- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസര്‍കോട്ടെ ആദ്യ വനിതാ എസ് പി; രണ്ടാം വരവില്‍ എല്ലാവരേയും അറിയാമെന്നത് കരുത്തായി; തിരുവനന്തപുരം റൂറലിലെ വിശ്വസ്തന് എത്തിയതോടെ പഴയ കേസ് ഫയലുകളിലേക്ക് കണ്ണോടിച്ചു; ആദ്യം പതിഞ്ഞത് 'ആഭിചാരം' ഒളിപ്പിച്ച പൂച്ചക്കാട്ടെ ദുരൂഹ മരണം; 'ജിന്നുമ്മ'യുടെ കള്ളി പൊളിച്ചത് ഗ്രീഷ്മയെ പൊക്കിയ അതേ 'ശില്‍പ-ജോണ്‍സണ്‍ കോമ്പോ'!
കാസര്‍ഗോഡ്: 'ജിന്നുമ്മ'യുടെ കള്ളി പൊളിച്ചതും ഡി ശില്‍പ-ജോണ്‍സണ്‍ കോമ്പോ. അന്വേഷകര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയാല്‍ ഏത് കേസും കേരളാ പോലീസിന് തെളിയിക്കാന്‍ കഴിയുമെന്നതിന് തെളിവാണ് ജിന്നുമ്മ. പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുല്‍ റഹ്‌മയിലെ എം.സി.അബ്ദുള്‍ ഗഫൂര്‍ ഹാജി(55)യുടെ മരണം കൊലപാതകമെന്ന് വ്യക്തമായതിന് പിന്നില്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഡി ശില്‍പ്പയുടെ വ്യക്തമായ തീരുമാനമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.കെ.ജെ.ജോണ്‍സണിന്റെയും ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈന്റെയും നേതൃത്വത്തിലുള്ള 11 അംഗ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ കേസിലേക്ക് ഡിവൈ.എസ്.പി.കെ.ജെ.ജോണ്‍സണിനെ കൊണ്ടു വന്നത് ശില്‍പ്പയാണ്.
ജോണ്‍ണിന്റെ അന്വേഷണ മികവ് അടുത്തു നിന്ന് അറിഞ്ഞ ഐപിഎസുകാരിയാണ് ശില്‍പ. കാസര്‍കോട്ടേക്ക് നിയമന ഉത്തരവുമായി എത്തിയ ജോണ്‍സണെ നിര്‍ണ്ണായക ചുമതലയില്‍ എത്തിച്ചത് ശില്‍പ്പയാണ്. അതുകൊണ്ടാണ് ജോണ്‍സണ്‍ അന്വേഷണം തുടങ്ങി ഒരു മാസത്തിനുള്ളില്‍ കേസ് തെളിഞ്ഞത്. തിരുവനന്തപുരം റൂറലിലെ ജോലിക്കിടെ സസ്പെന്‍ഷനിലായ ജോണ്‍സണ്‍ ഏതാണ്ട് രണ്ടു വര്‍ഷത്തിന് ശേഷമാണ് സര്‍വ്വീസില്‍ തിരിച്ചെത്തിയത്. സസ്പെന്‍ഷന്‍ കഴിഞ്ഞതു കൊണ്ട് തന്നെ കാസര്‍കോട്ടെ ജില്ലാ പോലീസില്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ ചുമതലയാണ് ഔദ്യോഗികമായി നല്‍കിയത്. എന്നാല്‍ തിരുവനന്തപുരം റൂറല്‍ എസ് പിയായിരിക്കെ ജോണ്‍സണിന്റെ മികവ് ശില്‍പ നേരിട്ട് മനസ്സിലാക്കിയതാണ്. പാറശ്ശാലയിലെ ഷാരോണ്‍ വധവും ഉരൂട്ടമ്പലത്തെ ഇരട്ടക്കൊലയും ജോണ്‍സണ്‍ തെളിയിച്ചപ്പോഴും അന്വേഷണ മേല്‍നോട്ടം ശില്‍പ്പയ്ക്കായിരുന്നു.
