- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
87 വയസായി, മരിക്കും മുൻപ് എനിക്ക് നീതി കിട്ടുമോ? സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത് മറിച്ചു വിറ്റ ചാർട്ടേഡ് അക്കൗണ്ടിനെതിരായ നിയമപോരാട്ടം തുടർന്ന് വയോധിക; ഒത്തുകളിക്കുന്നവരെ തുറന്നു കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ബീനാ രാധാകൃഷ്ണന്റെ കത്ത്
കൊച്ചി: എനിക്ക് 87 വയസായി. ഞാൻ നിങ്ങളുടെ കാലു പിടിച്ച് അപേക്ഷിക്കുകയാണ്. മരിക്കും മുൻപ് എനിക്ക് നീതി തരൂ. സ്വത്തുക്കളെല്ലാം വ്യാജരേഖ ചമച്ച് തട്ടിയെടുത്ത് മറിച്ചു വിറ്റ് കോടികൾ സമ്പാദിച്ച ചാർട്ടേഡ് അക്കൗണ്ടിനെതിരേ ഹൈക്കോടതിയിൽ നടക്കുന്ന കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് കത്തയച്ച് നീതി കിട്ടുമെന്ന് കരുതി കാത്തിരിക്കുകയാണ് കോട്ടയം യൂണിയൻ ക്ലബ് റോഡ് മാതൃസന്ധ്യയിൽ ബീനാ രാധാകൃഷ്ണൻ.
കോട്ടയത്തെ അറിയപ്പെടുന്ന ബാർ ഉടമ അന്തരിച്ച പി.ജി. രാധാകൃഷ്ണന്റെ ഭാര്യയാണ് ബീന. 2015 ൽ തുടങ്ങിയ നിയമ പോരാട്ടമാണ്. രാധാകൃഷ്ണൻ തുടങ്ങി വച്ച റോഷ്‌നി സീ ഫുഡ്സ് കമ്പനിയുടെ പേരിൽ പയ്യന്നൂരിൽ ഉണ്ടായിരുന്ന 75 ഏക്കർ ചെമ്മീൻ കെട്ട് വ്യാജരേഖ ചമച്ച് ഇവരുടെ ചാർട്ടേഡ് അക്കൗണ്ടായിരുന്ന കോട്ടയത്തുകാരൻ തോമസ് ചെറിയാൻ തട്ടിയെടുത്ത് തിരുവല്ല ആസ്ഥാനമായ ബിലീവേഴ്സ് ചർച്ചിന് മറിച്ചു വിൽക്കുകയായിരുന്നു. 12.90 കോടി രൂപയ്ക്കായിരുന്നു കച്ചവടം. ഈ വിവരം വൈകി അറിഞ്ഞ ബീന കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി. ഇതനുസരിച്ച് പൊലീസ് എഫ്ഐആർ ഇട്ടെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. 2018 മെയ് മാസത്തിൽ ബീന സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിക്കുന്നത് വൈകിയപ്പോൾ 2019 നവംബർ 11 ന് ബീന തന്റെ ഹർജി അന്യായമായി മാറ്റി വയ്ക്കുന്നുവെന്നും അന്നത്തെ അഡിഷണൽ സോളിസിറ്റർ ജനറൽ കെ.വി. സോഹന്റെ സ്വാധീനമാണ് ഇതിന് കാരണമെന്നും കാട്ടി ചീഫ് ജസ്റ്റിസിന് പരാതി അയച്ചു. നവംബർ 18 ന് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരം ഈ പരാതിയിന്മേലുള്ള തുടരന്വേഷണം കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ തോമസ് ചെറിയാൻ ഹൈക്കോടതിയെ സമീപിച്ചു. ഓർക്കണം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അഞ്ചു വർഷം കഴിയുമ്പോഴാണ് അത് റദ്ദാക്കാൻ കോടതിയെ സമീപിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം നേരായ വഴിക്ക് പോകുന്നുണ്ടെന്നും അവരുടെ അന്തിമ റിപ്പോർട്ട് തനിക്ക് എതിരാകുമെന്നും വന്നപ്പോഴായിരുന്നു എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചത്.
