കണ്ണൂൂർ: അർബൻ നിധിക്ക് ശേഷം കണ്ണൂർ ജില്ലയിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്. വിദേശ ഓൺ ലൈൻ കമ്പനിയിൽ പണം നിക്ഷേപിച്ചവർക്ക് നിക്ഷേപം നഷ്ടമായെന്നാണ് പരാതി. കാനഡ കേന്ദ്രമായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഫോറിൻ എക്സ്ചേഞ്ച് കമ്പനിയിൽ നിക്ഷേപിച്ചവർക്കാണ് പണം നഷ്ടമായത്. ആയിരക്കണക്കിനാളുകളിൽ നിന്ന് കോടികൾ നിക്ഷേപം കമ്പനി സമാഹരിച്ചിരുന്നു. പണം നഷ്ടപ്പെട്ടവരിൽ കൂടുതലാണ് പ്രവാസികളാണ്.

കച്ചവടക്കാർ, പൊലിസുകാർ, അദ്ധ്യാപകർ, മറ്റു സർക്കാർ ജീവനക്കാർ, ഓട്ടോറിക്ഷ തൊഴിലാളികൾ, കൂലിപ്പണിക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലയിലുള്ളവർക്കും പണം നഷ്ടമായി. ഈ കമ്പനി പൂട്ടിയതാണ് വിവരം. കഴിഞ്ഞ വർഷം ചേർന്നവർക്കെല്ലാം വൻ ലാഭം ലഭിച്ചിരുന്നു. ഒടുവിൽ ചേർന്നവരാണ് വഞ്ചിക്കപ്പെട്ടത്. മണി ചെയിൻ പോലെ വൻ ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ആളുകളെ ആകർഷിച്ചത്. നിക്ഷേപകർ നൽകുന്ന തുക ഡോളറിലാണ് കണക്കാക്കിയിരുന്നത്. 26- ഡോളർ മുതൽ 50.001 ഡോളർവരെ നിക്ഷേപിക്കാം. ആദ്യഘട്ടങ്ങളിിൽ ലാഭം ലഭിച്ചവർ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെ പേരിലും പണം നിക്ഷേപിച്ചിട്ടുണ്ട്.

ആറായിരം മുതൽ ലക്ഷങ്ങൾ വരെ ഓൺ ലൈൻ കമ്പനിയിൽ നിക്ഷേപിച്ചവരുണ്ട്. ആദ്യ ഘട്ടത്തിൽ കമ്പിനി കൃത്യമായി ലാഭം നൽകിയിരുന്നു. അൻപതിനായിരം രൂപ നിക്ഷേപിച്ചവർക്ക് ഒരു ദിവസം ആയിരം രൂപവരെ ലാഭവിഹിതം വരെ കിട്ടുമെന്നായിരുന്നു വാഗ്ദാനം. പലർക്കും ആദ്യഘട്ടത്തിൽ ഇതു ലഭിച്ചു. ഓൺ ലൈൻ കച്ചവടമാണെന്നാണ് കമ്പനി പറഞ്ഞിരുന്നത്. പണം നിക്ഷേപിക്കുന്നവർക്ക് യൂസർ ഐഡിയും പാസ് വേർഡും ലഭിക്കും. പ്രത്യേകം മൊബൈൽ ആപ്ളിക്കേഷനിലൂടെയാണ് ലാഭം നോക്കുന്നത്. ആഴ്‌ച്ചയിൽ അഞ്ചുദിവസമാണ് കച്ചവടം. നാലുദിസം ലാഭം ലഭിക്കും. ഒരു ദിവസം നഷ്ടം സംഭവിക്കും.

സാധാരണ നിക്ഷേപങ്ങൾക്ക് ലഭിക്കുന്നതിന്റെ അഞ്ചിരട്ടി ലാഭം ലഭിക്കുമെന്നാണ് കമ്പനിയിൽ പ്രവർത്തിക്കുന്നവർ പുതുതായി ചേരുന്നവരോട് പറഞ്ഞിരുന്നത്. അങ്ങനെയാണ് കൂടുതൽ ആളുകൾ ഇതിൽ നിക്ഷേപം നടത്തിയത്. സ്വന്തം ജോലി ഉപേക്ഷിച്ചു പോലും നിരവധിയാളുകൾ കമ്പനിക്കായി പ്രവർത്തിച്ചിരുന്നു. കൈയിൽ പണമില്ലാത്തവർ ബാങ്കുകളിൽനിന്നും വായ്പയെടുത്തും മറ്റും പണം നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ സ്വർണം ബാങ്കിൽ പണയം വെച്ചു നിക്ഷേപിച്ചവരും ഒട്ടേറെയാണ്.

