- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാവിലെ അപരിചിത നമ്പറിൽ നിന്ന് വാട്സാപ്പ് കോൾ; ചിന്താ ജെറോം താമസിച്ച ഹോട്ടലിൽ ഹെഡ് മസാജ് ഓഫറുമായി സന്ദേശം; തൊട്ടുപിന്നാലെ ഭീഷണി സന്ദേശം; ചിന്തയ്ക്ക് എതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് തങ്കശേരി ഡി ഫോർട്ട് ഹോട്ടലിന്റെ പേരിൽ വധഭീഷണി
കൊല്ലം: സംസ്ഥാന യുവജന കമ്മീഷൻ ചെയർ പേഴ്‌സൺ ചിന്താ ജെറോം താമസിച്ചിരുന്ന നക്ഷത്ര ഹോട്ടലിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിക്ക് വധ ഭീഷണി. അഡ്വ. വിഷ്ണു സുനിൽ പന്തളത്തിനാണ് കൊല്ലം തങ്കശ്ശേരിയിലെ ഡി ഫോർട്ട് ഹോട്ടലിന്റെ പേരിൽ ഭീഷണിയുണ്ടായിരിക്കുന്നത്. +97338335000 എന്ന നമ്പറിൽ നിന്നും മറ്റുള്ളവർക്കതിരെ കുപ്രചരണം നടത്തി സ്വന്തം ജീവൻ അപകടത്തിലാക്കുന്നുവെന്നും മറ്റുമുള്ള ഭീഷണി സന്ദേശവും വാട്ട്സാപ്പ് കോൾ വഴി വധ ഭീഷണിയുമുണ്ടായി എന്ന് വിഷ്ണു മറുനാടനോട് പറഞ്ഞു. ഭീഷണിയെ തുടർന്ന് ഡി.ജിപി ക്ക് പരാതി നൽകി.
ചിന്താ ജെറോം ആഡംബര റിസോർട്ടിൽ ഒന്നേമുക്കാൽ വർഷം താമസിച്ച സംഭവത്തിൽ ഇ.ഡിക്കും വിജിലൻസിനും വിഷ്ണു സുനിൽ പന്തളം പരാതി നൽകിയിരുന്നു. ഈ റിസോർട്ടിൽ ഇത്ര നാൾ താമസിക്കുന്നതിന് 38 ലക്ഷം രൂപ വാടക നൽകണം. ഇത്രയും പണം എവിടെ നിന്നാണ് ലഭിച്ചതെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നുമായിരുന്നു പരാതി. ദിവസ വാടക 8,490 രൂപ വരുന്ന മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റിലായിരുന്നു താമസം. ഇത്രയും വാടക കണക്കാക്കുമ്പോൾ ഒന്നേമുക്കാൽ വർഷത്തേക്ക് 38 ലക്ഷം രൂപ വാടക നൽകേണ്ടി വരും. ചിന്ത ജെറോമിന്റെ കയ്യിൽനിന്നു വാടക ഇനത്തിൽ ഈടാക്കേണ്ട ജിഎസ്ടി വിഹിതത്തിൽ വൻ തട്ടിപ്പ് നടത്തിയെന്നും പരാതിയിലുണ്ടായിരുന്നു.
പരാതിക്ക് പിന്നാലെ സ്ഥാന യുവജന കമ്മിഷൻ അധ്യക്ഷസ്ഥാനത്ത് നിന്ന് ചിന്ത ജെറോമിനെ നീക്കണമെന്നാവശ്യപ്പെട്ടു റിസോർട്ടിലേക്കു കോൺഗ്രസ് മാർച്ച് നടത്തി. ഇതോടെ റിസോർട്ടും ചിന്താ ജെറോമും വലിയ പ്രതിസന്ധിയിലേക്ക് പോയി. ഇതിനിടയിലാണ് വിഷ്ണുവിന് ഭീഷണി ഉയർന്നിരിക്കുന്നത്.
