തൃശൂര്‍; തിരൂര്‍ സതീശ് പലതും പറയുന്നു. ഇതോടെ കൊടകര കുഴല്‍പണ കേസില്‍ ധര്‍മരാജന്‍ ഇനിയെന്ത് പറയുമെന്നത് നിര്‍ണ്ണായകമായി. കുറ്റസമ്മതം പോലെയാണ് പോലീസിന് മുന്നില്‍ ധര്‍മരാജന്‍ അവസാന മൊഴി നല്‍കിയത്. ഇത് കോടതിക്ക് മുന്നിലെത്തി. അതൊരു കവര്‍ച്ചാ കേസായിരുന്നു. അതുകൊണ്ട് ധര്‍മരാജനോ ബിജെപി നേതാക്കളോ പ്രതിയായില്ല. എന്നാല്‍ ഈ മൊഴി അടക്കം ഇഡിക്ക് കൈമാറി. അവര്‍ അന്വേഷണം നടത്തിയില്ല. ഇപ്പോഴിതാ വീണ്ടും കേരളാ പോലീസ് കേസ് ഫയല്‍ തുറക്കുന്നു. അതുകൊണ്ടു തന്നെ ഇനി ധര്‍മരാജന്‍ എന്തു പറയുമെന്നതാണ് നിര്‍ണ്ണായകം. പണത്തിന്റെ ഉറവിടം പറഞ്ഞില്ലെങ്കില്‍ ധര്‍മരാജന്‍ കുടുങ്ങും. അതുകൊണ്ട് തന്നെ തിരൂര്‍ സതീശിന്റെ മൊഴിയിലെ അന്വേഷണത്തില്‍ ധര്‍മ്മരാജന്‍ പറയുന്നത് നിര്‍ണ്ണായകമാകും.

കൊടകര കുഴല്‍പ്പണ കേസില്‍ പ്രതികളില്‍നിന്ന് കണ്ടെടുത്ത പണം തിരികെ കിട്ടാന്‍ പരാതിക്കാരനായ ധര്‍മരാജന്‍ കോടതിയെ സമീപിച്ചിരുന്നു. കവര്‍ച്ചക്കാരില്‍നിന്ന് കണ്ടെടുത്ത പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. പണം ഡല്‍ഹിയിലെ മാര്‍വാഡി തന്നതാണെന്നും അദ്ദേഹം ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഡല്‍ഹിയിലുള്ള ഗോവിന്ദ് എന്ന മാര്‍വാഡിയാണ് കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പണം എത്തിക്കണമെന്ന് ആവശ്യപ്പെട്ടതെന്നാണ് ധര്‍മരാജന്‍ അന്ന് പറഞ്ഞത്. ഇതുപ്രകാരം ഒന്നാം തീയതി ഷംസീറിന്റെ വാഹനം കൊണ്ടുവരുകയും വാഹനത്തിന്റെ കാര്‍പ്പെറ്റ് മാറ്റി അതില്‍ 3.25 കോടി രൂപ സൂക്ഷിക്കുകയും ചെയ്തു.

25 ലക്ഷം രൂപ ബാഗിലാക്കിയാണ് വെച്ചത്. 25 ലക്ഷം മാത്രമേ വാഹനത്തിലൂള്ളൂ എന്നാണ് ഷംസീറിനോട് പറഞ്ഞിരുന്നത്. രണ്ടാംതീയതി കോഴിക്കോടുനിന്ന് പുറപ്പെട്ട വാഹനം മൂന്നാം തീയതി രാവിലെ 4.50ഓടെ തൃശ്ശൂര്‍ കൊടകരയില്‍വെച്ച് ആക്രമിക്കപ്പെട്ടെന്ന് ഷംസീര്‍ തന്നെ അറിയിച്ചതായാണ് ഹര്‍ജിയില്‍ പറഞ്ഞത്. പ്രതികളില്‍നിന്നായി കണ്ടെടുത്തിരിക്കുന്ന ഒരു കോടി 40 ലക്ഷം രൂപ തിരികെ കിട്ടണം എന്നാവശ്യപ്പെട്ടാണ് ധര്‍മരാജന്‍ ഹര്‍ജി നല്‍കിയത്. ഇതോടെ പണം തന്റേതാണെന്ന് സമ്മതിച്ചു. വാഹനത്തിലുണ്ടായിരുന്ന പണത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന നിലപാടാണ് ധര്‍മരാജന്‍ അന്ന് സ്വീകരിച്ചിരിക്കുന്നത്. ബിസിനസ് ആവശ്യത്തിന് ഡല്‍ഹിയില്‍നിന്ന് മാര്‍വാഡി കൊടുത്തുവിട്ട പണമാണിതെന്നും കോഴിക്കോടുനിന്ന് എറണാകുളത്തേക്ക് കൊടുത്തുവിടുക മാത്രമായിരുന്നു തന്റെ ഉത്തരവാദിത്വമെന്നും അതിന് തനിക്ക് കമ്മീഷന്‍ ലഭിക്കുമെന്നും ധര്‍മരാജന്‍ പറഞ്ഞിരുന്നു.

