കൊല്ലം: ഓയൂരിലെ അന്വേഷണത്തിൽ ആദ്യം പൊലീസിന് പിഴച്ചുവെന്നതാണ് വസ്തുത. എന്നാൽ ഒടുവിൽ അവർ കൃത്യമായ പ്രതികളിലേക്ക് എത്തി. എന്നാൽ സാമ്പത്തികമായി നല്ല നിലയിലുള്ള ചാത്തന്നൂരിലെ പത്മകുമാർ എന്തിന് തട്ടിക്കൊണ്ടു പോയി എന്നത് ദുരൂഹമായി തുടരുന്നു. എലന്തൂരിലെ നരബലിയെ ഞെട്ടിക്കുന്ന മൊഴികൾ പൊലീസിന് കട്ടിയെന്നാണ് അനൗദ്യോഗിക വിവരം. ഇക്കാര്യത്തിലേക്കും പൊലീസ് അന്വേഷണം നീളും. ഫാം ഹൗസും പട്ടിക്കൂട്ടങ്ങളും രണ്ടു കാറും ആയി ദുരൂഹത നിറഞ്ഞ ജീവിതമായിരുന്നു പത്മകുമാറിന്റേത്. മന്ത്രവാദ കളത്തിലേക്ക് കുട്ടികളെ എറിഞ്ഞു കൊടുക്കാനായിരുന്നോ ഈ തട്ടിക്കൊണ്ടു പോകലെന്ന സംശയം സജീവമാണ്.

സാമ്പത്തിക പ്രതിസന്ധിയ്‌ക്കൊപ്പം മന്ത്രവാദ പ്രശ്‌നങ്ങളും സംശയമായി മാറുന്നുണ്ട്. വീട്ടിലും പട്ടികളായിരുന്നു നിറയെ. പത്മകുമാറിന്റെ മകളുടെ ഇൻസ്റ്റാഗ്രാം പേജിലും പട്ടികളോടുള്ള പ്രണയം വ്യക്തമാണ്. പത്തിൽ അധികം പട്ടികളുണ്ടെന്ന് ഇതിൽ അവകാശപ്പെടുന്നുണ്ട്. കുട്ടികളെ തട്ടിയെടുത്ത് ഏതെങ്കിലും റാക്കറ്റിന് കൈമാറുകയെന്ന ലക്ഷ്യം ഈ സംഘത്തിനുണ്ടോ എന്നതും സംശയമാണ്. നരബലി അടക്കമുള്ള സാധ്യതകളിലേക്ക് പൊലീസ് അന്വേഷണം നീളും. ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ രണ്ടു കുട്ടികളെ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് സൂചന. മാധ്യമങ്ങളിൽ വാർത്തകളെത്തിയപ്പോൾ കൊണ്ടു പോയ കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. പത്ത് ലക്ഷമാണ് മോചനദ്രവ്യമായി ചോദിച്ചത്. ഈ പണം കൊണ്ടു തീരുന്ന സാമ്പത്തിക പ്രശ്‌നങ്ങൾക്ക് ഇത്രയും വലിയ റിസ്‌ക് ആരും എടുക്കില്ല. ഈ സാഹചര്യത്തിലാണ് സംശയങ്ങൾ നീളുന്നത്.

കുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന റാക്കറ്റ് രാജ്യത്ത് സജീവമാണ്. ഇവരുമായി ഈ തട്ടിക്കൊണ്ടു പോകലിന് ബന്ധമുണ്ടോ എന്നതാണ് അറിയേണ്ടത്. സാമ്പത്തിക പ്രയാസമുണ്ടായിരുന്നുവെന്നും അത് മറികടക്കാനാണ് തട്ടിക്കൊണ്ടു പോകൽ എന്നുമാണ് പത്മകുമാറിന്റെ മൊഴി. 5 ലക്ഷം ഫോളോവേഴ്‌സുള്ള യുട്യൂബ് താരമാണ് പത്മകുമാറിന്റെ മകൾ അനുപമാ പത്മൻ. എല്ലാ വീഡിയോയും നന്നായി ഓടുന്നവയുമാണ്. ഇത് പോലും സാമ്പത്തിക കരുത്തിന് ഉപയോഗിക്കാം. അതു പോലെ തമിഴ്‌നാട്ടിൽ പോലും ഫാം ഹൗസുണ്ട്. വേറേയും സ്വത്ത് വകകൾ. ഇതിലൊന്ന് വിറ്റാൽ പോലും തീരുന്നതാണ് സാമ്പത്തിക പ്രശ്‌നം. കോടികളുടെ കടത്തിന് പത്തു ലക്ഷം രൂപയ്ക്കായുള്ള തട്ടിക്കൊണ്ടു പോകൽ വാദം നിലനിൽക്കുന്നതല്ല.

