- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാലരമ അമർ ചിത്രകഥകൾ കഥാപ്രസംഗമാക്കി അവതരിപ്പിച്ച കൊച്ചു മിടുക്കൻ; കർണനും അഭിമന്യുവും കാണാപ്പാഠം; പ്രസംഗത്തിലെ മികവുകാരൻ ആഗ്രഹിച്ചത് വക്കീലാകാൻ; ചേച്ചിക്ക് ഐഎഎസ് കിട്ടിയപ്പോൾ അനുജനും അനുജത്തിയും ആ വഴിയിൽ എത്തി; അഴിമതിയെ പുറത്ത് നിർത്തി ന്യായം നോക്കി പ്രവർത്തിക്കും ജനുസ്; കോഴിക്കോട്ട് സിപിഎമ്മിനെ വിറളി പിടിപ്പിച്ച് വീണ്ടും ചർച്ചകളിൽ; ഇത് ഡിഐജി അക്ബറിന്റെ സർവ്വീസ് സ്റ്റോറി
തിരുവനന്തപുരം. കോഴിക്കോട്ടെ സിറ്റി പൊലീസ് കമ്മീഷണർ എ അക്ബറിനെതിരെ സി പി എം യുദ്ധം പ്രഖ്യാപിച്ചതിന് പിന്നിൽ കോഴിക്കോട് മെഡിക്കൽ കോളേജ് സംഭവത്തിൽ പൊലീസ് മുഖം നോക്കാതെ നടപടി എടുത്തത് തന്നെ. ഡി വൈ എഫ് ഐ ക്കാരുടെ അതിക്രമങ്ങൾ സി സി ടിവി കണ്ട് ബോധ്യപ്പെട്ടശേഷമാണ് കേസടുക്കാനും മറ്റ് നടപടികൾക്കും പൊലീസ് തുനിഞ്ഞത്.. പൊലീസിന്റെ ഓരോ നടപടിയും വാച്ച് ചെയ്തു വേണ്ട നിർദ്ദേശങ്ങൾ ന്ല്കിയ കമ്മീഷണർ പ്രതികളെ പിടിക്കാനും മുൻ പന്തിയിലുണ്ടായി. ഇതാണ് സി പി എം നെ പ്രകോപിപ്പിച്ചതും ജില്ലാ സെക്രട്ടറി തന്നെ കമ്മീഷണർക്കെതിരെ പരസ്യമായി രംഗത്ത് എത്തിയതും.
ന്യായം നോക്കി മാത്രം തീരുമാനം എടുക്കുന്ന എ അക്ബർ എന്ന ഡി ഐ ജിയെ സി പി എം ന് മെരുക്കാൻ കഴിഞ്ഞില്ല, മാത്രമല്ല അന്യായമായി ഒന്നും ചെയ്യില്ലെന്ന് ശപഥം ചെയ്തിട്ടുള്ള ഈ ഓഫീസർ മെഡിക്കൽ കോളേജ് അക്രമത്തിൽ നടപടി ശക്തമാക്കാൻ താഴോട്ടു നിർദ്ദേശവും നല്കി ഇതാണ് സി പി എം നെ കൂടുതൽ ചൊടിപ്പിച്ചത്. . 2005 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ എ അക്ബർ ജോലി ചെയ്ത സ്ഥലത്തെല്ലാം ആർക്കും വിധേയനാകാത്ത സത്യസന്ധൻ തന്നെയാണ്. ജോലിയുടെ തുടക്കത്തിൽ പലയിടത്തും രാഷ്ട്രീയക്കാരോടു കൊമ്പ് കോർത്തിട്ടുണ്ട്. അതും ന്യായം നടപ്പിലാക്കാൻ, അല്ലെങ്കിൽ അഴിമതി തടയാൻ. അന്യായമായ അപേക്ഷകൾ ചവറ്റു കുട്ടയിലെറിഞ്ഞിട്ടുണ്ട്.