വിഷ്ണു സുനിൽ ഡി.ജി.പിക്ക് നൽകിയ പരാതി ഇങ്ങനെ:
ബഹുമാനപ്പെട്ട കേരള സംസ്ഥാന ഡിജിപി മുമ്പാകെ
പരാതിക്കാരൻ:
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനിൽ പന്തളം ബോധിപ്പിക്കുന്ന പരാതി.
എതിർ കക്ഷി:
ഡാർവിൻ
ഡി ഫോർട്ട് റിസോർട്ട്
തങ്കശ്ശേരി, കൊല്ലം
വിഷയം: എനിക്കെതിരെയുള്ള വധ ഭീഷണിപ്പെടുത്തൽ.
സർ,
ഞാൻ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തങ്കശ്ശേരിയിൽ പ്രവർത്തിക്കുന്ന ഡി ഫോർട്ട് റിസോർട്ടിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളെക്കുറിച്ചും ആ റിസോർട്ടിൽ യുവജന കമ്മീഷൻ ചെയർപേഴ്സൻ ചിന്താ ജെറോമിന്റെ അനധികൃത താമസത്തെക്കുറിച്ചും പരാതികൾ നൽകുകയുണ്ടായി. ചിന്താ ജെറോം അധികാര ദുർവിനിയോഗം നടത്തി ഈ നക്ഷത്ര റിസോർട്ടിൽ താമസിച്ചത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ഇ.ഡി.ക്കും വിജിലൻസിനും പരാതികൾ അയച്ചിരുന്നു. ഈ വിഷയത്തിൽ വാർത്തകൾ പ്രസിദ്ധീകരിക്കുകയും ഞാൻ പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇന്നേദിവസം 16-02-2023 രാവിലെ 11.43 ന് +97338335000 നമ്പറിൽ നിന്നും ഡി ഫോർട്ട് ചാകര സദ്യ എന്ന പേരിൽ ഒരു ബ്രോഷർ എനിക്ക് അയച്ചു. അതിന് ശേഷം 11.47 ന് ഇതേ നമ്പറിൽ നിന്നും വാട്‌സ്ആപ്പ് കാൾ വന്നു. അപരിചിത നമ്പർ ആയതിനാൽ ഞാൻ അറ്റൻഡ് ചെയ്തില്ല.
തൊട്ടുപിന്നാലെ ചിന്താ ജെറോം നീണ്ട കാലം താമസിച്ച ഈ ഹോട്ടലിൽ എനിക്ക് ഹെഡ് മസാജ് ഓഫർ ചെയ്തു മെസ്സേജ് അയച്ചു.
അതിനു ശേഷം 12.03 ന് എന്റെ ജീവന് ഭീഷണിയുള്ളതരത്തിൽ, 'മറ്റുള്ളവർക്കതിരെ കുപ്രചരണം നടത്തി സ്വന്തം ജീവൻ അപകടത്തിലാക്കുന്നുവെന്ന്' ഉൾപ്പെടുത്തി വധ ഭീഷണി മെസ്സേജ് അയച്ചു. മെസ്സേജുകളുടെ സ്‌ക്രീൻ ഷോട്ട് ഇതോടൊപ്പം ചേർക്കുന്നു.
പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി പ്രതികരിക്കുക എന്ന എന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായി ഞാൻ നടത്തിയ ശ്രമങ്ങൾക്കെതിരെ എനിക്കെതിരെ എതിർ കക്ഷിയിൽ നിന്നും ഉണ്ടായിരിക്കുന്ന വധ ഭീഷണിയെക്കുറിച്ച് അന്വഷിക്കുകയും എന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും അപേക്ഷിക്കുന്നു.
എന്ന്
വിശ്വസ്തതയോടെ,
അഡ്വ.വിഷ്ണു സുനിൽ പന്തളം
സംസ്ഥാന സെക്രട്ടറി
യൂത്ത് കോൺഗ്രസ്, കേരളം.
നാരായണീയം,
തിരുമുല്ലാവാരം, കൊല്ലം 12
Mob.: 9447723201
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.