കുട്ടിയെ തട്ടിക്കൊണ്ടു പോയ ഉടൻ ജനരോഷം ഉയർന്നു. എല്ലാ വഴികളും നാട്ടുകാരും പൊലീസും പരിശോധിച്ചു. ഇതോടെ ചാത്തന്നൂരിലെ വീട്ടിലേക്ക് കൊണ്ടു വന്ന കുട്ടിയെ അതിർത്തി കടത്തി കൊണ്ടു പോകാൻ കഴിയില്ലെന്ന അവസ്ഥ വന്നു. അങ്ങനെ കുട്ടിയെ ഉപേക്ഷിച്ചു. പൊലീസിന്റെ കണ്ണുവെട്ടിച്ച് ആശ്രാമത്ത് എത്താൻ ഇവർക്ക് കഴിഞ്ഞു. തമിഴ്‌നാട്ടിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകൽ മാഫിയ ശക്തമാണ്. ഇത്തരം മാഫിയകൾക്ക് വേണ്ടിയായിരുന്നോ തട്ടിക്കൊണ്ടു പോകൽ എന്ന സംശയം ശക്തമാക്കുന്നതാണ് പത്മകുമാറിന്റെ തെങ്കാശിയിൽ നിന്നുള്ള അറസ്റ്റ്. എന്നാൽ പിടിയിലായ പത്മകുമാർ കൃത്യമായ തിരക്കഥയാണ് പറയുന്നത്. ഭാര്യയ്ക്കും മകൾക്കും അപ്പുറം കേസ് എത്തില്ലെന്ന് ഉറപ്പാക്കാനാണ് ഇത്.

മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ മൂന്ന് പേരെയും തെങ്കാശിയിൽ വച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്. ഇതിൽ മകൾക്ക് വലിയൊരു സോഷ്യൽ മീഡിയാ സംവിധാനമുണ്ട്. യു ട്യൂബിലും ഇൻസ്റ്റാ ഗ്രാമിലും താരം. ഇതിനൊപ്പം അടിപൊളി വെബ് സൈറ്റും. തെരുവ് നായ്ക്കളുടെ പ്രണയം ചർച്ചയാക്കി പണപ്പിരിവ് അടക്കം നടത്തി. ആ സെറ്റിലെ വിവരങ്ങളെല്ലാം ഊരിപ്പെരുപ്പിച്ചതാണെന്നും വ്യക്തമാകും.

വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാർ കുടുംബത്തിനൊപ്പം ചേർന്ന് നടത്തിയ പ്ലാൻ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകലെന്നാണ് മൊഴികളിലുള്ളത്. പത്മകുമാർ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീർക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. 1993 ൽ ടി കെ എം എഞ്ചിനിയറിങ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയ ആളാണ് പത്മകുമാർ.

ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നു സഹോദരന്റെ കൈയിൽ പത്മകുമാറും സംഘവും ഭീഷണി കത്ത് നൽകിയിരുന്നു. പണം നൽകിയാൽ കുട്ടിയെ വിട്ടുനൽകുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ സഹോദരൻ കുറിപ്പ് വാങ്ങിയില്ല. കുറിപ്പ് കാറിനുള്ളിൽ തന്നെ വീണു. ഇവിടെ മുതലാണ് പത്മകുമാറിന്റെ പ്ലാനുകൾ പാളിത്തുടങ്ങിയത്. കുട്ടിയെ താമസിപ്പിക്കുന്ന ഇടത്തിലെത്തി ടിവി വെച്ചപ്പോഴേക്കും നാട് മുഴുവൻ സംഭവമറിഞ്ഞെന്നും ഇനി രക്ഷയില്ലെന്നും വ്യക്തമായി. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നത്.

ഓയൂരിൽ ആറുവസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിലായ പത്മകുമാറിന്റെ മനസ്സിന്റെ ഉള്ളിൽ ക്രിമിനൽ ഒളിച്ചിരുന്നുവെന്ന് സൂചന. ശാന്ത മുഖഭാവമാണെങ്കിൽ പ്രശ്നക്കാരനായാൽ എന്തും ചെയ്യും. അയൽവാസികളുമായി സഹകരണം കുറവ്. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കും. പക്ഷേ നാട്ടുകാർ ഇയാളെ കുറിച്ച് ചില സംശയങ്ങളുണ്ടായിരുന്നു. എന്നാൽ ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിലെ എൻജിനിയറിങ് ബുദ്ധി ഇയാളുടേതാണെന്ന് ആരും കരുതിയില്ല.

