- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2016ല്‍ ലോണ്‍ എടുത്തത് 1.5 കോടി രൂപ; 2021 വരെ പലിശയടക്കം 2.30 കോടി തിരിച്ചടച്ചു; ലോണ്‍ 'തീര്‍ന്നിട്ടില്ല' എന്ന് പറഞ്ഞ് ആവശ്യപ്പെട്ടത് രണ്ട് കോടി കൂടി അടയ്ക്കാന്‍; തര്‍ക്കം തുടരവേ ബ്ലാങ്ക് ചെക്കില്‍ 2 കോടി രേഖപ്പെടുത്തി ബാങ്കില്‍ നല്കി വഞ്ചന; കെഎല്‍എം ആക്‌സിവക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്; ഷിബു തെക്കുംപുറവും ടി പി ശ്രീനിവാസനും പ്രതികള്‍!
കെഎല്‍എം ആക്‌സിവക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ലിമിറ്റഡിനെതിരെ വഞ്ചനാ കേസ്. സ്ഥാപനത്തില്‍ നിന്നും ലോണെടുത്ത ആളില്‍ നിന്നും വലിയ തുക തിരിച്ചടവാക്കി ഈടാക്കിയിട്ടും വീണ്ടും അധികതുക ആവശ്യപ്പെടുകയും ചെയ്തു വഞ്ചിച്ചെന്നാണ് കേസ്. എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലാണ് കെഎല്‍എം ആക്‌സിവക്കെതിരെ പരാതി എത്തിയതും ഇത് പ്രകാരം വഞ്ചനാ കുറ്റം ചുമത്തി കേസെടുത്തതും. എറണാകുളം സ്വദേശിയായ ബിസിനസുകാരന്‍ നല്‍കിയ പരാതിയിലാണ് ആക്‌സിവക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തത്.
കേരളാ കോണ്‍ഗ്രസ് നേതാവായ ഷിബു തെക്കുംപുറത്തിന്റേതാണ് ഈ സ്ഥാപനം. കെഎല്‍എം ആക്‌സിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഷിബുവിനെ കൂടാതെ ഏഴ് പേരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ മുന്‍ അംബാസിഡര്‍ കൂടിയായ വിദേശകാര്യ വിദഗ്ധന്‍ ടി പി ശ്രീനിവാസനും ഉള്‍പ്പെടുന്നു. സ്ഥാപനത്തിന്റെ ചെയര്‍മാനാണ് ടി പി ശ്രീനിവാസന്‍. കെ.എം. കുരിയാക്കോസ് (ഡയറക്ടര്‍), എം.പി. ജോസഫ് (ഡയറക്ടര്‍), ബിജി ഷിബു (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), മനോജ് രവി (സിഇഒ), അബ്രഹാം തരിയന്‍ (ഡയറക്ടര്‍), അനു മോഹനന്‍ (ബ്രാഞ്ച് മാനേജര്‍) എന്നിവരും കേസില്‍ പ്രതികളാണ്. വഞ്ചനാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് കേരളത്തില്‍ വളര്‍ന്ന സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്തുവന്നത് മുംബൈയിലും കേരളത്തിലുമായി ബിസിനസ് നടത്തുന്ന ഒരു വ്യാപാരിയാണ്. കെഎല്‍എം ആക്‌സിവയുടെ കോലഞ്ചേരി ബ്രാഞ്ചില്‍ നിന്ന് 2016ല്‍ അദ്ദേഹം ലോണെടുത്തത് 1.5 കോടി രൂപയാണ്. 2021 ആയപ്പോഴേക്കും പലിശയടക്കം 2.30 കോടി രൂപ കൃത്യമായി തിരിച്ചടച്ചു. അതായത്, 80 ലക്ഷം രൂപ പലിശയായി അടച്ചു. ലോണ്‍ തീര്‍ന്നു എന്നു കുരുതി ഇരിക്കവേയാണ് അങ്ങനെയല്ല ലോണ്‍ അടവ് കഴിഞ്ഞിട്ടില്ലെന്ന് സ്ഥാപനം വ്യവസായിയെ അറിയിച്ചത്. ഇനിയും 2 കോടി രൂപ കൂടി അടയ്ക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍, താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലായ വ്യവസായി പണം അടയ്ക്കുന്നത് നിര്‍ത്തി. ഇതോടെ സ്ഥാപനം വിലപേശലിനായി രംഗത്തുവന്നു. ആദ്യം 1.80 കോടി വേണമെന്നായി, പിന്നീട് ഒരു കോടി, അവസാനം 80 ലക്ഷം തന്നാല്‍ അടച്ചാല്‍ മതിയെന്നും പറഞ്ഞു.