ഈ പണ കൈമാറ്റം കവര്‍ച്ചയില്‍ നിന്നും സാമ്പത്തിക കുറ്റകൃത്യമാകുമ്പോള്‍ ധര്‍മ്മരാജന്‍ പ്രതിയാകും. ഈ സാഹചര്യത്തില്‍ ധര്‍മരാജന്‍ ഇനി പറയുന്നത് നിര്‍ണ്ണായകമാണ്. കോടതിക്ക് മുമ്പില്‍ പണത്തിന് രേഖകളൊന്നും ഹാജരാക്കാന്‍ ധര്‍മരാജന് കഴിഞ്ഞില്ല. പിന്നീട് പോലീസിന് മുന്നില്‍ മാറ്റി പറഞ്ഞു. ഈ മൊഴിയാണ് കൊടകര കവര്‍ച്ചാ കേസില്‍ കോടതിക്ക് മുമ്പിലെത്തിയത്. അതിനോട് യോജിക്കുന്ന വെളിപ്പെടുത്തലാണ് തിരൂര്‍ സതീഷ് നടത്തുന്നതും. അതുകൊണ്ടാണ് ഈ കേസ് അന്വേഷണം ബിജെപിക്ക് തലവേദനയായി മാറുന്നതും. പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിക്ക് പിന്നാലെ അന്വേഷണ സംഘം ശേഖരിച്ച മൊഴിയിലാണ് ധര്‍മ്മരാജന്‍ പണം തന്റേതാണ് എന്ന അവകാശവാദങ്ങളില്‍ നിന്നും പിന്നോട്ട് പോകുന്നത്.

കൊടകര കുഴല്‍പ്പണക്കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇത് വ്യക്തമായി തന്നെ പറയുന്നു. കെ സുരേന്ദ്രനെ ഏഴാം സാക്ഷിയാക്കികൊണ്ടുള്ള കുറ്റപത്രം ബിജെപിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. എന്നാല്‍ ഇഡി അന്വേഷിക്കാന്‍ എത്താത്തത് അവര്‍ക്ക് ആശ്വാസമായി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിന് കുരുക്കായത് ഇഡി നീക്കമാണ്. ഇത് തൃശൂരില്‍ ബിജെപിയുടെ വേരുറപ്പിച്ചു. സുരേഷ് ഗോപി ജയിച്ച് എംപിയുമായി. കൊടകരയിലെ ചര്‍ച്ചകളില്‍ ബിജെപിയെ തൃശൂരില്‍ തളര്‍ത്തുകയാണ് സിപിഎം ലക്ഷ്യം.

സുരേന്ദ്രന്റെ അവിശ്വാസം കേസായി

കൊടകരയിലെ കുഴല്‍പ്പണംതട്ടല്‍ അന്വേഷണത്തിലും കുറ്റപത്രത്തിലുമെത്തിച്ചത് കാലങ്ങളായി പാര്‍ട്ടിക്കായി പണമെത്തിച്ച ധര്‍മരാജനില്‍ നേതാക്കള്‍ക്കുണ്ടായ അവിശ്വാസം. തന്റെ 'നിരപരാധിത്വം' തെളിയിക്കാന്‍ ധര്‍മരാജന്‍ പോലീസില്‍ പരാതിപ്പെട്ടു. കൊടകരയ്ക്കുമുമ്പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി ബെംഗളൂരുവില്‍നിന്ന് എത്തിച്ച 4.4 കോടി മാര്‍ച്ച് ആറിന് സേലത്ത് കവര്‍ന്നിരുന്നു. ഇത് പണം കൊണ്ടുവന്ന ധര്‍മരാജന്റെ അറിവോടെയാണെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ പരാതിപ്പെട്ടില്ല. എന്നാല്‍, കൊടകരയില്‍ ഏപ്രില്‍ മൂന്നിന് മൂന്നരക്കോടി കൂടി കവര്‍ന്നതോടെ ധര്‍മരാജനിലുള്ള വിശ്വാസം കുറഞ്ഞു.. നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാനാണ് ധര്‍മജന്‍ പരാതിപ്പെട്ടതെങ്കിലും പരാതിക്കാരനും പണത്തിന്റെ ഉറവിടത്തിനും പിന്നാലെ പോലീസ് പോയതോടെ ധര്‍മരാജനും ബി.ജെ.പി.യും പെട്ടു.