കാസര്‍ഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടായ ശില്‍പ തന്റെ അധികാരം കൂടി ഉപയോഗിച്ചാണ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയിലെ ഡിവൈഎസ്പിയെ പ്രവാസിയുടെ മരണക്കേസ് ഏല്‍പ്പിക്കുന്നത്. പ്രത്യേക സംഘത്തെ ഈ അന്വേഷണത്തിന് നിയോഗിച്ചു. അതിന്റെ തലപ്പത്ത് ജോണ്‍സണേയും നിയമിച്ചു. ഇതോടെ ലോ ആന്‍ഡ് ഓര്‍ഡറിന്റെ ഭാഗമല്ലാത്ത ക്രൈം റിക്കോര്‍ഡ് ബ്യൂറോയിലെ ഉദ്യോഗസ്ഥന് അന്വേഷണ ചുമതല കിട്ടി. ഈ അവസരം നന്നായി വിനിയോഗിക്കുകയും ചെയ്തു ജോണ്‍സണ്‍. നിര്‍ണ്ണായക നീക്കങ്ങള്‍ക്കൊടുവില്‍ അബ്ദുള്‍ ഗഫൂര്‍ ഹാജി കൊലക്കേസുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയായ ജിന്നുമ്മയും ഭര്‍ത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെ കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38) രണ്ടാം പ്രതിയും ഉബൈദിന്റെ ഭാര്യയുമായ ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38) മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മധൂരുകാരി ആയിഷ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആഭിചാരക്രിയകളുടെ പേരില്‍ സ്വര്‍ണം കൈക്കലാക്കിയ ശേഷം പ്രതികള്‍ പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. 2023 ഏപ്രില്‍ 14-നാണ് ഗഫൂര്‍ ഹാജിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 2024വരെ ഈ കേസില്‍ കാര്യമായ ചലനമൊന്നും ഉണ്ടായില്ല. 2024 ഓഗസ്റ്റില്‍ ശില്‍പ കാസര്‍കോട്ടെത്തി. എസ് പിയുടെ കസേരയില്‍ ശില്‍പ്പയുടെ രണ്ടാ വരവായിരുന്നു കാസര്‍കോട്ടേത്. കാസര്‍കോട്ടെ ആദ്യ വനിതാ എസ് പിയെന്ന് പേരെടുത്ത ശില്‍പ രണ്ടാ വരവില്‍ 'ജിന്നുമ്മ'യെ അകത്തിട്ടു. സെപ്റ്റംബറില്‍ ജോണ്‍സണ്‍ കാസര്‍കോട്ട് എത്തിയതും നിര്‍ണ്ണായകമായി.
തറവാട്ടിലേക്ക് തിരിച്ചെത്തിയ അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് രണ്ടാം തവണ കാസര്‍കോട്ടെ എസ് പിയായി ചുമതലയേറ്റ ശേഷം ശില്‍പ്പ പ്രതികരിച്ചിരുന്നു. ഉദ്യോഗസ്ഥരായ എല്ലാവരും അറിയുന്നവരാണെന്നത് സന്തോഷം പകരുന്നു. കമസമാധാന പാലനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കും. കുട്ടികള്‍ക്കടക്കം മയക്കുമരുന്ന് നല്‍കുന്ന മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യാപകമാകുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് തടയാന്‍ ബോധവല്‍ക്കരണം നടപ്പാക്കും കുട്ടികളില്‍ പോലും 'ജീവനൊടുക്കുന്ന വാസന' കണ്ടു വരുന്ന സാഹചര്യത്തില്‍ ഇതേ കുറിച്ച് വിശദമായി പഠിച്ച് എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. കര്‍കശ സ്വഭാവത്തോടെയാകും രണ്ടാം ഉത്തരവാദിത്തമെന്ന സന്ദേശം കാസര്‍കോഡിന് വീണ്ടും നല്‍കുകയാണ് ജിന്നുമ്മ കേസിലൂടെ ശില്‍പ.
