കൊച്ചി: ഫ്ളൈ വില്ലോ ട്രീ ഇന്റര്‍നാഷണല്‍ സ്ഥാപനത്തിന്റെ മറവില്‍ നടന്ന തട്ടിപ്പുകളില്‍ മിക്കതിലും മുഖ്യ പ്രതിയുടെ പേര് എഫ് ഐ ആറില്‍ ഇല്ല. സ്ഥാപനത്തിനെതിരെ പല സ്റ്റേഷനുകളിലാണ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2023 മുതല്‍ സ്ഥാപനത്തിനെതിരെ പറത്തികള്‍ ഉയര്‍ന്ന് വന്നിരുന്നു. 7 എഫ്‌ഐആറുകളാണ് മറുനാടന്‍ ഇതുവരെ ശേഖരിച്ചിരിക്കുന്നത്. ഈ കേസില്‍ സര്‍വ്വത്ര ദുരൂഹമാണ്.

കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ ചിഞ്ചു എസ് രാജ് കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. മറ്റൊരു പ്രതിയായ ബിനില്‍ കുമാര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പുനലൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഇത് കൂടാതെ പെരുമ്പാവൂര്‍, ചെങ്ങമനാട്, ഹില്‍ പാലസ്, കളമശ്ശേരി എന്നീ സ്റ്റേഷനുകളിലും ഫ്ളൈ വില്ലോ ട്രീ ഇന്റര്‍നാഷണല്‍ സ്ഥാപനത്തിനെതിരെ കേസുകളുണ്ട്. എന്നാല്‍ ഇതിലൊന്നും ചിഞ്ചു പ്രതിയല്ല. ചിഞ്ചുവും ഭര്‍ത്താവ് അനീഷുമാണ് ട്രീ ഇന്റര്‍നാഷണലിനും പിന്നില്‍. 2023ല്‍ തട്ടിപ്പ് കേസില്‍ ഇവര്‍ അറസ്റ്റിലായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് ചിലരെ മുന്നില്‍ നിര്‍ത്തി പുതിയ തട്ടിപ്പ് നടത്തിയെന്നാണ് സൂചന. ഈ കേസുകളില്‍ ഒന്നും ചിഞ്ചുവിന്റെ ഭര്‍ത്താവ് അനീഷും പ്രതിയല്ല.

പുനലൂര്‍ കറവൂര്‍ സ്വദേശി നിഷാദ് നല്‍കിയ പരാതിയിലാണ് ചിഞ്ചു അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിഷാദിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ബിനില്‍ കുമാര്‍, ലൈസന്‍സ് ഉടമ ബിജുകുമാര്‍, ജീവനക്കാരിയായ അനുമോള്‍, ചിഞ്ചു എസ് രാജ് എന്നിവരാണ് പ്രതികള്‍. ഇവിടെയാണ് കൗതുകം. 2023ല്‍ ചിഞ്ചുവിനെ അറസ്റ്റ് ചെയ്ത കേസിലെ പരാതിക്കാരനായിരുന്നു ബിനില്‍. എന്നാല്‍ ഇപ്പോള്‍ ബിനില്‍ കേസില്‍ പ്രതിയും. ആദ്യം അറസ്റ്റിലായതും ബിനിലാണ്. അതായത് ഏറെ ദുരൂഹമാണ് ഈ സംഘത്തിന്റെ ഇടപാടുകള്‍.

വിദേശരാജ്യങ്ങളിലേക്ക് വര്‍ക്ക് വിസ വാഗ്ദാനംചെയ്ത് വ്യാജ റിക്രൂട്ടുമെന്റ് സ്ഥാപനം നടത്തിവന്നിരുന്ന ദമ്പതികള്‍ 2023ല്‍ അറസ്റ്റിലായ സാഹചര്യം ശ്രദ്ധേയമാണ്. കലൂര്‍ അശോക റോഡിലുള്ള ടാലെന്റിവിസ് എച്ച്.ആര്‍ കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ റിക്രൂട്ടുമെന്റ് സ്ഥാപനം നടത്തിവന്നിരുന്ന ചിഞ്ചു എസ്. രാജ് , അനീഷ് എന്നിവരെയാണ് നോര്‍ത്ത് പൊലീസ് അന്ന് അറസ്റ്റ് ചെയ്തത്. യു.കെ, സിംഗപ്പൂര്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികള്‍ക്ക് തങ്ങളുടെ കൈവശം വിസയുണ്ടെന്ന് വാഗ്ദാനം ചെയ്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് 1.9 കോടി രൂപയാണ് ഇവര്‍ അന്ന് തട്ടിയെടുത്തത്.

പ്രതികളുടെ ഉറപ്പിന്മേല്‍ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് പണം വാങ്ങിക്കൊടുത്ത പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ബിനില്‍ കുമാറിന്റെ പരാതിയിലാണ് 2023ല്‍കേസെടുത്തത്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് നേരിട്ട് പണംവാങ്ങാതെ ഏജന്റ് വഴി പണം തട്ടിയെടുത്ത പ്രതികള്‍ രാജ്യം വിടാന്‍ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. അതായത് 2023ല്‍ പരാതിക്കാരനായിരുന്നു ബിനില്‍. അന്നും കേസില്‍ നിന്നൊഴിവാകാന്‍ വേണ്ടി ബിനില്‍ നാടക പരാതി കൊടുത്തതാണോ എന്ന സംശയം സജീവമാക്കുന്നതാണ് രണ്ടു കൊല്ലത്തിന് ശേഷമുള്ള തട്ടിപ്പും അറസ്റ്റുകളും. ഇതിലൊന്നും പ്രതിയാകാതെ ചിഞ്ചുവിന്റെ ഭര്‍ത്താവ് രക്ഷപ്പെടുകയും ചെയ്യുന്നു. അങ്ങനെ അടിമുടി ദുരൂഹമാണ് സംഭവങ്ങള്‍.

