പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡില്‍ മുന്‍ എംഎല്‍എയും ഇപ്പോള്‍ സിപിഎം പക്ഷത്തുള്ള കോണ്‍ഗ്രസ് നേതാവുമായ എവി ഗോപിനാഥ് കടുത്ത അമര്‍ഷത്തില്‍. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി സരിനെ കൊണ്ടു വന്നതില്‍ അടക്കം നിര്‍ണ്ണായക ഇടപെടല്‍ നടത്തിയത് ഗോപിനാഥാണ്. കരുണാകര വികാരം ആളക്കത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ തളയ്ക്കാനായിരുന്നു ഗോപിനാഥ് പദ്ധതി തയ്യാറാക്കിയത്. ഇതിനൊപ്പം കൈകൊടുക്കാതെ ഓടിയ ഷാഫി പറമ്പിലിന്റേയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടലുകളിലും ഗോപിനാഥ് പ്രതീക്ഷ കണ്ടു. സരിനെ എങ്ങനേയും മുന്നിലേക്ക് കൊണ്ടു വരാന്‍ പണിപ്പെടുന്നതിനിടെയാണ് പാലക്കാട്ടെ പതിരാ റെയ്ഡ്. ഇതോടെ എല്ലാം കൈവിട്ടുവെന്ന വിലയിരുത്തലിലാണ് ഗോപിനാഥ്. തൃശൂര്‍ പൂര അട്ടിമറിയുണ്ടാക്കിയ അതേ ഇഫക്ട് റെയ്ഡുണ്ടാക്കുമെന്ന് തന്നെയാണ് സരിനൊപ്പം ഉള്ളവരുടെ നിലപാട്.

കള്ളപ്പണം എത്തിച്ചതില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിട്ടുണ്ട്. ട്രോളി ബാഗില്‍ ഡിവൈഎഫ് ഐ പ്രത്യക്ഷ സമരത്തിലുമാണ്. അതേസമയം, ഷാഫി പറമ്പില്‍ പൊലീസിനു തെറ്റായ വിവരം നല്‍കി നാടകം കളിച്ചെന്നാണ് മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ഥി ഡോ.പി.സരിന്‍ ആരോപിച്ചത്. വിഷയത്തില്‍ ഇടതുപക്ഷത്തു തന്നെ ഏകാഭിപ്രായമില്ലെന്നും ഇതോടെ വ്യക്തമായി. കെപിഎം റീജന്‍സിയിലെ റെയ്ഡും വനിതാ നേതാക്കളെ ലക്ഷ്യമിട്ടുള്ള പരിശോധനയും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് തന്നെയാണ് എവി ഗോപിനാഥിന്റെ നിലപാടെന്നാണ് സൂചന. ബിജെപി-സിപിഎം ഡീല്‍ അടക്കം സജീവ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസിന് ഇതിലൂടെ കഴിയുകയും ചെയ്തു. ഡിവൈഎഫ് ഐയുടെ അഖിലന്ത്യാനേതാവ് എഎ റഹിമിന്റെ പ്രതികരണവും സ്ത്രീപക്ഷ ചിന്തയ്ക്ക് എതിരായിരുന്നു. ഇതെല്ലാം സരിന്റെ സാധ്യതകളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയനെ സാഹചര്യം എവി ഗോപിനാഥ് നേരിട്ട് അറിയിക്കും.

