- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചാല്‍ സതീശന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുമെന്ന് ആശങ്ക; ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ച് ചെയ്യാന്‍ നീക്കം നടത്തി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍; രണ്ടു പ്രമുഖ നേതാക്കള്‍ ബിജെപിയുമായി ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചാല്‍ സതീശന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുമെന്ന് ആശങ്ക
തിരവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാന്‍ ഇനി ഏതാനും ദിവങ്ങള്‍ മാത്രമാണുള്ളത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ അനായാസം വിജയിച്ചു കയറുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ കണക്കൂട്ടല്‍. എന്നാല്‍, ബിജെപി ശക്തമായ സാന്നിധ്യമായി മണ്ഡലത്തിലുണ്ട്. സി കൃഷ്ണകുമാര്‍ മണ്ഡലത്തിലെ തന്നെ സ്ഥാനാര്‍ഥിയാണെന്നതാണ് പ്രത്യേകത. തന്നാല്‍ കഴിയുന്ന വിധത്തിലെല്ലാം ജനശ്രദ്ധ നേടുന്ന വഴികളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിനുമുണ്ട്.
ഷാഫി പറമ്പിലിന്റെ വിശ്വസ്തന്‍ എന്ന നിലയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായത്. ഇത് കോണ്‍ഗ്രസില്‍ ഉണ്ടാക്കിയ പൊട്ടിത്തെറിയാണ് പി സരിനെ ഇടതുപാളയത്തില്‍ എത്തിച്ചതും. വി ഡി സതീശന്‍- ഷാഫി അച്ചുതണ്ടിനെതിരെ ആഞ്ഞടിച്ചു സരിന്‍ രംഗത്തിറങ്ങിയതിന് പിന്നാലെ സമാന അഭിപ്രായവുമായി മറ്റു കോണ്‍ഗ്രസ് നേതാക്കളുമെത്തി. എ കെ ഷാനിബും പാര്‍ട്ടിവിട്ടത് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്. ഇതിനിടെ കെ മുരളീധരന്‍ ഇടഞ്ഞു നിന്നെങ്കിലും ഒടുവില്‍ പ്രചരണത്തിന് അദ്ദേഹം എത്തിയതോടെ ഒരു പരിധി വരെ വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടു.
ഇതിനിടെയും പാലക്കാട്ടെ കോണ്‍ഗ്രസില്‍ അവസാന നിമിഷം ചില അടിവലികള്‍ നടന്നേക്കുമോ എന്ന ആശങ്കയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പക്ഷത്തുള്ളവര്‍. ഇതിന് കാരണവും കോണ്‍ഗ്രസിനുള്ളിലെ നേതാക്കള്‍ക്കിടയിലെ ശീതയുദ്ധങ്ങളാണ്. സ്ഥാനാര്‍ഥിയോടുള്ള അതൃപ്തി തൃശ്ശൂരില്‍ കോണ്‍ഗ്രസിനെ തോല്‍വിയില്‍ എത്തിച്ച സംഭവം എല്ലാവരും കണ്ടതാണ്. സമാനമായ അവസ്ഥ പാലക്കാട്ട് ഉണ്ടാകുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പിണറായി വിജയനെതിരായ വികാരം അതിശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഈ രാഷ്ട്രീയ സാഹചര്യം പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടിയാകുമോ എന്നതാണ് ആശങ്കയ്ക്ക് ഇടനല്‍കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പാലക്കാട് മണ്ഡലത്തില്‍ നിറഞ്ഞു നിന്ന് പ്രചരണത്തെ നയിക്കുന്നത്.
ഷാഫിയാണ് എല്ലാ കാര്യങ്ങളിലും രാഹുലിന് ഒപ്പമുള്ളതെങ്കിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഏകോപനമെല്ലാം സതീശനാണ്. ഇതോടെ ഈ തിരഞ്ഞെടുപ്പിലും വിജയിച്ചാല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു വിജയങ്ങളുടെ നായകനായി സതീശന്‍ വാഴ്ത്തപ്പെട്ടേക്കാം. ഇതോടെ സതീശന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുമെന്ന സാഹചര്യം ഉണ്ടാകും. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീഴ്ത്താന്‍ ചില നേതാക്കള്‍ അണിയറയില്‍ ചരടുവലികളുമായി രംഗത്തുണ്ട്. ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന് വോട്ടു മറിച്ചു നല്‍കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് വോട്ടു മറിക്കാന്‍ രണ്ട് പ്രമുഖ നേതാക്കള്‍ ബിജെപിയുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചനകള്‍.
