കൊച്ചി: കാക്കനാട് ജയിലിലെ എ ബ്ലോക്കിലെ ഒന്നാമത്തെ സെല്ലിലായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ കഴിഞ്ഞ ദിവസത്തെ അന്തിയുറക്കം. ജയില്‍ ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കഴിച്ചു. പത്ത് പേര്‍ക്ക് കഴിയാവുന്ന സെല്ലില്‍ ആറാമനായി പായും പുതുപ്പും വിരിച്ച്‌ നിലത്തു കിടന്നുറക്കം. അഞ്ചു പേര്‍ ആ സെല്ലില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി 7.10-ഓടെയാണ് ബോബി ചെമ്മണൂരിനെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചത്. കാക്കനാട് ജയിലില്‍ വലിയ കൊതുകു ശല്യം ഇല്ല. എങ്കിലും ചെറുതായി സ്വര്‍ണ്ണക്കട മുതലാളിയെ കൊതുകു കടിച്ചു. പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം ചെലവഴിച്ചപ്പോഴുള്ള കൊതുകു ശല്യം ഉണ്ടായതുമില്ല. പോലീസ് സ്‌റ്റേഷനില്‍ ഉറങ്ങുന്നതിന് ഏറെ പരിമിതികളുണ്ടായിരുന്നു. പായും പുതപ്പും കിട്ടിയതോടെ ജയിലില്‍ സുഖമായി ബോബി ചെമ്മണ്ണൂര്‍ കിടന്നുറങ്ങി. മുമ്പ് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപും കഴിഞ്ഞത് ഇതേ ജയിലിലാണ്.

മോഷണം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ കേസുകളിലെ അഞ്ച് പ്രതികള്‍ക്കൊപ്പമാണ് ബോബിയേയും ഇട്ടിരിക്കുന്നത്. വൈകീട്ട് അഞ്ചിനുതന്നെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കും. ബോബി കോടതിയിലും പിന്നീട് ആശുപത്രിയിലും ആയതിനാല്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇതോടെ ചപ്പാത്തിയും വെജിറ്റബിള്‍ കറിയും നല്‍കി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സെല്ലില്‍ ബുധനാഴ്ച രാത്രി ഉറങ്ങിയത് പത്രക്കടലാസ് വിരിച്ചായിരുന്നു. അതുകൊണ്ടു തന്നെ തണുപ്പ് കാരണം സുഖ ഉറക്കത്തിന് കഴിഞ്ഞില്ല. ഇതിന്റെ ക്ഷീണം കൂടിയായപ്പോള്‍ ജയിലില്‍ അതിവേഗം ബോബി ഉറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. രാവിലെ എഴുന്നേറ്റ ശേഷം സഹ തടവുകാരുമായി സംസാരിക്കുകയും ചെയ്തു. പ്രത്യേക സൗകര്യമൊന്നും ബോബിക്കില്ല. എന്നാല്‍ വമ്പന്‍ മുതലാളിയായതു കൊണ്ട് പ്രത്യേക നിരീക്ഷണം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ബോച്ചെ നിരാശനാണെന്നാണ് ജയിലില്‍ നിന്നും ലഭിക്കുന്ന സൂചന. എങ്കിലും ജയില്‍ അധികാരികളുമായി സഹകരിക്കുന്നുണ്ട്. മുമ്പ് ടൂറിസ്റ്റായി തെലുങ്കാന ജയിലില്‍ കിടന്ന പരിചയം ബോചെയ്ക്കുണ്ട്.