തിരുവനന്തപുരം റൂറല്‍ എസ് പിയായി ശില്‍പ ജോലി നോക്കുമ്പോള്‍ അതിവിശ്വസ്തനായിരുന്നു ജോണ്‍സണ്‍. അന്ന് ജില്ലാ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ് പിയായിരുന്നു ജോണ്‍സണ്‍. ജോണ്‍സണ് എല്ലാ പിന്തുണയും ശില്‍പ നല്‍കിയതിന്റെ പ്രതിഫലനമായിരുന്നു ഷാരോണ്‍ കേസിലെ ഗ്രീഷ്മയുടെ അറസ്റ്റ്. ഇതിനൊപ്പം 11 വര്‍ഷം മുമ്പ് കാമുകിയേയും കുട്ടിയേയും കടലില്‍ എറിഞ്ഞു കൊന്ന മാഹിന്‍ കണ്ണിനേയും പിടിച്ചു. പല പ്രധാന കേസുകളിലും ജോണ്‍സണ്‍ തുമ്പുണ്ടാക്കി. പക്ഷേ ഗൂണ്ടാ ബന്ധം ആരോപിച്ച് ജോണ്‍സണെ ചിലര്‍ കുടുക്കി. അങ്ങനെ ജോണ്‍സണ്‍ സസ്‌പെന്‍ഷനിലായി. ഏതാണ്ട് രണ്ടു വര്‍ഷത്തിന് അടുത്ത് പുറത്തു നിന്നു. സര്‍വ്വീസില്‍ തിരിച്ചെടുത്തപ്പോള്‍ നിയോഗം കിട്ടിയത് കാസര്‍കോട്ടേക്ക്. ഇതോടെ വീണ്ടും മേലധികാരി ശില്‍പയായി. പഴയ കേസുകളുടെ ഫയലുകള്‍ നോക്കുന്നതിനിടെയില്‍ ശില്‍പയുടെ കണ്ണില്‍ പൂച്ചക്കാട്ടെ മരണവുമെത്തി. രണ്ടിലൊന്ന് ആലോചിക്കാതെ ഫയല്‍ ജോണ്‍സണ് നല്‍കി. ജില്ലാ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ ചുമതലയുണ്ടായിരുന്ന ജോണ്‍സണ് അങ്ങനെ അന്വേഷണ ചുമതല കിട്ടി. ശില്‍പയുടെ നിര്‍ദ്ദേശം അനുസരിച്ച് മുമ്പോട്ട് പോയി. ഇരുചെവിയറിയാതെ തെളിവു ശേഖരണം. പ്രതികളെ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തു. ജോണ്‍സണിനെ ശരിയായ ദിശയിലേക്ക് നയിച്ച ശില്‍പയും കാസര്‍കോട്ടെ ആ കൊലയിലെ ദുരൂഹത നീക്കുന്നതില്‍ നിര്‍ണ്ണായക ശക്തിയായി മാറി.