തൃശൂർ റേഞ്ച് ഡി.ഐ.ജി ആയിരുന്ന എ.അക്ബറിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചത് കഴിഞ്ഞ ഏപ്രിലിൽ ആണ്. എ.വി.ജോർജ് വിരമിച്ച ഒഴിവിലായിരുന്നു നിയമനം. തലശേരി അഡീഷണൽ എസ്പിയായിട്ടാണ് അക്ബർ സേനയിലെത്തുന്നത്. കണ്ണൂരിലും സി പി എമ്മിന് വഴങ്ങാതെ തന്നെ മുന്നോട്ടു പോയി അതിനാൽ അധികനാൾ അവിടെ ഉണ്ടായില്ല. നെയ്യാറ്റിൻകര എ.എസ്പി, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എസ്പി, ആലപ്പുഴ എസ്പി, കോട്ടയം എസ്പി, തിരുവനന്തപുരം റൂറൽ എസ്പി, ക്രൈംബ്രാഞ്ച് എസ്പി, ഇന്റലിജൻസ് സെക്യൂരിറ്റി എസ്പി, ഇന്റലിജൻസ് ഡി.ഐ.ജി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇവിടെയെല്ലാം മേൽ ഓഫീസർമാർ പറഞ്ഞാൽ പോലും ന്യായം വിട്ടു പ്രവർത്തിക്കാത്ത ഉദ്യോഗസ്ഥൻ ആയിരുന്നു.
സ്വന്തം സ്ഥാനം തെറിച്ചാലും നിലപാടിൽ വെള്ളം ചേർക്കാൻ തയ്യാറാകാത്ത ഐ പി എസുകാരൻ അതു തന്നെയാണ് എ അക്ബറിനെ സേനയിൽ വ്യത്യസ്തനാക്കുന്നത്. കൂടാതെ പദവികൾ തേടി പോകുന്ന ശീലമില്ല അതു കൊണ്ട് തന്നെ നിർണായക ചുമതലകളിൾ അധിക നാൾ ഇരിക്കുന്ന ശീലവും അക്ബറിന് ഇല്ല. രാഷ്ട്രീയക്കാർക്ക് വിധേയനല്ലാതെ വരുമ്പോൾ ഭരണ നേതൃത്വം തന്നെ അപ്രധാന ചുമതലകളിലേക്ക് മാറ്റാറുണ്ട്. കോഴിക്കോട് സംഭവത്തിലും നിലപാടിൽ വെള്ളം ചേർക്കില്ലന്നും ഡി വൈ എഫ് ഐക്കാർ കാണിച്ചത് ഗുണ്ടായിസമാണന്നും അവർ ഒരു സൗജന്യവു എന്നിൽ നിന്നും പ്രതീക്ഷിക്കണ്ടായെന്നും അദ്ദേഹം നിലപാട് എടുക്കുന്നു. ഈ നിലപാടാണ് സി പി എം ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചത്. സി പി എം നേതൃത്വത്തിന്റെ നീരസത്തിന് പാത്രമായെങ്കിലും എ അക്ബറിന് ഒരു കുലുക്കവുമില്ല, താൻ ശരിയെന്ന് തോന്നുന്നതേ ചെയ്തിട്ടുള്ളു ഇനിയും അതേ ചെയ്യു എന്ന നിലപാടു തന്നെ.
സ്കൂളിൽ പഠിക്കുമ്പോഴേ വക്കീലാവാനായിരുന്നു അക്ബറിന് ഇഷ്ടം. ബിഎ ഇക്കണോമിക്സ് കഴിഞ്ഞു എറണാകുളം ലോ കോളജിൽ ചേർന്നു.എൽഎൽഎം കഴിഞ്ഞ് ഹൈക്കോടതിയിൽ മൂന്നുവർഷത്തിലധികം പ്രക്ടീസ് ചെയ്തു. അപ്പോഴാണ് അക്ബറിന്റെ ചേചി ഷൈലയ്ക്ക് ഐ.എ.എസ് കിട്ടിയത്. അപ്പോൾ ഷൈല പ്രോത്സാഹിപ്പിച്ചു.''നീ ശ്രമിക്ക്, കിട്ടിയാൽ കിട്ടട്ടെ.''മസൂറിയിലെ ട്രെയിനിങ് ആരംഭിച്ച് ഒരു മാസം പിന്നിട്ട ദിവസം ഷൈല അനിയൻ അക്ബറിന് ഒരു കത്തെഴുതി. 'സിവിൽ സർവീസ് നേടാനുള്ള കഴിവും പ്രാപ്തിയും നിനക്കുണ്ട്. ആ ശക്തി തുണയാകേണ്ട ഒരു കൂട്ടം ആളുകൾ നമ്മുടെ പിന്നിലും. നീ സിവിൽ സർവീസിൽ ചേരണം....' ആ കത്ത് അക്ബർ വായിച്ചത് കണ്ണുകൾ തുറന്നു പിടിച്ചല്ല, മനസ്സ് തുറന്നു വച്ചായിരുന്നു. അക്ബർ അപ്പോൾ എൽഎൽഎം പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. എന്തായാലും ചേച്ചിയുടെ ആ കത്ത് തന്നെയാണ് അക്ബറിന്റെ ജീവിതം മാറ്റിമറിച്ചത്.
