- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജപ്പുര ജയിലില്‍ എത്താതിരിക്കാന്‍ അതിര്‍ത്തിക്കപ്പുറം കൊല! അമ്മയ്ക്കൊരു മകന് സോജു ഭയത്തില്‍ അമ്പിളിക്കരുതല്; ദീപുവിനെ തട്ടിയത് പണത്തിന്
തിരുവനന്തപുരം: മലയിന്‍കീഴിലെ ദീപുവിനെ അതിര്‍ത്തി കടത്തി മൂന്ന് കിലോമീറ്ററിന് അപ്പുറം കൊണ്ടു വന്ന് കൊലപ്പെടുത്തിയതിന് പിന്നില്‍ കേരളത്തിലെ ജയില്‍ ഒഴിവാക്കാനുള്ള ചൂഴാറ്റുകോട്ട അമ്പിളിയുടെ കുതന്ത്രം. ദീപുവിനെ കൊല്ലുന്നത് കേരളത്തില്‍ ആകരുതെന്ന നിര്‍ബന്ധം മാഫിയാ ഡോണിനുണ്ടായിരുന്നു. 2000 മുതല്‍ തിരുവനന്തപുരത്തെ പ്രധാന ഗുണ്ടാ നേതാവായിരുന്ന അമ്പിളിയുടെ പ്രധാന എതിരാളി അമ്മയ്ക്കൊരു മകന് സോജുവായിരുന്നു. സോജുവിന്റെ അളിയനെ അമ്പിളി കൊലപ്പെടുത്തിയതു മുതലുള്ള വൈരാഗ്യം. പല തവണ അമ്പിളിയെ വകവരുത്താന്‍ സോജു ശ്രമിച്ചു. തലനാരിഴയ്ക്ക് അമ്പിളി രക്ഷപ്പെട്ടു. പിന്നീട് സോജുവിന് വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ചു. ഇതോടെ പരോള്‍ പോലുമില്ലാതെ അകത്ത് കിടക്കുകയാണ് സോജു. സോജു അകത്തായതോടെ അമ്പിളിയ്ക്ക് മരണ ഭയം മാറി. കേസുകളില്‍ അറസ്റ്റിലായി പിന്നീട് ജയിലില്‍ ആകാതിരിക്കാനും ശ്രമിച്ചു. ജയിലിലുള്ള സോജുവിന്റെ അടുത്ത് എത്താതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍.
ദീപുവിനെ കൊല്ലാന്‍ തീരുമാനിച്ചപ്പോഴും കേരളത്തിലെ ജയിലുകള്‍ ഒഴിവാക്കാന്‍ അമ്പിളി തീരുമാനിച്ചു. ഇതിന്റെ കൂടെ ഭാഗമാണ് ദീപുവിനെ തമിഴ്നാട്ടില്‍ എത്തിച്ചുള്ള കൊല. കേരളാ അതിര്‍ത്തിയ്ക്ക് അപ്പുറം കൊല നടന്നതോടെ അന്വേഷണം തമിഴ്നാട് പോലീസിനായി. അറസ്റ്റിലായ അമ്പിളിയെ അടച്ചത് നാഗര്‍കോവില്‍ ജയിലിലും. കേരളത്തില്‍ കൊല നടന്നിരുന്നുവെങ്കില്‍ കൊടു കുറ്റാളിയായ അമ്പിളിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരനാക്കുമായിരുന്നു. അങ്ങനെ വന്നാല്‍ അമ്മയ്ക്കൊരു മകന് സോജുവിന്റെ അടുത്ത് അമ്പിളി എത്തുമായിരുന്നു. ജയിലില്‍ പ്രധാന കുറ്റവാളിയാണ് സോജു. അവിടെ എന്തും ചെയ്യാനുള്ള ആള്‍ബലം സോജുവിന് ഉണ്ടാകുമെന്ന് അമ്പിളി കണക്കു കൂട്ടി. ഈ കണക്കുകൂട്ടലും ദീപു കൊലയ്ക്കുള്ള സ്ഥലം നിശ്ചയിക്കുന്നതില്‍ പ്രധാന ചിന്താ വിഷയമായി.
കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും അമ്പിളി എന്ന സജികുമാര്‍ തന്നെയെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. കേസിലെ മറ്റു പ്രതികള്‍ കൊലപാതകത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. പണത്തിനു വേണ്ടിയുള്ള കൊലപാതകമെന്നാണ് കണ്ടെത്തല്‍. തമിഴ്നാട് പൊലീസിനെ കുഴപ്പിച്ച കളിയിക്കാവിള കൊലപാതകം അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി. ചുഴാറ്റുകോട്ട അമ്പിളി എന്ന സജികുമാര്‍ തന്നെയാണ് എല്ലാത്തിനും പിന്നിലെന്ന് പൊലീസിന്റെ കണ്ടെത്തല്‍. രണ്ടാം പ്രതിയായ സുനില്‍കുമാര്‍ ക്ലോറോഫോമും സര്‍ജിക്കല്‍ ബ്ലേഡും അമ്പിളിക്ക് എത്തിച്ചു നല്കി. എന്നാല്‍ കൊലപാതകത്തിനാണ് എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് സുനില്‍കുമാറിന്റെ മൊഴി. ഈ മൊഴി പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടുണ്ട്. അമ്പിളിയെ അറസ്റ്റ് ചെയ്തപ്പോഴാണ് താന്‍ ഒളിവില്‍ പോയതെന്നും സുനില്‍കുമാര്‍ മൊഴി നല്കി.
മൂന്നാം പ്രതിയായ പ്രദീപ് ചന്ദ്രന് കേസില്‍ നേരിട്ട് ഇടപെട്ടിട്ടില്ല. അമ്പിളിയും സുനില്‍കുമാറും സംസാരിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു എന്നതിനാണ് ഗൂഢാലോചന വകുപ്പ് പ്രകാരമുള്ള കേസ്. കൊല്ലപ്പെട്ട ക്വാറി ഉടമ ദീപുവിന്റെ പണം തട്ടിയെടുക്കാന്‍ ആയിരുന്നു കൊലപാതകം. വലിയ ആസൂത്രണത്തിനുശേഷമാണ് അമ്പിളി കൊലപാതകം നടത്തിയത്. പിടിക്കപ്പെട്ടാല്‍ പറയാനുള്ള കള്ളങ്ങളും നേരത്തെ തയ്യാറാക്കി വച്ചു. അന്വേഷണത്തില്‍ പൊലീസിനെ കുഴച്ചതും മുന്‍കൂട്ടി തയ്യാറാക്കിയ അമ്പിളിയുടെ ഈ തിരക്കഥയാണ്. ഇന്‍ഷുറന്‍സ് ബന്ധവും, മറ്റൊരാള്‍ നല്കിയ ക്വട്ടേഷനും എല്ലാം അമ്പിളി നേരത്തെ തയ്യാറാക്കിയ തിരക്കഥയാണ്. വിശദമായ അന്വേഷണത്തിലാണ് ഇതെല്ലാം നുണയെന്ന് തെളിഞ്ഞത്.
കേരള- തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിള ഒറ്റാമരത്ത് വച്ചാണ് ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കന്യാകുമാരി എസ്.പി സുന്ദര വദനത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്.
ചൂഴാറ്റുകോട്ട അമ്പിളയും അമ്മയ്ക്കൊരു മകന് സോജുവും തമ്മിലെ പകയുടെ കഥ ഇങ്ങനെ
സിനിമയിലെ ഗ്യാങ്സ്റ്ററിന് സമാനമാണ് ചൂഴാറ്റുകോട്ട അമ്പിളിയുടെ ക്രിമിനല്‍ ജീവിതം. എംജി കോളേജില്‍ നിന്നും മികച്ച മാര്‍ക്കില്‍ ബിരുദം നേടിയ സജികുമാര്‍. എസ് ഐ ലിസ്റ്റിലും സജികുമാര്‍ ഇടം നേടി. എന്നാല്‍ പൊടുന്നതനെ വന്ന കേസുകള്‍ സജി കുമാറിനെ ചൂഴാറ്റുകോട്ട അമ്പിളിയാക്കി. ഇതോടെ എസ് ഐ ആകാന്‍ മോഹിച്ചിറങ്ങിയ സജികുമാര്‍ കുപ്രസിദ്ധ ക്രിമിനലായി. അടവുകള്‍ പയറ്റി തെളിഞ്ഞത് ഇന്നത്തെ മുംബൈയായ പഴയ ബോംബെയിലും. മലയിന്‍കീഴിലും പരിസരത്തും മുംബൈ അധോലകത്തിന്റെ ചെറുപതിപ്പ് അമ്പിളി സൃഷ്ടിച്ചു. ഗുണ്ടാ പിരിവുമായി ജീവിതം. ഒറ്റുകാരെ എല്ലാം വകുവരുത്തിയ ഗുണ്ടാ നേതാവ്.
