- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹ സ്ഥലത്തേക്ക് പോകുന്നതിനിടെ നവവധു സഞ്ചരിച്ച കാറിന് തീപിടിച്ചു; ഇടപ്പള്ളി സിഗ്നലിൽ വച്ച് പുക ഉയരുന്നത് കണ്ടത് ചുമട്ടുതൊഴിലാളികൾ; കാർ ഡോർ തുറക്കാനാവാതെ പരിഭ്രാന്തിയുടെ നിമിഷങ്ങൾ; ഭയന്നുപോയെങ്കിലും രക്ഷകരെ വണങ്ങി പുതുജീവിതം തുടങ്ങി നവവധു
കൊച്ചി: വിവാഹ ദിവസം അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് നവവധു. വിവാഹ സ്ഥലത്തേക്ക് പോകുകയായിരുന്ന നവവധു സഞ്ചരിച്ച കാറിന് തീപിടിക്കുകയായിരുന്നു. ചുമട്ടു തൊഴിലാളികളുടെ സമയോചിതമായ ഇടപെടൽ മൂലം ആളപായമുണ്ടായില്ല. പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ചതിനാൽ കാറിനും വലിയ നാശനഷ്ടമുണ്ടായില്ല.
ഇടപ്പള്ളി സിഗ്നലിന് സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിനിയായ യുവതി തന്റെ വിവാഹത്തിനായി ആലുവയിലെ ഓഡിറ്റോറിയത്തിലേക്ക് ആഡംബര കാറായ ഔഡിയിൽ പോകുകയായിരുന്നു. ഇടപ്പള്ളി സിഗ്നലിന് സമീപം നിർത്തിയപ്പോഴാണ് കാറിൽ നിന്നും പുക ഉയരുന്നത് സമീപത്തുണ്ടായിരുന്ന ചുമട്ടു തൊഴിലാളികൾ കാണുന്നത്. ഓടിയെത്തിയ തൊഴിലാളികൾ വിവരം കാറിലുള്ളവരെ അറിയിച്ചു. പരിഭ്രമിച്ചു പോയ യാത്രക്കാർ കാർ തുറക്കാൻ ശ്രമിച്ചെങ്കിലും ആദ്യം നടന്നില്ല. ഇതോടെ തൊഴിലാളികൾ കാറിന്റെ ചില്ലു തകർക്കാൻ ശ്രമിച്ചു. ഇതിനിടയിൽ തന്നെ ഡോറുകൾ തുറന്നു. നവവധു ഉൾപ്പെടെയുള്ള യാത്രക്കാർ കാറിൽ നിന്നും പുറത്തിറങ്ങിയ ഉടൻ എഞ്ചിൻ ഭാഗത്ത് നിന്നും തീ ആളികത്തുകയായിരുന്നു.
തീ കത്തിയതോടെ ചുമട്ടു തൊഴിലാളികൾ സമീപത്തെ ഹോട്ടലിൽ നിന്നും വെള്ളം എടുത്ത് തീയണക്കാനുള്ള ശ്രമം തുടങ്ങി. അപ്പോഴേക്കും ട്രാഫിക് എസ്ഐ എസ്.ടി അരുളിന്റെ നേതൃത്വത്തിൽ പൊലീസും എത്തി. വേഗം തന്നെ തീയണയ്ക്കാനും കഴിഞ്ഞു. ഭയന്നു പോയ നവ വധുവിനെയും ഒപ്പമുണ്ടായിരുന്നവരെയും മറ്റൊരു കാറിൽ വിവാഹ മണ്ഡപത്തിലേക്ക് അയച്ചു.
ഏലൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം കാർ പരിശോധിച്ചു. എഞ്ചിൻ ഭാഗത്തെ ഇലക്ട്രിക് വയറുകൾ കത്തിക്കരിഞ്ഞതായി കണ്ടെത്തി. ഷോർട്ട് സർക്യൂട്ടാകാം തീപിടിച്ചതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിവാഹ സ്ഥലത്തേക്ക് വധുവിനെ കൊണ്ടു പോകാനായി വാടകയ്ക്ക് എടുത്ത കാറായിരുന്നു. എളമക്കര സിഐ എസ്.ആർ സനീഷ് സ്ഥലത്തെത്തി നിയമ നടപടികൾ പൂർത്തിയാക്കി.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.