പത്തനംതിട്ട: ഇത് കേരളത്തിന്റെ പുതിയ റവന്യൂ മോഡൽ. ഭൂവുടമകളുടെ ചെലവിൽ ഡിജിറ്റൽ സർവേ നടത്തുകയാണ് സംസ്ഥാന സർക്കാർ. ഡിജിറ്റൽ ലാൻഡ് സർവേയ്ക്ക് വേണ്ടി വരുന്ന ചെലവ് സർക്കാർ മുൻകൂറായി വഹിക്കും. എന്നാൽ, റവന്യൂ ഡിപ്പാർട്ട്മെന്റ് ഭൂവുടമകളിൽ നിന്ന് ഇതിനുള്ള ഫീസ് പിരിച്ചു കൊടുക്കണം. ചുരുക്കിപ്പറഞ്ഞാൽ വസ്തു ഉടമ സ്വന്തം കാശ് മുടക്കി സർവേ നടത്തണം. സർക്കാർ ഇടനിലക്കാരന്റെ റോൾ വഹിക്കും.

സംസ്ഥാനത്ത് 1550 വില്ലേജുകളിൽ നാലു ഘട്ടമായി ഡിജിറ്റൽ സർവേ നടത്തുന്നതിനാണ് അനുമതി കൊടുത്തിരിക്കുന്നത്. 1961 ലെ കേരള സർവേ അതിരടയാള നിയമം സെക്ഷൻ 7 പ്രകാരം സർക്കാരിന്റെ മുന്നനുവാദത്തോടു കൂടി സർവേ പ്രവർത്തനങ്ങൾക്കായി ചെലവാകുന്ന തുക ആദ്യം സർക്കാർ വഹിക്കും. റിക്കാർഡുകൾ റവന്യൂ ഭരണത്തിന് കൈമാറിയ ശേഷം വില്ലേജ് ഓഫീസുകൾ മുഖേനെ കരം അടയ്ക്കുന്നതിനൊപ്പം സർക്കാരിന് ചെലവായ തുക ഭൂവുടമയിൽ നിന്നും ഈടാക്കാൻ വ്യവസ്ഥയുണ്ടെന്നും കാണിച്ചാണ് ഇങ്ങനെയൊരു നീക്കം.

പദ്ധതിക്ക് ചെലവാകുന്ന 858 കോടി രൂപയും ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കാനാണ് ഇതെല്ലാം. സംസ്ഥാനത്തെ 1580 വില്ലേജുകളിൽ നാലുവർഷം കൊണ്ട് ഡിജിറ്റൽ സർവേ പൂർത്തീകരിക്കാനായിരുന്നു സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ നടപടികൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനമടക്കം കഴിഞ്ഞ മാസം നടന്നിരുന്നു. 858 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഈ ചെലവ് തിരിച്ചുപിടിക്കാനുള്ള ഉത്തരവാണ് ഫലത്തിൽ ഇറങ്ങിയിരിക്കുന്നത്.

1961 ലെ നിയമത്തിലെ സെക്ഷൻ 7 ചൂണ്ടിക്കാട്ടി ഇപ്രകാരം തുക ഭൂവുടമകളിൽ നിന്ന് ഈടാക്കുന്നതിന് അനുമതി നൽകണമെന്ന് സർവേ ഡയറക്ടർ അപേക്ഷ നൽകിയതിന്റെ പശ്ചാത്തലത്തിലാണ് റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഡിജിറ്റൽ സർവേ ആധുനിക റീ സർവേയുടെ ഭാഗമായതിനാൽ സർവേ ഡയറക്ടറുടെ ശിപാർശ അംഗീകരിക്കാവുന്നതാണെന്ന് ലാൻഡ് റവന്യൂ കമ്മിഷണറും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവേയ്ക്ക് ചെലവ് വരുന്ന തുക ഭൂവുടമകളിൽ നിന്ന് ഈടാക്കാൻ അനുവദിച്ചിരിക്കുന്നത്. തുകയുടെ മാനദണ്ഡം സർവേ വകുപ്പ് തീരുമാനിക്കും.

എന്തു തന്നെയായാലും ഭൂവുടമകൾ സാമാന്യം തരക്കേടില്ലാത്ത തുക ഡിജിറ്റൽ സർവേയുടെ ഫീസ് ആയി അടയ്ക്കേണ്ടി വരുമെന്നാണ് സൂചന. മുമ്പും സർക്കാരുകൾ കാലാകാലങ്ങളിൽ റീസർവ്വേ നടത്താറുണ്ട്. ഈ റി സർവ്വേ നടത്തുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമായിരുന്നു. ഡിജിറ്റൽ സർവ്വേ നടത്തുന്നതും സർക്കാർ രേഖകൾ കാര്യക്ഷ്മമാക്കാനാണ്. എന്നാൽ ഇതും സർക്കാർ വരുമാന മാർഗ്ഗമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഖജനാവിലേക്ക് കഴിയുന്നത്ര പണം സ്വരൂപിക്കാനാണ് ഇതെല്ലാം.

പഴയകാലത്തേതു പോലെ ചങ്ങലയും കയറും ഒന്നുമില്ലാതെ ഭൂമി ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് അളന്ന് കൃത്യമായ സ്‌കെച്ച് തയാറാക്കി നൽകുന്നതാണ് ഡിജിറ്റൽസവ്വേ. ഡ്രോൺ ഉൾപ്പെടെ ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ഇതുമൂലം ഓരോ തുണ്ട് ഭൂമിയും ആരുടേതാണെന്നു കൃത്യമായി അറിയാം. ഡിജിറ്റൽ സർവേ കഴിഞ്ഞ ശേഷം ഭൂമിയുടെ സ്‌കെച്ച് ഓരോ ഉടമയ്ക്കും മൊബൈൽ ഫോണിൽ പോലും ലഭ്യമാകും. സർക്കാർ ആരംഭിച്ച എന്റെ ഭൂമി പോർട്ടലിലൂടെ ഭൂമി സംബന്ധിച്ച എല്ലാ സേവനങ്ങളും ലഭിക്കും. ഓരോ തവണ ഭൂമിക്കച്ചവടം നടക്കുമ്പോഴും പോർട്ടലിൽ കൃത്യമായ മാറ്റങ്ങൾ വരും.

ആധികാരികമായ സർവേറവന്യൂ റെക്കോർഡ് ഭൂ ഉടമകൾക്കു ലഭിക്കും, റവന്യൂ, സർവേ, റജിസ്‌ട്രേഷൻ വകുപ്പുകളുമായി ബന്ധപ്പെട്ട ഏകീകൃത ഓൺലൈൻ സേവനം ലഭിക്കും, ദുരന്തനിവാരണപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾക്കും ഡിജിറ്റൽ രേഖ സഹായകരമാകും, അതിർത്തിതർക്കങ്ങൾ പരിഹരിക്കാം, സംസ്ഥാനത്തെ കൈവശഭൂമിയുടെ സ്ഥാനം, അതിർത്തി നിർണയം, വിസ്തീർണം എന്നിവ കൃത്യമായി ലഭിക്കുന്നത് വികസനപ്രവർത്തനങ്ങൾക്കും ആസൂത്രണത്തിനും ഗുണമാകുമെന്നതാണ് വ്‌സ്തുത. ആദ്യഘട്ടത്തിൽ സംസ്ഥാനത്താകെ 200 വില്ലേജുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.