രണ്ടു ദിവസം മുൻപ് വരെ മൊബൈൽ ആപ്പിൽ കൃത്യമായി വിവരങ്ങൾ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ വിവരങ്ങളൊന്നും ലഭിക്കുന്നില്ല. ആപ്പും പ്രവർത്തിക്കുന്നില്ല. പണം നഷ്ടപ്പെട്ട പലരും നാണക്കേടുകൊണ്ടു പുറത്ത് പറയുന്നില്ല. വിദേശ കമ്പിനിയായതിനാൽ ആർക്കെതിരെ പരാതി കൊടുക്കുമെന്ന അങ്കലാപ്പിലാണ് നിക്ഷേപകർ. എവിടെ നിന്നെങ്കിലും പണം വായ്പവാങ്ങിയെങ്കിലും അതിവേഗത്തിൽ ലാഭവും മുതലും തിരിച്ചു പിടിക്കാനിറങ്ങിയ നിശബ്ദ നിക്ഷേപകർക്ക് ഉള്ളതും പോയ അവസ്ഥയിലാണ്.

ചക്കരക്കൽ പ്രദേശത്താണ് രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പേർ എം ടി എഫ് ഇൽ കൂടി പണം ഉണ്ടാക്കിയവരും നഷ്ടപ്പെട്ടവരുമെന്നാണ് ലഭിക്കുന്ന വിവരം. വീട്ടമ്മമാർ തൊട്ട് പ്രഗൽഭ ബിസിനസുകാർ തുടങ്ങി സാധാരണ കൂലി തൊഴിലാളികളും ഡ്രൈവർമാരും ഗവ ഉദ്യോഗസ്ഥരും പണം നിക്ഷേപിച്ച് പണം നേടിയവരും നഷ്ടപ്പെട്ട കൂട്ടത്തിൽ ഉണ്ട്. ചക്കരക്കൽ ഇരിവേരിയിലെ ഒരു യുവാവാണ് ആദ്യം ഇതിൽ ആകൃഷ്ടനാവുന്നത്. പിന്നിട് തന്റെ വിശ്വസ്തനായ പാരലൽ കോളേജ് നടത്തിപ്പുക്കാരനുമായി ആശയ വിനിമയം നടത്തുന്നു. അയാളും ഇതിൽ ചേർന്ന് ലക്ഷങ്ങളുടെ വരുമാനം ദിവസവും ഉണ്ടാക്കി.

ഇയാൾക്ക് പിന്നിലായി ചക്കരക്കല്ലിലെ ട്യൂഷൻ സെന്ററിലെ അദ്ധ്യാപകൻ, പ്രമുഖ ബിസിനസ് സ്ഥാപനം നടത്തുന്ന വ്യക്തി, മുൻ പ്രവാസി, ഒരു വനിതയും കൈ കോർത്തു. പിന്നീട് ചക്കരക്കൽ എംടിഎഫ്ഇ വിപ്ലവമായി മാറുകയായിരുന്നു. നിക്ഷേപം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 600 പേരുടെ ഒത്തുചേരൽ ചക്കരക്കൽ ചുളയിലെ സഹാറ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു. പിന്നീട് ചക്കരക്കൽ കണയന്നുർ, ഇരിവേരി, മുഴപ്പാല പൊതുവാച്ചേരി തുടങ്ങി പരിസര പ്രദേശത്തെ ആയിരത്തോളം പേർ ഇതിൽ പണം നിക്ഷേപിച്ചു.

ഇതിൽ ചില വ്യക്തികൾ ബ്ലാഗ്ലൂരിൽ പോയി ഈ പ്രദേശത്തെ നുറുക്കണിന് ആളുകളെ ക്ലാസ് എടുത്തുകൊണ്ട്എം ടി എഫ് ഇൽ ആകൃഷ്ടരാക്കി പണം നിക്ഷേപിച്ചു. അതിനിടിയിൽ പ്രമുഖ വ്യക്തി വിദേശ പര്യടനവും കഴിഞ്ഞ് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ കമ്പനി പൊളിഞ്ഞതോടെ ഇവരെയൊന്നും കാണാനില്ലെന്നാണ് നിക്ഷേപകർ പറയുന്നത്.