കൊടകരയില്‍ പണം നഷ്ടപ്പെട്ട ഉടന്‍ ധര്‍മരാജന്‍ വിളിച്ചത് ബി.ജെ.പി. തൃശ്ശൂര്‍ ജില്ല മുന്‍ പ്രസിഡന്റ് എ. നാഗേഷിനെയാണ്. രണ്ടാമത് വിളിച്ചത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഡ്രൈവര്‍ ലിബീഷിന്റെ ഫോണിലേക്ക്. പിന്നീട് പല നേതാക്കളെയും. ആദ്യം ആരും ഫോണെടുത്തില്ലെങ്കിലും എല്ലാവരും തിരിച്ചുവിളിച്ചു. കെ. സുരേന്ദ്രന്‍ വിളിച്ചപ്പോള്‍ മൂന്നരക്കോടി കവര്‍ന്നെന്ന് ധര്‍മരാജന്‍ അറിയിച്ചപ്പോള്‍ ''എനിക്ക് വിശ്വാസം വരുന്നില്ല'' എന്നുപറഞ്ഞ് സുരേന്ദ്രന്‍ ഫോണ്‍ വിച്ഛേദിച്ചുെന്നാണ് പോലീസിന് കിട്ടിയ സൂചനകള്‍. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ് അവിടെയെത്തിയ നേതാക്കളായ സുജയ് സേനന്‍, കാശിനാഥന്‍ എന്നിവരോടൊപ്പമാണ് ധര്‍മരാജനും അനിയന്‍ ധനരാജനും ഡ്രൈവര്‍ ഷംജീറും കൂട്ടുകാരന്‍ റഷീദും തിരികെ തൃശ്ശൂരിലെ ബി.ജെ.പി.ഓഫീസിലെത്തിയത്.

പണം നഷ്ടപ്പെട്ടതില്‍ കുപിതനായ ഒരു നേതാവ് ധര്‍മരാജന് നേരെ തിരിഞ്ഞ് ''ഇവരെ പൂശിയാല്‍ മതി സത്യം പുറത്തുവരും'' എന്ന് പറയുകയും ഷംജീറിനെയും റഷീദിനെയും ഒരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഏറെ നേരം ചോദ്യംചെയ്യുകയുമുണ്ടായി. ഇക്കാര്യമെല്ലാം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ധര്‍മരാജന്റെ മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്. സേലത്തെയും കൊടകരയിലെയും പണാപഹരണം തന്റെ തലയില്‍ കെട്ടിവെക്കുന്നുവെന്ന തോന്നലാണ് പോലീസില്‍ പരാതിപ്പെടാന്‍ ധര്‍മരാജനെ നിര്‍ബന്ധിതനാക്കിയത്.

കൊടകരയില്‍ പണം നഷ്ടപ്പെട്ട അന്നുതന്നെ ബി.ജെ.പി. നേതാക്കളോടൊപ്പം ധര്‍മരാജന്‍ ഇതേപ്പറ്റി പരാതിപ്പെടുന്നതിന്റെ സാധ്യത തേടിയതാണ്. മുന്‍ എസ്.പി. ഉണ്ണിരാജനെക്കണ്ട് സാധ്യത തേടിയപ്പോള്‍ പരാതിപ്പെടാനായിരുന്നു നിര്‍ദേശം. എന്നാല്‍, ഉറവിടമോ കണക്കോ ഇല്ലാത്തതിനാല്‍ തിരിച്ചടിയാകുമെന്ന് കെ.ആര്‍. ഹരി പറഞ്ഞതായി ധര്‍മരാജന്‍ മൊഴിനല്‍കിയിട്ടുണ്ട്. കള്ളപ്പണം ആണെന്നറിഞ്ഞാല്‍ ഇ. ശ്രീധരന്‍ രാജിവെക്കും. ജേക്കബ് തോമസും പാര്‍ട്ടിവിട്ടുപോകും. അതിനാല്‍ തിരഞ്ഞെടുപ്പു കഴിയും വരെ പരാതി വേണ്ടെന്നായിരുന്നു നിര്‍ദേശം. സംസ്ഥാന ഓഫീസിലേക്ക് വിളിച്ചപ്പോള്‍ കാശിനാഥനും ഇതേ ഉപദേശമാണ് കിട്ടിയത്.