ചേച്ചിയുടെ ' കത്ത് കിട്ടിയതോടെ അക്ബറിനും സിവിൽ സർവീസിനോട് താൽപര്യമായി. മെയിൻ സബ്ജക്ട് ലോ തന്നെ എടുക്കാമെന്നുള്ളതുകൊണ്ട് വാശിയോടെ പഠിച്ചു. 2004 ൽ എൽ എൽ എം ഫസ്റ്റ് റാങ്കോടെ പാസായി. നിയമത്തിൽ ജെആർഎഫും കിട്ടി. പരീക്ഷ പാസായി അഭിഭാഷകനായി കോടതിയിൽ പ്രാക്ടീസ് ചെയ്തു തുടങ്ങിയ സമയത്ത് രണ്ട് ടെസ്റ്റ് എഴുതിയിരുന്നു, സെയിൽസ് ടാക്സ് ഓഫിസറും മുനിസിപ്പൽ സെക്രട്ടറിയും. രണ്ടും കിട്ടി. മുനിസിപ്പൽ കൗൺസിലിന്റെ കീഴിൽ ജോലി ചെയ്യാൻ താൽപര്യമില്ലാത്തതു കൊണ്ട് സെയിൽസ് ടാക്സ് ഓഫിസറായി ജോയിൻ ചെയ്തു. ആ സമയത്താണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. പിന്നെ സംഭവിച്ചത് ചരിത്രം. 2005 ൽ അക്ബറും 2007ൽ അനുജത്തി ഷൈനയും സിവിൽ സർവീസുകാരായി. അക്ബർ കേരള കേഡർ ഐ.പി. എസും ഷൈന ഹിമാചൽ കേഡർ ഐഎഎസുമാണ്.
ആലുവ കോട്ടപ്പുറം ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്ന അബു മാഷിനും ഭാര്യ സുലേഖയ്ക്കും മൂന്നു മക്കൾ ഷൈല ഐഎഎസ്, അക്ബർ ഐപിഎസ്, ഷൈനമോൾ ഐഎഎസ്. സഹോദരങ്ങൾ മൂന്നു പേരും സിവിൽ സർവീസ് നേടിയ ഇന്ത്യയിലെ അപൂർവ കുടുംബം. പെൺമക്കളെ രണ്ടു പേരെയും അദ്ധ്യാപികമാരാക്കണമെന്നും മകനെ വക്കീലാക്കണമെന്നുമാണ് ആ അച്ഛൻ ആഗ്രഹിച്ചത്. അക്ബർ കുഞ്ഞുന്നാൾ മുതലേ ബാലരമ അമർ ചിത്രകഥയിലെ കഥകൾ വായിച്ച് കഥാപ്രസംഗമാക്കി അവതരിപ്പിക്കുമായിരുന്നു. കർണനും അഭിമന്യുവും പോലെയുള്ള കഥാപാത്രങ്ങൾ അവന് കാണാപ്പാഠമായിരുന്നു. പിന്നെ നന്നായി പ്രസംഗിക്കുകയും ചെയ്യും. അതുകൊണ്ടാണ് അക്ബറിനെ വക്കീലാക്കണം എന്ന പിതാവ് ആഗ്രഹിച്ചത്.'