ബഹുനില വീട്ടിലായിരുന്നു താമസം. വലിയ ചുറ്റുമതിലും കാറുകളും വീട്ടിനുള്ളിൽ ഒന്നിലേറെ നായ്ക്കളും. പരിസരവാസികളുമായി കാര്യമായ സഹകരണം ഇല്ലാതെയായിരുന്നു കംപ്യൂട്ടർ വിദഗ്ധനായ പത്മകുമാറിന്റെ ജീവിതം. മൂന്നു പതിറ്റാണ്ടു എൻജിനീയറിങ് കോളജിൽ നിന്നു റാങ്കോടെ കംപ്യൂട്ടർ എൻജിനീയറിങ് പഠിച്ചിറങ്ങിയ പത്മകുമാർ ഉയർന്ന ജോലികൾ സ്വീകരിക്കാതെ ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. ടികെഎം കോളേജിലാണ് പഠിച്ചതെന്നാണ് സൂചന. ഫിഷ് സ്റ്റാൾ, ബിരിയാണി കച്ചവടം, കൃഷി ഉൾപ്പെടെ വൈവിധ്യമാർന്ന ബിസിനസുകളിൽ കൈവച്ചു.

കേബിൾ ടിവി രംഗപ്രവേശം ചെയ്ത കാലത്തു തന്നെ ചാത്തന്നൂർ കേന്ദ്രീകരിച്ചു കേബിൾ ടിവി ശ്യംഖല ആരംഭിച്ചു. പിന്നീടു റിയൽ എസ്റ്റേറ്റ്, പാഴ്സൽ ബിരിയാണി കച്ചവടം, കുമ്മല്ലൂർ റോഡിൽ മത്സ്യസ്റ്റാൾ, പോളച്ചിറയിൽ 5 ഏക്കറോളം ഫാം ഹൗസ്, തമിഴ്‌നാട്ടിൽ കൃഷി, ചാത്തന്നൂരിൽ ബേക്കറി തുടങ്ങിയ വ്യത്യസ്ത മേഖലകളിലേക്കായി ശ്രദ്ധ. ആർടിഒ ഓഫീസിലായിരുന്നു അച്ഛന് ജോലി. അച്ഛൻ മരിച്ചപ്പോൾ അമ്മയ്ക്ക ആ ജോലി കിട്ടി. വീട്ടിൽ നല്ല സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നു. എന്നാൽ ഈയിടെയായി കടത്തിലാണെന്നും പറയുന്നു.

അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ചോദ്യം ചെയ്ത ചാത്തന്നൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കഴിഞ്ഞ ജനുവരിയിൽ പദ്കുമാർ കാർ ഇടിപ്പിച്ച ശേഷം നിറുത്താതെ പോയി. തൊട്ടടുത്ത ദിവസം ദമ്പതികൾ വീട്ടിലെത്തിയപ്പോൾ പത്മകുമാറും കുടുംബവും ബഹളം വച്ച് തുരത്തി. പിന്നീട് നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കി. റിയൽ എസ്റ്റേറ്റ് ഇടപാടുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ചാത്തന്നൂരിലെ ആദ്യകാല കേബിൾ ടി.വി ശൃംഖല നടത്തിപ്പുകാരനാണ്. കല്യാണി കേബിൾസ് എന്നായിരുന്നു പേര്. വൻതുകയ്ക്ക് കുറച്ച് കാലം മുമ്പ് കേബിൾ ടി.വി ശൃംഖല വിറ്റു.

അതിന് ശേഷം റിയൽ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ചത്. ചാത്തന്നൂർ ജംഗ്ഷനിലെ ബാറിന് സമീപം ബേക്കറിയുണ്ട്. ഭാര്യ അനിതയാണ് ബേക്കറി നോക്കി നടത്തിയിരുന്നത്. നായകളോട് വൻ കമ്പമാണ്. വീട്ടിൽ മുന്തിയ ഇനത്തിലുള്ള മൂന്ന് നായകളുണ്ട്. നേരത്തെ നാടൻ ഇനത്തിലുള്ള നായകളെയും വളർത്തിയിരുന്നു. പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ചിലരോട് വൻ തുക കടം ചോദിച്ചതായും നാട്ടുകാർ പറയുന്നു.