- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേയറെ ആക്രമിച്ചത് അതിക്രൂരം; മുതലാളിക്ക് മുഖ്യമന്ത്രിയുടെ വീടിന്റെ അടുക്കളയില്‍ വരെ സ്വാധീനമുണ്ടെന്നത് വിഭാഗീയത; തിരുവനന്തപുരത്ത് പിണറായി ആലോചനയില്‍
തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത വീണ്ടും വളരാന്‍ സിപിഎം സമ്മതിക്കില്ല. തിരുവനന്തപുരം ജില്ലാ കമ്മറ്റിയിലെ ചര്‍ച്ചകള്‍ വിഭാഗീയത വീണ്ടും ശക്തമാകുന്നതിന്റെ സൂചനയായി സിപിഎം സംസ്ഥാന നേതൃത്വം കാണുന്നു. കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും നടുറോഡില്‍ കാണിച്ചത് ഗുണ്ടായിസമാണെന്ന് സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന രൂക്ഷവിമര്‍ശനം പോലും ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലുണ്ട്. അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാനാണ് തീരുമാനം. മേയര്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ലാ കമ്മറ്റിയെ അനുവദിക്കാത്തതും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലാണ്. പിണറായി വിജയനെതിരെ അതിരൂക്ഷ നിലപാട് എടുത്ത കരമന ഹരിക്കെതിരെ നടപടിക്കും സാധ്യത ഏറെയാണ്. തിരുവനന്തപുരത്തെ പാര്‍ട്ടി ചര്‍ച്ചകളില്‍ എന്ത് തീരുമാനം വേണമെന്ന ചിന്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി കഴിഞ്ഞു.
ക്യാമറാദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നുവെന്നും നേതാക്കള്‍ തുറന്നടിച്ചു. മെമ്മറി കാര്‍ഡ് ലഭിച്ചിരുന്നെങ്കില്‍ സച്ചിന്‍ദേവ് എം.എല്‍.എ.യുടെ മോശം പെരുമാറ്റം ജനങ്ങള്‍ കാണുമായിരുന്നു. രണ്ടുപേരും പക്വതയില്ലാതെയാണ് പെരുമാറിയതെന്നും സി.പി.എം. ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. നിലവിലെ വോട്ടിങ് നില പരിശോധിച്ചാല്‍ കോര്‍പ്പറേഷന്‍ ഭരണം നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാല്‍ അതിനുത്തരവാദി മേയര്‍ ആര്യാ രാജേന്ദ്രന്‍ തന്നെയാകുമെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഏതു കണക്കുെവച്ചാണ് കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെടുമെന്നു ചിലര്‍ പറയുന്നതെന്ന് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞത് ഇടയ്ക്കു തര്‍ക്കത്തിനും വഴിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പുഫലം ചര്‍ച്ചചെയ്യാനാണ് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നത്. സംസ്ഥാന നേതൃത്വത്തിന്റെ മനസ്സ് കൂടി അറിഞ്ഞായിരുന്നു ജോയിയുടെ പ്രതികരണം. കടകംപള്ളി സുരേന്ദ്രനെ അനുകൂലിക്കുന്നവരാണ് തിരുവനന്തപുരത്ത് രൂക്ഷ അഭിപ്രായങ്ങള്‍ നടത്തിയതെന്നതും ശ്രദ്ധേയമാണ്.
തലസ്ഥാന നഗരത്തിലെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ വീടിന്റെ അടുക്കളയില്‍ വരെ സ്വാധീനമുണ്ടെന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കരമന ഹരിയാണ് ഈ ആരോപണം ഉയര്‍ത്തിയത്. ആരാണ് മുതലാളിയെന്ന് സംസ്ഥാന സെന്ററിന് വേണ്ടി പങ്കെടുത്ത എം സ്വരാജ് ചോദിച്ചതും പിന്നീട് പാര്‍ട്ടി വാക്കാല്‍ വിശദീകരണം ഹരിയോട് ചോദിച്ചതുമെല്ലാം അച്ചടക്ക നടപടിയുടെ സൂചനയാണ്. മുഖ്യമന്ത്രിയുടെയും മറ്റു ചില മന്ത്രിമാരുടെയും വീടുകളില്‍ നിത്യസന്ദര്‍ശകരായിട്ടുള്ള തലസ്ഥാനത്തെ ചില പ്രമുഖരെക്കുറിച്ചും പരാമര്‍ശമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റേത് ജനങ്ങളെ വെറുപ്പിക്കുന്ന ശൈലിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും മുതിര്‍ന്ന നേതാക്കളടക്കം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സാധാരണക്കാര്‍ക്കോ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കോ പ്രവേശനമില്ല. മുന്‍പ് നേതാക്കള്‍ക്കെങ്കിലും മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോള്‍ ഇതിനും അനുവാദമില്ല. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു മുന്നില്‍ എന്തിനാണ് മുഖ്യമന്ത്രി ഇരുമ്പുമറ തീര്‍ക്കുന്നതെന്നും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ചോദിച്ചു. ഒരു കാലത്ത് പിണറായിയ്‌ക്കൊപ്പം നിന്നവരാണ് വിമര്‍ശനം നടത്തിയതെന്നതാണ് മറ്റൊരു വസ്തുത.
ചില വിമര്‍ശനങ്ങളൊക്കെ അതിരുകടന്നുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞു. എല്ലാ ജില്ലകളിലും നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. പക്ഷേ തിരുവനന്തപുരത്ത് വിഭാഗീയതയുടെ സ്വരമാണ് സിപിഎം സംസ്ഥാന നേതൃത്വം കാണുന്നത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗംകൂടിയായ ഇ.പി.ജയരാജനെതിരേ ജില്ലാ കമ്മിറ്റിയിലെ ചര്‍ച്ചയില്‍ നേതാക്കള്‍ ആഞ്ഞടിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസിന്റെയും വീണാ ജോര്‍ജിന്റെയും പ്രവര്‍ത്തനങ്ങളിലും നേതാക്കള്‍ രൂക്ഷമായ അതൃപ്തി രേഖപ്പെടുത്തി. വീണാ ജോര്‍ജ് സി.പി.എം. മന്ത്രിയാണോയെന്ന് സംശയമുണ്ടെന്നുപോലും വിമര്‍ശനമുണ്ടായി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരേയും നേതാക്കള്‍ രംഗത്തെത്തി.
സ്മാര്‍ട്ട് സിറ്റി റോഡുകളുടെ പണി വൈകിയതു സംബന്ധിച്ച്, കടകംപള്ളി സുരേന്ദ്രനെതിരേ മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശത്തിലും അതൃപ്തി രേഖപ്പെടുത്തി. വികസനപ്രവര്‍ത്തനങ്ങളിലെ പ്രശ്‌നങ്ങള്‍ നേതാക്കള്‍ ചൂണ്ടിക്കാണിച്ചാല്‍ കരാറുകാരുടെ ബിനാമിയെന്ന തരത്തില്‍ മന്ത്രി ആരോപണമുന്നയിക്കുന്നതു ശരിയാണോയെന്നും ചോദ്യമുയര്‍ന്നു. ഇത് ജനപ്രതിനിധികളെയും നേതാക്കളെയും കരിനിഴലില്‍ നിര്‍ത്താന്‍ ഇടയാക്കിയെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.