പക്ഷേ, അദ്ധ്യാപികയാകാനുള്ള തീരുമാനം ചേച്ചി ഷൈല മാറ്റിയതിന് കാരണം . ഒരു ഡൽഹി യാത്രയായിരുന്നു. 'പി.ജിക്ക് എം.ജി യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്കായിരുന്നു ഷൈലയ്ക്ക്. എക്കണോമിക്സിന് യു.സി. കോളജിന് കിട്ടുന്ന ആദ്യത്തെ റാങ്ക്. പഠിക്കുമ്പോൾ തന്നെ നെറ്റ് എഴുതി. ആ സമയത്ത് അഖിലേന്ത്യാ തലത്തിൽ റിസൾട്ട് തടഞ്ഞു വച്ചു. അടുത്ത തവണ വീണ്ടും എഴുതി. കോഴ്സ് കഴിഞ്ഞ് ജൂണിൽ റിസൾട്ട് വന്നതിന്റെ കൂടെ രണ്ട് പരീക്ഷകളുടെയും റിസൾട്ട് വന്നു, രണ്ടു നെറ്റ്, ഒരു ജെ.ആർ.എഫ് അങ്ങനെ എൻവയോൺമെന്റൽ എക്കണോമിക്സിൽ പിഎച്ച്ഡി ചെയ്യാൻ തുടങ്ങി. പഠിച്ച കോളേജിൽ തന്നെ ഗസ്റ്റ് ലക്ചററായി ജോലിക്കും ചേർന്നു. ആ സമയത്ത് ഇംഗ്ലീഷ് പത്രത്തിൽ ഒരു പരസ്യം വന്നു, ഇന്ത്യൻ എക്കണോമിക്സ് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷയുടെ അപേക്ഷ ക്ഷണിക്കുന്നു. ടീച്ചർമാർ പറഞ്ഞിട്ട് എഴുതി നോക്കി. ഇന്റർവ്യൂവിനായി ഡൽഹിയിലേക്ക് പോയി. അതാണ് ജീവിതം മാറ്റി മറിച്ച തീരുമാനങ്ങളുടെ തുടക്കമായത്.
ഹിമാചലിൽ പ്രൊബേഷനറി ട്രെയിനിങ്ങും പോസ്റ്റിങ്ങും കഴിഞ്ഞ് ഡെപ്യൂട്ടേഷനിലാണ് അക്ബറിന്റെ അനിയത്തി ഷൈന കേരളത്തിലെത്തിയത്. ഇപ്പോൾ ഹിമാചലിൽ ആണ്. ഭീഷണിക്കോ സ്വാധീനത്തിനോ വഴങ്ങില്ല എന്നും ആദ്യമേ മൂന്നു പേരും തീരുമാനിച്ചിരുന്നു. ചില കാര്യങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ വിളിക്കും. നിയമവിരുദ്ധമായി ചെയ്യാൻ പറ്റാത്ത കാര്യത്തിന് ആരും നിർബന്ധിച്ചാലു ചെയ്യില്ല. പുറ്റിങ്ങൽ അപകടത്തിന്റെ കാര്യത്തിലും ആ നിലപാടാണ് അന്ന് കൊല്ലം ജില്ല കളക്ടർ ആയിരുന്ന ഷൈന സ്വീകരിച്ചത്. പുറ്റിങ്ങൽ വെടിക്കെട്ടിന് അനുമതി നിഷേധിച്ചപ്പോൾ കുറ്റപ്പെടുത്തിയവർ പോലും അപകടത്തിനു ശേഷം അനുകൂലിച്ചു. മൂന്നു കേഡറുകളിലേക്ക് പിരിഞ്ഞു പോയെങ്കിലും വീട്ടിലെത്തിയാൽ പിന്നെ ഇവർ മൂവരും കോട്ടപ്പുറത്തെ കൂട്ടുകുടുംബമാകും. ഓഫീസിലെ ടെൻഷൻ വീട്ടിലേക്ക് കൊണ്ടു വരാറില്ല.
ജോലിയിൽ വിട്ടു വീഴ്ച ചെയ്യാത്തവർ വീട്ടിൽ വന്ന് ടെൻഷനടിക്കേണ്ട കാര്യമില്ലല്ലോ. പിന്തുണയുമായി ഷൈലയ്ക്കൊപ്പം ഭർത്താവ് റോയ് ഉണ്ട്. അഭിഭാഷകനായ ഇദ്ദേഹം മുംബൈയിൽ ലോ ഫേം നടത്തുന്നു. രണ്ടു മക്കളാണ്, റിമയും റിച്ചയും. അക്ബറിന്റെ ഭാര്യ അമൽ കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽ അദ്ധ്യാപിക. മക്കൾ അന്മോലും അഫ്രീനും സ്കൂൾ വിദ്യാർത്ഥികൾ. ഷൈനയുടെ ഭർത്താവ് ഷാനവാസ് മേത്തർ എറണാകുളത്ത് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. പിതാവ് ആഗ്രഹിച്ചതുപോലെ അദ്ധ്യാപികയും അഭിഭാഷകനും ആയില്ലെങ്കിലും ജീവിതത്തിലേക്ക് അഭിഭാഷകരെയും അദ്ധ്യാപികയെയും തിരഞ്ഞെടുക്കാൻ ഇവർക്കായി.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്