2021 സെപ്റ്റംബറിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്‌പി. ഷെരീഫ് റിപ്പോർട്ട് തയാറാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങവേ തന്നെ അമ്പരപ്പിച്ചു കൊണ്ട് കേസ് പൊടുന്നനവേ പോസ്റ്റ് ചെയ്തുവെന്ന് ബീന രാധാകൃഷ്ണൻ തന്റെ പരാതിയിൽ പറയുന്നു. ജസ്റ്റിസ് ഹരിപാലിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എഡിജിപി ആയിരുന്ന ഗ്രേഷ്യസ് കുരിയാക്കോസ് നേരിട്ട് ഹാജരായി ഒരു താൽക്കാലിക ഉത്തരവ് സമ്പാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റപത്രം സമർപ്പിക്കുന്നത് തടയണമെന്നായിരുന്നു ആ ഉത്തരവ്. കോടതി പറഞ്ഞിട്ട് നടത്തിയ അന്വേഷണം, കൃത്യമായ സമയമെടുത്ത് പൂർത്തിയാക്കുകയും വ്യാജരേഖ ചമച്ച് ഭൂമി മറിച്ചു വിറ്റുവെന്ന് കണ്ടെത്തുകയും ചെയ്തു കൊണ്ടുള്ള കുറ്റപത്രം തൽക്കാലം സമർപ്പിക്കേണ്ടതില്ലെന്ന് ഇതേ കോടതി തന്നെ ഉത്തരവിടുന്ന അപൂർവതയാണ് അന്നുണ്ടായത്.
തന്റെ അഭിഭാഷകരും അന്വേഷണ ഏജൻസിയും തങ്ങളാൽ ആകുന്ന വിധം സ്റ്റേ ഉത്തരവ് നീക്കാൻ വാദിച്ചു നോക്കിയെങ്കിലും ഫലം കണ്ടില്ല. 25 തവണയാണ് കേസ് മാറ്റി വച്ചത്. പിന്നീട് ജസ്റ്റിസ് ഹരിപാൽ വിരമിക്കുന്നതു വരെ ഈ കേസ് ആ ബെഞ്ചിൽ പരിഗണിച്ചില്ല. കോടതി നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ കുറ്റപത്രം സമർപ്പിക്കുന്നത് തടയുന്നത് മനസിലാക്കാം. പക്ഷേ, ആ ഉത്തരവ് അനന്തമായി നീട്ടി വച്ച് കേസ് പരിഗണിക്കാതിരിക്കുന്നതിന് പിന്നിൽ വമ്പൻ ഗൂഢാലോചന തന്നെ നടന്നുവെന്നാണ് ബീന പരാതിയിൽ ആരോപിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഫെബ്രുവരി 22 ന് ബീന ചീഫ് ജസ്റ്റിസിന് പരാതി നൽകി. ഒരു നടപടിയുമുണ്ടായില്ല. ജുഡീഷ്യൽ രജിസ്ട്രാറുമായി ഫോണിൽ സംസാരിച്ചു. തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു രജിസ്ട്രാറുടെ മറുപടി. ഇവരൊക്കെ കണ്ണടച്ച് ഇരുട്ടാക്കിയപ്പോൾ ഓഗസ്റ്റ് 27 ന് ബീന ക്രൈംബ്രാഞ്ച് എഡിജപി ഷേക്ക് ദർവേഷ് സാഹിബിന് കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരു കത്തയച്ചു. ഒടുക്കം സെപ്റ്റംബർ 28 ന്, 13 തവണ മാറ്റി വച്ച കേസ് നിവൃത്തിയില്ലാതെ ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബഞ്ച് പരിഗണിച്ച് വിധി പറയാനായി മാറ്റി വച്ചു.
അതിന് ശേഷം ആറുമാസമായി കേസ് പൂഴ്‌ത്തി വച്ചിരിക്കുകയാണെന്നും ഈ പരാതി അയയ്ക്കുമ്പോഴും വിധിന്യായം എഴുതിയിട്ടില്ലെന്നും ബീന പറയുന്നു. ആകെ 31 തവണയാണ് ഈ കേസ് മാറ്റി വച്ചത്. കുറ്റവാളിയെ വിലങ്ങിടാൻ അന്വേഷണ സംഘം ശ്രമിച്ചപ്പോൾ അവരുടെ കൈയിൽ വിലങ്ങണിയിക്കുന്ന പ്രവണതയാണ് നീതിപീഠത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് പറഞ്ഞു കൊണ്ട് വികാരപരമായിട്ടാണ് ബീന കത്ത് അവസാനിപ്പിക്കുന്നത്. ഫെബ്രുവരി 14 ന് ബീന അയച്ച കത്തിന്മേൽ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല എന്നുള്ളതാണ് ഏറെ ഖേദകരം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.