രണ്ടു കൊലപാതകമുള്‍പ്പെടെ അന്‍പതോളം കേസുകളിലെ പ്രതിയാണ് അമ്പിളി. വലിയൊരു ഗ്യാങ്ങും കുറച്ചു കാലം മുമ്പ് വരെ അമ്പിളിക്കൊപ്പമുണ്ടായിരുന്നു. എം.ജി. കോളേജില്‍നിന്ന് ബിരുദം കഴിഞ്ഞ് എസ്ഐ. ലിസ്റ്റിലുള്ളപ്പോഴാണ് ആദ്യ കേസ്. പിന്നീട് ക്രിമിനലായി തുടരാന്‍ അമ്പിളി തീരുമാനിച്ചു. ചാലയിലെ അക്രമങ്ങളാണ് അമ്പിളിയുടെ എസ് ഐ മോഹത്തെ തകര്‍ത്തത്. ഏഴുവര്‍ഷത്തോളം ഇയാള്‍ മുംബൈയിലായിരുന്നു. മടങ്ങിയെത്തി ചാരായം വാറ്റ് തുടങ്ങി. ആരും കടന്നു ചെല്ലാത്ത മുക്കുന്നിമലയിലെ മാഫിയാ രാജാവായി ഇതോടെ അമ്പിളി മാറി. അമ്പിളിയുടെ ശിങ്കിടിയായിരുന്നു മൊട്ട അനി. എന്നാല്‍ ഇവര്‍ പിന്നീട് തെറ്റി. ഇതിന്റെ പ്രതികാരമായിരുന്നു മൊട്ട അനിയെ വകവരുത്തി തീര്‍ത്തത്. ഇതിന് പിന്നാലെ തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളെ നയിക്കുന്ന പ്രധാനിയായി അമ്പിളി മാറി.
മൊട്ട അനി ഒറ്റിയതോടെ ചാരായ വില്‍പ്പനയില്‍ വലിയ സാമ്പത്തികനഷ്ടമുണ്ടായി. മൊട്ട അനിയെ 2006-ല്‍ കരമന തളിയലില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തി ചതിക്ക് ചതിയെന്ന സന്ദേശം അമ്പിളി നല്കി.. ഈ കേസില്‍ അമ്പിളി ഒന്നാം പ്രതിയാണ്. കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന അമ്മയ്ക്കൊരുമകന്‍ സോജുവിന്റെ സഹോദരീഭര്‍ത്താവാണ് മൊട്ട അനി. അനിയെ വകവരുത്തുന്നതിന് അമ്പിളിക്ക് ഒപ്പംനിന്നത് ജയിലില്‍ വെച്ച് പരിചയപ്പെട്ട പാറശ്ശാല ബിനുവായിരുന്നു. പാറശ്ശാല ബിനുവിനെ സോജുവിന്റെ സംഘത്തിലുള്‍പ്പെട്ട തങ്കുട്ടന് ചൂഴാറ്റുകോട്ടയിലെ വെള്ളൈക്കോണത്തുെവച്ച് വെട്ടിക്കൊലപ്പെടുത്തി. ഇതിന്റെ പ്രതികാരമായി തങ്കുട്ടനെ ചൂഴാറ്റുകോട്ട ജങ്ഷനടുത്തുെവച്ച് ബിനുവിന്റെ അനുജന് മുരുകന്റെ സംഘം വെട്ടിക്കൊന്നു. ഈ കൊലപാതകത്തിനു വേണ്ട സഹായം ഒരുക്കിയത് അമ്പിളിയാണ്. ഈ കേസിലും ഇയാള്‍ പ്രതിയാണ്.
അമ്പിളിയും അമ്മയ്ക്കൊരുമകന്‍ സോജുവുമായി വലിയ ഭിന്നത തിരുവനന്തപുരത്തെ നടുക്കിയിരുന്നു. സിറ്റിയിലെ പ്രബല ഗുണ്ടാ സംഘത്തലവന്മാരായ അമ്മക്കൊരു മകന് സോജുവും ചൂഴാറ്റുകോട്ട അമ്പിളിയും തമ്മിലുള്ള കുടിപ്പകയില്‍ 2012 ല്‍ മൃഗീയമായി നടന്ന കരമന സജി കൊലക്കേസ് നാടിനെ നടുക്കുകയും ചെയ്തു. സോജുവിന്റെ അളിയന് മൊട്ട അനിയെ 2006 ല്‍ അമ്പിളിയുടെ സംഘം കൊലപ്പെടുത്തിയ വിരോധത്തില്‍ ആ കൊലപാതക സംഘത്തലവനായ ചൂഴാറ്റു കോട്ട അമ്പിളിയുടെ ഒളിയിടം കാട്ടിക്കൊടുക്കാന്‍ അമ്പിളിയുടെ വലംകൈയായ സജിയെ 2012 സെപ്റ്റംബര്‍ 6 ന് രാത്രി തട്ടിക്കൊണ്ടു പോയത്. ഇത് പിന്നീട് കൊലപതാകവുമായി. സജിയെ തടങ്കലില്‍ വക്കും മുമ്പ് അമ്പിളിയുടെ മറ്റൊരു സംഘാംഗമായ മണികണ്ഠനെ ശരീരമാസകലം കത്തി കൊണ്ട് വരഞ്ഞു റോഡില്‍ തള്ളിയിരുന്നു.
