തിരുവനന്തപുരം: പുതിയ സിനിമാ നയരൂപീകരണത്തിനായി സര്‍ക്കാര്‍ സംഘടിപ്പിച്ച ദ്വദിന ശില്‍പ്പശാലയില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ (ഡബ്ള്യൂ.സി.സി) നടന്നത് കടന്നാക്രമണം. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ലിംഗസമത്വം സംബന്ധിച്ച സെഷനില്‍ പുരുഷന്‍മാര്‍ക്കു പുറമേ വനിതാ അഭിനേതാക്കളും ഡബ്ല്യൂ. സി.സിയെ പരോക്ഷമായി അധിക്ഷേപിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് നടി രേവതി ആദ്യദിനം കഴിഞ്ഞയുടന്‍ തിരികെ മടങ്ങി. സമഗ്രമായ സിനിമാ നയത്തിനു വേണ്ടി സംഘടിപ്പിച്ച കേരള ഫിലിം പോളിസി കോണ്‍ക്ലേവില്‍ പ്രധാനമായും ചര്‍ച്ചയായത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സ്ത്രീ സമത്വവും മാത്രം. യഥാര്‍ത്ഥ നയം ചര്‍ച്ചയായില്ല. അടൂര്‍ ഗോപാലകൃഷ്ണനും ശ്രീകുമാരന്‍ തമ്പിയും ഉയര്‍ത്തിയ വിവാദങ്ങളും നാണക്കേടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് നടത്തിപ്പില്‍ തീര്‍ത്തും അതൃപ്തനാണ്. സാംസ്‌കാരിക മന്ത്രിയെ ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് അറിയിക്കും.

സിനിമാ കോണ്‍ക്ലേവിന്‍െ്റ ആദ്യദിനം സംഘടിപ്പിച്ച 'സിനിമാ മേഖലയിലെ ലിംഗനീതി'യെന്ന സെഷനില്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ രേവതി വേദിയില്‍ എത്തിയ ഉടന്‍ തന്നെ വിമതസ്വരമുയര്‍ത്തി. സ്റ്റേജിന്റെ പിന്നില്‍ ഒരുക്കിയിരുന്ന കൂറ്റന്‍ കട്ടൗട്ടില്‍ നിരവധി പുരുഷന്‍മാരുടെ ചിത്രത്തോടൊപ്പം മൂന്നു സ്ത്രീകള്‍ മാത്രമാണുള്ളതെന്നായിരുന്നു ആദ്യ പരാതി. അതില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെയും നടി സുഹാസിനിയെയും തിരിച്ചറിഞ്ഞ രേവതി മൂന്നാമത്തെയാളെ തനിക്ക് അറിയില്ലെന്നും പറഞ്ഞു. തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍െ്റ ചിത്രമായിരുന്നു അത്. രാഷ്ട്രീയക്കാരുടെ കോണ്‍ക്ലേവാണോ എന്ന സംശയമാണ് ഇതിലൂടെ രേവതി ഉയര്‍ത്തിയത്.

പികെ റോസി, വിഎസ് സരോജ, മിസ് കുമാരി തുടങ്ങിയ നടിമാരിലാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത്. നെയ്യാറ്റിന്‍കര കോമളം അടക്കമുള്ളവരുടെ നാടാണഅ തിരുവനന്തപുരം. എന്നാല്‍ സിനിമാ നയരൂപീകരണത്തിന്റെ ബാക്കിലെ ഫ്‌ളക്‌സില്‍ നിറഞ്ഞത് രാഷ്ട്രീയക്കാര്‍ മാത്രമായിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ കോളാഷാണ് അവിടെ വച്ചത്. ഇത് ഏറെ വിവാദമായിട്ടുണ്ട്. ഇതാണ് രേവതി കളിയാക്കിയതും.

