തിരുവനന്തപുരം: 2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങിൽ നടൻ ഭീമൻ രഘുവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച.

പുരസ്‌കാര ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവൻ സമയവും എഴുന്നേറ്റ് നിന്ന് കേൾക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പിണറായി വിജയൻ പ്രസംഗിച്ച 15 മിനുട്ടും ഭാവ ഭേദങ്ങളില്ലാതെ ഒറ്റനിൽപ്പ്. നിൽപ്പിന്റെ കാരണം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നായിരുന്നു ഭീമൻ രഘുവിന്റെ മറുപടി.

ഭീമൻ രഘു മാറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ:

എഴുന്നറ്റു നിന്നത് എന്റെ സംസ്‌ക്കാരമാണ്. കാരണം പ്രായമായൊരു വ്യക്തിയെന്ന നിലയിലും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലുമാണ് ഞാൻ ബഹുമാനപൂർവ്വം എഴുന്നേറ്റു നിന്നത്. എന്റെ അച്ഛനും അമ്മയും പഠിപ്പിച്ച രീതിയാണ് ഇതെല്ലാം. അദ്ദേഹത്തിനെ കണ്ടപ്പോൾ എഴുന്നേൽക്കണമെന്നു തോന്നി എഴുന്നേറ്റു അത്രമാത്രം. എനിക്കു ഒരു അതിഥി പോകുന്നതു വരെ ബഹുമാനമാണ്. അദ്ദേഹം പോകുന്നതു വരെ ഞാൻ എഴുന്നേറ്റു നിൽക്കും. അതിഥി വന്ന ഉടനെ എഴുന്നേറ്റു പോകാൻ മാത്രം മുഖ്യമന്ത്രി അത്തരത്തിലുള്ള ഒരാളല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് അവിടെ നിൽക്കുന്നത്.

ട്രോളുകൾ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ട്രാളുന്നത് അവരുടെ ഇഷ്ടമാണ്. ഞാൻ ബഹുമാനിക്കുന്നത് എന്റെ ഇഷ്ടമാണ്. അവരുടെ സംസ്‌കാരം അവർ കാണുന്നു, എന്റേത് ഞാനും കാണിക്കുന്നു. സ്‌കതൂൾ വിദ്യാർത്ഥിയായി തന്നെ ട്രോളന്മാർ ചിത്രീകരിച്ചതിൽ സന്തോഷം മാത്രമേ ഉള്ളു. കേരളം ഭരിക്കുന്ന ഒരു മനുഷ്യന്റെ മുമ്പിൽ ഒരു വിദ്യാർത്ഥിയായി എന്നെ കണ്ടല്ലോ? അത്തരത്തിൽ ട്രോൾ ചെയ്ത ആൾക്ക് എന്റെ ഹാറ്റ്സോഫ്.

അരമണിക്കൂറല്ല, ഒരു മണിക്കൂറല്ല എത്ര നേരം വേണമെങ്കിലും ഞാൻ നിൽക്കാൻ തയ്യാറാണ്. അതാണ് ഭീമൻരഘു. മുമ്പിൽ ഒരു മുഖ്യമന്ത്രി വന്നു കഴിഞ്ഞാൽ കാലിനു മുകളിൽ കാലു കയറ്റി വച്ചിരിക്കാൻ എനിക്ക് സാധിക്കില്ല. അദ്ദേഹം എനിക്കു അച്ഛനെപ്പോലെയാണ്. അദ്ദേഹം വന്നപ്പോൾ സ്നേഹമുള്ളൊരു അച്ഛനിൽ നിന്നും കേൾക്കുന്ന വാക്കുകൾ പറയുന്നതു പോലെ എനിക്കു തോന്നി. ഞാൻ ചെയ്തതിൽ എ്ന്താണ് തെറ്റ്..? അത് ശരിയാണെന്നും ഭീമൻ രഘു മറുനാടനോട് പറഞ്ഞു.

അതേസമയം ബിജെപിക്കാരനായിരുന്ന ഭീമൻ രഘു ഈ അടുത്ത കാലത്താണ് സിപിഎമ്മിൽ എത്തിയത്. പിണറായി വിജയന്റെ ഭരണത്തെ പുകഴ്‌ത്തിയാണ് രഘു സിപിഎമ്മിലെത്തുന്നത്. ഭീമൻ രഘുവിനെ ചലച്ചിത്ര അവാർഡിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു. മുൻ നിരയിൽ പേരെഴുതിയ സീറ്റും ഉണ്ടായിരുന്നു. അവിടെയാണ് എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചത്. ഇതൊന്നും ശ്രദ്ധിക്കാതെ പിണറായി പ്രസംഗിക്കുകയും ചെയ്തു.

വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണം നിശാഗന്ധിയിൽ നടന്നത്. കുഞ്ചാക്കോ ബോബനും വിൻസി അലോഷ്യസും ഉൾപ്പെടെ ഒട്ടുമിക്ക പുരസ്‌കാര ജേതാക്കളും ചടങ്ങിനെത്തിയിരുന്നു. ഉദ്ഘാടന പ്രസം?ഗം നടത്താനായി മുഖ്യമന്ത്രിയെത്തിയതോടെയാണ് ഭീമൻ രഘു എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും നടൻ സദസിൽ എഴുന്നേറ്റ് നിൽക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസം?ഗം കഴിഞ്ഞപ്പോൾ പുഞ്ചിരിയോടെ നല്ലൊരു കയ്യടിയും നൽകിയാണ് ഭീമൻ രഘു കസേരയിലിരുന്നത്.

രണ്ടുമാസം മുമ്പാണ് ഭീമൻ രഘു ബിജെപി വിട്ട് സിപിഎമ്മിനൊപ്പം ചേർന്നത്. അന്ന് താരം എ.കെ.ജി സെന്റർ സന്ദർശിച്ച ശേഷം പുറത്തിറങ്ങിയത് ചെങ്കൊടി പുതച്ച്, സഖാക്കളേ മുന്നോട്ട് എന്ന പ്രശസ്തമായ ഗാനവും ആലപിച്ചുകൊണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ തന്നെ സ്വീകരിച്ചത് ഒരു സുഹൃത്തിനെയെന്നപോലെയായിരുന്നുവെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നുമാണ് അന്ന് ഭീമൻ രഘു പ്രതികരിച്ചത്. പറയാനുള്ളത് മുഖത്തുനോക്കി പറയുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഭീമൻ രഘു പറഞ്ഞിരുന്നു.

സിപിഎമ്മിൽ വരാനുള്ള പ്രധാന കാരണം അടിസ്ഥാനപരമായി തീരുമാനമുള്ള പാർട്ടിയാണ് എന്നതാണെന്നു ഭീമൻ രഘു പറഞ്ഞിരുന്നു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. അതിനുള്ള ഉദാഹരണമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. ഒന്നാം പിണറായി സർക്കാർ വന്നു. ഇപ്പോൾ രണ്ടാം പിണറായി സർക്കാർ ഭരിക്കുന്നു. ഇനി മൂന്നാം പിണറായി സർക്കാർ വരും. അതിന് യാതൊരു സംശയവും വേണ്ട. ബിജെപി രക്ഷപ്പെടില്ല. പാർട്ടിയിൽ എന്ത് റോൾ വഹിക്കണമെന്നുള്ള നിർദ്ദേശമൊന്നും എം വി ഗോവിന്ദൻ നൽകിയില്ല. ചുവന്ന ഷോൾ അണിയിച്ചു. ഓൾ ദി ബെസ്റ്റ് പറയുകയും ചെയ്തു. ബാക്കിയൊക്കെ അവരുടെ തീരുമാനങ്ങളാണ്. നമുക്ക് പറയാനാകില്ല.

ബിജെപിയിൽനിന്ന് ഓരോ നിമിഷവും ഇറങ്ങി ഓടണമെന്നാണ് തോന്നിയത്. തനിക്ക് ഏറ്റവും ഇഷ്ടം ചുവപ്പു നിറമാണ്. സിപിഎമ്മിൽ ചേരാൻ ഇപ്പോഴാണ് സമയം വന്നു ചേർന്നത്. ബിജെപിയുടെ തലപ്പത്ത് ഇരിക്കുന്നവർ നിശ്ചയിക്കുന്നതാണ് അവരുടെ രാഷ്ട്രീയം. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതാണ് ഇടതു രാഷ്ട്രീയം. ബിജെപി അപമാനിച്ചതല്ല, തഴഞ്ഞു. കെ.സുരേന്ദ്രൻ നല്ലയാളാണ്. അദ്ദേഹത്തിന് തന്റേതായ രീതിയുണ്ട്. ആ രീതിയിൽ മാത്രമേ കെ.സുരേന്ദ്രൻ സഞ്ചരിക്കൂ'' അദ്ദേഹം വ്യക്തമാക്കി. സഖാക്കളെ മുന്നോട്ട് എന്ന ഗാനം ആലപിച്ചശേഷമാണ് ഭീമൻ രഘു മടങ്ങിയത്.