ആര്‍ പീയൂഷ്‌

കോഴിക്കോട്: ഞങ്ങളൊന്ന് പുറത്ത് കറങ്ങിയടിച്ചിട്ട് വരാമെന്ന് പറഞ്ഞാണ് മകളെ ഇജാസ് വീട്ടില്‍ നിന്നും കൊണ്ടു പോയതെന്ന് നാദാപുരത്ത് എം.ഡി.എം.എയുമായി പിടിയിലായ അഖിലയുടെ അമ്മ പോലീസിന് മൊഴി നല്‍കി. തിങ്കളാഴ്ച വീട്ടില്‍ വന്ന ഇജാസ് വീട്ടിലേക്ക് അവശ്യ സാധനങ്ങളും മറ്റും കൊണ്ടു വന്നിരുന്നു. അതിന് പിന്നാലെയാണ് അഖിലയുമായി കാറില്‍ പുറത്തു പോയിട്ട് വരാമെന്ന് പറഞ്ഞ് ഇറങ്ങിയത്. പിന്നീട് പോലീസ് വിളിക്കുമ്പോഴാണ് മകള്‍ അറസ്റ്റിലായ വിവരം ഇവര്‍ അറിയുന്നത്. മകള്‍ നിരപരാധിയാണെന്നും ഇജാസിന്റെ ഇടപാടുകള്‍ മകള്‍ക്കറിയില്ലെന്നുമാണ് ഇവരുടെ വാദം.

തിങ്കളാഴ്ച വൈകിട്ട് 6.50ന് പാറക്കടവ് തിരിക്കോട്ട് ട്രാന്‍സ്ഫോര്‍മറിന് സമീപം വാഹന പരിശോധനയ്ക്കയ്ക്കിടെയാണ് കോഴിക്കോട് കൊട്ടാരക്കുന്ന് തയ്യില്‍ മുഹമ്മദ് ഇജാസ് (26), വയനാട് കമ്പളക്കാട് പുതിയവീട്ടില്‍ അഖില (24) എന്നിവരെ എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്. കാര്‍, ലാപ്ടോപ്, ക്യാമറ, മൂന്നു മൊബൈല്‍ ഫോണ്‍, 8500 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും പിടിച്ചെടുത്തു.

വാഹനം പരിശോധിക്കുന്നതിനിടയില്‍ ഇജാസ് പോലീസുമായി വാക്കേറ്റമുണ്ടാക്കുകയും കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ പോയതോടെയുമാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. കാറിനുള്ളില്‍ വിശദമായി പരിശോധന നടത്തിയപ്പോഴാണ് ഇടതു സീറ്റിനടിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 32.62 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.

പ്രതികളെ സ്റ്റേഷനിലുള്ളിലേക്ക് കൊണ്ടു പോകുന്നതിനിടെ ഇജാസ് പോലീസിനെ തള്ളിമാറ്റി ഓടി രക്ഷപെട്ടു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ഇയാളെ പോലീസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. പോലീസിന് നേരെ ഇയാള്‍ വീണ്ടും കയ്യേറ്റ ശ്രമം നടത്തി. ഏറെ പാടു പെട്ടാണ് പോലീസ് ഇയാളെ കീഴടക്കിയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.




അഖില സ്വകാര്യ ആയുര്‍വ്വേദ ആശുപത്രിയിലെ നഴ്സാണ്. ഇവര്‍ നേരത്തെ രണ്ടു വിവാഹം ചെയ്തിരുന്നു. രണ്ടു മാസം മുന്‍പായിരുന്നു രണ്ടാം വിവാഹം വേര്‍പിരിഞ്ഞത്. ഇതില്‍ മൂന്നു മാസം പ്രായമുള്ള കുട്ടിയുണ്ട്. ഒരു മാസം മുന്‍പാണ് ഇജാസിനെ അഖില പരിചയപ്പെട്ടത്. ഇജാസ് വിവാഹിതനാണ്. ഇയാളുടെ ഭാര്യ ഗര്‍ഭിണിയാണ്. ഭാര്യയെ ഇന്ന് ആശുപത്രിയില്‍ കൊണ്ടു പോകണമെന്നും തന്നെ വിടണമെന്നും പോലീസിനോട് ഇയാള്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ഇജാസ് കാരിയറായിട്ടാണ് അഖിലയെ ഉപയോഗിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളുടെ കാറില്‍ നിന്നും ഇലക്ട്രോണിക്സ് ത്രാസ് ലഭിച്ചതിനാല്‍ എം.ഡി.എം.എയുടെ വ്യാപകമായ കച്ചവടം ഇയാള്‍ നടത്തുന്നുണ്ടെന്ന സംശയത്തിലാണ് പോലീസ്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യണം. നിലവില്‍ പ്രതി ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ല.




രണ്ട് പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. നാദാപുരം സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.