രേവതിക്കൊപ്പം നടി സുഹാസിനി, എഡിറ്റര്‍ ബീനാ പോള്‍, സാമൂഹ്യപ്രവര്‍ത്തക ശീതള്‍ ശ്യാം, സംവിധായകന്‍ സോഹന്‍ സീനുലാല്‍ എന്നിവരും പങ്കെടുത്ത ചര്‍ച്ചയില്‍ സ്ത്രീകളായ സിനിമാ പ്രവര്‍ത്തകര്‍ക്ക് പ്രസവാവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നു. തുടര്‍ന്ന് പങ്കെടുക്കാനെത്തിയ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ ഇതിനെതിരെ പരോക്ഷമായി മറുപടി നല്‍കി. പ്രസവാവധി ഉള്‍പ്പെടെ നല്‍കുമ്പോള്‍ കോടികള്‍ മുടക്കുന്ന നിര്‍മ്മാതാവിനെ കുടി ഓര്‍ക്കണമെന്നായിരുന്നു രഞ്ജി പണിക്കരുടെ മറുപടി. അവധി എടുക്കുമ്പോള്‍ സമയബന്ധിതമായി എഡിറ്റിങ് കൂടി നടക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതില്ലേയെന്നും എഡിറ്ററായ ബീനാ പോളിനോട് രഞ്ജി ചോദിച്ചു. ഒരു ചെറുചിരി മാത്രമായിരുന്നു ബീനാ പോളിന്റെ മറുപടി.

ചര്‍ച്ച തുടരുന്നതിനിടയില്‍ നടി സുഹാസിനിയും ഡബ്ള്യൂ.സി.സിയെ കളിയാക്കി. മലയാള സിനിമയില്‍ സ്ത്രീ സമത്വമില്ലെന്ന് പരാതിപ്പെടുന്നവര്‍ ഡബ്ള്യൂ.സി.സിയില്‍ അംഗത്വമെടുത്താല്‍ അതു ലഭിക്കില്ലേയെന്നായിരുന്നു സുഹാസിനിയുടെ ചോദ്യം. അതിനും ബീനാ പോള്‍ നിശബ്ദത പാലിച്ചപ്പോള്‍ രേവതി മറുപടിയുമായി ചാടിയെണീറ്റു. അംഗത്വം എടുത്താല്‍ പീന്നീട് സിനിമ കിട്ടില്ലെന്നായിരുന്നു രേവതിയുടെ അഭിപ്രായം. പരിപാടിയില്‍ പങ്കെടുത്ത നടി അന്‍സിബ 'അമ്മ'ക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടിയില്ലെന്ന പരാതിയാണ് ഉന്നയിച്ചത്.

ഒരു പ്രമുഖ നടിയുടെ ഇംഗ്ലീഷ് പ്രസംഗവും വിമര്‍ശന വിധേയമായി. പ്രസംഗം തുടരുന്നതിനിടെ നടന്‍ ഭീമന്‍ രഘുവാണ് ചാടിയെണീറ്റത്. ഇതു മലയാള സിനിമ സംബന്ധിച്ച പരിപാടിയാണെന്നും ഇവിടെ പറയുന്നതൊന്നും മനസിലാകുന്നില്ലെന്നും രഘു തുറന്നടിച്ചു. കുണുകുണാ ചര്‍ച്ചയാണ് നടക്കുന്നതെന്നും രഘു കൂട്ടിച്ചേര്‍ത്തു. സംസാരിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കണമെന്നും രഘു ആവശ്യപ്പെട്ടു. അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് രഘു സെഷനില്‍ നിന്നിറങ്ങി പോകുകയായിരുന്നു. സമഗ്രമായ ചലച്ചിത്രനയം രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടിയെന്ന നിലയില്‍ മലയാള സിനിമയുടെ നിര്‍മ്മാണം, പ്രദര്‍ശനം, വിതരണം തുടങ്ങിയ മേഖലകളിലുള്ള പ്രഗല്‍ഭരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുന്നതിനായി 75 ഓളം സംഘടനകളുമായി 20 ഘട്ടങ്ങളില്‍ ചര്‍ച്ച നടത്തുകയും 500 ല്‍പ്പരം വ്യക്തികളുമായി മുഖാമുഖം നടത്തുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍ ആദ്യമായാണ് ചലച്ചിത്രനയം രൂപീകരിക്കുന്നതിനായി ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്രയും വിശാലമായ ഒരു ജനാധിപത്യവേദി ഒരുക്കിയത്. രണ്ടു ദിവസങ്ങളിലായി ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട 10 പ്രധാന വിഷയങ്ങളിലാണ് ചര്‍ച്ച നടന്നത്.