പോലീസ് കസ്റ്റഡിയും അറസ്റ്റും കോടതി കൂട്ടിലെ നില്‍ക്കും ബോബിക്ക് പുതിയ അനുഭവമാണ്. പക്ഷേ കോടതിയിലേക്ക് എത്തുന്ന ബോബിയെ റിമാന്‍ഡ് ചെയ്താല്‍ ഉണ്ടാകാനിടെയുള്ള ജയില്‍ ജീവിതം മുതലാളിക്ക് പരിചിതമാണ്. ജയില്‍ ജീവിതം അറിയാനുള്ള തന്റെ ആഗ്രഹത്തെ ബോബി സാഹസമാക്കി മാറ്റിയിരുന്നു. തെലങ്കാനയിലെ ജയിലില്‍ ടൂറിസം പരിപാടിയുടെ ഭാഗമായി 'ഫീല്‍ ദ ജയില്‍' എന്ന പദ്ധതി പ്രകാരമാണ് ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം 'ജയില്‍ ശിക്ഷ' അനുഭവിച്ചത്. 2018ലായിരുന്നു ഈ ജയില്‍ വാസം. അന്ന് ബോബി തന്റെ ആഗ്രഹത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനൊയണ്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ ജയിലില്‍ കഴിയാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍, കുറ്റം ചെയ്താല്‍ മാത്രമേ കേരളത്തിലെ ജയിലില്‍ പാര്‍പ്പിക്കൂ എന്നാണ് അധികാരികള്‍ ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞത്. തെലങ്കാനയിലെ ജയിലില്‍ 24 മണിക്കൂര്‍ താമസിക്കാന്‍ 500 രൂപയാണ് ഫീസ്. ഈ സാധ്യത ഉപയോഗിച്ച് ബോബി മോഹം തീര്‍ത്തു. പക്ഷേ ആറു കൊല്ലം കഴിയുമ്പോള്‍ കേസില്‍ പ്രതിയായി. പോലീസ് കസ്റ്റഡിയില്‍ താമസിച്ചു. പക്ഷേ ഏറെ മോഹിച്ച ആ ജയില്‍ വാസം കുറ്റം ചെയ്തുവെന്ന് പോലീസ് ആരോപിച്ച് നടപടികളിലേക്ക് കടക്കുമ്പോള്‍ ബോബിയ്ക്ക് വേണ്ട. കേരളത്തിലെ ജയിലില്‍ കിടക്കാതിരിക്കാന്‍ കൂടി വേണ്ടിയാണ് അഡ്വ ബി രാമന്‍പിള്ളയെ അഭിഭാഷകനാക്കിയത്. പക്ഷേ അത് ഫലം കണ്ടില്ല. തെലുങ്കാനയില്‍ മറ്റു തടവുകാരെ പോലെ തന്നെയാണ് ടൂറിസ്റ്റുകളുടെ ജയില്‍ വാസവും.

തടവുപുള്ളിയുടെ വസ്ത്രം ധരിച്ച് തന്നെ വേണം അകത്ത് കടക്കാന്‍. ജയില്‍ വാസത്തില്‍ 24 മണിക്കൂറും ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല. തടവുകാര്‍ക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് ഇവര്‍ക്കും കൊടുക്കുക. ഒപ്പം ചെറിയ രീതിയിലുള്ള ജോലികളും ചെയ്യണം. ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് ബോബി ചെമ്മണ്ണൂര്‍ ചെടി നനയ്ക്കുകയും നിലം തുടയ്ക്കുകയും ചെയ്തു. സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയില്‍ മ്യൂസിയത്തില്‍ ആയിരുന്നു ബോബി ചെമ്മണ്ണൂരിന്റെ അന്നത്തെ താമസം. അതായത് തടവ് പുള്ളിയുടെ എല്ലാ ബുദ്ധിമുട്ടും ബോബിക്ക് അറിയാം. അതുകൊണ്ടാണ് യഥാര്‍ത്ഥ കേസ് വരുമ്പോള്‍ ജാമ്യം നേടി തടവറ ഒഴിവാക്കാന്‍ ബോബി പരമാവധി ശ്രമിച്ചത്. അത് നടക്കാതെ പോയപ്പോള്‍ കോടതി മുറിയില്‍ തളര്‍ന്നിരിക്കുകയും ചെയ്തു. തെലങ്കാന ജയില്‍ വകുപ്പിന്റെ പദ്ധതിയെ മുക്തകണ്ഠം പ്രശംസിക്കാനും 2018ല്‍ ബോബി മറന്നില്ല. ജയില്‍ ജീവിതം എങ്ങനെ ആയിരിക്കും എന്ന് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം ഒരു സൗകര്യം ഒരുക്കിയത് അഭിനന്ദനാര്‍ഹം ആണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തെലങ്കാനയിലെ 'ഫീല്‍ ദ ജയില്‍' മാതൃക രാജ്യം മുഴുവന്‍ വ്യാപിപ്പിക്കണം എന്നും ബോബി ചെമ്മണ്ണൂര്‍ ആവശ്യം ഉന്നയിച്ചു. ഇത് വലിയൊരു വിഭാഗം വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കും എന്നാണ് അദ്ദേഹം കരുതിയിരുന്നത്. അതായത് 2018ല്‍ അദ്ദേഹം പറഞ്ഞത് 15 കൊല്ലം മുമ്പ് ജയിലില്‍ കയറാന്‍ ശ്രമിച്ചുവെന്നാണ്. അങ്ങനെ നോക്കുമ്പോള്‍ 2003ലായിരിക്കണം ആ സംഭവം. അതായത് ആ ആഗ്രഹമുണ്ടായി 22 കൊല്ലം കഴിയുമ്പോള്‍ ബോബിയെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിനുള്ളിലാക്കി.

