- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിണറിലെ വെള്ളത്തിന് കറുപ്പ് നിറം; കുടിവെള്ളം വിലയ്ക്കു വാങ്ങണം; ആസ്റ്റർ മിംസിൽ നിന്നും പുറന്തള്ളുന്ന മലിനജലത്താൽ പൊറുതിമുട്ടി പ്രദേശവാസികൾ; പ്രതിഷേധം ഉയർത്തിയിട്ടും കണ്ണടച്ച് അധികൃതർ; മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ദുരിതജീവിതം തുടർന്ന് ചെമ്പിലോട് പഞ്ചായത്തിലെ ജനങ്ങൾ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ചാലയിൽ പ്രവർത്തിക്കുന്ന ആസ്റ്റർ മിൻസിൽ നിന്ന് പുറം തള്ളുന്ന മലിനജലവും ദുർഗന്ധവും കാരണം ജീവിതം വഴിമുട്ടി മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചെമ്പിലോട് പഞ്ചായത്ത് നിവാസികൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടൽ ദിവസങ്ങൾക്ക് അകം പരിഹാരം കാണാൻ സാധിക്കുന്ന ഒരു പ്രശ്‌നത്തിന് പരിഹാരത്തിനായി നാട്ടുകാർ മൂന്നുവർഷത്തോളമായി കാത്തിരിക്കുകയാണ്.
കണ്ണൂർ ജില്ലയിലെ ചാലയിൽ ആസ്റ്റർ മിംസ് പ്രവർത്തനമാരംഭിച്ചിട്ട് ആറു വർഷത്തോളമായി. കണ്ണൂർ ജില്ലയിലെ ചെമ്പിലോട് പഞ്ചായത്തിലാണ് ആസ്റ്റർ മിംസ് പ്രവർത്തിക്കുന്നത്. കൃത്യമായി പറഞ്ഞാൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശമാണിത്.
ആസ്റ്റർ മിൻസിൽ നിന്ന് പുറം തള്ളുന്ന മലിനജലവും ദുർഗന്ധവും കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. ചാല പ്രദേശത്ത് ഇരുപതോളം വീട്ടുകാരാണ് ഈ മലിന ജലത്തിന്റെയും ദുർഗത്വത്തിന്റെയും പ്രശ്‌നം അനുഭവിക്കുന്നത്. പലയാവർത്തി അധികൃതരുടെ അടുത്ത് പരാതിപ്പെട്ടുവെങ്കിലും ഇതുവരെ ഈ മാലിന്യ പ്രശ്‌നത്തിന് കൃത്യമായ ഒരു പോംവഴി ആയിട്ടില്ല.
ആക്ഷൻ കമ്മിറ്റി ഉൾപ്പെടെ നാട്ടുകാർ രൂപീകരിച്ച് പ്രതിഷേധിച്ചു എങ്കിലും ഒരു മാറ്റവുമില്ല. എന്തെങ്കിലും പ്രതിഷേധം വന്നുകഴിഞ്ഞാൽ രണ്ട് ദിവസത്തേക്ക് ദുർഗന്ധം ഇല്ലാതാവും. പിന്നീട് വീണ്ടും പഴയ ഗതി തന്നെയാണ് തുടരുന്നത്. നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മിംസിനു മുന്നിൽ പലതവണ പ്രതിഷേധിച്ചു. പല മാധ്യമങ്ങളെയും ബന്ധപ്പെട്ടുവെങ്കിലും കൃത്യമായ വാർത്ത പോലും മാധ്യമങ്ങളിൽ വന്നില്ല. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ പത്രം ഇടുന്നത് നിർത്തി.
നാട്ടുകാർ പത്രം ഇടുന്നത് നിർത്തിയപ്പോൾ മാതൃഭൂമി പത്രത്തിൽ ചെറിയൊരു വാർത്ത മാത്രം വന്നു. ഇതുകണ്ട് നാട്ടുകാർ വീണ്ടും പത്രം ഇടാൻ ആരംഭിച്ചു. പിന്നീട് ഒരു വാർത്തയും വന്നില്ല. കൃത്യമായ രീതിയിലുള്ള മാലിന്യ പ്ലാന്റ് ഇല്ലാത്തതാണ് ഇതിനുള്ള കാരണം എന്ന് നാട്ടുകാർ പറയുന്നു. മാലിന്യ പ്ലാന്റ് ആക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല എങ്കിലും എന്തുകൊണ്ടാണ് മാലിന്യ പ്ലാന്റ് ആക്കാത്തത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
നാട്ടുകാരുടെ കൃഷിയിടവും കുടിവെള്ളവും മുട്ടിയിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ. തെളിനീര് പോലത്തെ വെള്ളമായിരുന്നു ആറു വർഷങ്ങൾക്കു മുമ്പിൽ ഈ പ്രദേശങ്ങളിലെ വീടുകളിൽ എങ്കിൽ ഇപ്പോൾ കാര്യങ്ങളൊക്കെ മാറി. വെള്ളത്തിന് നിറം കറുപ്പ് നിറം ആയിരിക്കുന്നു. കിണറ്റിലെ വെള്ളത്തിനു മുകളിൽ പാട പോലെ എന്തോ എല്ലാ ദിവസവും കാണാൻ കഴിയും. കുടിവെള്ളത്തിനായി ഈ വെള്ളം ഇപ്പോൾ ഉപയോഗിക്കാൻ പോലും കഴിയില്ല. ഫിൽട്ടർ ഉപയോഗിച്ച് വെള്ളം ഫിൽട്ടർ ചെയ്തും, പുറത്ത് പണം കൊടുത്തു വാങ്ങിയുമാണ് നാട്ടുകാരിൽ പലരും വെള്ളം കുടിക്കാനായി ഇപ്പോൾ ഉപയോഗിക്കുന്നത്.