അതേസമയം പല ഗ്രൂപ്പുകളായി നില്‍ക്കുന്ന ബിജെപി നേതാക്കള്‍ക്ക് ഈ വോട്ടുമറിക്കല്‍ ആശയം സ്വീകാര്യമാകാത്ത അവസ്ഥയുണ്ട്. കേരളത്തില്‍ നിയമസഭയിലേക്ക് വിജയിച്ചത് തലയെടുപ്പുള്ള നേതാവായ ഒ രാജഗോപാലാണ്. അതുകൊണ്ട് അദ്ദേഹത്തിന് പകരം രണ്ടാമായി ഒരാള്‍ നിയമസഭില്‍ വിജയിച്ചു കയറണം എങ്കില്‍ അത് രണ്ടാം നിലയില്‍ നിന്നും വേണ്ടെന്നാണ് മുതിര്‍ന്ന ബിജെപി നേതാക്കളുടെ പക്ഷം. വിജയിച്ചു കയറിയാല്‍ സി കൃഷ്ണകുമാറിന് ബിജെപിയില്‍ കൂടുതല്‍ പിടിമുറുക്കുകയും ചെയ്യുമെന്നത് അവര്‍ മുന്‍കൂട്ടി കാണുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും വോട്ടുമറിഞ്ഞാലും ബിജെപി പാളയത്തില്‍ നിന്നും വോട്ടു ചോരുന്ന അവസ്ഥയുണ്ട്. അവര്‍ക്ക് വേണ്ടത് രാഹുലിന്റെ വിജയമാണ് താനും. ഇതോടെ രണ്ട് ഭാഗത്തുമുള്ള അതൃപ്തരായ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ടുകള്‍ പലവഴി ചിതറാനാണ് സാധ്യത.
പാലക്കാട്ടെ നേതാക്കളും ഇത്തരം നീക്കത്തിന് പിന്നിലുണ്ട്. ഷാഫി പറമ്പിലിന്റെ പിടിയില്‍ നിന്നും പാലക്കാട് കോണ്‍ഗ്രസിനെ മോചിപ്പിക്കാനുള്ള സുവര്‍ണ അവസരം എന്ന നിലയിലാണ് ഒരു വിഭാഗം നേതാക്കള്‍ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. കുറേക്കാലമായി ഷാഫിയാണ് ജില്ലയിലെ കോണ്‍ഗ്രസിനെ അടക്കിഭരിക്കുന്നത്. തന്റെ അനുഭാവികളെ വളര്‍ത്താന്‍ വേണ്ടി മറ്റുള്ളവരെ ചവിട്ടിത്തേക്കുന്ന സമീപനമാണ് ഷാഫി സ്വീകരിക്കുന്നത് എന്നാതാണ് ഇക്കൂട്ടരുടെ ആക്ഷേപം. ഇതിനെല്ലാമുള്ള മറുപടിയാണ് ഉപതിരഞ്ഞെടുപ്പെന്ന് കരുതുന്നവരുണ്ട്.
അതേസമയം പിണറായി സര്‍ക്കാറിനെതിരായ രാഷ്ട്രീയ വികാരവും ഷാഫി മുന്നില്‍ നിന്നും പ്രചരണം നയിക്കുന്നതും കൊണ്ട് തന്നെ രാഹുലിന് കാര്യങ്ങള്‍ അനുകൂലമാകുമെന്ന് കരുതുന്നവര്‍ ഏറെയാണ്. അതേസമയം കെ മുരളീധരന്‍ അടക്കം പ്രചരണത്തിന് എത്തിയെങ്കിലും രാഹുലിന് വോട്ടു ചെയ്യണം എന്ന് എടുത്തു പറഞ്ഞിരുന്നില്ല, യുഡിഎഫിനും കൈപ്പത്തിക്കും വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്. ഇതെല്ലാം കോണ്‍ഗ്രസ് പാളയത്തിലെ അസ്വാരസ്യങ്ങളുടെ സൂചനയായി വിലയിരുത്താം.
പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കും കോണ്‍ഗ്രസിനെ അലോസരപ്പെടുത്തുന്നുണ്ട്. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സി.പിഎമ്മില്‍ ചേര്‍ന്നത് കഴിഞ്ഞി ദിവസമാണ്. 2020 മുതല്‍ ജില്ലയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടാണെന്നും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളല്ല ഒരു നാണയം തന്നെയാണ് ഇരു പാര്‍ട്ടികളെന്നും കൃഷ്ണകുമാരി പറഞ്ഞു. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും ആളുകള്‍ക്ക് അറിയുന്ന കാര്യമാണിത്. ഈ വിഷയം ഉന്നയിച്ചപ്പോള്‍ പാര്‍ട്ടി അവഗണിക്കുകയാണ് ചെയ്തതെന്ന് കൃഷ്ണകുമാരി ആരോപിച്ചിരുന്നു.
ഇതിനിട നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം പ്രവചിച്ച് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ അടക്കം രംഗത്തുവന്നിരുന്നു ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു വെല്ലുവിളിയും സൃഷ്ടിക്കാന്‍ ബി,ജെ,പിക്കോ സി,പി,എമ്മിനോ കഴിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമക്കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുന്‍പ് തന്നെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. പഴുതടച്ചുള്ള പ്രചാരണം നടത്തിയാണ് മുന്നോട്ടുപോയത്. ഒരു വെല്ലുവിളിയും തോന്നിയിരുന്നില്ല. വലിയ ഭൂരിപക്ഷവുമായി മുന്നോട്ട് പോകും. സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും എതിരെയുളള ജനവകാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പോകുന്നത്. 15,000ല്‍ അധികം വോട്ടുകള്‍ക്ക് പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്ന് തങ്കപ്പന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കോണ്‍ഗ്രസിന്റെ ഒരു വോട്ടും സരിന് കിട്ടില്ല സരിന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയതുകൊണ്ട് അവിടുത്തെ വോട്ട് ഇങ്ങോട്ട് വരാന്‍ പോകുകയാണ്. പാലക്കാട് നഗരസഭയിലും മൂന്ന് പഞ്ചായത്തുകളിലും കോണ്‍ഗ്രസിന് വലിയ ലീഡ് കിട്ടുമെന്ന് ഉറപ്പിച്ച് പറയാം. സി.പി.എമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ട്. അങ്ങനെയാണ് തിരഞ്ഞെടുപ്പ് രംഗത്ത് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.രാഹുലിന്റെ പേര് പറഞ്ഞ് തന്നെയാണ് കെ മുരളീധരന്‍ വോട്ട് ചോദിച്ചത്. ഷാഫി കഴിഞ്ഞതവണ വിജയിച്ചത് സി.പി.എം വോട്ട് കൊണ്ടല്ല യു.ഡി.എഫ് വിജയിച്ചത്. ഷാഫിക്ക് മറ്റ് പാര്‍ട്ടികളുടെ വോട്ട് കിട്ടിയിട്ടില്ല. മൂന്ന് തിരഞ്ഞെടുപ്പ് നോക്കിയാലും ഷാഫിക്ക് വോട്ട് കുറയുകയാണ് ചെയ്തത്.
എന്നാല്‍ സി.പി.എം തോല്‍ക്കുമ്പോള്‍ സ്ഥിരമായി പറയുന്നതാണ് ബി.ജെ.പി വിജയിക്കാതിരിക്കാന്‍ ഷാഫിക്ക് വോട്ട് ചെയ്തുവെന്ന്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പല പേരുകളും ചര്‍ച്ച ചെയതിട്ടുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ ഒറ്റക്കെട്ടാണെന്നും തങ്കപ്പന്‍ പറഞ്ഞു.കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നത് മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണ്. കോണ്‍ഗ്രസിന് എതിരില്ലാതെ മുന്നേറ്റം വരുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ മാദ്ധ്യമങ്ങള്‍ പറഞ്ഞുപരത്തിയതാണ് ഈ ഭിന്നിപ്പ് ഉണ്ടെന്നത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് എതിരാണ്. കര്‍ഷകരായാലും സാധാരണ തൊഴിലാളികളായാലും പെന്‍ഷന്‍ വാങ്ങുന്ന വയോജനങ്ങളായാലും എല്ലാവരും സിപിഎമ്മിന് എതിരാണെന്നും ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.