപക്ഷ നേതാവ് പറഞ്ഞു. 'പുതുതായി വന്ന 59 ബൂത്ത് കമ്മിറ്റികളടക്കം 263 ബൂത്ത് കമ്മിറ്റികള്‍ നിലവില്‍ വന്നു. എണ്ണായിരത്തിലധികം പുതിയ വോട്ടര്‍മാരെ പാര്‍ട്ടി നിലമ്പൂരില്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്. യുഡിഎഫിന്റെ എല്ലാ പാര്‍ട്ടികളുടേയും കണ്‍വെന്‍ഷനുകള്‍ കഴിഞ്ഞു. തിരഞ്ഞെടുപ്പ് എതുസമയത്ത് വന്നാലും നേരിടാന്‍ യുഡിഎഫ് പൂര്‍ണമായും തയ്യാറാണ്. കഴിഞ്ഞ തവണ യുഡിഎഫിന്റെ കൈയില്‍നിന്നും നഷ്ടപ്പെട്ട സീറ്റാണ് നിലമ്പൂര്‍. അത് ബോധ്യമുണ്ട്. വലിയ ഭൂരിപക്ഷത്തോടുകൂടി ഇത്തവണ ആ സീറ്റ് തിരിച്ചുപിടിക്കും,' വി.ഡി. സതീശന്‍ പറഞ്ഞു.
നിലമ്പൂരിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് മറുപടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും അന്‍വര്‍ പറഞ്ഞു. കോടികളുടെ വികസനം എന്നൊക്കെ സര്‍ക്കാര്‍ പറയുന്നു. നിലമ്പൂരില്‍ എഴുപത് ശതമാനം വനമാണ്. ഓരോ ദിവസവും വന്യജീവി ആക്രമണമാണ്. കൃഷി തകരുന്നു. ജീവിതം ദുസ്സഹമാകുന്നു. ഇതെല്ലാം വലിയ വിഷയങ്ങളാണ്. പ്രദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം കേരളം ചര്‍ച്ച ചെയ്യാന്‍ പോകുന്നത് കുടുംബാധിപത്യമാണ്, പിണറായിസമാണ്, മരുമോനിസമാണ്. ഒരു കുടുംബത്തിന്റെ കാല്‍ചുവട്ടില്‍ ഒരു പാര്‍ട്ടിയെ അടിച്ചിരുത്തിയിരിക്കുകയാണ്. ഇതെല്ലാം കേരളത്തിലെ തൊഴിലാളികളും പാവപ്പെട്ടവരും കണ്ടുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് യുഡിഎഫ് തീരുമാനിക്കുന്ന ഏത് സ്ഥാനാര്‍ഥിയ്ക്കും നിരുപാധിക പിന്തുണ നല്‍കും. ആരെ മത്സരിപ്പിക്കണമെന്ന് യുഡിഎഫിന് തന്നോട് ചോദിക്കേണ്ട ആവശ്യമില്ല. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള പോരാട്ടമല്ല. ജനങ്ങളും പിണറായിയും തമ്മിലുള്ള പോരാട്ടമാണ്. നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വലിയ ധാര്‍മിക ഉത്തരവാദിത്തമുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ അന്‍വര്‍ രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ ജനങ്ങളുമായി സോഷ്യല്‍ മീഡിയ റീലുകള്‍ കൊണ്ട് മാത്രം ഇടപെടുന്ന വ്യക്തിയാണ് റിയാസെന്നും അന്‍വര്‍ പറഞ്ഞു. 'ദേശീയ പാത തകര്‍ന്ന സംഭവം നോക്കൂ. പൊതുമരാമത്ത് മന്ത്രിയുടെ ധാര്‍മിക ഉത്തരവാദിത്തമാണ് ഈ പ്രതിസന്ധിയെ നേരിടുക എന്നത്. മൂക്കാതെ പഴുത്ത വ്യക്തിയാണ്. ചവിട്ട് പഴുപ്പിച്ചതാണ് എന്ന് പറയേണ്ടി വരും'- അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.