പത്തനംതിട്ട: ഇപ്പോൾ എല്ലാം ഭഗവൽ സിങാണ്. ആരെ കണ്ടാലും ഭഗവൽ സിങ് ആക്കി മാറ്റി സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം കൊഴുക്കുന്നു. ഇങ്ങനെ ഭഗവൽ സിങാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന ഒരു ഫോട്ടോയിലുള്ളത് ഇതേ നാട്ടുകാരൻ തന്നെയായ അദ്ധ്യാപകനാണ്. സൈബർ സംഘികളും കൊങ്ങികളും ആഘോഷിക്കുന്ന ഫോട്ടോയ്ക്കെതിരേ അദ്ദേഹത്തിന്റെ മകൻ രംഗത്ത് വന്നു. സത്യം തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് പിന്തുണയുമായി മുൻ യുവമോർച്ചാ നേതാവായ അദ്ധ്യാപകനും രംഗത്തുണ്ട്.

അതേ സമയം, അദ്ദേഹത്തിന്റെ വലതു വശത്തായി നിൽക്കുന്ന കൊടുംക്രിമിനൽ ലൈലയെ ആരും തിരിച്ചറിഞ്ഞതുമില്ല. ട്രോളിൽ പരാമർശ വിഷയവുമല്ല. കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് സിപിഎം ഇലന്തൂർ ലോക്കൽ കമ്മറ്റി നയിക്കുന്ന റാലിയുടെ മുൻനിരയിൽ നിൽക്കുന്ന ചുവന്ന ഷർട്ടിട്ട കണ്ണാടി വച്ചയാളെയാണ് ഭഗവൽ സിങ് എന്ന് പറഞ്ഞ് സോഷ്യൽ മീഡിയിൽ ട്രോളുന്നത്. യഥാർഥത്തിൽ ഇത് ഇടപ്പരിയാരം എസ്എൻഡിപിഎച്ച്എസ്എസ് അദ്ധ്യാപകനായ പ്രസന്നനാണ്. ഇദ്ദേഹം കെഎസ്ടിഎ സംസ്ഥാന കമ്മറ്റി അംഗമാണ്.

റാലിയുടെ മുൻ നിരയിൽ ബാനർ പിടിച്ചു നിൽക്കുന്നത് രണ്ടും ഇലന്തൂർ പഞ്ചായത്തിലെ സിപിഎം അംഗങ്ങളാണ്. പ്രസന്നന്റെ തൊട്ടുവലത്തായി നിൽക്കുന്നത് ലൈലയാണ്. അതിനോട് ചേർന്ന് കെഎസ്ടിഎ കോഴഞ്ചേരി സബ് കമ്മറ്റി നേതാവുമായി ബിജുവും. ഈ ഫോട്ടോയിലെ ലൈലയെ ആരും തിരിച്ചറിഞ്ഞില്ല. എന്നാൽ ചിത്രം ഭഗവൽ സിങിന്റെ പേരിൽ വൈറലാകുകയും ചെയ്തു.

സെബറിടങ്ങളിൽ പ്രസന്നനെ ഭഗവൽ സിങ്ങാക്കി മാറ്റി. അടുത്തു നിൽക്കുന്ന ലൈലയെ പരാമർശിച്ചുമില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് ഈ പ്രചാരണം ആരംഭിച്ചത്. ഇത് ഭഗവൽ സിങ് അല്ലെന്നും വ്യാജ പ്രചാരണം പിൻവലിക്കണമെന്നും പ്രസന്നന്റെ മകൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ആരും ചെവിക്കൊണ്ടില്ല. ഇലന്തൂരിൽ തന്നെയുള്ള, ഇദ്ദേഹത്തെ അറിയാവുന്നവർ പോലും ചിത്രം പ്രചരിപ്പിക്കുകയാണ് ചെയ്തത്.

നരബലി പ്രതികളുടെ സിപിഎം ബന്ധം സ്ഥാപിക്കാൻ വേണ്ടിയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ, അതിൽ ഏറ്റവും പ്രധാനപ്പെട്ട ലൈലയെ ഒഴിവാക്കി മറ്റൊരാളെ ഭഗവൽ സിങാക്കി ചിത്രീകരിച്ചത് വ്യക്തി വിരോധം തീർക്കലാണെന്ന് രണ്ട് അഭിപ്രായം ഉയരുന്നു. മുൻ യുവമോർച്ചാ മുൻ  നേതാവും അദ്ധ്യാപകനുമായ ജ്യോതിസ് എസ്. പിള്ള (ഉണ്ണി മാധവം) ഇതിനെതിരേ ഫേസ്‌ബുക്കിൽ കുറിപ്പിട്ടു.

അതിങ്ങനെ:

ഇന്നലെ തൊട്ടേ പലരോടും പറഞ്ഞും കമന്റും ചെയ്ത് മടുത്തതാണ് ഈ ചിത്രത്തിൽ ഭഗവൽ സിങ് ഇല്ലെന്നുള്ളതും ചിത്രത്തിൽ കാണുന്നത് അദ്ധ്യാപകനും കെഎസ്ടിഎ നേതാവുമായ പ്രസന്നൻ സാർ ആണെന്നുള്ളതും. ഭഗവൽ സിങ് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമാണ്. ഇനി അതിനും മുകളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അതും ആയിരിക്കും. പക്ഷേ, അറിഞ്ഞു കൊണ്ട് ഒരാളെ അപഹസിക്കുന്നതിനോട് യോജിക്കാൻ കഴിയില്ല.