അറസ്റ്റ് ചെയത് ബോബിയെ ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് കൊച്ചിയിലെത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പോലീസ് സെല്ലിലെത്തിച്ചു. ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു ശേഷം ബോബി ചെമ്മണൂരിനെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനായി പുറത്തിറക്കിയപ്പോള്‍ ബോച്ചെ ആരാധകര്‍ പ്രതിഷേധിച്ചത് ഗൗരവത്തില്‍ പോലീസ് എടുത്തിട്ടുണ്ട്. അവര്‍ പോലീസ് വണ്ടി തടയാന്‍ ശ്രമിച്ചു. പ്രതിഷേധം വകവയ്ക്കാതെ പോലീസ് വാഹനം മുന്നോട്ടെടുത്ത് വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. നടി ഹണി വര്‍ഗ്ഗീസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം ലഭിച്ചില്ല. പ്രതി നല്‍കിയ ജാമ്യാപേക്ഷ തള്ളി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. തെറ്റുചെയ്തിട്ടില്ലെന്നും വ്യാജ ആരോപണമാണ് തനിക്കെതിരേ ഉയര്‍ന്നതെന്നുമുള്ള ബോബിയുടെ വാദം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ. അഭിരാമി തള്ളി. വിധി കേട്ട ബോബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പരിശോധനയ്ക്കുശേഷം വൈകീട്ട് 7.10-ഓടെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോട്ടെ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂം ഉദ്ഘാടനത്തിനിടെ പ്രതി ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് കേസ്. ചടങ്ങില്‍വെച്ച് അനുമതിയില്ലാതെ നടിയുടെ കൈയില്‍പ്പിടിച്ചു. കഴുത്തില്‍ നെക്ലേസ് അണിയിച്ചു. പിന്നീട് ഈ നെക്ലേസ് കാണിക്കുന്നതിനായി തിരിച്ചുനിര്‍ത്തി ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തി. യുട്യൂബ് ചാനലുകളിലും സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും അപമാനിക്കുന്ന തരത്തിലുള്ള മോശം പരാമര്‍ശങ്ങള്‍ പ്രതി തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നു. നടിക്കുനേരേയുള്ള ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനുനേരേ ഗുരുതര ആരോപണം ഉന്നയിച്ച് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിക്ക് മുന്നിലെത്തിയിരുന്നു. പണക്കാരനായതിനാല്‍ നിയമം ബാധകമല്ലെന്ന പ്രതിയുടെ കൂസലില്ലായ്മ കോടതി പരിഗണിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീലച്ചുവയുള്ള കമന്റുകള്‍ പ്രചരിക്കുന്നത് വര്‍ധിച്ചുവരുകയാണ്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സകല സ്ത്രീകള്‍ക്കുമെതിരേ അശ്ലീല കമന്റിടുന്ന മാനസികരോഗികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതായതിനാല്‍ ഈ കേസ് എല്ലാ സ്ത്രീകള്‍ക്കുമെതിരേയുള്ള കുറ്റമായി കാണണമെന്നും പോലീസിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതാണ് കോടതി അംഗീകരിച്ചത്.