മിംസിന് തൊട്ടപ്പുറത്തായി ബേബി മെമോറിയൽ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നുണ്ട് എങ്കിലും ഈ ഹോസ്പിറ്റൽ കാരണം നാട്ടുകാർക്ക് മാലിന്യ പ്രശ്‌നങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ല. ഇവിടെ കൃത്യമായ മാലിന്യ പ്ലാന്റ് ഉള്ളതാണ് ഇതിനുള്ള കാരണം. നാട്ടുകാർ മിംസിലെ മാലിന്യ പ്രശ്‌നത്തിനെതിരെ പ്രതിഷേധിക്കുമ്പോൾ ഏജന്റ്മാർ വന്ന് ഇവരുടെ സ്ഥലത്തിന് അഡ്വാൻസ് പറയും. ഇതിന് പിന്നിലും മിംസ് അധികൃതർ ആണ് എന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. ആരെങ്കിലും എതിർത്തു സംസാരിച്ചാൽ പണം നൽകി വശത്താക്കുമെന്നും നാട്ടുകാരിൽ ചിലർ ആരോപിക്കുന്നു.
കുട്ടികളും പ്രായമുള്ളവരും ഉൾപ്പെടെ താമസിക്കുന്ന പ്രദേശമാണിത്. മലിനജലം കൊണ്ട് പ്രദേശം മൊത്തം പൊറുതിമുട്ടിയതിനാൽ കൊതുകു മുട്ടയിടുന്നതും പ്രദേശത്ത് പതിവാണ്. കുട്ടികളുടെ കാലിലും ശരീരഭാഗത്തും കൊതുക് കടിച്ച പാടുകൾ വ്യക്തമായി കാണാൻ കഴിയും. പ്രായമുള്ള ആളുകൾക്ക് ശ്വാസകോശപരമായ ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ട്. ഇത്രയധികം പ്രശ്‌നങ്ങൾ നാട്ടുകാർ അനുഭവിക്കുമ്പോഴും എന്തുകൊണ്ടാണ് ഈ ഒരു പ്രശ്‌നത്തിൽ പരിഹാരം ആകാത്തത് എന്ന് നാട്ടുകാർക്ക് പോലും അറിയില്ല.
ഇതിനു മുൻപേ വെള്ളരി കൃഷിയും, ചീര കൃഷിയും, പയർ കൃഷിയും ഒക്കെ നടത്തിയ വയലിലാണ് ഇന്ന് ആർക്കും ഇറങ്ങാൻ പറ്റാത്ത അവസ്ഥ വന്നിരിക്കുന്നത്. നാട്ടുകാരിൽ ചിലർ പറയുന്നത് മാലിന്യം പ്രശ്‌നം പരിഹരിക്കാത്തത് നാട്ടുകാർ ഒഴിഞ്ഞുപോയി ആ സ്ഥലവും ആശുപത്രി അധികൃതർക്ക് കയ്യേറാൻ വേണ്ടിയിട്ടാണ് എന്നാണ്. പഞ്ചായത്ത് മെമ്പർ ഈ പ്രദേശത്ത് താമസം ഉണ്ടായിരുന്നു എങ്കിലും മാലിന്യപ്രശ്‌നം രൂക്ഷമായതിനാൽ മെമ്പർ സ്ഥലം വിട്ടു. ഇപ്പോൾ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.
മിംസിൽ നിന്ന് ഒഴുക്കിവിടുന്ന മലിനജലം ചെറുകൈവരിയായി ഒഴുകി തൊട്ടടുത്തുള്ള തോട്ടിൽ എത്തിച്ചേരുകയാണ് ചെയ്യുന്നത് ഇപ്പോൾ. അവിടെനിന്നും ഒഴുകി സമീപപ്രദേശതുള്ള കടലിൽ ചെന്നുചേരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലം ആണെന്നിരിക്കെ മുഖ്യമന്ത്രി വിചാരിച്ച് കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ പ്രശ്‌നത്തിന് പരിഹാരം ആക്കാൻ കഴിയും. മാലിന്യ പ്ലാന്റ് രൂപീകരിക്കുക എന്നത് മിംസ് അധികൃതരെ സംബന്ധിച്ചിടത്തോളം വലിയ കാര്യവുമല്ല. എന്നിട്ടും എന്തുകൊണ്ടാണ് പരിഹാരമാകാത്തത് എന്നാണ് നാട്ടുകാർ ചോദിക്കുന്ന ചോദ്യം. നാട്ടുകാരിൽ എല്ലാവരും ആശുപത്രി വേണ്ട എന്നല്ല പറയുന്നത് പകരം കൃത്യമായ മാലിന്യം സംസ്‌കരണം വേണമെന്ന് ആവശ്യമാണ് മുന്നോട്ടേക്ക് ഉന്നയിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്