ഈ തര്‍ക്കം തുടരുന്നതിനിടെയാണ് ബ്ലാങ്ക് ചെക്ക് വെച്ച് കെണിയൊരുക്കിയത്. തര്‍ക്കം തുടരുന്നതിനിടെയാണ് കെഎല്‍എം ആക്‌സിവയുടെ ഞെട്ടിക്കുന്ന 'അതിബുദ്ധി' പുറത്തുവരുന്നത്. ലോണിന്റെ സുരക്ഷയ്ക്ക് വേണ്ടി കൊടുത്ത രണ്ട് ബ്ലാങ്ക് ചെക്കുകള്‍, ആ ബ്ലാങ്ക് ചെക്കുകളില്‍ രണ്ടു കോടി വീതം രേഖപ്പെടുത്തി ഇടപാടുകാരനെ വഞ്ചിച്ചുകൊണ്ട് ബാങ്കില്‍ കളക്ഷന്‍ കൊടുക്കുകയാണ് സ്ഥാപന അധികൃതര്‍ ചെയ്തത്. നാലു കോടി രൂപയുടെ ചെക്ക് കൊടുത്തു എന്നാണ് ധനകാര്യ സ്ഥാപനം വാദിച്ചത്.
ഇതോടെ ബാങ്കില്‍ നിന്നും ചെക്ക് ബൗണ്‍സ് ആകുന്നു. സ്വാഭാവികമായും സംഭവിക്കുന്നതാണ്. ബാങ്ക് 20,000 രൂപ ഈ ബിസിനസുകാരന് പിഴ അടിക്കുന്നു. ഒരു ചെക്ക് ബൗണ്‍സ് ആയാല്‍ സ്വാഭാവികമായും അങ്ങനെ ഒരു പ്രവര്‍ത്തിയുണ്ട്. വലിയൊരു ചെക്ക് ആയതുകൊണ്ടാണ് 20,000 രൂപ പിഴ വന്നത്. മാത്രമല്ല ഇത് ഈ വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോറിനെ, സിബില്‍ സ്‌കോറിനെ ബാധിക്കുകയും ചെയ്തു.
വാസ്തവത്തില്‍ കെഎല്‍എം ആക്‌സിവ ശ്രമിച്ചത്, രണ്ടു കോടി വീതം നാലു കോടിയുടെ രണ്ട് ചെക്ക് മടങ്ങി കഴിയുമ്പോള്‍ ചെക്ക് മടങ്ങിയതിന് കേസ് കൊടുക്കാമെന്നാണ്. എന്നാല്‍, ഈ ബിസിനസുകാരന്‍ ഉടനടി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനില്‍ പോയി വഞ്ചന കേസ് കൊടുക്കുകയാണ് ചെയ്തത്. ഒന്നര കോടി ലോണ്‍ എടുത്തു രണ്ടു കോടി 30 ലക്ഷം രൂപ അടച്ചിട്ടും വീണ്ടും വഞ്ചന നടത്തി നാലു കോടി അടിച്ചു മാറ്റാന്‍ ശ്രമം നടത്തുന്നു എന്ന് പറഞ്ഞ് പരാതി കൊടുത്തത്.
പുത്തന്‍കുരിശു പോലീസ് കെഎല്‍എം ആക്‌സിവെയും അതിന്റെ ഡയറക്ടര്‍മാരെയും പ്രതികളാക്കി കേസ് എടുത്തു. വഞ്ചന കേസ് ബിഎന്‍എസ് നിലവില്‍ വരുന്നതിനു മുമ്പ് സംഭവിച്ച വഞ്ചന ആയതുകൊണ്ട് ഐപിസി അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. 406ഉം 420ഉം വകുപ്പുകള്‍ ഇട്ടു. കൂടാതെ ബിഎന്‍എസിലെ 316ഉം 318നും ഇട്ടു. ഈ വകുപ്പുകള്‍ ഗൗരവമറിയ വകുപ്പുകളാണ്. പോലീസ് കേസും കാര്യങ്ങളും ആയതോടെ കെഎല്‍എം ആക്‌സിവ മാനേജ്‌മെന്റ് ഇപ്പോള്‍ എങ്ങനെയെങ്കിലും കേസ് ഒത്തുതീര്‍പ്പാക്കാന്‍ നെട്ടോട്ടത്തിലാണ്.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ആര്‍ത്തിയാണ് ഇവിടെ തെളിയുന്നത്. മാന്യന്മാരായ ആളുകള്‍ ചെയര്‍മാനും ഡയറക്ടര്‍മാരുമായി ഇരിക്കുന്ന സ്ഥാപനം പോലും ഇത്തരം 'അതിബുദ്ധി' കാണിക്കുമ്പോള്‍, സാധാരണക്കാര്‍ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണെന്നതാണ് ഈ കേസില്‍ നിന്നും വ്യക്തമാകുന്നത്.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മഞ്ജു വാര്യരെ പോലുള്ള താരങ്ങളെ വെച്ച് വലിയ ബ്രാന്‍ഡിംഗ് നടത്തി, 1000 ബ്രാഞ്ചുകളും 2000 കോടി രൂപയുടെ ഇടപാടുമായി കുതിക്കുന്ന സ്ഥാപനമാണ് കെഎല്‍എം ആക്‌സിവ. കേരളാ കോണ്‍ഗ്രസ് നേതാവായ ഷിബു തെക്കുംപുറം ഏറ്റെടുത്ത് വളര്‍ത്തിയ ഈ സ്ഥാപനത്തിന്റെ 'മിന്നല്‍ വളര്‍ച്ച'യെ അടക്കം സംശയത്തിലാക്കുന്നതാണ് ഈ കേസ്.