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മൂന്നാമതാണ് സിപിഎം. ഇവിടെയാണ് സരിനെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ് വോട്ടുകള്‍ അടക്കം പിടിച്ച് മുന്നേറ്റമുണ്ടാക്കാന്‍ എവി ഗോപിനാഥിന്റെ നേതൃത്വത്തില്‍ പദ്ധതികളൊരുക്കിയത്. ഇതിനിടെ കല്യാണ വീട്ടില്‍ വച്ച് സരിനും ഷാഫിയും രാഹുലും കണ്ടു മുട്ടി. എവി ഗോപിനാഥ് കോണ്‍ഗ്രസിനെ തള്ളി പറഞ്ഞ വ്യക്തിയാണ്. ഗോപിനാഥിനെ കെട്ടി പുണര്‍ന്ന ഷാഫിയും രാഹുലും സരിന്റെ കൈ കൊടുക്കലിനെ പുച്ഛിച്ചു തള്ളി. കൈ വിട്ടവര്‍ക്ക് കൈ കൊടുക്കില്ലെന്ന് പറഞ്ഞു വച്ചു. കോണ്‍ഗ്രസ് വിട്ട ഗോപിനാഥിനെ കെട്ടിപുണര്‍ന്നവരുടെ ഈ നിലപാട് ചര്‍ച്ചയാക്കി സരിന് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പ്രത്യേകിച്ച് കരുണാകരനെ സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ തരംഗമുണ്ടാക്കാനായിരുന്നു ശ്രമം. എന്നാല്‍ ഷാനിമോള്‍ ഉസ്മാനേയും ബിന്ദു കൃഷ്ണയേയും കുടുക്കാന്‍ നടത്തിയ പാതിരാ നാടകത്തോടെ അത് പൊളിഞ്ഞു. കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി. പോലീസിന്റെ നാടകം സിസിടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്തു വിട്ടതോടെ കൂടുതല്‍ തെളിഞ്ഞു. പോലീസ് പിടിച്ചെടുത്ത ദൃശ്യങ്ങളാണ് സിപിഎം പുറത്തു വിട്ടത്.

പൊലീസും ജില്ലാ ഭരണകൂടവും നല്‍കുന്ന വിശദീകരണത്തിലും വൈരുധ്യമുണ്ട്. കള്ളപ്പണം കണ്ടെത്താന്‍ കലക്ടറുടെ നേതൃത്വത്തില്‍ 57 സ്‌ക്വാഡുകള്‍ രാപകല്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അവരെയെല്ലാം മറികടന്ന് നഗരത്തിലെ ഹോട്ടലില്‍ പൊലീസ് പരിശോധനയ്‌ക്കെത്തിയത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, സിപിഎം നേതാവും മാധ്യമപ്രവര്‍ത്തകനുമായ എം.വി. നികേഷ്‌കുമാര്‍ എന്നിവരുടെ മുറികളും പൊലീസ് പരിശോധിച്ചതായാണ് ഇടതുനേതാക്കളുടെ വിശദീകരണം. എന്നാല്‍ ഫെനി കൊണ്ടു വന്നുവെന്ന് ആരോപിക്കുന്ന കള്ളപ്പണം കണ്ടെത്താന്‍ എന്തിനാണ് ടിവി രാജേഷിന്റേയും നികേഷിന്റേയും മുറികള്‍ പരിശോധിച്ചതെന്ന ചോദ്യവും പ്രസക്തമായി നില്‍ക്കുന്നത് സിപിഎമ്മിന് തിരിച്ചടിയാണ്. വിവേകമില്ലാത്ത പ്രവര്‍ത്തികളാണ് നടന്നതെന്ന് എവി ഗോപിനാഥും കൂട്ടരും വിലയിരുത്തുന്നത് ഈ സാഹചര്യത്തിലാണ്. പെരിങ്ങോട്ട്കുറിശ്ശിയിലെ എല്ലാമെല്ലാമായ ഗോപിനാഥ് എന്ന നേതാവിന് പതിരാ റെയ്ഡിലെ ഒരു നടപടിയേയും അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ചൊവ്വാഴ്ച രാത്രി പാലക്കാട്ടെ ഹോട്ടലില്‍ നടന്ന പരിശോധന എന്തിനുവേണ്ടിയാണെന്നതില്‍ വ്യക്തത വരുത്താതെ പോലീസും വിവാദത്തിന് രാഷ്ട്രീയ നിറം നല്ഡകി. പാലക്കാട് ഡിവൈ.എസ്.പി.യുടെ ചുമതലയുള്ള എ.എസ്.പി. അശ്വതി ജിജിയും ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദും മാധ്യമങ്ങളോടു നടത്തിയ വിശദീകരണങ്ങളിലെ വ്യത്യാസം ചര്‍ച്ചയായി. നടന്നത് പതിവുപരിശോധന മാത്രമാണെന്നും മറ്റിടങ്ങളിലും മുന്‍ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നുവെന്നുമാണ് ചൊവ്വാഴ്ച രാത്രി എ.എസ്.പി. മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍, വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയാണെന്നാണ് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ബുധനാഴ്ച രാവിലെ മാധ്യമങ്ങളോടു പറഞ്ഞത്. പാലക്കാട്ടെ പത്തോളം ഹോട്ടലുകളില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രചാരണത്തിനെത്തുന്ന നേതാക്കള്‍ക്ക് താമസിക്കാന്‍ മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. എവിടെയെല്ലാം പരിശോധന നടത്തിയെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