സോജുവും അമ്പിളിയും തമ്മില്‍ വര്‍ഷങ്ങളായി ശത്രുതയിലായിരുന്നു. സോജുവിനെ വകവരുത്താന്‍ എതിര്‍സംഘം പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സോജു ജയിലില്‍ നിന്നു പുറത്തിറങ്ങിയതോടെ അമ്പിളി നഗരംവിട്ട് വിഴിഞ്ഞം, വെങ്ങാനൂര്‍, ചൂഴാറ്റുകോട്ട പ്രദേശങ്ങളിലേക്കു താവളം മാറ്റി. 2012 ലെ കൊലക്ക് രണ്ടാഴ്ച മുന്‍പു ചൂഴാറ്റുകോട്ടയിലെത്തി എതിര് സംഘാംഗങ്ങള്‍ അമ്പിളിയെ തിരക്കിയിരുന്നു. ഇതിനുശേഷം സംഘം അമ്പിളിക്കു വേണ്ടി വലവിരിച്ച് ഒപ്പമുള്ള വിശ്വസ്തരെ നിരീക്ഷിക്കുകയായിരുന്നു. അമ്പിളിയുടെ ഏറ്റവും അടുത്ത സഹായിയാണ് അന്ന് വെട്ടേറ്റു മരിച്ച സജിയെന്ന സജീവ്. നഗരാതിര്‍ത്തിയായ ചൂഴാറ്റുകോട്ടയില്‍ നടന്ന ഗുണ്ടകളുടെ കൊലയിലും സോജുവിനും അമ്പിളിക്കും പങ്കുണ്ടായിരുന്നു. ജെറ്റ് സന്തോഷിന്റെ കൊലയും ഇതിന്റെ തുടര്‍ച്ചയാണ്.
സോജുവിന്റെ അളിയനായ മൊട്ട അനിയെ 2006 ല്‍ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ എതിര്‍സംഘാംഗം ചൂഴാറ്റുകോട്ട വെള്ളൈക്കോണം സ്വദേശി പാറശാല ബിനുവിനെ കൊലപ്പെടുത്താന്‍ എതിര് സംഘത്തിലെ തന്നെ റോബിന് രാജെന്ന തങ്കൂട്ടനെയായിരുന്നു സോജു ആശ്രയിച്ചത്. ഇതിനു പ്രതികാരമെന്നോണം 2011ല്‍ തങ്കൂട്ടനെ കൊലപ്പെടുത്തിയതും അതിക്രൂമായിട്ടായിരുന്നു. 100 പരിക്കുകളാണ് തങ്കുട്ടന്റെ മൃതശരീരത്തില്‍ ഉണ്ടായിരുന്നത്. സോജുവും സംഘവും കൊലപ്പെടുത്തിയ ബിനുവിന്റെ സഹോദരന് മുരുകന്റെ നേതൃത്വത്തില്‍ കഴക്കൂട്ടത്തുനിന്നെത്തിയ സംഘമാണു 2011 ല്‍ നടുറോഡില്‍ ബോംബെറിഞ്ഞു ഭീതി പരത്തി തങ്കൂട്ടനെ വെട്ടിക്കൊന്നത്.
നഗരാതിര്‍ത്തി ഗ്രാമങ്ങളില്‍ സുരക്ഷിത താവളമുള്ള അമ്പിളി പലവട്ടം സോജുവിന്റെ സംഘത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. കരമന , നെടുങ്കാട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സോജുവാകട്ടെ അമ്പിളിയുടെ സംഘത്തെ പേടിച്ചാണു കഴിഞ്ഞിരുന്നത്. അന്ന് അന്തിയൂര്‍ക്കോണത്ത് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സോജു വരുമെന്നറിഞ്ഞു വിവിധ സ്ഥലങ്ങളിലായി അമ്പിളിയുടെ സംഘാംഗങ്ങള്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ അന്നു സോജു വിവാഹവീട്ടിലെത്തി സുരക്ഷിതമായി മടങ്ങി. ഇതറിഞ്ഞതോടെ അമ്പിളിയോടുള്ള പക വര്‍ധിച്ചു. 2011 നവംബറില്‍ അമ്പിളിയെ വധിക്കാന്‍പോകുന്നതിനിടെ സോജു ഉള്‍പ്പെടെ ഏഴംഗ സംഘത്തെ ആയുധങ്ങളുമായി പൊലീസ് പിടികൂടിയിരുന്നു. ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കലിലായിരുന്ന സോജു ജയില്‍മോചിതനായി ആറു ദിവസത്തിനു ശേഷമായിരുന്നു ഇത്. ജെറ്റ് സന്തോഷ് കൊലക്കേസില്‍ അമ്മയ്ക്കൊരുമകന്‍ സോജുവിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതോടെയാണ് പകയ്ക്ക് താല്കാലിക വിരാമമായത്.