പത്തനംതിട്ട: വെട്ടൂർ ആയിരവില്ലൻ ക്ഷേത്രഉപദേശക സമിതി പ്രസിഡന്റും ഹോളോബ്രിക്സ് നിർമ്മാണ യൂണിറ്റ് ഉടമയുമായ മലയാലപ്പുഴ വെട്ടൂർ മുട്ടുമൺ ചാങ്ങയിൽ ബാബുക്കുട്ടൻ എന്നു വിളിക്കുന്ന അജേഷ് കുമാറി (38) നെ തട്ടിക്കൊണ്ടു പോയത് കോഴിക്കോട്ട് നിന്നുള്ള ക്വട്ടേഷൻ സംഘമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. ബാബുക്കുട്ടന്റെ മുൻ കാമുകിയുടെ ഭർത്താവായ ഗോവൻ വ്യവസായി ആണ് ക്വട്ടേഷന് പിന്നിലെന്ന് സൂചന കിട്ടി. വിവരം യുവതിക്ക് അറിവുണ്ടായിരുന്നില്ലെന്നും പറയുന്നു.

യുവതിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ബാബുക്കുട്ടന്റെ ഫോണിലുള്ളത് കൈക്കലാക്കാനുള്ള ശ്രമമാണ് ക്വട്ടേഷൻ സംഘം നടത്തിയത്. ഗുരുതരമായ പരുക്കുകളോടെ ഇയാൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.50 ന് മലപ്പുറം രജിസ്ട്രേഷൻ ഇന്നോവ കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയത്.

ബഹളം കേട്ടെത്തിയ നാട്ടുകാർ വാഹനത്തിന്റെ പിന്നിലെ ചില്ല് എറിഞ്ഞു തകർത്തു. പൊലീസ് വിവിധ ജില്ലകളിലേക്ക് അലെർട്ട് നൽകി അന്വേഷണം വ്യാപിപ്പിക്കുകയും വാഹന പരിശോധന ശക്തമാക്കുകയും ചെയ്തതോടെ ക്വട്ടേഷൻ സംഘം ബാബുക്കുട്ടനെ എർട്ടിഗ കാറിലേക്ക് മാറ്റി യാത്ര തുടർന്നു. ഇതിനിടെ ക്രൂരമായി മർദിക്കുകയും ചെയ്തു.

മുൻകാമുകിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ ഇയാളുടെ കൈവശമുണ്ടെന്നും ഫോൺ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദനം. ചിത്രങ്ങൾ ഉപയോഗിച്ച് യുവതിയെ ബ്ലാക്മെയിൽ ചെയ്യാൻ ഇയാൾ ശ്രമിച്ചിരുന്നുവത്രേ. യുവതി വിവരം ഭർത്താവിനെ അറിയിച്ചപ്പോൾ ചിത്രങ്ങൾ പിടിച്ചെടുക്കാൻ കോഴിക്കോട്ടുള്ള ക്വട്ടേഷൻ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നാണ് സൂചന. വെട്ടൂരിലെ വീട്ടിലെത്തി വിളിച്ചിറക്കുമ്പോൾ ഫോൺ ഇയാളുടെ കൈവശം കാണുമെന്നായിരുന്നു സംഘം ധരിച്ചിരുന്നത്. കൊണ്ടു പോകുന്ന വഴിക്കാണ് ഫോൺ വീട്ടിൽ തന്നെയാണ് ഉള്ളതെന്ന് അറിഞ്ഞത്.

ഇതിനിടെ ഫോൺ ആവശ്യപ്പെട്ട് സംഘത്തിലൊരാൾ ബാബുക്കുട്ടന്റെ മാതാവിനെ വിളിച്ചു. വിളിയുടെ ഉറവിടം പിന്തുടർന്ന് പൊലീസ്, ക്വട്ടേഷൻ സംഘത്തിന്റെ പിന്നാലെ കൂടി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ഡിവൈ.എസ്‌പി എസ്. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ പഴുതടച്ച അന്വേഷണമാണ് നടന്നത്. തങ്ങൾ വലയിലാകുമെന്ന് കണ്ടതോടെ ക്വട്ടേഷൻ സംഘം യുവാവിനെ ഉപേക്ഷിക്കാൻ തയാറായി. ഇതിനോടകം മണ്ണുത്തിയിൽ എത്തിയ ഇവർ തിരികെ വന്ന് തൃശൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ ബാബുക്കുട്ടനെ ഇറക്കി വിട്ടു.

അവിടെ നിന്ന് ഒരു ടാക്സി വിളിച്ച് ഇയാൾ നാട്ടിലേക്ക് തിരിച്ചു. ഈ വിവരം അറിഞ്ഞ് എറണാകുളം റൂറൽ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വരുന്ന വഴി കാലടി പൊലീസ് ബാബുക്കുട്ടനെ സുരക്ഷിതമായി സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് ഡിവൈ.എസ്‌പി ഓഫീസിലെ പൊലീസുകാർ എത്തി ഇന്നലെ പുലർച്ചെ പത്തനംതിട്ടയിൽ കൊണ്ടു വന്നു. മർദനമേറ്റ് അവശനിലയിലായ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി ചികിൽസ നൽകി.

ക്വട്ടേഷൻ ആക്രമണത്തിൽ ഭയന്നു പോയ യുവാവ് ആദ്യം നടന്ന കാര്യങ്ങൾ പറയാൻ ഒരുക്കമല്ലായിരുന്നു. തനിക്ക് പരാതിയില്ലെന്നാണ് പറഞ്ഞത്. പിന്നീട് ഇയാൾക്ക് കൗൺസലിങ് നൽകിയതോടെയാണ് കാര്യങ്ങൾ തുറന്നു പറയാൻ തയാറായത്. മലയാലപ്പുഴ പൊലീസ് തട്ടിക്കൊണ്ടു പോകലിന് രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് വധശ്രമം കൂടി ഉൾപ്പെടുത്തി. ക്വട്ടേഷൻ സംഘത്തെ സംബന്ധിച്ച് സൂചനകൾ ലഭിച്ചതായി ഡിവൈ.എസ്‌പി പറഞ്ഞു.

മലയാലപ്പുഴ പൊലീസ് ഇൻസ്പെക്ടർ കെ.എസ്. വിജയൻ, എസ്‌ഐമാരായ ടി. അനീഷ്, ഷെമിമോൾ, പത്തനംതിട്ട എസ്‌ഐ ജിനു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ, സുധീഷ്, സി.പി.ഓമാരായ സുകേഷ്, ജയകൃഷ്ണൻ, സജിൻ, ഉമേഷ്‌കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.