മൂന്ന് നിലകളിലായി 42 മുറികളാണ് പാലക്കാട് റോബിന്‍സണ്‍ റോഡിലുള്ള കെ.പി.എം. റീജന്‍സിയിലുള്ളത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കായി നേരത്തെ ബുക്ക് ചെയ്തിരുന്ന ആറ് മുറികളിലാണ് ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്നത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് ഫ്‌ലാറ്റിലേക്ക് താമസം മാറ്റുംമുമ്പ് ഇവിടത്തെ രണ്ട് മുറികളിലായാണ് താമസിച്ചിരുന്നത്. ഇവിടെനിന്ന് രാഹുലിന്റെ മുഴുവന്‍ സാധനങ്ങളും മാറ്റിയിട്ടില്ലെന്നാണ് സൂചന. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിക്കുള്‍പ്പെടെ അഞ്ച് മുറികള്‍ സി.പി.എം. ബുക്ക് ചെയ്തിരുന്നു. കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ ചൊവ്വാഴ്ച രാത്രി അവര്‍ ഇവിടെയില്ലായിരുന്നു. മറ്റു മുറികളിലായാണ് മുന്‍ എം.എല്‍.എ. ടി.വി. രാജേഷ്, എം. വിജിന്‍ എം.എല്‍.എ. എന്നിവരുള്‍പ്പെടെ താമസിക്കുന്നത്. ബി.ജെ.പി. നേതാക്കള്‍ക്കായി നാല് മുറികളും ഇവിടെ ബുക്ക് ചെയ്തിട്ടുണ്ട്.

രാത്രി പതിനൊന്നേകാലോടെയാണ് പോലീസ് സംഘം ഹോട്ടലിലെത്തുന്നത്. ഇവിടെ താമസിക്കുന്നവരുടെ പട്ടികയുള്‍പ്പെടെ ആവശ്യപ്പെട്ടാണ് സംഘമെത്തിയത്. കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ മുട്ടിയിട്ട് തുറക്കുന്നില്ലെന്ന വാര്‍ത്തകള്‍ വന്നുതുടങ്ങുമ്പോഴേക്കും സി.പി.എം., ബി.ജെ.പി. പ്രവര്‍ത്തകരടങ്ങുന്ന സംഘം ഹോട്ടലിലെത്തിയിരുന്നു. ഇവര്‍ ഹോട്ടല്‍ കെട്ടിടത്തിനകത്തേക്കെത്തി. ഉന്തിലും തള്ളിലും സ്ഥാപനത്തിന്റെ റിസപ്ഷനിലുള്‍പ്പെടെ രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. പതിനൊന്നേകാലോടെ പോലീസ് പരിശോധന ആരംഭിച്ചെങ്കിലും പന്ത്രണ്ടരയോടെയാണ് പാലക്കാട് മണ്ഡലത്തിലെ വരണാധികാരിയായ ആര്‍.ഡി.ഒ. എസ്. ശ്രീജിത്തും എ.ഡി.എം. പി. സുരേഷ് കുമാറും സ്ഥലത്തെത്തുന്നത്. മുഖ്യ തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥകൂടിയായ കളക്ടറുടെ നിര്‍ദേശമനുസരിച്ചായിരുന്നു ഇതെന്നും പോലീസ് പരിശോധനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതികള്‍ ആവശ്യമില്ലെന്നും വരണാധികാരി പ്രതികരിച്ചത് സിപിഎമ്മിന് ആശ്വാസമാണ്.