വണ്ടിയിലെ 25 ലക്ഷം പിന്നീട് മൂന്നര കോടിയായി

ചെറുപ്പം മുതല്‍ ആര്‍.എസ്.എസ്.ശാഖയില്‍ പോയ ആളാണെന്നും ബി.ജെ.പി.ക്കാരനാണെന്നും നേതാക്കളുമായി അടുപ്പമുണ്ടെന്നും ധര്‍മരാജന്റെ മൊഴിയില്‍ പറയുന്നു. പാര്‍ട്ടിക്കുവേണ്ടി മാത്രമാണ് ഇതേവരെ കുഴല്‍പ്പണ ഇടപാട് നടത്തിയിട്ടുള്ളത്. സംസ്ഥാന പ്രസിഡന്റുമായി ഏറെക്കാലത്തെ അടുപ്പമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മൂന്നുതവണ കോന്നിയില്‍ പോയിട്ടുണ്ട്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള വാഹനം സുേരന്ദ്രന്‍ വിട്ടുതന്നിട്ടുണ്ട്. സുരേന്ദ്രന്‍ പറഞ്ഞതുപ്രകാരം പഞ്ചായത്തുതല നേതാക്കള്‍ക്ക് പതിനായിരം രൂപ വീതം നല്‍കിയിട്ടുണ്ട്. -മൊഴിയില്‍ പറയുന്നു. ഇത്രയും ചെയ്തിട്ടും അവിശ്വസിച്ചതാണ് പരാതിപ്പെടാന്‍ പ്രേരിപ്പിച്ചത്. പണാപഹരണം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതോടെ സുരേന്ദ്രന്റെ എതിര്‍ ചേരിയിലുള്ളവര്‍ പരാതിപ്പെടാന്‍ ധര്‍മരാജനില്‍ സമ്മര്‍ദം ചെലുത്തിയതായും സൂചനയുണ്ട്.

വണ്ടിയിലുണ്ടായിരുന്നത് 25 ലക്ഷമായിരുന്നു എന്നായിരുന്നു ആദ്യം നല്‍കിയ പരാതിയിലെ മൊഴി. അന്വേഷണം പാര്‍ട്ടിയിലേക്ക് നീങ്ങിയതോടെ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മൊഴിമാറ്റി. മൂന്നരക്കോടി ഉണ്ടായിരുന്നെന്നും 3.25 കോടി തന്റേതും 25 ലക്ഷം സുനില്‍ നായിക്കിന്റേതുമാണെന്നായിരുന്നു മൊഴി. ഇതിന് രേഖകളുണ്ടെന്ന് കാണിച്ച് നല്‍കിയ മൊഴി പിന്നീട് മാറ്റി. രേഖകളില്ലെന്നായിരുന്നു അടുത്ത മൊഴി. അവസാനം അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ മൊഴി ഇങ്ങനെ: ''ഗിരീശന്‍ നായരുടെ നിര്‍ദേശ പ്രകാരം ബെംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന് ആലപ്പുഴയിലെ കെ.ജി. കര്‍ത്തയ്ക്ക് നല്‍കാനായി കൊണ്ടുപോയതാണ് പണം. ഇതില്‍ എന്റെ പണമില്ല. എന്റേതാണെന്ന് തെളിയിക്കാന്‍ രേഖകളില്ല. സുനില്‍ നായിക്കിന്റെ പണവുമില്ല. സുനില്‍ നായിക്കിന്റെ അനുമതിയോടെയാണ് 25 ലക്ഷം അദ്ദേഹത്തിന്റേതാെണന്ന് അവകാശപ്പെട്ട് ഹര്‍ജി നല്‍കിയത്. മൂന്നരക്കോടി എന്റേതാണെന്ന് മുന്‍പ് പറഞ്ഞത് പരപ്രേരണയാലാണ്''.

ഏതാണ്ട്് പത്തുവര്‍ഷമായി ബി.ജെ.പി.ക്കുവേണ്ടി മറ്റുസംസ്ഥാനങ്ങളില്‍നിന്ന്് കേരളത്തിലേക്ക് പണം എത്തിക്കുന്നുണ്ടെന്ന് ധര്‍മരാജന്റെ മൊഴിയിലുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 12 കോടിയാണ് കര്‍ണാടകയില്‍ നിന്നെത്തിച്ചത്. ഒരു തവണയാണ് നേരില്‍ പേയത്. രണ്ടുതവണ ഷംജീറിനെയാണ് അയച്ചത്. സേട്ടുമാരാണ് പണം സംഭരിച്ചുവെക്കുക. പാര്‍ട്ടിസംസ്ഥാന നേതാവായ എം. ഗണേഷ് പറയുന്ന പ്രകാരം ബെംഗളൂരുവിലെത്തി പണം പ്പൈറ്റി കേരളത്തിലെത്തിച്ച് അവര്‍ പറയുന്നവര്‍ക്ക് കൈമാറുമെന്ന് ധര്‍മരാജന്റെ മൊഴിയിലുണ്ട്.