കൊച്ചി: പ്രളയ ദുരിതാശ്വാസ തുക നൽകാത്തതിനെതുടർന്ന് എറണാകുളം ദുരന്ത നിവാരണ അഥോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു. കടമക്കുടി കൊടുവേലിപറമ്പിൽ കെ.പി സാജുവിന്റെ പരാതിയിലാണ് എറണാകുളം മുൻസിഫ് കോടതി ദുരന്ത നിവാരണ അഥോറിറ്റിയുടെ ബൊലേറോ ജീപ്പ് ജപ്തി ചെയ്തത്.

കഴിഞ്ഞ പ്രളയത്തിൽ സാജുവിന്റെ വീടിന് വലിയ നാശ നഷ്ടമുണ്ടായിരുന്നു. ഭിത്തികൾ വിണ്ടു കീറി അപകടാവസ്ഥയിലായിരുന്നു. ഉദ്യോഗസ്ഥർ നാശ നഷ്ടങ്ങളുടെ കണക്കെടുത്ത് മടങ്ങിയെങ്കിലും അടിയന്തിര സഹായമായ 10,000 രൂപ മാത്രമാണ് ലഭിച്ചത്. കുടുതൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. തുടർന്ന് കലൂരിൽ നടന്ന ലോക് അദാലത്തിൽ പങ്കെടുത്ത് ആവലാതി ബോധിപ്പിച്ചു.

2021 ആഗസ്റ്റിൽ അദാലത്ത് എത്രയും വേഗം 2 ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിലും ജില്ലാ കളക്ടറുടെ ഓഫീസിലും കയറി ഇറങ്ങിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇതോടെ സാജു എറണാകുളം മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയോട് വിശദീകരണം ചോദിച്ചപ്പോൾ മുഖ്യമന്ത്രി ഫയൽ ഒപ്പിടാത്തതിനാലാണ് നഷ്ടപരിഹാരം നൽകാൻ കഴിയാത്തതെന്നാണ് മറുപടി പറഞ്ഞത്.

എന്നാൽ മറുപടി തൃപ്തികരമല്ലാത്തതിനാൽ നവംബർ 3 ന് അഥോറിറ്റിയുടെ കെ.എൽ07സി.എ 8181 രജിസ്ട്രേഷനിലുള്ള ബൊലേറോ ജീപ്പ് ജപ്തി ചെയ്യാൻ ഉത്തരവിട്ടു. ഉത്തരവുമായി കോടതി ആമീൻ പലവട്ടം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയിലെത്തിയെങ്കിലും വാഹനം അവിടെയുണ്ടായിരുന്നില്ല. അതിനാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം വീണ്ടും ആമീൻ എത്തിയപ്പോൾ വാഹനം സ്ഥലത്തുണ്ടായിരുന്നു. വാഹനത്തിൽ ജപ്തി നോട്ടീസ് പതിപ്പിക്കുകയും കോടതി പറയുന്ന ദിവസം ഹാജരാക്കുകയും ചെയ്യണം.

അതേ സമയം നഷ്ടപരിഹാരം വൈകിയതിനാൽ സാജുവിന്റെ വീടിന്റെ അറ്റകുറ്റപ്പണി നടത്താൻ കഴിയാതെ വാസയോഗ്യമല്ലാതായി തീർന്നിരുന്നു. അതിനാൽ 6 ലക്ഷം രൂപ ലോൺ എടുത്തും മറ്റുള്ളവരുടെ സഹായത്തോടെയും പുതിയ വീട് വച്ചു. കോടതിയുടെ ഇടപെടൽ ആശ്വാസകരമാമെന്ന് മരപ്പണിക്കാരനായ സാജു മറുനാടനോട് പറഞ്ഞു. അഡ്വ. ടി.ജെ മരിയ നീതുവാണ് കേസ് വാദിച്ചത്.