- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം':എല്ലായ്പ്പോഴും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് വായ്ത്താരി മുഴക്കുന്നതിനിടെ, പി പി ദിവ്യയെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ സിപിഎം നീക്കം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം ദിവ്യയ്ക്ക് നല്കി നയപ്രഖ്യാപനം; സ്ഥിരം സമിതി അദ്ധ്യക്ഷയാക്കാനും അണിയറ നീക്കം
പി പി ദിവ്യയെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ സിപിഎം നീക്കം
കണ്ണൂര്‍ : നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്നാണ് സിപിഎം നേതാക്കള്‍, വിശേഷിച്ച് പത്തനംതിട്ട ജില്ലാ നേതൃത്വം സദാ പറയാറുള്ളത്. എന്നാല്‍, കാര്യത്തോട് അടുക്കുമ്പോള്‍, പാലം വലിക്കും. അതാണ് ഹൈക്കോടതിയില്‍ കണ്ടത്. നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരുഹതയില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയെ സര്‍ക്കാരും പാര്‍ട്ടിയും എതിര്‍ക്കുകയാണ്. അതിനിടെ, കേസിലെ പ്രതിയായ പി പി ദിവ്യയെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ നീക്കവും നടത്തുന്നു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ധനകാര്യ സ്റ്റാന്‍ഡിംഗ് അംഗമെന്ന പദവിയിലേക്കാണ് വെള്ളിയാഴ്ച്ച രാവിലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പി. പി ദിവ്യയെ തെരഞ്ഞെടുത്തത്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്നു മയ്യില്‍ ഡിവിഷനിലെ എന്‍.വി ശ്രീജിനി രാജിവെച്ച ഒഴിവിലേക്കാണ് ആത്മഹത്യ പ്രേരണാ കുറ്റത്തിന് ജാമ്യം ലഭിച്ച പി.പി ദിവ്യയെ ഉള്‍പ്പെടുത്തിയത്.
എന്‍.വി ശ്രീജിനിയെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. ഡിസംബര്‍ പതിനൊന്നിനാണ് സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. പി.പി ദിവ്യയെ സ്ഥിരം സമിതി അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാനുള്ള അണിയറ നീക്കവും സജീവമാണ്.
കണ്ണൂര്‍ എ.ഡി.എം പത്മചന്ദ്ര കുറുപ്പാണ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്. നേരത്തെ എ.ഡി.എം നവീന്‍ ബാബു ദുരുഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ സി.പി.എം പി.പി ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു.
എന്നാല്‍ കല്യാശേരി ഡിവിഷന്‍ അംഗമായ പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് അംഗമായി തുടരുകയായിരുന്നു. ഇരിണാവ് ബ്രാഞ്ചിലേക്കാണ് ദിവ്യയെ അച്ചടക്കനടപടിയുടെ ഭാഗമായി തരംതാഴ്ത്തിയത്. സ്വന്തം വീട് നില്‍ക്കുന്ന പ്രദേശമായ പാപ്പിനിശേരി ഏരിയാ സമ്മേളനത്തിലും ദിവ്യ യ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
കാര്യങ്ങള്‍ ഇങ്ങനെയെങ്കിലും, പാര്‍ട്ടി ജില്ലാ നേതൃത്വത്തിലെ ചില നേതാക്കള്‍ പി.പി ദിവ്യയ്ക്ക് പൂര്‍ണമായ പിന്തുണയാണ് രഹസ്യമായി നല്‍കിക്കൊണ്ടിരിക്കുന്നതെന്നാണ് വിവരം. പാര്‍ട്ടി അഭിഭാഷകനായ കെ. വിശ്വനാണ് ദിവ്യയുടെ കേസ് വാദിക്കുന്നത്. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും ദിവ്യയ്ക്ക് ജാമ്യം കിട്ടിയതും വിശ്വന്റെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ്.
കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ദിവ്യയെ ജയില്‍ മോചിതയായപ്പോള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെ പ്രമുഖ നേതാക്കളുമെത്തിയിരുന്നു. ഇതു വിവാദമായതിനെ തുടര്‍ന്ന് ദിവ്യ യ്‌ക്കെതിരെയുള്ള അച്ചടക്കനടപടി തെറ്റുതിരുത്താന്‍ വേണ്ടിയുള്ളതാണെന്നും പാര്‍ട്ടി നേതാക്കള്‍ക്ക് അവരെ കാണുന്നതില്‍ വിലക്കില്ലെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്