പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിവാദ കാലത്ത് സിപിഎമ്മിന് വേണ്ടി നവോഥാന മതിലുകെട്ടാൻ ആളെക്കൂട്ടിയത് ലൈലയും ഭഗവൽ സിങും ചേർന്നായിരുന്നുവെന്ന് ബന്ധുക്കൾ. വിശ്വാസികളായ തങ്ങളെ നേരിട്ടും ഫേസ്‌ബുക്കിലൂടെയും കളിയാക്കാനും അധിക്ഷേപിക്കാനും ഭഗവൽ സിങിന് മടിയേതുമില്ലായിരുന്നുവെന്നും വെളിപ്പെടുത്തൽ. ഇലന്തൂരിൽ സിപിഎം ഏതു പരിപാടി സംഘടിപ്പിച്ചാലും അതിന്റെ നേതൃത്വം ഭഗവൽ സിങിനായിരുന്നു. മുൻ നിരയിൽ തന്നെ ലൈലയെയും കൂട്ടി ഇയാൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ശബരിമല വിവാദകാലത്ത് നവോഥാന മതിലു കെട്ടാൻ സ്ത്രീകളെയായിരുന്നു ആവശ്യം. അതിനായി വനിതകളെ കൊണ്ടുവരാൻ വീടു തോറും കയറിയിറങ്ങി പ്രചാരണം നടത്തിയത് ലൈലയായിരുന്നു. ഇലന്തൂർ ഗ്രാമം വിശ്വാസികൾക്കും ബിജെപിക്കും വേരോട്ടമുള്ളതാണ്. ഇവിടെ നിന്ന് നവോഥാന മതിലിന് ആളെക്കൂട്ടുക എന്നത് സിപിഎമ്മിന് സംബന്ധിച്ച് അഭിമാന പോരാട്ടം തന്നെയായിരുന്നു. അതിന് വേണ്ടി 'നരബലി ദമ്പതികൾ' കൈമെയ് മറന്നു പോരാടി. പാർട്ടിയുടെ താത്വികാചാര്യനായി നിരീശ്വരവാദം പ്രസംഗിച്ചു നടന്ന വൈദ്യൻ എങ്ങനെ നരബലിക്ക് കാർമികനായി എന്നത് ബന്ധുക്കൾക്ക് ഇനിയും മനസിലായിട്ടില്ല.

ഭഗവൽസിങ് മദ്യത്തിനും മറ്റ് ലഹരി മരുന്നുകൾക്കും അടിമയായിരുന്നു. മുഴുവൻ സമയവും ഇയാൾ ലഹരിയുടെ പുറത്തായിരുന്നുവെന്ന് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഒരു മയങ്ങിയ അവസ്ഥയിലാണ് നടന്നിരുന്നത്. സംസാരവും മദ്യപന്റേത് പോലെയായിരുന്നു. കടുത്ത മദ്യപാനിയായിരുന്ന ഇയാൾ കഞ്ചാവിലേക്കും അരിഷ്ടത്തിലേക്കും വഴിമാറിയെന്ന സംശയവും ഉണ്ട്. ലൈലയും ഷാഫിയും ചേർന്ന് ഇയാളെ ലഹരിക്ക് അടിമയാക്കിയിട്ടാണ് ഈ ക്രൂരകൃത്യം മുഴുവൻ നടത്തിയതെന്നും ബന്ധുക്കൾ അനുമാനിക്കുന്നു.

ഭിന്ന രാഷ്ട്രീയ കാഴ്ചപ്പാടുണ്ടായിരുന്നുവെങ്കിലും കുടുംബ സ്നേഹിയായിരുന്നു വൈദ്യൻ. മിക്ക ബന്ധുവീടുകളിലും ഇവർ സന്ദർശനം നടത്തിയിരുന്നു. ബിജെപി അനുഭാവികളും ബന്ധുക്കളുമായ വിശ്വാസികളോട് തർക്കത്തിനും വൈദ്യൻ തയാറായിരുന്നു. ധാരാളം ഭൂസ്വത്തും വൈദ്യ ചികിൽസയിലൂടെ ലഭിക്കുന്ന പണവുമുള്ള വൈദ്യന് യാതൊരു സാമ്പത്തിക ബുദ്ധിമുട്ടുകളും ഉള്ളതായി ബന്ധുക്കൾക്ക് അറിയില്ല. ഇയാളുടെ മകനും മകളും വിദേശത്താണ്. നല്ല സാമ്പത്തിക അടിത്തറ ഇരുവർക്കുമുണ്ട്. പിന്നെ എന്തിനാണ് ഇത്തരമൊരു ക്രൂരകൃത്യമെന്ന ചോദ്യത്തിനാണ് ഇനി വ്യക്തമായ മറുപടി ലഭിക്കേണ്ടത്.

ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടന്നതായി പ്രതികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. പെൺവാണിഭ സംഘത്തിന്റെ ഭാഗമായ ഷാഫിയുടെ നേതൃത്വത്തിലായിരുന്നു ഇടപാടുകളും സ്ത്രീകളെ എത്തിച്ചതും. കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അതേസമയം, നടപടികളോട് മുഹമ്മദ് ഷാഫി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ആയുർവേദ ചികിത്സയുടെ ഭാഗമായി ആയിരുന്നു ഇലന്തൂരിലെ വീട്ടിലെ അനാശാസ്യ പ്രവർത്തനങ്ങളുമെന്നാണ് മൊഴി. ഈ ലക്ഷ്യത്തിനെത്തുന്ന ഇടപാടുകാർക്ക് സ്ത്രീകളെ ഉൾപ്പെടെ എത്തിച്ചുകൊടുത്തിരുന്നത് ഷാഫിയാണെന്നാണ് പൊലീസിനു ലഭിച്ച വിവരം.

കസ്റ്റഡിയിൽ മൂന്നുപേരുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ഒരുമിച്ചിരുത്തി എട്ടു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം അർധരാത്രിയോടെ മൂവരെയും മൂന്നിടത്തേക്കു മാറ്റി. ഭഗവൽ സിങ്ങിനെ മുളവുകാട് സ്റ്റേഷനിലേക്കും ലൈലയെ വനിതാ സ്റ്റേഷനിലേക്കും മാറ്റി. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം നൽകാതെ ഷാഫി ഒഴിഞ്ഞുമാറുന്നത് തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എഡിജിപിയുടെ നിർദ്ദേശപ്രകാരം കർമപദ്ധതി തയാറാക്കിയാണ് അന്വേഷണ സംഘത്തിന്റെ പ്രവർത്തനം. ഫൊറൻസിക്, സൈബർ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്.

ആദ്യഘട്ട ചോദ്യംചെയ്യലിനുശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ഇലന്തൂരിൽ നടത്തുന്ന തെളിവെടുപ്പിലൂടെ മാംസം ഭക്ഷിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്. തിരോധാന കേസുകൾക്കു പുറമേ, ഷാഫിയുടെ പൂർവകാല കേസുകളിലും അന്വേഷണം നടത്താൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.