പാലക്കാട്: ആശുപത്രി നിർമ്മാണത്തിനായി കൊണ്ടു വന്ന എയർ കണ്ടീഷനിങ് ഉപകരണങ്ങളിറക്കാൻ അനുവദിക്കാതെ സിഐ.ടി.യു. കിഫ്ബി നിർമ്മിക്കുന്ന ചിറ്റൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടു വന്ന ഉപകരണങ്ങളിറക്കുന്നതിനാണ് സിഐ.ടി.യു വിലക്ക്. 30,000 രൂപ അധിക കൂലി ചോദിച്ച തോടെ നൽകാൻ കഴിയില്ലെന്ന് കരാർ കമ്പനി നിലപാടെടുത്തതോടെയാണ് സാധനങ്ങൾ ഇറക്കാൻ അനുവദിക്കില്ലെന്ന് വിലക്കെന്നാണ് വിവരം.

കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് ആശുപത്രിയിലെ എയർ കണ്ടീഷനിങ് സിസ്റ്റം നിർമ്മിക്കുന്നത്. ഇതിനായി കൊണ്ടു വന്ന ഉപകരണങ്ങൾ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചു. ഈ സമയം അവിടെയെത്തിയ തൊഴിലാളികൾ ഇറക്കാനായി 30,000 രൂപ കൂലി ചോദിച്ചു. 24 ബോക്സുകളിലായി എത്തിയിരിക്കുന്ന ഉപകരണങ്ങൾ ഒരു ടണ്ണിൽ താഴെയെ തൂക്കം വരികയുള്ളൂ. ഒരു ടൺ വരെ തൂക്കം വരുന്ന സാധനങ്ങൾക്ക് 500 രൂപയിൽ താഴെയെ കൂലി വരികയുള്ളൂ. അതിനാൽ 30,000 തരാൻ കഴിയില്ലെന്നും 5,000 രൂപ നൽകാമെന്നും അറിയിച്ചു. ഇതോടെ 20,000 രൂപ കൂലി തന്നാൽ മതിയെന്ന് തൊഴിലാളികൾ പറഞ്ഞു. എന്നാൽ ഈ തുക നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്.

മുൻപും ഇവിടെ കൂലി തർക്കമുണ്ടായപ്പോൾ കൊടുവായൂരിലെ ക്ഷേമ നിധി ബോർഡിൽ രജിസ്റ്റർ ചെയ്യുകയും സാധനങ്ങൽ ഇറക്കാനുള്ള കൂലിയുടെ നിരക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ നിരക്കിൽ സാധനങ്ങൾ ഇറക്കാൻ തൊഴിലാളികൾ തയ്യാറല്ല. കരാർ കമ്പനിയുടെ തൊഴിലാളികൾ ഇറക്കാൻ തയ്യാറാണെങ്കിലും ചുമട്ടു തൊഴിലാളികൾ ഇതിന് സമ്മതിക്കുന്നില്ല. അതിനാൽ തന്നെ നിർമ്മാണ പ്രവർത്തനം വൈകുകയാണ്. കൂലി തർക്കത്തെ പറ്റി ചിറ്റൂർ ലേബർ ഓഫീസറെ വിവരമറിയിച്ചെങ്കിലും ഓഫീസർ അവധിയിലായതിനാൽ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.

കിഫ്ബി ഫണ്ട് 70.51 കോടി ഉൾപ്പെടെ 100 കോടിയിലേറെ രൂപ ചെലവഴിച്ചാണ് ഉന്നത നിലവാരമുള്ള കെട്ടിടവും അനുബന്ധ ചികിത്സാ സൗകര്യങ്ങളും സജ്ജമാക്കുന്നത്. ഏഴു നിലകളിലായി ഉയരുന്ന ആശുപത്രി കെട്ടിടത്തിൽ അത്യാധുനിക സംവിധാനങ്ങളാണുള്ളത്. 220 പേരെ കിടത്തി ചികിത്സിക്കാനുള്ള വാർഡുകൾ, അഞ്ച് ഓപ്പറേഷൻ തിയേറ്ററുകൾ, പ്രീ- പോസ്റ്റ് ഓപ്പറേഷൻ വാർഡുകൾ, ഐസൊലേഷൻ വാർഡുകൾ, സി.ടി- എം.ആർ.ഐ സ്‌കാൻ, രണ്ട് ഐ.സി.യു യൂണിറ്റ്, 10 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെ പതിനെട്ടര കോടിയുടെ ആധുനിക ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിക്കുക.

അട്ടപ്പാടി കഴിഞ്ഞാൽ ഏറ്റവുമധികം ആദിവാസി വിഭാഗക്കാർ താമസിക്കുന്ന പ്രദേശമാണ് ചിറ്റൂർ താലൂക്ക്. കാർഷികമേഖലയായ ചിറ്റൂരിൽ മികച്ച ചികിത്സയ്ക്കായി അന്യ ജില്ലകളിലേക്കോ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കോ പോകേണ്ട സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആശുപത്രി നവീകരണം കഴിയുന്നതോടെ സ്ഥിതി മാറും. 2020 ഓഗസ്റ്റ് 27നായിരുന്നു നിർമ്മാണോദ്ഘാടനം. ഏപ്രിലിൽ തുറന്നു കൊടുക്കാനായാണ് ശ്രമമെങ്കിലും ഇത്തരം തൊഴിലാളികളുടെ അനധികൃതമായ ഇടപെടൽ ഉദ്ഘാടനം വൈകാൻ ഇടയാക്കുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.