ഇപ്പോഴത്തെ അറസ്റ്റ് നിഷാദിന്റെ പരാതിയിലാണ്. നിഷാദില്‍ നിന്നും പല തവണയായി പതിനൊന്നര ലക്ഷം രൂപയാണ് ചിഞ്ചു അനീഷും സംഘവും തട്ടിയെടുത്തത്. 2024 ജൂലൈ മാസത്തിലാണ് നിഷാദ് പോലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ ഈ കേസെടുത്തതിന് ശേഷവും പ്രതികള്‍ തട്ടിപ്പ് തുടരുകയായിരുന്നു. ചിഞ്ചു അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുമ്പ് സിംഗപ്പൂര്‍ എയര്‍പോര്‍ട്ടിലെ ഒഴിവുകള്‍ കഴിഞ്ഞുവെന്ന് കാട്ടി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. വിദേശത്തെ ജോലി ഒഴിവുകളും, സ്ഥാപനം നടത്തിയ റിക്രൂട്ടുമെന്റുകളുടെയും വിവരങ്ങള്‍ കാണിച്ചുള്ള നിരവധി പോസ്റ്റുകള്‍ ചിഞ്ചുവിന്റെ സാമൂഹ മാധ്യമ അക്കൗണ്ടില്‍ ഉണ്ട്.

മാസം 2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പല്‍ ജോലി ന്യൂസിലാന്‍ഡില്‍ വാങ്ങിനല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പരാതിക്കാരനില്‍ നിന്നും പണം തട്ടിയത്. ജോലി സംബന്ധമായ എല്ലാ രേഖകളും നിഷാദിന് നല്‍കുകയും ചെയ്തിരുന്നു. സമാനമായി നിരവധി പേരെയാണ് ഇവര്‍ തട്ടിപ്പിനിരയാക്കിയത്. ന്യൂസീലാന്‍ഡ്, സിംഗപ്പൂര്‍, യുകെ എന്നിവടങ്ങളിലേക്കാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനം നല്‍കിയിരുന്നത്. 2023 മുതല്‍ സ്ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ് നടക്കുകയായിരുന്നു.

45 ദിവസത്തിനുള്ളില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നായിരുന്നു പ്രതികള്‍ പരാതിക്കാരനായ നിഷാദിനോട് പറഞ്ഞിരുന്നത്. വിശ്വസിപ്പിച്ചു. എന്നാല്‍ പറഞ്ഞ കാലാവധിക്കുള്ളില്‍ ജോലി ലഭിക്കാതായതോടെ പരാതിക്കാരന്‍ പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ കപ്പലിലെ വെല്‍ഡിംഗ് ജോലിക്കായുള്ള വിസ കുറച്ചു താമസമെടുക്കുമെന്നും മറ്റൊരു ജോലി തരപ്പെടുത്തി നല്‍കാമെന്നും പറത്തിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ന്യൂസിലാന്‍ഡില്‍ പോര്‍ട്ടില്‍ കൊണ്ടുപോകാമെന്നായിരുന്നു വാഗ്ദാനം. 20 ദിവസത്തിനകം ജോലി ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മെഡിക്കല്‍ ടെസ്റ്റ് അടക്കം എടുപ്പിച്ചിരുന്നു. തുടര്‍ന്ന് ചിഞ്ചു ഗൂഗിള്‍ മീറ്റില്‍ പരാതിക്കാരനോട് സംസാരിച്ചു.

ഒമ്പതരലക്ഷം രൂപ ഒന്നാം പ്രതിയായ ബിജുകുമാറിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. പറഞ്ഞ കാലാവധിക്കുള്ളില്‍ വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ബിനില്‍കുമാറിനെ സമീപിച്ചു. ഇതോടെ ചിഞ്ചു വീണ്ടും ഒരു ഗൂഗിള്‍ മീറ്റ് വയ്ക്കുകയും മറ്റൊരു തീയതിയിലേയ്ക്ക് പോകാമെന്ന് പരാതിക്കാരനെ വീണ്ടും പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ പല തവണയായി ഇവര്‍ ഒഴിഞ്ഞു മാറിയതോടെ പരാതിക്കാരന് സംശയം തോന്നി. തുടര്‍ന്ന് പെരുമ്പാവൂര്‍ ഓഫിസില്‍ നേരിട്ടെത്തി വിസയെ സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോളാണ് തനിക്ക് ലഭിച്ച ഓഫര്‍ ലെറ്റര്‍ അടക്കം വ്യാജമാണെന്ന് പരാതിക്കാരന്‍ തിരിച്ചറിയുന്നത്.

ലോണ്‍ വാങ്ങിയും സ്വര്‍ണ്ണം വിറ്റുമാണ് പരാതിക്കാരന്‍ പ്രതികള്‍ക്ക് പണം നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.