- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മറയൂരിലെ ആദിവാസികളിൽ നിന്നും നേരിട്ടെത്തിക്കുന്ന ശർക്കര; 120 രൂപ കിലോയ്ക്കുണ്ടായിട്ടും 20 രൂപ കുറച്ചു കൊടുത്തു; എന്നിട്ടും ബഹളം; പച്ചക്കറി വ്യാപാരിക്ക് സിപിഎം ആൾക്കൂട്ടാക്രമണത്തിൽ കേൾവി ശക്തി നഷ്ടപ്പെട്ടു; ഇത് തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് ജങ്ഷനിൽ ജയ് കിസാൻ മാർക്കറ്റ് മടത്തുന്ന അൻവറിനുണ്ടായ ദുരവസ്ഥ
ഇടുക്കി: പച്ചക്കറി വ്യാപാരിക്ക് സിപിഎം ആൾക്കൂട്ടാക്രമണത്തിൽ കേൾവി ശക്തി നഷ്ടപ്പെട്ടതായി പരാതി. തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് ജങ്ഷനിൽ ജയ് കിസാൻ മാർക്കറ്റ് മടത്തുന്ന അൻവറിനാണ് ആൾക്കൂട്ടാക്രമണത്തിൽ കേൾവി ശക്തി നഷ്ടപ്പെട്ടത്. മറയൂർ ശർക്കരയുടെ വില സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് അൻവർ മറുനാടനോട് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അൻവറിന് നേരെ ആക്രമണം ഉണ്ടായത്. അൻവറിന്റെ കടയിൽ നിന്നും മറയൂർ ശർക്കര വാങ്ങിയ യുവാവ് വില കൂടുതലാണ് എന്ന് പറഞ്ഞ് തർക്കമുണ്ടാക്കി. 120 രൂപ കിലോയ്ക്കുണ്ടായിരുന്ന ശർക്കര ഒടുവിൽ 20 രൂപ കുറച്ചു നൽകുകയും ചെയ്തു. എന്നിട്ടും ഇയാൾ വിലകൂടുതലാണ് എന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയും സ്ഥലത്തെ പ്രാദേശിക സിപിഎം പ്രവർത്തകരെ വിളിച്ചു വരുത്തുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു എന്നാണ് ആരോപണം.
യുവാവ് ഫോണിൽ വിളിച്ചതിനെ തുടർന്ന് നിമിഷങ്ങൾക്കകം നിരവധി വാഹനങ്ങളിലായാണ് അക്രമിസംഘം എത്തിയതെന്ന് അൻവർ പറയുന്നു. ഇടതു കണ്ണിന് കാഴ്ചയില്ലാത്തയാളാണ് അൻവർ. ഇത് മനസ്സിലാക്കി ഇവർ ഇടതുവശം ചേർന്ന് അക്രമിക്കുകയായിരുന്നു. ഇടതു ഭാഗത്തേറ്റ അടിയെ തുടർന്ന് ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെടുകയായിരുന്നു. തൊട്ടടുത്ത കടയിൽ ഒരു കിലോ മറയൂർ ശർക്കരയ്ക്ക് 90 രൂപ മാത്രമേയൂള്ളൂ എന്നും ഇവിടെ അമിത വിലയ ഈടാക്കുകയാണെന്നും പറഞ്ഞായിരുന്നു ആക്രമണം.
മറയൂരിലെ ആദിവാസികളിൽ നിന്നും നേരിട്ടെടുക്കുന്ന യഥാർത്ഥ മറയൂർ ശർക്കരയാണ് ഇവിടെ വിൽക്കുന്നതെന്ന് അൻവർ പറഞ്ഞു. 100 രൂപയോളമാണ് അവർക്ക് കിലോയ്ക്ക് നൽകുന്നത്. അവിടെ നിന്നും വാഹനത്തിൽ ഇവിടെയെത്തിച്ച് കച്ചവടം നടത്തുമ്പോൾ 20 രൂപയെങ്കിലും അധികം ഈടാക്കിയെങ്കിൽ മാത്രമേ കച്ചവടത്തിൽ നിന്നും എന്തെങ്കിലും ലാഭം കിട്ടുകയുള്ളൂ. സമീപത്തെ കടകളിൽ ഉള്ളതിനേക്കാൽ ഗുണമെന്മയുള്ള ശർക്കരയാണിത്. അപ്പോൾ എങ്ങനെ വില കുറച്ചു നൽകും എന്നാണ് അൻവർ ചോദിക്കുന്നത്.
അക്രമണത്തിന് പിന്നാലെ പച്ചക്കറി വിൽപ്പനയ്ക്കായി അൻവർ രൂപീകരിച്ച വാട്ട്സാപ്പ് ഗ്രൂപ്പിൽ സിപിഎം ആക്രമണത്തിൽ മർദ്ദനമേറ്റെന്നും അതിനാൽ കട നേരത്തെ അടയ്ക്കുകയാണെന്നും പോസ്റ്റിട്ടു. നിരവധിപേർ അംഗമായ ഗ്രൂപ്പാണിത്. ഇതിനിടെ സിപിഎം നേതാവാണെന്ന് പരിചയപ്പെടുത്തി ഒരാൾ ഫോണിൽ വിളിക്കുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്നും പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാമെന്നും അറിയിച്ചു. ഇതോടെ പോസ്റ്റ് അൻവർ ഡിലീറ്റ് ചെയ്തു. എന്നാൽ പിന്നീട് വീണ്ടും വിളിച്ച നേതാവ് നാളെ മുതൽ കടതുറന്നാൽ അടിച്ചു തകർക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഭീഷണി വകവയ്ക്കാതെ അൻവർ അടുത്ത ദിവസും കടതുറന്നു പ്രവർത്തിച്ചു.
സ്ഥലത്തെ വഴിയോരക്കച്ചവടക്കാരാണ് പാർട്ടീ സംഘത്തെ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് സംശയമുള്ളതായി അൻവർ പറയുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അക്രമികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും ആരോപണമുണ്ട്. വഴിത്തലയിലെ ആദ്യകാല സിപിഎം ലോക്കൽ സെക്രട്ടറിയുടെ മകനാണ് അൻവർ. കൂടാതെ തൊടുപുഴ ബോയ്സ് ഹൈസ്‌ക്കൂളിലെ എസ്.എഫ്.ഐ നേതാവുമായിരുന്നു.
ഇടുക്കിയുടെ വിവിധ മേഖലയിൽ നിന്നും ജൈവ കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികളാണ് ജെയ്കിസാൻ മാർക്കറ്റിലൂടെ വിറ്റഴിക്കുന്നത്. വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികൾക്ക് മറ്റ് സ്ഥാപനങ്ങളിൽ ഉള്ളതിനേക്കാൾ അൽപ്പം വില കൂടുതലുമാണ്. ഗുണമേന്മ ആഗ്രഹിക്കുന്ന ഉപഭോക്താക്കളാണ് ഇവിടെ നിന്നും സാധനങ്ങൾ കൂടുതലും വാങ്ങുന്നത്. അക്രമത്തിൽ ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടെന്ന് ഇന്നാണ് മനസ്സിലായത്. വിദഗ്ദ്ധ ചികിത്സയ്ക്കായി നാളെ തൊടുപുഴ താലൂക്കാശുപത്രിയിൽ ചികിത്സ തേടുമെന്ന് അൻവർ പറഞ്ഞു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.