ഡി ശില്‍പയെ പുതിയ ജില്ലാ പൊലീസ് മേധാവിയായി വീണ്ടും നിയമിച്ചത് ഈ വര്‍ഷം ഓഗസ്റ്റിലാണ്. പൊലീസ് ഹെഡ്ക്വാര്‍ടേഴ്‌സില്‍ പ്രൊക്യൂര്‍മെന്റ് (സംഭരണം) അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലായി ജോലി നോക്കുന്നതിനിടെയാണ് പുതിയ ചുമതല എത്തിയത്. ബംഗളൂരു എച് എസ് ആര്‍ ലേ ഔട് സ്വദേശിയായ ശില്‍പ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നേരത്തെ 2020ല്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി മികച്ച സേവനം കാഴ്ചവെച്ചിരുന്നു. കാസര്‍കോട്ടെ ആദ്യ വനിതാ ജില്ലാ പോലീസ് മേധാവിയെന്ന പ്രത്യേകതയും ശില്‍പയ്ക്കുണ്ട്. ശില്‍പ പ്രൊബേഷന്റെ ഭാഗമായി കാസര്‍കോട് എഎസ്പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറ്റാന്വേഷണ രംഗത്തും മികവ് തെളിയിച്ച ഉദ്യോഗസ്ഥയാണ് ഇവര്‍. അങ്ങനെ കാസര്‍കോടിനെ അടുത്ത അറിയുന്ന പോലീസുകാരി. ഇതെല്ലാം രണ്ടാം നിയോഗത്തിലും ശില്‍പ ഗൗരവത്തില്‍ എടുത്തു. ഗഫൂര്‍ ഹാജി കേസിന്റെ പ്രത്യേകത മനസ്സിലാക്കിയാണ് രണ്ടാം വരവിലെ ആദ്യ ദൗത്യമായി അതിനെ ശില്‍പ കണ്ടത്. ഗഫൂര്‍ ഹാജിയുടെ മരണത്തിന് പിന്നാലെ കാണാതായ 596 പവന്‍ ആഭരണങ്ങള്‍ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. കുറച്ച് സ്വര്‍ണ്ണം ജ്വല്ലറികളില്‍ വിറ്റതായി പറയുന്നുണ്ട്. ജില്ലയിലെ ചില സ്വര്‍ണ്ണ വ്യാപാരികളില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. സംഭവസമയം ഗഫൂര്‍ഹാജി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരണത്തില്‍ സംശയമുള്ളതിനാല്‍ കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളാണ് കേസ് തെളിയിക്കാന്‍ സഹായിച്ചത്.
ഗള്‍ഫില്‍ നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളും മറ്റ് സംരംഭങ്ങളുമുള്ള ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ഗഫൂര്‍ ഹാജിയെ റംസാന്‍ മാസത്തിലെ 25-ാം നാള്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചനിലയില്‍ കണ്ടത്. പുണ്യമാസത്തിലെ 25-ാം നാളിലെ മരണമായതിനാല്‍ മറ്റൊന്നും ചിന്തിക്കാതെ അന്നുതന്നെ മൃതദേഹം ഖബറടക്കിയിരുന്നു. പിറ്റേന്ന് മുതല്‍ ഗഫൂര്‍ വായ്പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ അന്വേഷിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തി. സ്വര്‍ണത്തിന്റെ കണക്കെടുത്തപ്പോള്‍ ഗഫൂര്‍ ഹാജിക്ക് സ്വന്തമായുള്ളതും ബന്ധുക്കളില്‍നിന്ന് വായ്പ വാങ്ങിയതും ഉള്‍പ്പെടെ ആകെ 596 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതോടെ മകന്‍ മുസമ്മില്‍ പോലീസിലും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് ബേക്കല്‍ പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയുമായിരുന്നു. 2023 എപ്രില്‍ 27-ന് ഖബറിടത്തില്‍ നിന്നും ഗഫൂര്‍ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടവും നടത്തി. തലയ്ക്ക് ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. ഈ കേസ് ഫയല്‍ ശില്‍പ ജോണ്‍സണ് കൈമാറുകയായിരുന്നു.
പിതാവിന്റെ മരണത്തിലും ആഭരണങ്ങള്‍ കാണാതായതിന് പിന്നിലും ആഭിചാരക്രിയ നടത്തുന്ന ജിന്നുമ്മയെയും ഇവരുടെ രണ്ടാം ഭര്‍ത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂറിന്റെ മകന്‍ ബേക്കല്‍ പോലീസിലും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പ്പിച്ചത്. സംഭവത്തില്‍ ഗഫൂറിന്റെ കുടുംബാംഗങ്ങളും കര്‍മസമിതിയും നാട്ടുകാരും ഉള്‍പ്പെടെ 40-ഓളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്